Image

രാഹുലിന്‍റെ കരുത്തിലും ക്ഷമയിലും എനിക്ക്‌ വിശ്വാസമുണ്ട്‌ : സോണിയ ഗാന്ധി

Published on 16 December, 2017
രാഹുലിന്‍റെ കരുത്തിലും ക്ഷമയിലും എനിക്ക്‌ വിശ്വാസമുണ്ട്‌ : സോണിയ ഗാന്ധി


ന്യൂഡല്‍ഹി: 19 വര്‍ഷങ്ങളായി കോണ്‍ഗ്രസ്‌ പ്രസിഡന്‍റായിരുന്ന സോണിയ ഗാന്ധി വികാരനിര്‍ഭരമായ വിടവാങ്ങള്‍ പ്രസംഗമാണ്‌ നടത്തിയത്‌. പുതിയ കോണ്‍ഗ്രസ്‌ പ്രസിഡന്‍റായി ചുമതലയേല്‍ക്കുന്ന രാഹുലിന്‌ എല്ലാ ഭാവുകങ്ങളും അനുഗ്രഹവും അര്‍പ്പിച്ചുകൊണ്ടാണ്‌ സോണിയ ആരംഭിച്ചത്‌. സോണിയക്കും രാഹുലിനും അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള പടക്കം പൊട്ടിക്കല്‍ കുറച്ചുനേരത്തേക്ക്‌ പ്രസംഗം തടസ്സപ്പെടുത്തിയെങ്കിലും പിന്നീട്‌ അവര്‍ തുടര്‍ന്നു.

താന്‍ കോണ്‍ഗ്രസ്‌ പ്രസിഡന്‍റായി ചുമതലയേറ്റ ആദ്യനാളുകളെക്കുറിച്ചും അവര്‍ ഓര്‍മിച്ചു. ആദ്യപ്രസംഗം വായിക്കുമ്‌ബോള്‍ എന്‍റെ കൈകള്‍ വിറച്ചിരുന്നതായി ഞാന്‍ ഓര്‍ക്കുന്നു. എന്നാല്‍, ചരിത്രപരമായ വലിയ ഉത്തരവാദിത്തമായിരുന്നു എന്‍റെ തോളുകളില്‍ ഉള്ളത്‌ എന്ന്‌ എനിക്കറിയാമായിരുന്നു.

ഇന്ദിരാജി എന്നെ മകളായാണ്‌ കണ്ടത്‌. 1984ല്‍ അവര്‍ മരിച്ച ആ നിമിഷം എന്‍റെ ജീവിതം തന്നെ മാറിമറിഞ്ഞു. സജീവ രാഷ്ട്രീയത്തില്‍ നിന്ന്‌ മാറ്റി എന്‍റെ ഭര്‍ത്താവിനേയും കുട്ടികളേയും സംരക്ഷിക്കണമെന്നായിരുന്നു അന്ന്‌ എന്‍റെ ആഗ്രഹം. പക്ഷെ രാജീവിന്‌ മുന്നില്‍ വലിയ ഉത്തരവാദിത്തങ്ങളുണ്ടായിരുന്നു. വലിയ വെല്ലുവിളിയായാണ്‌ അദ്ദേഹം അത്‌ സ്വീകരിച്ചത്‌. 

പക്ഷെ അദ്ദേഹവും കൊല്ലപ്പെട്ടു. കുട്ടികളെ വളര്‍ത്തുക എന്നത്‌ മാത്രമായിരുന്നു പിന്നീട്‌ എന്‍റെ ലക്ഷ്യം. എന്നാല്‍ വര്‍ഗീയ ശക്തികള്‍ രാജ്യത്തെ നശിപ്പിച്ചപ്പോള്‍ ലക്ഷക്കണക്കിന്‌ വരുന്ന കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ അഭ്യര്‍ഥന മാനിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഇന്ദിരാജിയുടേയും രാജീവ്‌ജിയുടേയും വംശമഹിമയും അന്തസും നിലനിര്‍ത്താന്‍ വേണ്ടി ഞാന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷയായി.

അന്ന്‌ മൂന്ന്‌ സംസ്ഥാനങ്ങളില്‍ മാത്രമാണ്‌ കോണ്‍ഗ്രസിന്‌ അധികാരം ഉണ്ടായിരുന്നത്‌. കോണ്‍ഗ്രസിന്‍റെ മൂല്യം ഉയര്‍ത്തിപ്പിടിച്ച നമുക്ക്‌ ദശലക്ഷക്കണക്കിനാളുകളുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിഞ്ഞു. ഓരോ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനും എനിക്ക്‌ സഹപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല, എന്‍റെ വഴികാട്ടിയുമായിരുന്നു.

രാഹുല്‍ എന്‍റെ മകനാണ്‌. അതിനാല്‍ത്തന്നെ അദ്ദേഹത്തെ ഞാന്‍ പ്രശംസിക്കുന്നത്‌ ശരിയല്ല. പക്ഷെ രാഷ്ട്രീയത്തില്‍ അദ്ദേഹം വലിയ വിമര്‍ശനങ്ങള്‍ നേരിട്ടുണ്ട്‌. അതാണ്‌ രാഹുലിന്‌ കരുത്ത്‌ പകര്‍ന്നതും. രാഹുലിന്‍റെ കരുത്തിലും ക്ഷമയിലും എനിക്ക്‌ വിശ്വാസമുണ്ട്‌ എന്ന്‌ പറഞ്ഞുകൊണ്ടാണ്‌ സോണിയ പ്രസംഗം അവസാനിപ്പിച്ചത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക