Image

മേളയുടെ അവലോകനമായി ഓപ്പണ്‍ ഫോറം

Published on 15 December, 2017
മേളയുടെ അവലോകനമായി ഓപ്പണ്‍ ഫോറം


22-ാമത്‌ രാജ്യാന്തര ചലച്ചിത്രമേളയിലെ അവസാന ഓപ്പണ്‍ ഫോറം മേളയുടെ തുറന്ന അവലോകനമായി. ടാഗോര്‍ തിയേറ്ററില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ്‌ ചെയര്‍ പേഴ്‌സണ്‍ ബീന പോള്‍, വി.കെ ജോസഫ്‌, ചെലവൂര്‍ വേണു, മഹേഷ്‌ പഞ്ചു, അലന്‍സിയര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മേളയെ സംബന്ധിച്ച്‌ പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്കാണ്‌ ഓപ്പണ്‍ ഫോറത്തില്‍ പ്രാധാന്യം നല്‍കിയത്‌. ഏതു പരിപാടിയും പൂര്‍ണ്ണതയോടെ നടത്തുക അസാധ്യമാണെന്നും പോരായ്‌മകള്‍ ഉണ്ടെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നുവെന്നും കമല്‍ ആമുഖമായി പറഞ്ഞു. തുടര്‍ന്ന്‌ സദസില്‍ നിന്ന്‌ നിരവധി ചോദ്യങ്ങളും നിര്‍ദ്ദേശങ്ങളും ഉയര്‍ന്നു.

മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലന്‍ മുതലാണ്‌ പോസ്‌റ്റര്‍ ഒട്ടിക്കുന്ന സമ്പ്രദായം ആരംഭിച്ചതെന്നും അതിനാലാണ്‌ സിഗ്നേച്ചര്‍ ഫിലിമില്‍ വിഗതകുമാരന്‍ ഉള്‍പ്പെടുത്താതിരുന്നതെന്നും കമല്‍ പറഞ്ഞു. ശബ്ദത്തിന്‌ പ്രാധാന്യം നല്‍കിയാണ്‌ സിഗ്നേച്ചര്‍ ഫിലിം ഒരുക്കിയത്‌. ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ്‌ പൂര്‍ണ്ണമായും സെലക്ഷന്‍ കമ്മിറ്റിയാണ്‌ ചെയ്‌തതെന്നും അത്‌ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രൊജക്ടര്‍ സൗകര്യം ലഭ്യമല്ലാത്തതിനാലാണ്‌ ചില ചിത്രങ്ങള്‍ ശ്രീ തിയേറ്ററില്‍ മാത്രം പ്രദര്‍ശിപ്പിക്കേണ്ടിവന്നതെന്ന്‌ ബീനപോള്‍ പറഞ്ഞു. ഭൂരിഭാഗം ചിത്രങ്ങളും ഒന്നിലേറെ തവണ വ്യത്യസ്‌ത തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി അവര്‍ പറഞ്ഞു. 

സ്വാഭാവികമായി ഉണ്ടാകാവുന്ന പാകപ്പിഴകള്‍ മാത്രമേ ഉണ്ടായിട്ടുള്ളുവെന്ന്‌ ചെലവൂര്‍ വേണു പറഞ്ഞു. ഇത്തവണത്തെ ഓപ്പണ്‍ ഫോറത്തില്‍ നിന്ന്‌ ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാണ്‌ അടുത്ത വര്‍ഷത്തെ മേള നടത്തുക എന്ന ഉറപ്പ്‌ പ്രേക്ഷകര്‍ക്ക്‌ നല്‍കിക്കൊണ്ടാണ്‌ ഓപ്പണ്‍ ഫോറം സമാപിച്ചത്‌. ഓപ്പണ്‍ ഫോറത്തിനു മുന്നോടിയായി വി.എസ്‌ ജയശങ്കര്‍ രചിച്ച സിനിമ പറയുന്നു എന്ന പുസ്‌തകം ബീനപോളിന്‌ നല്‍കി കമല്‍ പ്രകാശനം ചെയ്‌തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക