Image

ന്യൂയോര്‍ക്കില്‍ ഇങ്ങനെ ഒരു മനുഷ്യന്‍ ജീവിച്ചിരുന്നു

കുരുവിള വര്‍ഗീസ് Published on 14 December, 2017
ന്യൂയോര്‍ക്കില്‍ ഇങ്ങനെ ഒരു മനുഷ്യന്‍ ജീവിച്ചിരുന്നു
ഇത് ജോണ്‍ ആഞ്ഞിലിമൂട്ടില്‍ എന്ന എ ഇ ജോണ്‍. സൗഹൃദവും സൗഹൃദസായാഹ്നങ്ങളോടുമൊപ്പം പൂക്കളെയും പൂന്തോട്ടങ്ങളെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തി. മധ്യതിരുവിതാംകൂറിലെ പുഷ്പമേളകളില്‍ സജീവസാന്നിധ്യം. ഹോം ഗാര്‍ഡന്‍ വിഭാഗത്തില്‍ പല പുഷ്പമേളകളിലും പലതവണ സമ്മാനം നേടിയിട്ടുണ്ട് ജാസ് കോട്ടേജിന്റെ ചുറ്റിലും ഒന്നര ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന മനോഹരമായ ഉദ്യാനം. 

സീസണായാല്‍ പിന്നെ ജോണ്‍ മൂന്നാറിലും ഊട്ടിയിലും കുന്നൂരുമൊക്കെ ചുറ്റിസഞ്ചരിച്ചു പുതിയ പുതിയ ചെടികളും വിത്തുകളുമൊക്ക ശേഖരിച്ചായിരിക്കും മടക്കം. തിരുവല്ല, മല്ലപ്പള്ളി, കറുകച്ചാല്‍, കോട്ടയം എന്നീ സ്ഥലങ്ങളിലെ പല സംഘടനകളിലും ജീവകാരുണ്യ സംരംഭങ്ങളിലും ജോണ്‍ എന്നും സഹകരിച്ചിരുന്നു.

ഇന്നത്തെ പത്രങ്ങളില്‍ ''ജോണിന്റെ ശരീരം ഇനി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക്'' എന്ന വാര്‍ത്ത വായിച്ചപ്പോള്‍ ഞാനോര്‍ത്തു ഇന്നലെ നെടുങ്ങാടപ്പള്ളിയിലെ വീട്ടില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ പോയപ്പോള്‍ അടുത്ത ബന്ധുക്കള്‍ ആരും ഇങ്ങനെയൊരു കാര്യം പറഞ്ഞുകേട്ടില്ലല്ലോ എന്ന്.
വിചിത്രമെന്നു നാം കരുതുന്ന പല തീരുമാനങ്ങളും പെരുമാറ്റരീതികളും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. എല്ലാത്തരം മതപരമായ ബന്ധങ്ങളില്‍നിന്നും ആരാധനകളില്‍ നിന്നും അകലം പാലിച്ചിരുന്നു. തനിച്ച് താമസിക്കുന്ന വീടിനുചുറ്റും നിരവധി ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട് സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണഗുരു, മദര്‍ തെരേസ, മഹാത്മാഗാന്ധി, എല്ലാ മതങ്ങളിലെയും പുണ്യപുരുഷന്മാര്‍ ഒക്കെ അതില്‍പ്പെടും. 

ഒന്നരയേക്കറോളം സ്ഥലം മനോഹരമായ ഉദ്യാനമായി പരിരക്ഷിച്ചിരിക്കുന്നു. മണ്ണുത്തിയില്‍ നിന്നുള്ള വിദഗ്ദ്ധരാണ് കാലാകാലങ്ങളില്‍ പൂന്തോട്ടത്തിന്റെ രൂപകല്‍പ്പനയും സംരക്ഷണവും മേല്‍നോട്ടം വഹിച്ചിരുന്നത്. വീട്ടിനുള്ളിലെയും പരിസരങ്ങളിലെയും ജോലികള്‍ക്കായി മൂന്നു കുടുംബങ്ങളെ ക്വര്‍ട്ടേഴ്സില്‍ താമസിപ്പിച്ചിരുന്നു.

അദ്ദേഹത്തെ ആദ്യമായി ഞാന്‍ കാണുന്നതും പരിചയപ്പെടുന്നതും ഏതാണ്ട് മുപ്പതിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പായിരിക്കണം, ഒരു ഡിസംബര്‍ മാസത്തില്‍, അമേരിക്കയില്‍വച്ച്. അന്നദ്ദേഹം ന്യൂയോര്‍ക്കില്‍ സ്വന്തമായി ട്രാവല്‍ ഏജന്‍സി നടത്തുകയാണ്. എയര്‍ ഇന്ത്യ, പാനാം മുതലായ പ്രധാന എയര്‍ലൈനുകളുടെ വന്‍ ബിസിനസുചെയ്യുന്ന അയാട്ട ഏജന്റ്. ഞാന്‍ സിയാറ്റിലില്‍ ബോയിങ്ങ് കമ്പനിയില്‍ ഒരാഴ്ചത്തെ ഔദ്യോഗിക ആവശ്യത്തിനുപോയി മടങ്ങുന്ന വഴി ജെ എഫ് കെ ഷെറാട്ടണില്‍ താമസിക്കയാണ്. രാവിലെ ഒരു സന്ദര്‍ശകനായി ജോണ്‍ എത്തി സ്വയം പരിചയപ്പെടുത്തി. ചിക്കാഗോയിലുള്ള എന്റെ കസിന്‍ ജോണ്‍സണ്‍ അദ്ദേഹത്തിന്റെ സുഹൃത്താണെന്നും, എന്നെ കാണണമെന്നും പരിചയപ്പെടണമെന്നും ജോണ്‍സണ്‍ പറഞ്ഞതനുസരിച്ചാണത്രെ സന്ദര്‍ശനം. 

അദ്ദേഹത്തിന്റെ വീട്ടില്‍ ലഞ്ച് കഴിക്കാന്‍ എന്നെ ക്ഷണിച്ചുവെങ്കിലും ഞാന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. എന്നോടൊപ്പം വേറെ രണ്ടുപേര്‍ (ഒരു മലയാളി, ഒരു കുവൈറ്റി) കൂടിയുണ്ടെന്നായിരുന്നു ഞാന്‍ പറഞ്ഞ കാരണം. ''അതുസാരമില്ല, അവരെക്കൂടി കൂട്ടാം'' എന്നായി ജോണ്‍. അത് ശരിയാവുമോ, അവരുടെയൊക്കെ രുചികളും താല്പര്യങ്ങളും നമ്മുടേതുമായി ചേരുമോ? എന്ന് ഞാന്‍ സന്ദേഹിച്ചു. 

പക്ഷെ ജോണ്‍ വിട്ടില്ല. എന്റെ സുഹൃത്തുക്കളെ ജോണ്‍ തന്നെ നേരില്‍ കണ്ടു ക്ഷണിച്ചു, അവര്‍ റെഡി! What kind of food would you like to have for lunch? അതിഥിസല്‍ക്കരപ്രീയനായ ജോണ്‍ ചോദിച്ചു. എന്റെ കൂട്ടുകാരോ, അവര്‍ അതിലും ഉദാരമതികള്‍ 'We want a typical Kerala lunch..' കുവൈറ്റി ഉടനടി നയം വ്യക്തമാക്കി. ജോണിനും സന്തോഷം ഞങ്ങള്‍ക്കും ഏറെ സന്തോഷം. ഉച്ചയാവുമ്പോള്‍ കാര്‍ വരും റെഡിയായിക്കോ.എന്ന് പറഞ്ഞു അദ്ദേഹം മടങ്ങി.

കൃത്യം പന്ത്രണ്ടരയ്ക്ക് ഞങ്ങള്‍ ന്യൂയോര്‍ക്കിലെ വീട്ടിലെത്തി. കേരള ലഞ്ച് തയ്യാര്‍. മീന്‍കറി, മീന്‍ വറുത്തത്, മീന്‍ പീര വറ്റിച്ചത്, ബീഫ് തേങ്ങാക്കൊത്തിട്ട് വേവിച്ചത്, ബീഫ് ഉലര്‍ത്തിയത്, ചിക്കന്‍ ഫ്രൈ, ചിക്കന്‍ കറി, പരിപ്പുകറി, സാമ്പാര്‍, മോര്, പച്ചടി എന്നുവേണ്ട വിഭവസമൃദ്ധമായ തീന്‍മേശ ഞങ്ങളെ കാത്തിരിക്കുന്നു. ഊണ് തുടങ്ങി, എല്ലാവരും ഭക്ഷണത്തിന്റെ രുചി, മണം, പാചകം ചെയ്തയാളിന്റെ കൈപ്പുണ്യം എന്നിങ്ങനെ ഓസില്‍ ഊണ് കഴിക്കുമ്പോഴത്തെ പരമ്പരാഗത വാഴ്ത്തുപാട്ടുകള്‍ ഉരുവിട്ടുകൊണ്ട് ആഘോഷമായി തട്ടുകയാണ്. 

പെട്ടെന്നാണ് ശ്രദ്ധിച്ചത് എന്റെ കുവൈറ്റി സുഹൃത്തുമാത്രം ഒന്നും മിണ്ടുന്നില്ലല്ലോ എന്ന്. ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തേക്കുനോക്കി. കുവൈറ്റില്‍ ചെന്നാല്‍ എന്റെ ബോസ് ആണ്. കുവൈറ്റിന് പുറത്താണെങ്കില്‍ ഞാന്‍ ഗുരുവും അയാള്‍ ശിഷ്യനുമാവും, അതുവേറെ കാര്യം! അയാളുടെ കണ്ണുകള്‍ ചുവന്നുകലങ്ങിയിരിക്കുന്നു, നല്ല വെളുത്തനിറമുള്ള ആ മുഖം രക്തവര്‍ണ്ണമായിരിക്കുന്നു, ചുണ്ടുകള്‍ ലിപ്സ്റ്റിക്കിട്ടതുപോലെ, ഡിസംബര്‍ രണ്ടാം പകുതിയിലെ അതിശൈത്യത്തിലും ആറ്റില്‍ മുങ്ങിപ്പൊങ്ങിയതുപോലെ അയാള്‍ വിയര്‍ത്തുകുളിച്ചിരിക്കുന്നു! ഞങ്ങള്‍ കഴിപ്പുനിര്‍ത്തി, ആതിഥേയന്‍ ചോദിച്ചു ''എന്തുപറ്റി?''

Do you have something which is not hot? പാവം കുവൈറ്റിയുടെ മറുചോദ്യം.. അപ്പോള്‍ അതാണ് കാര്യം! ഒന്നുമറിയാതെ ചാടിക്കേറി We will have a typical Kerala lunch എന്നൊക്കെ തട്ടിവിട്ടപ്പോള്‍ അതിയാന്‍ ഇത്രയും പ്രതീക്ഷിച്ചില്ല. തൊടുന്നതെല്ലാം ആദ്യത്തേതിനേക്കാള്‍ കടുത്ത എരിവ്, ഒരു രക്ഷയുമില്ല. ജോണ്‍ തന്നെ പരിഹാരം നിര്‍ദ്ദേശിച്ചു, പച്ചമോര്. ഭാര്യ അമ്മിണി തണുത്ത പച്ചമോരുനിറച്ച ജഗ്ഗുമായി എത്തി. ആദ്യം നേരിട്ട് ജഗ്ഗില്‍നിന്ന് ഒരു കവിള്‍ കുടിച്ചു, കുറച്ച് ചോറിലേക്ക് ഒഴിച്ചു. ഒപ്പം ഒരലര്‍ച്ചയോടെ കുവൈറ്റി ചാടിയെഴുന്നേറ്റു 'You put chilly in this too?' അയ്യോ മോരല്ലേ ഇച്ചിരെ ഇഞ്ചിയും കറിവേപ്പിലയും അഞ്ചാറ് കാന്താരിയും ഇട്ടാരുന്നു...' അമ്മിണിയുടെ കുമ്പസാരം! 

എന്തായാലും കുവൈറ്റിയുടെ ലഞ്ചിന് വിരാമമായി. കൈകഴുകി, ഒരുഗ്ലാസ്സ് ഐസ് വെള്ളവുമായി ഒരു പരാജിതനെപ്പോലെ അയാള്‍ സോഫയില്‍പോയി ഇരിപ്പായി. അധികം താമസിക്കാതെ ''പണി'' അവസാനിപ്പിച്ചിട്ട് പുള്ളിക്കാരന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഞങ്ങളും സോഫയില്‍ സ്ഥാനം പിടിച്ചു. ആതിഥേയര്‍ക്ക് ലേശം നിരാശയുണ്ടായിക്കാണണം, പക്ഷേ ജോണ്‍ വീണ്ടും പ്രത്യക്ഷനായി പറഞ്ഞു 'I will get some ice cream for you' ഐസ് ക്രീം കേരള വിഭവമല്ല, പോരാഞ്ഞ് ഡിസംബര്‍ മാസം ഒട്ടുമേയല്ല. അതുകൊണ്ട് പായസമാണ് വീട്ടുകാര്‍ തയ്യാറാക്കിയിരുന്നത്. എങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കുവൈറ്റിക്ക് കൊടുത്ത ഓഫറാണ് ഐസ് ക്രീം. പക്ഷേ അയാള്‍ നിര്‍ദ്ദാക്ഷിണ്യം അത് നിരസിച്ചു എന്ന് മാത്രമല്ല നിരസിക്കാനുള്ള കാരണവും പറഞ്ഞു 'How do I know you have not added chilly in it?'

ചുമ്മാ പഴയതൊക്കെ ഓര്‍ത്തുപോയതാണ് ......... ഒരു നല്ല സുഹൃത്തും മനുഷ്യസ്‌നേഹിയും വിടപറഞ്ഞതിന്റെ ദുഃഖം ഏറെയാണ്. മരണാനന്തരം പോലും അയാള്‍ സ്‌നേഹം വാരിവിതറുന്നു എന്ന് പത്രത്തിലൂടെ അറിഞ്ഞപ്പോള്‍ ഇത്രയുമെങ്കിലും ഓര്‍മ്മകള്‍ പങ്കുവെക്കണമെന്നു തോന്നി. അദ്ദേഹം അമേരിക്കവിട്ട് നാട്ടില്‍ സ്ഥിരതാമസമാക്കിയതു മുതല്‍ ഞങ്ങള്‍ ഇടയ്ക്കിടെ ഫോണിലൂടെയെങ്കിലും ബന്ധം പുതുക്കിയിരുന്നു. ഒരു അനിയനോടെന്നപോലെ എന്നും വാത്സല്യത്തോടെ മാത്രമേ എന്നോട് സംസാരിച്ചിട്ടുള്ളൂ. എന്റെ മക്കളുടെ വിവാഹത്തിന് ക്ഷണിച്ചപ്പോള്‍ പറഞ്ഞത് ''ഞാന്‍ വരത്തില്ല, എന്നെ നിനക്കറിയാമല്ലോ?'' വന്നില്ല, പക്ഷെ പിന്നീട് വിളിച്ച് വിവരങ്ങളെല്ലാം അന്വേഷിച്ചു. അതുമതി. 

പക്ഷേ ആ സ്‌നേഹം ഉപരിപ്ലവമല്ലായിരുന്നു, ഉഡായിപ്പല്ലായിരുന്നു. തിരുവല്ലയിലെ വലുതും ചെറുതുമായ ഒട്ടുമിക്ക നേതാക്കളും സംഘടനാ ഭാരവാഹികളും നെടുങ്ങാടപ്പള്ളിയിലെ ജാസ് കോട്ടേജില്‍ പലതവണ വരികയും ആതിഥ്യം സ്വീകരിക്കയും ചെയ്തിട്ടുണ്ടെന്നറിയാം. ആരൊക്കെ ആ മരണമറിഞ്ഞു അവിടെ ചെന്നിരിക്കും? അറിഞ്ഞുകൂടാ ...

സ്‌നേഹിതാ ഒന്നും പകരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല ...എനിക്ക് തന്ന സ്‌നേഹത്തിന് നന്ദി, ഒരിക്കല്‍ കൂടി !
ന്യൂയോര്‍ക്കില്‍ ഇങ്ങനെ ഒരു മനുഷ്യന്‍ ജീവിച്ചിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക