Image

മാര്‍പാപ്പയുടെ വിദേശയാത്ര ഞായറാഴ്ച ആരംഭിക്കും

Published on 25 November, 2017
മാര്‍പാപ്പയുടെ വിദേശയാത്ര ഞായറാഴ്ച ആരംഭിക്കും

വത്തിക്കാന്‍സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്രപ്രധാനമായ ദക്ഷിണേഷ്യാ ശ്ലൈഹിക സന്ദര്‍ശനം ഞായറാഴ്ച തുടങ്ങും. മ്യാന്‍മര്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തിങ്കളാഴ്ച മ്യാന്‍മറിലെത്തുന്ന പാപ്പാ രാജ്യത്തെ വലിയ നഗരമായ യാംഗൂണും തലസ്ഥാനമായ നായിപിഡോയും സന്ദര്‍ശിക്കും. കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പ ബുദ്ധമതക്കാര്‍ക്ക് മഹാഭൂരിപക്ഷമുള്ള മ്യാന്‍മര്‍ സന്ദര്‍ശിക്കുന്നത്. ആകെ 5.1 കോടി ജനസംഖ്യയുള്ള മ്യാന്‍മറില്‍ 6.59 ലക്ഷം കത്തോലിക്കരാണുള്ളത്.

നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ടു വരെയാണു ബംഗ്ലാദേശ് സന്ദര്‍ശനം. ഡിസംബര്‍ ഒന്നിനു ബംഗ്ലാദേശിലെ ധാക്കയിലെ സുഹ്‌റാവര്‍ഡി ഉദ്യാന്‍ പാര്‍ക്കില്‍ നടക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദിവ്യബലിയില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ബംഗ്ലാദേശിലെ വത്തിക്കാന്‍ നുണ്‍ഷ്യോയും മലയാളിയുമായ ആര്‍ച്ച്ബിഷപ് ഡോ. ജോര്‍ജ് കേച്ചേരിയും പങ്കെടുക്കും. 

ആഗോള സമാധാനത്തിനായുള്ള അന്താരാഷ്ട്ര എക്യുമെനിക്കല്‍ സമ്മേളനത്തിലും പ്രത്യേക യുവജന സമ്മേളനത്തിലും പങ്കെടുക്കുന്ന മാര്‍പാപ്പ, ധാക്കയില്‍ വിശുദ്ധ മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ അഗതി ഭവനവും സന്ദര്‍ശിക്കുന്നുണ്ട്. മ്യാന്‍മര്‍, ബംഗ്ലാദേശ് പ്രസിഡന്റുമാര്‍ എന്നിവരുമായും മാര്‍പാപ്പ പ്രത്യേകം കൂടിക്കാഴ്ചകളും നടത്തുന്നുണ്ട്.

മൊത്തം 16.3 കോടി ജനസംഖ്യയുള്ള മുസ്ലിംരാജ്യമായ ബംഗ്ലാദേശില്‍ മൂന്നര ലക്ഷം കത്തോലിക്കരാണുള്ളത്.1986 ല്‍ വിശുദ്ധ ജോണ്‍ പോള്‍ മാര്‍പാപ്പയാണ് ഇതിനു മുന്പ് ബംഗ്ലാദേശില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ളത്. ഫ്രാന്‍സിസ് മാര്‍പാപ്പാ ചുമതലയേറ്റതിനുശേഷം നടത്തുന്ന ഇരുപത്തിയൊന്നാമത് വിദേശ സന്ദര്‍ശനമാണിത്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക