Image

സത്യവതീ, നിന്റെ പൂങ്കാവനത്തിലെ...! (കഥ: ജോണ്‍ ഇളമത)

Published on 04 December, 2017
സത്യവതീ, നിന്റെ പൂങ്കാവനത്തിലെ...! (കഥ: ജോണ്‍ ഇളമത)
ഹരിപ്പാട്ടു മഹാക്ഷേത്രമുക്കീന്ന് പത്തു പതിനഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചു. പല ഇടവഴികളിലൂടെ....

ഒടുവില്‍ ആല്‍ത്തറിയിലെത്തി. പലരോടും ചോദിച്ചുപറഞ്ഞാണ് ഇത്രടം എത്തിയത്. കെട്ടിപൊക്കിയ തറയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആല്. വിസ്താരത്തില്‍ പടര്‍ന്ന് ചുറ്റിലും വള്ളികള്‍ ഊന്നി വിരാജിക്കുന്നു. അതിന്റെ ചുവട്ടില്‍ ഒരുവന്‍, ബോധി വൃക്ഷത്തിനടിയിലെ ബുദ്ധനേപ്പോലെ ചമ്മണക്കുടുക്കിട്ടിരിക്കുന്നു. വേറെ അടുത്തെങ്ങും ആരെയും കാണാനില്ല. കാറില്‍ നിന്നിറങ്ങി സൂക്ഷിച്ചുനോക്കി. യുവാവ്, വലതുകരത്തിലെ സെല്‍ഫോണ്‍, വലതുചെവിയില്‍ ചേര്‍ത്തുവെച്ച് ചാറ്റുന്നു. അടക്കിയ സ്വരത്തില്‍ ഇക്കിളി ഇടും പോലെ ഇടയ്ക്കിടെ ഇളകി ചിരിക്കുന്നു. വായ് തോരാതെ സംസാരിച്ചുകൊണ്ടിരുന്നു. ശൃംഗാരപാരവശ്യത്തോടെ. ഗുട്ടന്‍സു കിട്ടി. ഇത് അതു തന്നെ, ഏതോ പൂവലന്‍. ഞാന്‍ ചുറ്റിലുമൊരു വിഗഹവീക്ഷണം നടത്തി. ഒടുവില്‍ കണ്ടുമുട്ടി. എതിരെയുള്ള വാര്‍ക്കകെട്ടിടത്തിനു മുകളില്‍ ഒരു സുന്ദരി. സെല്‍ഫോണ്‍ ചെവിയോട് ചേര്‍ത്തുവെച്ച് പ്രേമപാരവശ്യത്തോടെ ഉലാത്തുന്നു.

ഒരു പട്ടിഗ്രാമം. ഭാഗ്യം! ഇയാളെ കണ്ടത്. ഇവിടെ അടുത്തെങ്ങാണ്ടാ. പലരോടും ചോദിച്ചാ ഇവിടെ എത്തിയത്. ഞാന്‍ ചുമച്ചു. മുരടനക്കി. യുവാവ് ചാറ്റു തന്നെ ചാറ്റ്! ഒടുവില്‍ കൈപൊക്കി കാണിച്ചു. ഒന്നല്ല മൂന്നുതവണ. അപ്പോള്‍ അയാള്‍ മൂന്നുപ്രാവശ്യവും മറുകൈ വിടര്‍ത്തി കാട്ടി. ആ ആംഗ്യഭാഷ എനിക്കു പിടികിട്ടി. നില്‍ക്ക്, ഞാന്‍ ഒന്നു ചാറ്റിത്തീരട്ടെ. എന്താന്നു വെച്ചാ പറഞ്ഞുതരാം. അയാള്‍ പിന്നെയും ചാറ്റി ഏറെനേരം. എന്റെ ക്ഷമയുടെ നെല്ലിപ്പലക എത്തുവരെ. പെട്ടെന്ന് ആ സുന്ദരി അപ്രത്യക്ഷയായി. അയാള്‍ ചാറ്റ് നിര്‍ത്തി എന്നോട് ചോദിച്ചു.

എന്തോന്നാ സാങ് അന്വേഷിക്കുന്നെ?
സത്യവതീയെ ബംഗ്ലാവെവിടാ?
ഏതു സത്യവതി? ഓ, സോളാര്‍ സത്യവതിയെ അന്വേഷിച്ചാണോ?
ഒരു പരിഹാസച്ചിരിയോടെ അയാള്‍ തുടര്‍ന്ന് ചോദിച്ചു.
കണ്ടിട്ട്, സാറ് ഫോറിനാന്ന് തോന്നുന്നു!
അതേ, ഞാന്‍ ന്യൂയോര്‍ക്കീന്നാ.

അയാള്‍ വെളുക്കെ ചിരിച്ചു; അപ്പോ ഹൈലെവലാ! സാറെ അമേരിക്കയിലെ മോനിക്കാ ലിവന്‍സ്ക്കി, ആശാന്റെ വാസവദത്ത, മാര്‍ക്കാന്റണിയെ കറക്കിയ ക്ലിയോപാട്ര, പണ്ടു പരാശര മഹര്‍ഷിയെ കുപ്പീലെറക്കിയ കാളിന്ദി നദിയിലെ തോണിക്കാരി കാളി, അല്ലെങ്കില്‍ കസ്തൂരിഗന്ധിയായ സത്യവതി, ആ വകുപ്പൊക്കെ തന്നെ ഈ സത്യവതീം!

ഞാന്‍ അത്തരക്കാരനൊന്നുമല്ല. ഞങ്ങള്‍ക്ക് കോട്ടയത്ത് ഒരു കണ്‍വന്‍ഷന്‍. അമേരിക്കന്‍ മലയാളികളുടെ മാമാങ്കം. അവിടെ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഒരു ബ്യൂട്ടി പോന്റ് മത്സരം. അത് ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിക്കാനാ. ഫിലിംസ്റ്റാറുകളേക്കാളേറെ ഇപ്പോ ഡിമാന്റ് സത്യവതിക്കാന്നു കേട്ടു. ഞങ്ങള്‍ക്കു കവറേജു കിട്ടണം. അത്ര തന്നെ.

ഞാന്‍ അയാള്‍ക്കു നേരെ ഒരു ചോദ്യമെറിഞ്ഞു.
അപ്പോ നമ്മളാരാ?
ഒരു പ്രേമഭിക്ഷുകന്‍!
അതെന്താ,

ഞാന്‍ ഒരു സുന്ദരിയെ പ്രണയിക്കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി. പ്രണയത്തിനു കണ്ണില്ലെന്നാണല്ലോ പ്രമാണം! അങ്ങനെയങ്ങു സംഭവിച്ചു. പിരിയാനാവാത്തവിധം ഞങ്ങള്‍ കാമ്പസില്‍ തുടങ്ങിയതാ. അവളും, ഞാനും ഇംഗ്ലീഷ് എം.ഏയാ.

അതിനെന്താ, കെട്ടണം. ഇവിടെ നല്ല ജോലീം കിട്ടുമല്ലോ!
അതല്ലേ കൊഴപ്പം!
പിന്നെന്താ? രണ്ടു സമുദായക്കാരാണെന്നാണോ!
അതുമലല. ഒരേ സമുദായം.
പിന്നന്താ?

അതുതന്നെ പിരിവൊണ്ട്, സവര്‍ണ്ണനെന്നും, അവര്‍ണ്ണനെന്നും. കേട്ടിട്ടില്ലേ. പണ്ടത്തെ തൊട്ടുകൂടാത്തവനെന്നൊക്കെ! അതാ കൊഴപ്പം. അവളു സവര്‍ണ്ണയാ. അവടെ വീട്ടുകാര് ഏഴയലത്തടുക്കത്തില്ല. ഇതുവരെ തീരുമാനമായില്ല. കൊല്ലം രണ്ടു കഴിഞ്ഞു. ഈ ഒളിച്ചും പാത്തും കളി തൊടങ്ങീട്ട്! അപ്പോ ഒരു തീരുമാനമെടുത്തു. ഞങ്ങളു പോകുക, വടക്കോട്ട്, ഈ ബേക്കില്‍ കേറി. ഡല്‍ഹിക്കോ മറ്റോ! അവിടെങ്ങാനും സമാധാനമായി കഴിയാമല്ലോ. അവളിപ്പോവരും, സാറ് ന്നെ കണ്ടിട്ടില്ല. എന്നാരു ചോദിച്ചാലും പറയണം!

ഒളിച്ചോട്ടമാ അപ്പോ!
അല്ല, സാറെ പാലായനം!
വല്ല ചതിക്കുഴീം ആണോ ഈ പ്രേമമൊന്നൊക്കെ പറഞ്ഞ്!

സത്യമായിട്ടല്ല സാര്‍. ഇതു യഥാര്‍ത്ഥ പ്രണയം തന്നെ! ഒരു കയറേല്‍ തൂങ്ങാന്‍ ഞങ്ങള്‍ക്കിരുവര്‍ക്കും പേടിയാ! അതുകൊണ്ടാ ഈ വഴി.

ങാ, ആട്ടെ മറ്റേ കക്ഷീടെ വീടേതാ!

ദേ, ഇവിടടുത്താ, ഈ കാണുന്ന ക്ഷേത്രഭണ്ഡാരം കഴിഞ്ഞ് വലത്തേക്കൊരു വഴി. അവിടെ ഒരു ഇരുനില മാളിക. അതിനു മുമ്പില്‍ പടിപ്പുരയുണ്ട്. പടിപ്പുരയ്ക്ക് മുകളില്‍ എഴുതി വച്ചിട്ടുണ്ട്. സത്യവതീ സദനം, കഷ്ടി രണ്ടു കിലോമീറ്റര്‍.

ഞാന്‍ വണ്ടിവിട്ടു. പടിപുരക്കു മുമ്പിലെത്തി. അവിടെ എഴുതിവെച്ചിരിക്കുന്നു. സുവര്‍ണ്ണലിപികളില്‍. സത്യവതീ സദനം. കാറ് എന്നിയപ്പോള്‍ സെന്‍സര്‍ പിടിപ്പിച്ച ഗേറ്റ് താനെ തുറന്നു. വീണ്ടു അടഞ്ഞു. വിസ്താരമേറിയ ഫ്രണ്ട് യാര്‍ഡ്. ഇന്റര്‍ ലോക്കിട്ടിരിക്കുന്നു. ചുറ്റിലും നാനാതരം പൂക്കള്‍. പല നിറമുള്ള റോസുകള്‍, ആന്തൂറിയം, ഡാഫഡില്‍സ്, ഓര്‍ക്കിഡ്‌സ്. അതിനപ്പുറം ഇരുവശങ്ങളിലും പടര്‍ന്നുപന്തലിച്ച നാനാനിറമുള്ള പൂക്കള്‍ പേറി നില്‍ക്കുന്ന വള്ളിച്ചെടികള്‍!

ഞാനറിയാതെ ഒരു ഈരടി എന്റെ ഉള്ളില്‍ മുഴങ്ങി.
സത്യവതീ നിന്റെ പൂങ്കാവനത്തിലെ
നിത്യ ആരാധകനാകാന്‍, കൊതിക്കും, ഞാന്‍!

പരിഷ്കൃതമായ ഇരുനില മാളിക. പൂമുഖത്തു നിന്നൊരു സൗന്ദര്യധാമം ഇറങ്ങിവന്നു. വെണ്ണനെയ് പോലെ ഒരു സുന്ദരി. പച്ചനിറമുള്ള ചുരിദാര്‍, പച്ചനിറമുള്ള കര്‍ണ്ണകണ്ഠാഭരണള്‍! മദാലസയായി ചിരിച്ചു.

ആവേശപുളകത്തോടെ ഞാന്‍ പരിചയപ്പെടുത്തി.
സത്യവതീ, ഞാനങ്ങമേരിക്കേന്നാ, ന്യൂയോര്‍ക്കീന്ന്!

കണ്ടപ്പഴേ മനസ്സിലായി. അല്ലെങ്കിലും സാധാരണക്കാരന്, ത്രാണി ഒണ്ടാകുമോ, മെര്‍സിഡസ്സിന്റെ ഏറ്റവും പുതിയ മോഡലേ കേറി വരാന്‍! കേറി ഇരിക്ക്. ഞാന്‍ സത്യവതി മാഡം അല്ല. മാഡത്തിന്റെ പി.ഏ. സതീദേവി!

സതീദേവി ഇത്രയും സുന്ദരി ആയപ്പം, സത്യവതി എന്തായിരിക്കാം, ചുമ്മാതല്ല ഇവിടുത്തെ പ്രമാണിമാരുടെ ഉറക്കം പോകുന്നത്.

പത്തുമിനിട്ടു കഴിഞ്ഞ് സതീദേവി ഉണര്‍ത്തിച്ചു.

സാറിനെ മാഡം അകത്തേക്ക് ക്ഷണിക്കുന്നു. വാസവദത്തയെ കാണാന്‍ പോയ ഉപഗുപ്തനെപ്പോലെ ഞാന്‍ ഉള്ളിലേക്ക് പ്രവേശിച്ചു. സ്‌പെഷ്യല്‍ ഗസ്റ്റിന്റെ സ്വീകരണമുറിയില്‍, ഒരു ആട്ടുകട്ടിലില്‍ യഥാര്‍ത്ഥ സത്യവതി ഇരിക്കുന്നു. പാലാഴി കടഞ്ഞെടുത്തതുപോലെ. ചന്ദനത്തിന്റെ നിറം. കടുംചുവപ്പു പട്ടുസാരി. വജ്രാഭരണങ്ങളുടെ തിളക്കത്തില്‍ സത്യവതി പുഞ്ചിരിച്ചു. പൂനിലാവു പോലെ. മുന്തിയ പെര്‍ഫ്യൂം പരിമളം ആ മുറിയിലാകെ. ഇവള്‍ വാസവദത്തയോ, അല്ല. കാളിന്ദീനദിയിലെ തോണിക്കാരി കസ്തൂരിഗന്ധിയായ സത്യവതി തന്നെ. ഞാന്‍ ഒരു പരാശരമുനിയെപ്പോലെ ഉന്മാദനായി. ഛേ! ചീത്തവിചാരങ്ങള്‍!

സത്യവതീ മദാലയായി ചോദിച്ചു:
എവിടുന്നാ!
ന്യൂയോര്‍ക്കീന്ന്, പേര് ബേബിച്ചന്‍. മാഡത്തിനെക്കൊണ്ടൊരാവശ്യം!
എന്ത്?

കോട്ടയത്ത് അമേരിക്കന്‍ മലയാളികളുടെ ഒരു മാമാങ്കം നടക്കാന്‍ പോകുന്നു. സത്യവതി വന്നൊന്ന് ഉദ്ഘാടനം നടത്തണം. കോളേജു കുമാരിമാരുടെ ബ്യൂട്ടിപേജ് മത്സരമാ. ചെഞ്ചായം പൂശിയ സത്യവതീടെ ചുണ്ടുകള്‍, ചെമ്പരത്തിപ്പൂ പോലെ വിടര്‍ന്നു.

അതിനെന്താ, അതാ ഇപ്പോഴെന്റെ തൊഴില്, ഫീസ് ഒരു ലക്ഷമാ. അമ്പതിപ്പം തരണം. പിന്നെ എന്നെ പിക്കു ചെയ്യാന്‍ വരുമ്പം ബാക്കീം.

ഇതിനിടെ സത്യവതി സപ്രമഞ്ചത്തീന്നെണീറ്റ്, ഗ്ലാസ് അലമാരിയില്‍ നിന്ന് വിലകൂടിയ റെമ്മി മാര്‍ട്ടിന്‍ ബ്രാണ്ടി, രണ്ട് ക്രിസ്റ്റല്‍ ഗ്ലാസുകളില്‍ ഒഴിച്ച്, ഫ്രിഡ്ജില്‍ നിന്ന് ഐസ്ക്യൂബ് അതിലിട്ട് ഒരു ഗ്ലാസ് എന്റെ നേരെ നീട്ടി കിളിമൊവി പോലെ ചൊല്ലി:

നിങ്ങളെപ്പോലൊള്ളവരൊക്കെ വരുമ്പം എനിക്ക് കിട്ടുന്ന സമ്മാനമാണ്. മുന്തിയ ഇത്തരം മദ്യങ്ങള്‍!

ശ്ശെ, ഇതറിഞ്ഞിരുന്നെ ഒരു കുപ്പി കൊണ്ടുവരാരുന്നു എന്ന് ഞാന്‍ ചിന്തിക്കവേ സത്യവതി ധൃതി കൂട്ടി!

കുടിക്ക്, ഒന്നൂടൊഴിക്കാം!

ഞാന്‍ മര്യാദ വിട്ടില്ല, അഡ്വാന്‍സ് തന്നില്ലല്ലോ?

ബാഗ് തുറന്ന്, ആയിരത്തിന്റെ ഒരു കെട്ടു കൊടുത്തു. അമ്പതിനായിരം!

സത്യവതി, അത് സേഫില്‍ വെച്ചുപൂട്ടി. ഇതിനിടെ മൂന്നോ, നാലോ പെഗ്ഗടിച്ച്, ദുര്‍ബ്ബലനായ ഞാനങ്ങു ഫിറ്റായി.

പിന്നെ എന്താ സംഭവിച്ചതെന്ന് തന്നെ എനിക്കോര്‍മ്മയില്ല. ഉന്മാദലഹരിയില്‍ ഞാനൊരു സ്വപ്നം കണ്ടു.

മഹാഭാരതത്തിലെ അതേ കഥ പോലൊക്കെ തന്നെ. എന്നാല്‍ പരാശരമുനി#്കല്ല കാമാസക്തി ഉണര്‍ന്നത്, മറിച്ച് യമുനയിലെ തോണിക്കാരി കാളിക്ക്. അവള്‍ യമുനയുടെ മദ്ധ്യത്തില്‍ തോണി അടുപ്പിച്ചു. മൂടല്‍മഞ്ഞിനുള്ളില്‍ ബധീരീവനങ്ങള്‍ നിറഞ്ഞ നിബിഡമായ കാട്ടിലേക്ക് എന്നെ വാരി എടുത്തുകൊണ്ടുപോയി. ആ കാട്ടിനുള്ളില്‍ ഒരു കാമകേളി ആടി. അയ്യോ! അത് ആരായിരുന്നു. ഞാനും, സത്യവതീമോ!

പെട്ടെന്ന് ഞാന്‍ ഞെട്ടി ഉണര്‍ന്നു. അവളുടെ പൂമെത്തയില്‍, പുതപ്പിനടിയില്‍ ഞാന്‍. അതും നഗ്നനായി! ഞാന്‍ ചാടി എണീറ്റു വസ്ത്രം ധരിച്ചു. അയ്യോ! അതൊരു രോദനമായിരുന്നോ! സത്യവതി പൊട്ടിച്ചിരിച്ച് ബെഡ്‌റൂമിലേക്കു വന്നു. മദാലസയായി മൊഴിഞ്ഞു.

ബേബിച്ചനങ്ങു മറന്നുപോയോ, എന്നെ പിടിച്ച് ബെഡേല്‍ കെടത്തിയ കാര്യം! ങാ, സാരമില്ല. ഇതും എന്റെ സമ്മാനമാ. ഉന്നതര്‍ക്കു മാത്രം! ബേബിച്ചന്റെ കാറ് എന്റെ ഡ്രൈവറ്, കോടംപാക്കത്തിനു കൊണ്ടുപോയി. ഒരു വിഐപിയെ കാണാന്‍. പകരം ബേബിച്ചന് തിരികെ പോകാന്‍ എന്റെ ഹോണ്ടാ തല്‍സ്ഥാനത്ത് ഇട്ടിട്ടൊണ്ട്.

ഇനിയും ബന്‍സ് എനിക്കിരിക്കട്ടെ. മാന്യന്മാര് വന്നുപോകുന്ന ഇടമല്ലേ!

ഞാന്‍ വെട്ടിവിയര്‍ത്തു. അണ്ടി കളഞ്ഞ അണ്ണാനെപ്പോലെയായി. മനസ്സില്‍ പിരാകി പിറുപിറുത്തു.

ബെന്‍സും പോയി. അന്‍പതിനായിരോം പോയി!!!
Join WhatsApp News
വിദ്യാധരൻ 2017-12-04 22:34:55
 ചന്ദ്രിക (മൊബൈൽ ഫോണിലൂടെ )

നമ്മളില്‍ പ്രേമം കിളര്‍ന്നതില്‍പ്പി-
ന്നിന്നൊരു വര്‍ഷം തികച്ചുമായി,
അത്രയ്ക്കനഘമാണീ ദിവസം!
തുഷ്ടി മൊട്ടിട്ടതാണി ദിവസം!
ഇന്നെന്നപേക്ഷയെകൈവെടിയാ-
തൊന്നെന്നെക്കൂടങ്ങു കൊണ്ടുപോകൂ!

 രമണന്‍ ( മൊബൈൽ ഫോണിലൂടെ 

ഇന്നു മുഴുവന്‍ ഞാനേകനായ-
ക്കുന്നിഞ്ചെരുവിലിരുന്നു പാടും;
ഉച്ചയ്ക്കു പച്ചമരത്തണലില്‍
സ്വപ്നവും കണ്ടു കിടന്നുറങ്ങും;
ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം
പൊന്നില്‍ക്കുളിച്ചുള്ളതായിരിക്കും;
നിര്‍ബ്ബാധം ഞാനിന്നാ നിര്‍വൃതിയില്‍-
പ്പറ്റിപ്പിടിക്കുവാന്‍ സമ്മതിക്കൂ!
ഏകനായ്ത്തന്നിന്നാക്കാട്ടിലേക്കു
പോകട്ടെ, പോകട്ടെ, ചന്ദ്രികേ, ഞാന്‍!


വില്ലൻ ഇളമത ഏദൻ തോട്ടത്തിലെ പാമ്പിനെപ്പോലെ പതുക്കെ ഇഴഞ്ഞു കേറുന്നു . അദ്ദേഹം ആത്മഗതമായി പാടാൻ തുടങ്ങിയാതാണെങ്കിലും ഉറക്കെ പാടിപ്പോയി 

ഒട്ടുമേ എനിക്കിതു സഹിക്കുകില്ല 
കലക്കും ഞാനീ പ്രേമം തീർച്ചയായും 
തിന്നില്ലേലും ഞാൻ തീറ്റിക്കില്ല 
പ്രായം ഒരുപാട് ആയെന്നാലും 
മോഹങ്ങൾ ചാകാതെ ഉള്ളിലുണ്ട് .

രമണൻ 

എവിടുന്നു വന്നു നീ കട്ടുറുമ്പേ? 
ഞങ്ങടെ സ്വർഗ്ഗം കലക്കിടുവാൻ?
പതിയിരുന്നിങ്ങനെ ചാറ്റ് കേൾക്കാൻ 
ഉളിപ്പില്ലേ ചേട്ടാ നാണമില്ലേ?

ഇളമത 

അതിനൊരു സുഖമൊന്നു വേറെത്തന്നെ 
അതു പറഞ്ഞാൽ നിനക്കറിയുകില്ല 
ഉണ്ണികൃഷ്ണൻ കട്ടു വെണ്ണ തിന്നപോലെ 
മോഷ്ടിച്ച് തിന്നാൽ സുഖം വേറെ തന്നെ 

രമണൻ 

മരം കേറ്റം നിറുത്തില്ലറോരൊണ്ണാന്മാരും 
മൂത്ത് നരച്ചാലും ഒരിക്കൽപോലും 
സ്വസ്ഥമായൊന്നു പ്രണയിച്ചാടാൻ 
വന്നതാ പക്ഷെ കലക്കി ഇയാൾ
ചന്ദ്രികേ നീയൊട്ടും ഖേദിക്കേണ്ട 
എസ് എം സ് അയക്കാം ഞാൻ പിന്നെപ്പഴേലും 
ചന്ദ്രികേ നീയൊട്ടും ഖേദിക്കേണ്ട 
ഈ ദുർഘടം പെട്ടെന്നു മാറിപ്പോകും .

James Mathew, Chicago 2017-12-04 19:30:31
വയസ്സാൻ കാലത്ത് ഓരോരോ മോഹങ്ങളേ... പാവം ഇളമത നല്ല എഴുത്തുകാരനായിരുന്നു... അങ്ങേർക്ക് വല്ല കാര്യവുമുണ്ടായിരുന്നോ നാട്ടിലെ ഓരോ കേസ്സു കെട്ടുകളെ പോയി കാണാൻ.. ഓ ഇത് കഥയല്ലേ കഥയിൽ ചോദ്യമില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക