ന്യൂഡല്‍ഹി: സ്കൂള്‍ ഗെയിംസില്‍ പങ്കെടുക്കുന്നതിനായി ഓസ്ട്രേലിയയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥിനി കടലില്‍ മുങ്ങിമരിച്ചു. ഡല്‍ഹിയില്‍നിന്നുള്ള വിദ്യാര്‍ഥിനി നിതിഷ(15)യാണു മരിച്ചത്.
പസഫിക് സ്കൂള്‍ ഗെയിംസില്‍ പങ്കെടുക്കുന്നതിനായി 120 അംഗ ഇന്ത്യന്‍ സംഘത്തോടൊപ്പമാണ് നിതിഷ അഡ്ലെയ്ഡിലെത്തിയത്. ഇന്ത്യയില്‍നിന്നുള്ള ഫുട്ബോള്‍ ടീമിന്റെ ഭാഗമായിരുന്നു നിതിഷ. ഗെയിംസ് അവസാനിച്ചശേഷം ഞായറാഴ്ച വൈകിട്ട് ഗ്ലെനെല്‍ഗ് ഹോള്‍ഡ്ഫാസ്റ്റ് മറീന ബീച്ചില്‍ നാലു സുഹൃത്തുക്കള്‍ക്കൊപ്പം നിതിഷ സെല്‍ഫി പകര്‍ത്തവെ, ഇവര്‍ കൂറ്റന്‍ തിരമാലയില്പ്പെടുകയായിരുന്നെന്ന് സ്കൂള്‍ ഗെയിംസ് ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് രാജേഷ് മിശ്ര അറിയിച്ചു.
നാലു കുട്ടികളെ തിരയില്‍നിന്നു രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. നിതീഷയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ കണ്ടെത്തി. ഓസ്ട്രേലിയന്‍ സര്‍ക്കാരും സ്കൂള്‍ സ്പോര്‍ട്സ് ഓസ്ട്രേലിയയും സംയുക്തമായാണു ദി പസഫിക് സ്കൂള്‍ ഗെയിംസ് സംഘടിപ്പിക്കുന്നത്.