Image

ചിലതെല്ലാം കാലത്തിന്റെ അനിവാര്യത: ഉമ്മന്‍ ചാണ്ടി

Published on 12 December, 2017
ചിലതെല്ലാം കാലത്തിന്റെ അനിവാര്യത: ഉമ്മന്‍  ചാണ്ടി
ആദ്യം അവര്‍ നിങ്ങളെ കണ്ടില്ലെന്നു നടിക്കും,
പിന്നീട് പരിഹസിച്ചു ഇല്ലാതാക്കാനാവും ശ്രമം,
തുടര്‍ന്ന് അവര്‍ നിങ്ങളെ നേര്‍ക്കുനേര്‍ എതിരിടും,
അവിടെ, അവിടെ നിങ്ങള്‍ വിജയം വരിക്കുന്നു'.
-മഹാത്മാ ഗാന്ധി.

ശ്രീ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷനാകുമ്പോള്‍ മഹാത്മജിയുടെ ഈ വാക്കുകളാണ് ഓര്‍മ്മ വരുന്നത്. ഈ അസുലഭ നിമിഷത്തില്‍ ഞാനുള്‍പ്പെടെയുള്ള ഓരോ പാര്‍ട്ടി പ്രവര്‍ത്തകരും അങ്ങേയറ്റം സന്തോഷത്തിലും, പ്രതീക്ഷയിലുമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയുടെയും, ഭാരതത്തിന്റെയും ഭാവി ശോഭനമായിരിക്കുമെന്നു എനിക്കുറപ്പുണ്ട്. മാറ്റത്തിനായുള്ള അഭിവാഞ്ജയാണ് അദ്ദേഹത്തിന്റെ പ്രത്യേകത.

രാഹുല്‍ജിയെ ആദ്യം കാണുന്നത്, ഇന്ദിരാജി പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ കുടുംബ സമേതം ലക്ഷദ്വീപിലേക്കുള്ള യാത്രാ മധ്യേ കൊച്ചിയില്‍ വച്ചായിരുന്നു. അന്ന് രാഹുല്‍ജിയോടൊപ്പം രാജീവ്ജിയും, സോണിയാജിയും, പ്രിയങ്കാജിയും ഉണ്ടായിരുന്നു. നിഷ്‌കളങ്കമായ ചിരിയോടെ കുട്ടി രാഹുലും പ്രിയങ്കയും അന്നേ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 2004-ല്‍ രാഹുല്‍ജി സജീവ രാഷ്ട്രീയത്തിലേക്ക് വന്നതിനു ശേഷമാണ് കേരളത്തിലെ ഭരണ കാര്യങ്ങളും രാഷ്ട്രീയവും ഒക്കെ ചര്‍ച്ചയായി നിരന്തര ബന്ധമുണ്ടായിരുന്നത്. കേരളത്തിന്റെ കാര്യത്തില്‍ എന്നും അദ്ദേഹം പ്രത്യേക ശ്രദ്ധ കാണിച്ചിരുന്നു.

അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ ഏറ്റവുമധികം ഭയപ്പെട്ടിരുന്നത് എതിരാളികള്‍ തന്നെയായിരുന്നു. രാഹുല്‍ജിയുടെ വലിയ ജനസ്വാധീനമായിരുന്നു അവരെ ചൊടിപ്പിച്ചത്. 2009-ലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും, ഭരണ തുടര്‍ച്ച കൊണ്ടുവന്നതിലും അദ്ദേഹത്തിന് വലിയ പങ്കുണ്ടായിരുന്നു. അതിനു ശേഷമാണ് ആസൂത്രിതമായി അദ്ദേഹത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. വിമര്‍ശനങ്ങള്‍ക്കപ്പുറത്ത് അദ്ദേഹത്തിനെ പരിഹസിച്ചും, അധിക്ഷേപിച്ചും ഇല്ലാതാക്കാനായിരുന്നു എതിരാളികളുടെ ശ്രമം. എന്നാല്‍ ഈ നീക്കങ്ങളെയെല്ലാം പക്വതയോടെ നേരിട്ടതായിരുന്നു അദ്ദേഹത്തിന്റെ ഔന്നിത്യം.

ഡല്‍ഹിയിലെ നിര്‍ഭയയുടെ കുടുംബത്തെ രാഹുല്‍ജി സംരക്ഷിച്ചതും, സഹോദരനെ പഠിപ്പിച്ചു പൈലറ്റ് ആക്കിയതും നിര്‍ഭയയുടെ അമ്മ ഒരു വിദേശ മാധ്യമത്തിന് ആഴ്ചകള്‍ക്ക് മുന്‍പ് നല്‍കിയ അഭിമുഖത്തിലൂടെയാണ് നാം അറിയുന്നത്. താന്‍ ചെയ്യുന്ന നന്മകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാനോ, പറഞ്ഞു നടക്കാനോ തയ്യാറാകുന്നില്ല എന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.

ചിലതെല്ലാം കാലത്തിന്റെ അനിവാര്യതയാണ്, അതിനി എതിരാളികള്‍ എന്ത് തന്നെ ചെയ്താലും അനിവാര്യമായതിനെ കാലം എടുത്തുയര്‍ത്തുകയും, ചരിത്രം തങ്കലിപികളില്‍ രേഖപ്പെടുത്തുകയും ചെയ്യും. ഗാന്ധിജിയുടെ വാക്കുകള്‍ ഒരിക്കല്‍ കൂടി ഓര്‍ക്കുന്നു, രാഹുല്‍ജിയുടെ നേതൃത്വത്തിന് എല്ലാ നന്മകളും വിജയങ്ങളും നേരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക