Image

ദീപികയുടെ തല സംരക്ഷിക്കണം'; പത്മാവതിയ്‌ക്ക്‌ പിന്തുണയുമായി കമല്‍ഹാസന്‍

Published on 21 November, 2017
ദീപികയുടെ തല സംരക്ഷിക്കണം'; പത്മാവതിയ്‌ക്ക്‌ പിന്തുണയുമായി കമല്‍ഹാസന്‍
ചെന്നൈ: പത്മാവതി സിനിമയ്‌ക്കെതിരെ സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം കനക്കുന്നതിനിടെ ചിത്രത്തിനും നായിക ദീപിക പദുക്കോണിനും പിന്തുണയുമായി തെന്നിന്ത്യന്‍ സൂപ്പര്‍താരം കമല്‍ഹാസന്‍. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ഭീഷണികളില്‍ നടുക്കം രേഖപ്പെടുത്തിയ താരം ദീപികയുടെ തല സംരക്ഷിക്കണമെന്നും ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ ദീപികയുടെ തലയെടുക്കുന്നവര്‍ക്ക്‌ 10 കോടിരൂപ ഇനാം നല്‍കുമെന്ന്‌ ഒരു ബി.ജെ.പി നേതാവ്‌ ഭീഷണിപ്പെടുത്തിയിരുന്നു.

'ദീപികയുടെ തല സംരക്ഷിക്കണം. ശരീരത്തേക്കാളും സ്വാതന്ത്ര്യത്തേക്കാളും താന്‍ അവരുടെ തലയെ ബഹുമാനിക്കുന്നു. ഒരിക്കലും അത്‌ നിഷേധിക്കരുത്‌. ചില വിഭാഗങ്ങള്‍ തന്റെ സിനിമയെ എതിര്‍ത്തിട്ടുണ്ട്‌. എന്നാല്‍ ഇത്തരം ആരോഗ്യകരമായ സംവാദത്തില്‍ തീവ്രആശയങ്ങള്‍ ഉണ്ടാകുന്നത്‌ പരിതാപകരമാണ്‌. പ്രബുദ്ധരായ രാജ്യം ഉണര്‍ന്നെണീക്കേണ്ട സമയമാണ്‌. ഇനിയെങ്കിലും ഇക്കാര്യത്തെക്കുറിച്ച്‌ ചിന്തിക്കണം'.


രാഷ്ട്രീയ പ്രവേശത്തിന്‌ തയ്യാറെടുക്കുന്ന കമല്‍ഹാസന്‍ നേരത്തെ വിജയ്‌ സിനിമ മെരസലിനെതിരെ ആക്രമണമുണ്ടായപ്പോഴും കമല്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. രജപുത്ര രാജ്ഞി റാണി പത്മിനിയുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രമാണ്‌ പത്മാവതി. റാണി പത്മിനിയോട്‌ ഖില്‍ജി രാജവംശത്തിലെ സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിക്ക്‌ തോന്നുന്ന പ്രണയമാണ്‌ ചിത്രത്തിന്റെ പ്രമേയം.

ദീപികയാണ്‌ റാണി പത്മിനിയായി പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തുന്നത്‌. രണ്‍വീര്‍ സിംഗാണ്‌ അലാവുദ്ദീന്‍ ഖില്‍ജി. റാണി പത്മിനിയുടെ ഭര്‍ത്താവ്‌ രത്തന്‍ സിംഗിന്റെ വേഷത്തില്‍ ഷാഹിദ്‌ കപൂര്‍ എത്തും. ചിത്രം ഡിസംബര്‍ ആദ്യം എത്തുമെന്നറിയിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന്‌ മാറ്റിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക