Image

ഈ വര്‍ഷം തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ ഭൂരിപക്ഷം നേടാനാവുമെന്ന് ഡെമോക്രാറ്റുകള്‍

ഏബ്രഹാം തോമസ് Published on 12 January, 2018
ഈ വര്‍ഷം തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ ഭൂരിപക്ഷം നേടാനാവുമെന്ന് ഡെമോക്രാറ്റുകള്‍
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഒഴിവാക്കാന്‍ പല മാര്‍ഗങ്ങള്‍ തേടുകയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി. ഒരു വലിയ പ്രതീക്ഷ ഈ വര്‍ഷം നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പാണ്. ജന പ്രതിനിധി സഭയില്‍ ഇപ്പോഴുള്ളതിനോടൊപ്പം 21 അംഗങ്ങളെ കൂടി വിജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ സഭ തങ്ങള്‍ക്കൊപ്പം ആകുമെന്ന് കണക്കുകൂട്ടലിലാണ് ഡെമോക്രാറ്റുകള്‍, സെനറ്റിലിലെ പാര്‍ട്ടി നില ഡെമോക്രാറ്റുകള്‍ 49, റിപ്പബ്ലിക്കനുകള്‍ 51 എന്നാണ്. തിരഞ്ഞെടുപ്പില്‍ ഒരു സെനറ്ററെ കൂടി ലഭിച്ചാലോ ഒരു റിപ്പബ്ലിക്കന്‍ സെനറ്റര്‍ കൂറുമാറിയാലോ 50-50 എന്ന നിലയിലായിരിക്കും. അപ്പോള്‍ വൈസ് പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ടിന്റെ ബലത്തില്‍ മാത്രമേ റിപ്പബ്ലിക്കനുകള്‍ക്ക് അവര്‍ ഉദ്ദേശിക്കുന്ന നിയമ നിര്‍മ്മാണം നടത്തുവാന്‍ കഴിയുകയുള്ളൂ.

ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സി (ഡാക) ട്രംപിന്റെ കടുത്ത നിലപാടും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായോ എന്ന അന്വേഷണത്തില്‍ ദിനംപ്രതി എന്നോണം ഉണ്ടാകുന്ന വെളിപ്പെടുത്തലുകളും ട്രംപിനെ എങ്ങനെ ഒഴിവാക്കാം എന്ന ചിന്തയിലേയ്ക്ക് എതിരാളികളെ എത്തിച്ചിരിക്കുകയാണ് എന്ന് ചിലര്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതിനിടയിലാണ് മൈക്കേല്‍ വുള്‍ഫിന്റെ ചില വെളിപ്പെടുത്തലുകള്‍ ഫയര്‍ ആന്റ് ഫ്യൂറിയിലൂടെ പുറത്തുവന്നത്. സിവില്‍ വാറിന് മുന്‍പുള്ള വര്‍ഷങ്ങളില്‍ അമേരിക്കയെ നയിച്ച ജെയിംസ് ബുക്കാനനും 20-ാം നൂറ്റാണ്ടിലെ മോശം പ്രസിഡന്റ് എന്നറിയപ്പെടുന്ന വാറന്‍ ഹാര്‍ഡിങ്ങും ചില സാഹചര്യങ്ങളിലൂടെ രക്ഷപ്പെട്ടു. ഹാര്‍ഡിംഗ് പ്രസിഡന്റായി മൂന്നു വര്‍ഷത്തിനുള്ളില്‍ മരിച്ചു. പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന്‍ ഇംപീച്ച് ചെയ്യപ്പെടുന്നതിന് മുന്‍പ് രാജി വച്ചൊഴിഞ്ഞു.

അമേരിക്കന്‍ ഭരണഘടന പറയുന്നത് മൂന്ന് സാഹചര്യങ്ങളില്‍ മാത്രമേ പ്രസിഡന്റ് ഇംപീച്ച് ചെയ്യപ്പെടാന്‍ പാടുള്ളൂ എന്നാണ്. രാജ്യ ദ്രോഹം, അഴിമതി മറ്റ് ഉയര്‍ന്ന കുറ്റകൃത്യങ്ങളോ പെരുമാറ്റ ദൂഷ്യങ്ങളോ എന്നിവയാണ് ഈ കാരണങ്ങള്‍. നിക്‌സന്റെ സെനറ്റ് ലിയസോണ്‍ ആയിരുന്ന ടോം കോറോ ലോഗോസ് 34 എന്നെഴുതിയ ബട്ടണ്‍ തുന്നിച്ചേര്‍ത്ത വസ്ത്രവുമായി സെനറ്റിന്റെ ഇടനാഴികളില്‍ നടന്നിരുന്നു. പ്രസിഡന്റിന് 34 സെനറ്റ് വോട്ടുകള്‍ കിട്ടിയാല്‍ മതി, അദ്ദേഹത്തിന് തുടരാനാവും എന്ന സന്ദേശം നല്‍കുകയായിരുന്നു കോറോ ലോഗോസ്. വൈറ്റ് ഹൗസ് ടേപ്പുകളിലെ തെളിവ് നിക്‌സന്‍ എതിരാണെന്ന് തെളിഞ്ഞപ്പോള്‍ 34 വോട്ടുകള്‍ തനിക്ക് ലഭിക്കുകയില്ല എന്ന് നിക്‌സന് മനസ്സിലായി. നിക്‌സന്‍ രാജിവച്ചൊഴിഞ്ഞു. ഇപ്പോള്‍ രണ്ട് സഭകളും ഗ്രാന്‍ഡ് ഓള്‍ഡ് (റിപ്പബ്ലിക്കന്‍) പാര്‍ട്ടിയുടെ നിയന്ത്രണത്തിലാണ്.

ഇംപീച്ച്‌മെന്റ് ആവശ്യമായി വന്നാല്‍ ആരംഭിക്കേണ്ട ഹൗസ് ജൂഡീഷ്യറി കമ്മിറ്റിയിലെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഹിലറി ക്ലിന്റനെതിരെയുള്ള ആരോപണങ്ങള്‍ പരിശോധിക്കുന്ന തിരക്കിലാണ്. ഇവിടെയാണ് ജനപ്രതിനിധി സഭ തിരിച്ചു പിടിക്കുക എന്ന സ്വപ്നത്തിന് പ്രാധാന്യം ഉണ്ടാകുന്നത്. സ്‌പെഷ്യല്‍ ഇന്‍ഡിപ്പെന്റന്റ് കൗണ്‍സല്‍ ട്രംപ് നീതി ന്യായം നടപ്പാക്കുന്നതിന് വിഘാതം സൃഷ്ടിച്ചതായോ ഇംപീച്ച് ചെയ്യപ്പെടാ വുന്ന മറ്റ് കുറ്റകൃത്യങ്ങള്‍ ചെയ്തു എന്നോ കണ്ടെത്തിയാല്‍ ട്രംപിന് പ്രസിഡന്റ് സ്ഥാനത്ത് തുടരുക വിഷമകരമായിരിക്കും. ഡെമോക്രാറ്റുകള്‍ക്ക് 67 സെനറ്റ് വോട്ടുകള്‍ ലഭിക്കണമെങ്കില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ 18 റിപ്പബ്ലിക്കനുകള്‍ കൂറുമാറണം.

ഭരണ ഘടനയുടെ 25-ാം ഭേദഗതി അനുസരിച്ച് വൈസ് പ്രസിഡന്റും ക്യാബിനറ്റിലെ ഭൂരിപക്ഷം അംഗങ്ങളും പ്രസിഡന്റിന് സ്വന്തം കടമകള്‍ നിര്‍വഹിക്കുവാന്‍ കഴിവില്ല എന്ന് സര്‍ട്ടിഫൈ ചെയ്തല്‍ പ്രസിഡന്റിനെ പുറത്താക്കാം. പക്ഷെ അപ്പോഴും പ്രസിഡന്റ് സ്വയം തനിക്ക് ഒരു കഴിവില്ലായ്മയും ഇല്ല എന്ന് പ്രഖ്യാപിച്ചാല്‍ അധികാരത്തില്‍ തുടരാം. ഹൗസ് സ്പീക്കര്‍ പോള്‍ റയാനും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും സെനറ്റ് മെജോരിറ്റി ലീഡര്‍ മിച്ച് മക്കോണലും ഇങ്ങനെ ഒരു നീക്കം ആവശ്യമാണെന്ന് കരുതുന്നുണ്ടാവില്ല.

മറ്റൊന്ന് സ്വയം രാജി വയ്ക്കുകയാണ്. ചില രാഷ്ട്രീയ പണ്ഡിതര്‍ അടക്കം പറയുന്നത് നിയമപരമായും രാഷ്ട്രീയമായും തുടരാനാവില്ല എന്ന് ബോധ്യമാവുകയാണെങ്കില്‍ തന്റെ വ്യവസായ സാമ്രാജ്യം സംരക്ഷിക്കുവാന്‍ ട്രംപ് രാജിവച്ചേക്കും എന്നാണ്. വോട്ടിംഗിലൂടെ പുറത്താക്കപ്പെടുന്ന ആദ്യ പ്രസിഡന്റ് എന്ന ചീത്ത പേര് ഒഴിവാക്കാനായിരിക്കും ഇത് (വോട്ട് തനിക്ക് പ്രതികൂലം ആയിരിക്കും എന്ന് മനസ്സിലായപ്പോള്‍ നിക്‌സന്‍ രാജിവയ്ക്കുക യായിരുന്നു) എന്നാല്‍ ഒരു പ്രതിസന്ധിയില്‍ സമരം ചെയ്യാതെ പിന്‍വാങ്ങുക ട്രംപിനെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്.

ഇതെല്ലാം ചിലരുടെ ചിന്തകളില്‍ മാത്രം നിലനില്ക്കുന്ന കാര്യങ്ങളാണ്. എതിര്‍പ്പുകള്‍ അതിജീവിച്ച് ട്രംപ് മുന്നോട്ട് തന്നെ പോകുമെന്ന് അനുയായികള്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക