Image

ഡെങ്കിപ്പനിയായി മരിച്ചഏഴ്‌ വയസുകാരിയുടെ 15 ദിവസത്തെ ചികിത്സയ്‌ക്ക്‌ 18 ലക്ഷം രൂപ ബില്‍

Published on 21 November, 2017
 ഡെങ്കിപ്പനിയായി മരിച്ചഏഴ്‌ വയസുകാരിയുടെ 15 ദിവസത്തെ ചികിത്സയ്‌ക്ക്‌ 18 ലക്ഷം രൂപ ബില്‍


ന്യൂദല്‍ഹി: ഡെങ്കിപ്പനി ബാധിതയായ ഏഴ്‌ വയസുകാരിയുടെ 15 ദിവസത്തെ ചികിത്സയ്‌ക്ക്‌ 18 ലക്ഷം രൂപ ബില്‍ ഈടാക്കി ഗുര്‍ഗോണിലെ ഫോര്‍ട്ടിസ്‌ ആശുപത്രി.
സെപ്‌റ്റംബര്‍ ആദ്യമാസമാണ്‌ ദല്‍ഹി ദ്വാരക സ്വദേശിയായ ജയന്തിന്റെ മകള്‍ ആദ്യയെ ഫോര്‍ട്ടിസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്‌. 15 ദിവസത്തെ ചികിത്സയ്‌ക്കൊടുവില്‍ കുഞ്ഞ്‌ മരണപ്പെടുകയായിരുന്നു. ഇതിന്‌ പിന്നാലെ 18 ലക്ഷം രൂപയുടെ ബില്‍ ആണ്‌ ആശുപത്രി അധികൃതര്‍ കുട്ടിയുടെ പിതാവിന്‌ കൊടുത്തത്‌.

2700 ഗ്ലൗസ്‌ ഉപയോഗിച്ചതിന്‌ 17,142 രൂപയാണ്‌ ബില്‍ ഈടാക്കിയത്‌. 18 ലക്ഷത്തിന്‌ പുറമെ രക്തപരിശോധനയ്‌ക്കും മറ്റുമായി 2.17 ലക്ഷം രൂപ ആദ്യയുടെ പിതാവില്‍ നിന്നും ഈടാക്കിയിരുന്നു. 660 സിറിഞ്ചാണ്‌ കുട്ടിക്ക്‌ വേണ്ടി ഉപയോഗിച്ചത്‌ എന്നാണ്‌ ബില്ലില്‍ പറയുന്നത്‌. ജയന്തിന്റെ സുഹൃത്താണ്‌ രോഗികളെ പിഴിഞ്ഞുകൊണ്ടുള്ള ആശുപത്രി അധികൃതരുടെ നടപടി ലോകത്തെ അറിയിച്ചത്‌.

7 വയസുള്ള ഒരു കുഞ്ഞിന്‌ 15 ദിവസത്തെ ചികിത്സയ്‌ക്കിടെ 660 സിറിഞ്ച്‌ ഉപയോഗിച്ചുവെന്നാണ്‌ ആശുപത്രി അധികൃതര്‍ തന്നെ ബില്ലില്‍ പറയുന്നു. അങ്ങനെ വരുമ്പോള്‍ ദിവസം ഏകദേശം 40 സിറിഞ്ച്‌ കുട്ടിക്ക്‌ ഉപയോഗിച്ചുവെന്നാണ്‌ അവര്‍ പറയുന്നത്‌. ആശുപത്രിയില്‍ പ്രവേശിച്ച്‌ അഞ്ചാം ദിവസം മുതല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്‌ അതിന്‌ ശേഷം ജീവനുണ്ടായിരുന്നോ എന്ന കാര്യത്തില്‍ പോലും സംശയമുണ്ടെന്നാണ്‌ രക്ഷിതാക്കള്‍ ആരോപിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക