Image

നിയന്ത്രണം വിട്ട ടിപ്പര്‍ മൂന്നു വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു; മൂന്നുപേര്‍ മരിച്ചു

Published on 16 December, 2017
നിയന്ത്രണം വിട്ട ടിപ്പര്‍ മൂന്നു വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു; മൂന്നുപേര്‍ മരിച്ചു

മുക്കം: പെരുവയലില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറിലും ബൈക്കിലും സൈക്കിളിലും ഇടിച്ച് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. സൈക്കിള്‍ യാത്രക്കാരനായ പെരുവയല്‍ എളവന ശിവദാസന്‍ (59), ബൈക്ക് യാത്രക്കാരന്‍ പാലാഴി കളത്തില്‍താഴം രവീന്ദ്രന്റെ മകന്‍ ദിപിന്‍ (27), സ്‌കൂട്ടറില്‍ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന താത്തൂര്‍ പൊയില്‍ പൂമംഗലത്ത് സുഗതന്റെ ഭാര്യ ചന്ദ്രിക (60) എന്നിവരാണ് മരിച്ചത്. 

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെ മാവൂര്‍ കോഴിക്കോട് റോഡില്‍ പെരുവയല്‍ അങ്ങാടിക്കുതൊട്ടുമുമ്പ് പെന്‍ഷന്‍ ഭവന് സമീപമാണ് അപകടം. മാവൂര്‍ ഭാഗത്തുനിന്ന് പെരുവയല്‍ ഭാഗത്തേക്ക് മിനി മെറ്റലുമായി പോകുന്ന ടിപ്പര്‍ അതേ ദിശയില്‍ സഞ്ചരിച്ച സ്‌കൂട്ടറിലും തുടര്‍ന്ന് നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വരികയായിരുന്ന സൈക്കിളിലും ബുള്ളറ്റ് ബൈക്കിലും ഇടിക്കുകയായിരുന്നു. റോഡിന്റെ വലതുവശത്തെ ഓവുചാലിലേക്ക് മറിഞ്ഞ ടിപ്പര്‍ വൈദ്യുതി പോസ്റ്റുകള്‍ തകര്‍ത്താണ് നിന്നത്. 

അടിയില്‍ കുടുങ്ങിയ ദിപിനെ മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് ടിപ്പര്‍ മറിച്ചിട്ടാണ് പുറത്തെടുത്തത്. ദിപിനും ശിവദാസനും തല്‍ക്ഷണം മരിച്ചു. ചന്ദ്രിക മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വൈകുന്നേരം 5.30 ഓടെയാണ് മരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക