Image

ആശങ്കകള്‍ക്ക് പരിഹാരംതേടി പശ്ചിമേഷ്യന്‍ ഉപസമിതി

Published on 12 January, 2018
ആശങ്കകള്‍ക്ക് പരിഹാരംതേടി പശ്ചിമേഷ്യന്‍ ഉപസമിതി
പശ്ചിമേഷ്യയിലെ പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും ലോകകേരളസഭയുടെ ഭാഗമായ പശ്ചിമേഷ്യ സെഷനില്‍ സജീവമായി ഉന്നയിക്കപ്പെട്ടു. ദീര്‍ഘകാലം പ്രവാസജീവിതം നയിച്ചശേഷം തിരിച്ചെത്തുന്നവര്‍ക്ക് മെഡിക്കല്‍ഇന്‍ഷുറന്‍സ് സംവിധാനം ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. അമിതമായചികിത്സാച്ചെലവ് മൂലം കടുത്ത സാമ്പത്തികപ്രതിസന്ധിയിലാകുന്നവര്‍ക്ക് താങ്ങാകാന്‍ ഇതിലൂടെ കഴിയും. പ്രവാസികള്‍ക്ക് പ്രാമുഖ്യമുള്ള ആശുപത്രികള്‍ സംസ്ഥാനത്ത് തുടങ്ങണം. 

തിരികെയെത്തുന്നവരില്‍ 60 വയസിന് മുകളിലുള്ളവര്‍ക്ക് പെന്‍ഷനും അതിന് താഴെയുള്ളവര്‍ക്ക് തൊഴിലും ഉറപ്പാക്കാന്‍കഴിയണം. 60 കഴിഞ്ഞിട്ടും പ്രവാസികളായി കഴിയുന്നവര്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ നടപടി സ്വീകരിക്കണം. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിച്ച് ക്രോഡീകരിക്കണം. ഇത്തരം ഡാറ്റാബാങ്ക് ഉപയോഗിച്ച് പ്രവാസിക്ഷേമത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ കഴിയും. കുടുംബശ്രീ മാതൃകയില്‍ പ്രവാസിമിഷന്‍തുടങ്ങുന്നത് ഏറെ ഗുണകരമായിരിക്കും. തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ എക്സ്പെര്‍ട്ട് പൂള്‍ സൃഷ്ടിച്ചാല്‍ സര്‍ക്കാരിന് ഉള്‍പ്പെടെ ഉപദേശങ്ങള്‍ തേടാനുംകഴിയും.

സൗദിഅറേബ്യയുടെ അതിര്‍ത്തി പ്രദേശത്തെ യുദ്ധ മേഖലയില്‍ പെട്ടുപോയ മലയാളികളെ സഹായിക്കുന്നതിന് സാധ്യമായ നടപടികള്‍ വേണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സൗദിയിലെ നിയമപ്രശ്നങ്ങള്‍ മൂലം നാട്ടിലേക്ക് മടങ്ങുന്നവരുടെ കുട്ടികള്‍ക്ക് അധ്യയന വര്‍ഷത്തിലെ ഏതു സമയത്തും സ്‌കൂള്‍ പ്രവേശനം ഉറപ്പാക്കാന്‍ നടപടിയുണ്ടാകണം. 

സൗദിയില്‍ നിന്ന് തൊഴില്‍നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവരുടെ പുനരധിവാസം സംബന്ധിച്ച നടപടികള്‍ക്ക് മന്ത്രിസഭാ ഉപസമിതി രൂപീകരിക്കുന്നത് ഉചിതമായിരിക്കുമെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. പ്രവാസികളില്‍ നിന്നുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്‍വെ്മെന്റ്ബോര്‍ഡ് രൂപീകരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കണം. പ്രവാസികളില്‍ നിന്ന് വലിയ നിക്ഷേപം ലഭിക്കുന്നതിന് ആനുപാതികമായി വായ്പ നല്‍കുന്നതിന് ബാങ്കുകള്‍ തയാറാകണം. 

 പ്രവാസികളുടെ ആധാറുമായി ബന്ധപ്പെട്ട  പ്രശ്നങ്ങളും പരിശോധിക്കണം. ഗള്‍ഫിലുള്ള മലയാളികളുടെ മക്കള്‍ക്ക് കേരളത്തിന്റെ തനത് കലകള്‍ പഠിക്കാന്‍ മികച്ച കലാപഠന കേന്ദ്രങ്ങള്‍ ഗള്‍ഫില്‍ തുടങ്ങണം. പശ്ചിമേഷ്യയിലെ പലരാജ്യങ്ങളിലെയും കുടിയേറ്റ നിയമത്തില്‍ കാലാനുസൃതമായ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് ശ്രമം നടത്തണം. കേരളത്തിലെ വിമാനത്താവളങ്ങളെ ഇന്റര്‍നാഷണല്‍ ഹബ്ബ് ആയി പ്രഖ്യാപിച്ചാല്‍ വിമാനയാത്രക്കൂലിയില്‍ ഗണ്യമായ കുറവുണ്ടാകും. ഇതിനുള്ള ശ്രമവും ഉണ്ടാകണം. പ്രവാസിവോട്ടവകാശം പ്രവൃത്തി പഥത്തില്‍ കൊണ്ടുവരാന്‍ നടപടിയുണ്ടാകണമെന്നും പ്രതിനിധികള്‍ പറഞ്ഞു. 

പ്രമുഖവ്യവസായി രവിപിള്ള, ബെന്യാമിന്‍, കെ.എസ്.ചിത്ര, ചലച്ചിത്രതാരം ശോഭന, ആശാശരത്, പശ്ചിമേഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക മന്ത്രിമാരായ കെ.ടി.ജലീല്‍, ടി.പി.രാമകൃഷ്ണന്‍, എം.പി.മാരായ എ.സമ്പത്ത്, പി.വി.അബ്ദുള്‍ വാഹിബ്, എം.എല്‍.എമാരായ കെ.വി.അബ്ദുള്‍ഖാദര്‍, എം.കെ.മുനീര്‍,സണ്ണിജോസഫ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വംനല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക