Image

ബ്രെക്‌സിറ്റ് രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങി

Published on 16 December, 2017
ബ്രെക്‌സിറ്റ് രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങി

ബ്രസല്‍സ്: ബ്രെക്‌സിറ്റ് ചര്‍ച്ചകളുടെ രണ്ടാം ഘട്ടത്തിനു തുടക്കം കുറിക്കാനുള്ള വഴി തെളിഞ്ഞു. ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ. വ്യാപാര ചര്‍ച്ചകള്‍ക്കു വേഗത്തില്‍ തുടക്കം കുറിക്കുന്നതിനു സമ്മര്‍ദം ചെലുത്താന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ബ്രസല്‍സിലെത്തിയിട്ടുണ്ട്. 

ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടുന്നതോടെ ഏതുതരം ബന്ധമാണ് മുന്നോട്ടുകൊണ്ടുപോവുകയെന്നതില്‍ വ്യക്തത വേണമെന്നും ആവശ്യമുയര്‍ന്നു. അതേസമയം ഭാവികാര്യങ്ങള്‍ തീരുമാനിക്കുന്ന ചര്‍ച്ചയുടെ അടുത്തഘട്ടം എളുപ്പമല്ലെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. 

2019 മാര്‍ച്ചോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രഖ്യാപനം. ഒന്നാം ഘട്ട ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടായതായി നേതാക്കള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. വ്യാപാരം, സുരക്ഷ, സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍ മാര്‍ച്ചില്‍ തുടങ്ങാനും തീരുമാനിച്ചു. ചര്‍ച്ച വിജയകരമായി രണ്ടാംഘട്ടത്തിലെത്തിച്ചതിന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌ക്, തെരേസ മേയെ അഭിനന്ദിച്ചു. 

ബ്രിട്ടിഷ് പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന ഭേദഗതി പാസാക്കിയതോടെ, ബ്രെക്‌സിറ്റ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക വോട്ടെടുപ്പില്‍ തെരേസക്കു തിരിച്ചടിയേറ്റിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക