Image

വഴി പിരിയുന്നവര്‍ (കവിത: റോബിന്‍ കൈതപ്പറമ്പ്)

Published on 06 December, 2017
വഴി പിരിയുന്നവര്‍ (കവിത: റോബിന്‍ കൈതപ്പറമ്പ്)
അകലേയ്‌ക്കൊഴുകുന്ന പുഴ പോലെ മെല്ലെ
കരളിനെ തഴുകി നീ അകന്ന് പോകെ
ഉള്ളിലായ് ഊറിയ കഥനത്തിന്‍ നീരൊരു
കണ്ണുനീര്‍ തുള്ളിയായ് കാഴ്ച്ചയെ മൂടുന്നു

ഓര്‍മ്മതന്‍ ചിപ്പിയില്‍ ഓമനിച്ചെത്ര നാള്‍
ഓരോ നനുത്തതാം ഇരവുകള്‍ പകലുകള്‍
എങ്ങു നാം നഷ്ടപ്പെടുത്തി ആ ഒര്‍മ്മകള്‍
ഏതു വളവില്‍ നാം കൈവിട്ടു പരസ്പരം

കണ്ണിലായ് നോക്കി നാം കണ്ടതാം കനവുകള്‍
കാറ്റിന്റെ തേരേറി എങ്ങോ മറഞ്ഞു പോയ്
പാതിവഴിയിലായ് ഉപേക്ഷിച്ചിവോ നമ്മള്‍
പുലരിയില്‍ കണ്ടൊരാ സുന്ദര സ്വപ്നങ്ങള്‍

പുലര്‍കാല മഞ്ഞുപോല്‍ നേര്‍മ്മയാം നിന്‍ മേനി
പുല്‍കി പുണര്‍ന്നു നാം കഴിഞ്ഞെത്ര രാവുകള്‍.
ഇനിയതെന്നുമൊരു ഓര്‍മ്മയായ് സൂക്ഷിക്കാം
വിടപറഞ്ഞിന്നു നീ അകന്ന് പോയീടവേ

എന്തിനെന്നറിയില്ലെന്‍ ഉള്ളിന്റെ ഉള്ളിലായ്
അലകടലിരമ്പുന്നു കളിയോടമുലയുന്നു
ദിശതെറ്റി ഉഴറുന്ന തോണിപോലെന്‍ മനം
മറുകര തേടുന്നു, പിടയുന്നു നെഞ്ചകം

നേര്‍ന്നിടാം നന്മകള്‍ നമുക്കിനി തമ്മിലായ്
വഴി പിരിയുന്നു നാം, എങ്കിലും സ്‌നേഹമായ്
ഓര്‍ക്കുവാന്‍ ഓര്‍മ്മകള്‍ ഏറെ ഉണ്ടെന്നാലും
ഒഴുകിടാം ഉള്ളിലായ് വേരുകള്‍ നനച്ചു നാം ....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക