Image

ഒരിക്കല്‍ ഒരിടത്ത്-(തിരിച്ചറിവ് : ജയ്ന്‍ ജോസഫ് )

ജയ്ന്‍ ജോസഫ് Published on 12 December, 2017
ഒരിക്കല്‍ ഒരിടത്ത്-(തിരിച്ചറിവ് : ജയ്ന്‍ ജോസഫ് )
ജീവിതത്തെക്കുറിച്ച് അങ്ങനെ വലിയ പ്ലാനും പദ്ധതികളൊന്നുമില്ലാതെ ചെറിയ തോതില്‍ പാര്‍ട്ടി പ്രവര്‍ത്തനമൊക്കെയായി നടന്ന സതീശനെ തേടി നിനച്ചിരിക്കാതെയാണ് ആ ഭാഗ്യം വന്നത്. പാര്‍ട്ടിയുടെ പ്രാദേശിക ഘടക നേതാവ് പാര്‍ട്ടിയിലെ തല മൂത്ത് നരച്ച കാരണവര്‍ സതീശനോട് പറഞ്ഞു. ഇനി പഴയ പോലെ തേരാ പാരാ നടന്നാല്‍ പോരാ.നമ്മുടെ ഗ്രാമത്തില്‍ പാര്‍ട്ടിയുടെ മുഖം മെച്ചപ്പെടുത്താനുള്ള എല്ലാ ഉത്തരവാദിത്വവും ഇനി സതീശനാണ്. സതീശന്‍ യുവാക്കളോടൊപ്പം ഇറങ്ങി പ്രവര്‍ത്തിക്കണം. നാടിന്റെ മുഖച്ഛായ മാറ്റണം. അതുവഴി പാര്‍ട്ടിയുടേയും. ഇന്ന് പ്രാദേശിക നേതാവ്! നാളെ സംസ്ഥാന നേതാവ്. പാര്‍ട്ടിയുടെ ദേശീയ തലത്തിലുള്ള വളര്‍ച്ച നേക്കിയാല്‍ സതീശന് നാളെ പ്രധാനമന്ത്രി വരെ ആവാം.'

സതീശന്റെ മനസ്സിലൂടെ ഇന്ത്യന്‍ പതാക കാറ്റി പറത്തിക്കൊണ്ട് പോലീസ് എസ്‌കോര്‍ട്ടോടെ ഒരു വെള്ളക്കാര്‍ പാഞ്ഞുപോയി.

'പിന്നെ ബീഫിന്റെ കാര്യം. അതായിരിക്കണം സതീശന്റെ ആദ്യത്തെ പ്രവര്‍ത്തന മണ്ഡലം. കേന്ദ്രത്തില്‍ നിന്ന് നമുക്ക് അതിയായ സമ്മര്‍ദ്ദം ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ വന്ന മാറ്റം നമുക്ക് കേരളത്തിലും കൊണ്ടുവരണം.' കാരണവര്‍ തുടര്‍ന്നു.

പാര്‍ട്ടിയുടെ എല്ലാ നയങ്ങളോടും പരിപാടികളോടും സതീശന് യോജിപ്പാണ്. ബീഫ് നയം ഒഴികെ. പ്രീഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞ് പോളിടെക്‌നിക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ ഭാവി ഒരു ചോദ്യചിഹ്നമായി നിന്ന സമയത്താണ്, പാര്‍ട്ടി സതീശനെ ഇരുകൈയും നീട്ടി സ്വീകരിച്ചത്. അംഗത്വത്തില്‍ ശുഷ്‌കമായിരുന്ന ഈ പാര്‍ട്ടി വഴിയ നല്ലൊരു ഭാവി സ്വപ്‌നം കണ്ടു. സതീശന്റെ ദീര്‍ഘവീക്ഷണം തെറ്റിയില്ല. കാരണവര്‍ പറഞ്ഞതില്‍ കാര്യമുണ്ട്; സംസ്ഥാന തലത്തില്‍ വലിയ ഉയര്‍ച്ചയൊന്നുമില്ലെങ്കിലും കേന്ദ്രത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ച അസൂയവഹമാണ്. ചില ചെറിയ വിട്ടുവീഴ്ചകള്‍ ചെയ്യണം; എന്റെ വളര്‍ച്ചയ്ക്ക്; അല്ല പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കുവേണ്ടി!
ങാ സതീശാ, മോനെ, നീയെത്തിയോ? ചോറെടുക്കട്ടെ. എന്താ നീ വരാന്‍ വൈകിയെ! എല്ലാം തണുത്തു. നിന്റെ പ്രിയപ്പെട്ട കൂട്ടാനുണ്ട്. കൂര്‍ക്കയിട്ട് വച്ച നല്ല ബീഫ് ഉലര്‍ത്ത്. ചൂടാക്കട്ടെ! അമ്മ ഊണുമേശയിലേക്ക് കറികളെടുത്തു വച്ചു തുടങ്ങി.

'അമ്മേ... ഞാന്‍ പറഞ്ഞിട്ടില്ലേ ഇനിയീ വീട്ടില്‍ ബീഫ് വയ്ക്കരുത്. നാളെ തൊട്ട് ഞാന്‍ പാര്‍ട്ടി നേതാവാ.' സതീശന് സങ്കടവും ദേഷ്യവുമെല്ലാം വന്നു.

നീ പ്രസിഡന്റോ സെക്രട്ടറിയോ എന്തു വേണമെങ്കിലും ആയിക്കോ. ബീഫ് കഴിക്കുകയും വേണ്ട. പക്ഷെ അതിന് ഞങ്ങളെന്തിനാ ബീഫ് കഴിക്കാതിരിക്കുന്നത്?' അമ്മയുടെ ന്യായമായ സംശയം!
പാര്‍ട്ടി നേതാവിന്റെ വീട്ടില്‍ ബീഫ് വെച്ചുവെന്ന് കേട്ടാല്‍ പാര്‍ട്ടി അംഗത്വം വരെ നഷ്ടപ്പെടും. ഈ മോരും തോരനുമെയൂള്ളോ! വല്ല മീനും വാങ്ങിക്കാമായിരുന്നില്ലേ അമ്മേ!'
സതീശാ, നീ മിണ്ടാതെ കഴിച്ചോണ്ടു പൊയ്‌ക്കോ. അച്ഛന്‍ കേള്‍ക്കേണ്ട നിന്റെയീ വിടുവായത്തരം. ബീഫിന്റെ കൂടെ മീനും കൂടെ വാങ്ങിക്കാന്‍ നിന്റെ പാര്‍ട്ടി അല്ലല്ലോ ഇവിടെ ചിലവിനു തരുന്നത്!' അമ്മയും വിട്ടുതരുന്ന മട്ടില്ല.

ഈ പുച്ഛം കാലാകാലങ്ങളായി പാര്‍ട്ടി ഭേദമെന്യേ എല്ലാ യുവരാഷ്ട്രീയ പ്രവര്‍ത്തകനും അനുഭവിച്ചു വരുന്ന ഒന്നാണ്. ഇതിനെ കണ്ടില്ലെന്നു നടിക്കുവാന്‍ സാധിക്കുന്നവനേ രാഷ്ട്രീയ ഭാവിയുള്ളൂ.
ചേട്ടനെന്താ ബീഫെടുക്കാത്തത്! അമ്മേ നല്ല ഉഗ്രന്‍ ബീഫ്' ചോറില്‍ കാച്ചിയ മോരൊഴിച്ച് കുറച്ച് ബീഫുലര്‍ത്തും കൂട്ടി ഉരുട്ടി വലിച്ചുവാരിക്കഴിക്കുന്ന അനുജത്തി! അവളുടെ ആക്രാന്തത്തില്‍ നിന്ന് ഊഹിക്കാം അമ്മയുടെ ബീഫിന്റെ രുചി. സംയമനം പാലിക്കണം, സതീശന്‍ സ്വയം ഓര്‍മ്മിപ്പിച്ചു.
'എന്റെ പ്ലേറ്റിലോട്ട് നോക്കി വെള്ളമിറക്കാതെ, വേണമെങ്കില്‍ എടുത്ത് കഴിക്ക് ചേട്ടാ.'
കഴിക്കൂ മോനേ, കുറച്ച് ബീഫ് കഴിച്ചാല്‍ പോകുന്നതാണെങ്കില്‍ ആ പാര്‍ട്ടി സ്ഥാനം പോട്ടെന്ന് വെയ്ക്കണം.' അമ്മയും അനുജത്തിയുടെ കൂടെ കൂടി.

ആപ്പിളെടുത്ത് നീട്ടി ആദമിനെ പ്രലോഭിപ്പിച്ച ഹവ്വായുടെ പിന്‍തലമുറക്കാര്‍! ഗോമാതാവിനെ മനസില്‍ ധ്യാനിച്ച് ചോറും മോരും രുചിയോടെ കഴിച്ച് കുറച്ച് വെള്ളവും കുടിച്ച് സതീശന്‍ വേഗം ഊണുമേശയില്‍ നിന്ന് രക്ഷപ്പെട്ടു.

അന്ന് വൈകീട്ട് ഗ്രാമത്തിലെ പ്രധാന കലുങ്കിന് പുറത്ത് പതിവുതെറ്റാതെ ഏതാണ്ട് സന്ധ്യമയങ്ങിയ നേരത്ത്, സതീശനും സതീശന്റെ അടുത്ത സുഹൃത്തും ബുദ്ധിജീവിയും പാര്‍ട്ടികളിലൊന്നിലും വിശ്വസിക്കാത്തവനും, നിരീശ്വരവാദിയുമായ വിക്ടറും ഒന്നിച്ചു കൂടി ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ സതീശന്‍, വിക്ടറിന്റെയടുക്കല്‍ തന്റെ ആശങ്കകള്‍ പങ്കുവച്ചു.

ബീഫ് കഴിക്കാത്തവര്‍ കഴിക്കണ്ടാ. പക്ഷെ അത് എല്ലാവരിലും അടിച്ചേല്‍പ്പിക്കുക എന്നു പറഞ്ഞാല്‍ അതൊരു മാതിരി ഫാസിസമല്ലേ സതീശാ?'
ഈ മറുപടി സതീശന്‍ പ്രതീക്ഷിച്ചില്ല എന്നാലും വിട്ടു കൊടുക്കരുത്. സതീശന്റെ മനസ്സു പറഞ്ഞു. ഈ കലുങ്കില്‍ ഇരുന്ന് കാലം കഴിക്കേണ്ടവനല്ല താന്‍.

വിക്ടറേ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാല്‍ ഇതിനുള്ള ഉത്തരം കിട്ടും. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത എല്ലാവരും ഗാന്ധിജിയുടെ നയങ്ങള്‍ അനുകൂലിച്ചവരായിരുന്നില്ലല്ലോ. ലക്ഷ്യത്തിലെത്താന്‍ മാര്‍ഗ്ഗത്തില്‍ ചില വിട്ടുവീഴ്ചകളൊക്കെ ചെയ്യേണ്ടി വരും.' സതീശന്‍ വീട്ടിലേക്ക് നടന്നു. സതീശന് വല്ലാത്ത ഒരു അഭിമാനം തോന്നി. അയാള്‍ അന്ന് നന്നായി ഉറങ്ങി. രാവിലെയെണീറ്റ് കുളിച്ച് ദോശയും ചമ്മന്തിയും കഴിച്ച് നേരെ പാര്‍ട്ടി ഓഫീസിലേക്ക് വിട്ടു. പത്തുമണിയോടെ സംസ്ഥാന പ്രസിഡന്റും അനുയായികളും എത്തിച്ചേര്‍ന്നു. ആദ്യം ചെറിയ സ്ഥാനങ്ങളിലുള്ളവര്‍ സ്ഥാനമേറ്റെടുത്തു.
അടുത്തതായി സ്ഥാനമേറ്റെടുക്കാന്‍ സതീശന്‍ കിഴക്കേപറമ്പിലിനെ ക്ഷണിക്കുന്നു.' അനുയായികളുടെ കൈയടികളേറ്റു വാങ്ങി സതീശന്‍ മൈക്കിനടുത്തെത്തി. പാര്‍ട്ടി പ്രസിഡന്റ് സത്യ പ്രതിജ്ഞാ വാചകം ചൊല്ലിത്തുടങ്ങി. സതീശന്‍ അത് ഏറ്റുപറഞ്ഞു.

'പാര്‍ട്ടിയുടെ എല്ലാ വിശ്വാസങ്ങളും സംരക്ഷിച്ചു കൊള്ളാമെന്നും പാര്‍ട്ടി അനുശാസിക്കുന്ന ജീവിതരീതികള്‍ പാലിച്ചു കൊള്ളാമെന്നും....'
പെട്ടെന്ന് എവിടെ നിന്നോ നല്ല ബീഫുലയര്‍ത്തിയതിന്റെ മണം സതീശന്റെ നാസാദ്വാരങ്ങളിലേക്ക് ഒഴുകിയെത്തി. ഉലര്‍ത്തിയതാണോ? അതോ പിരളനോ? ഇല്ല കറിയാണെന്നു തോന്നുന്നു. ഏയ് അല്ല, നല്ല പോലെ കറിവേപ്പിലയിട്ട് മൂപ്പിച്ച് വരട്ടിയെടുത്ത പെപ്പര്‍ ബീഫ് തന്നെ. റോഡിനപ്പുറത്തെ ഔസേപ്പ് മാപ്പിളയുടെ ഹോട്ടലിലെ ബുധനാഴ്ച ലഞ്ച് സ്‌പെഷ്യല്‍; പൊറോട്ടയും ബീഫും! സതീശന്റെ തലച്ചോറില്‍ ബീഫ്& പൊറോട്ടയുടെ പല വിഷ്വല്‍സ് മിന്നിമറഞ്ഞു.

'സതീശാ, ഏറ്റു പറയൂ. പാര്‍ട്ടി അനുശാസിക്കുന്ന ജീവിതരീതികള്‍...' പാര്‍ട്ടി പ്രസിഡന്റ് വീണ്ടും ഉറക്കെ ചൊല്ലി. മൈക്ക് താഴെയിട്ട് കൂടി നിന്നവരെ തട്ടിമാറ്റി സതീശന്‍ ഓടി. പാര്‍ട്ടി ഓഫീസിന്റെ വരാന്തയിലൂടെ, പടിയിറങ്ങി, റോഡ് മുറിച്ച് കടന്ന്, ഓടി.... സതീശന്‍ ഔസേപ്പ് മാപ്പിളയുടെ 'മാതാ ഹോട്ടലി'ല്‍ എത്തി നിന്നു.

'പൊറോട്ടയും ബീഫും' അണയ്ക്കുന്നതിനിടയില്‍ സതീശന്‍ പറഞ്ഞു.

കൈകഴുകി ഇരുന്നോ സതീശാ. അന്നമ്മേ.... കുരുമുളക് കുറച്ച് കൂട്ടി.... നല്ലോണം കറിവേപ്പിലേം ഉള്ളീം ഇട്ട് ഒരു പെപ്പര്‍ ബീഫും പൊറോട്ടേം....'. ഔസേപ്പ് മാപ്പിള ഒരു ഊറിയ പുഞ്ചിരിയോടെ അടുക്കളയിലേക്ക് നോക്കി അന്നമ്മ ചേടത്തിക്ക് ഓര്‍ഡര്‍ നല്‍കി. നല്ല ചൂടുള്ള പൊറോട്ടയെ മെല്ലെ കീറിയെടുത്ത്, സ്വതസിദ്ധമായ ശൈലിയില്‍ ഏറെ സ്‌നേഹത്തോടെ, ആവി പറക്കുന്ന പെപ്പര്‍ ബീഫിനെ ആ പൊറോട്ട കഷ്ണത്തിനുള്ളിലാക്കി ധ്യാന നിര്‍ഭരനായി സതീശന്‍ വായിലേക്ക് വെച്ചു. പൊറോട്ടയും ബീഫും സതീശന്റെ നാവില്‍ പരിചിതമായ വിപ്ലവ രസക്കൂട്ട് സൃഷ്ടിച്ചു!
ആ ധന്യനിമിഷത്തില്‍ തന്റെ രാഷ്ട്രീയം എന്തെന്ന് സതീശന്‍ കിഴക്കേപറമ്പില്‍ തിരിച്ചറിഞ്ഞു.

ഒരിക്കല്‍ ഒരിടത്ത്-(തിരിച്ചറിവ് : ജയ്ന്‍ ജോസഫ് )
Join WhatsApp News
Ninan Mathullah 2017-12-13 06:30:11
Good story with a moral and valid arguments presented with good sense of humor.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക