Image

നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടൂ... (പകല്‍ക്കിനാവ്- 77: ജോര്‍ജ് തുമ്പയില്‍)

Published on 20 November, 2017
നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടൂ... (പകല്‍ക്കിനാവ്- 77: ജോര്‍ജ് തുമ്പയില്‍)
ഉത്തമമായി ജീവിക്കാന്‍ അനുവദിച്ചതിന് നന്ദി പറയുന്ന ദിവസത്തിന്റെ പ്രസക്തി നാളുകള്‍ കഴിയും തോറും വര്‍ദ്ധിച്ചു വരുന്നു. കുടിയേറ്റത്തിന്റെയും അഭയാര്‍ത്ഥികളുടെയും വലിയ പ്രശ്‌നങ്ങള്‍ ഏറി വരുമ്പോള്‍ അവര്‍ക്ക് അഭയം നല്‍കിയവര്‍ക്കൊക്കെയും ഒരു നന്ദി പറയാന്‍, സഹായിച്ചവരെ ഓര്‍ക്കാന്‍ ഒരു ദിവസം വീണ്ടും വന്നെത്തുകയാണ്. അവര്‍ മാത്രമല്ല, ഇപ്പോഴത്തെ സാഹചര്യത്തില്‍ അമേരിക്കയിലെ കുടുംബവ്യവസ്ഥകളെ കൂടിയാണ് ഈ ദിവസം ഓര്‍മ്മിപ്പിക്കുന്നത്. മക്കള്‍ക്ക് അമ്മയെയും അച്ഛനെയും സഹോദരങ്ങളെയും ഓര്‍മ്മിക്കാനും അവര്‍ക്കു നന്ദി രേഖപ്പെടുത്താനും ഒരു ദിവസം. കൂടപ്പിറപ്പുകളും സുഹൃത്തുക്കള്‍ക്കും നന്ദി പറയാന്‍ ഒരു ദിവസം. എല്ലാവരും ഒന്നായി നിന്ന്, അവര്‍ പങ്കു വെച്ച ദുഃഖജീവിതത്തെ ഓര്‍മ്മിക്കാനും അതിനു വേണ്ടി നിലകൊണ്ട പ്രപഞ്ചത്തിലെ സകല ചരാചരങ്ങള്‍ക്കും നന്ദി പറയുകയാണ് ഈ ദിവസം.

വലിയ പടവുകള്‍ താണ്ടി ജീവിതം കുഴയുമ്പോള്‍, എത്രയെത്രെ ദുരിതങ്ങള്‍ താണ്ടിയാണ് ഈ ജിവീതം ഇവിടെ വരെ കരുപിടിപ്പിച്ചതെന്ന് ആരും ഓര്‍മ്മിക്കുക പോലുമില്ല. പലരുടെയും ജീവിതത്തില്‍ കാലം അതെല്ലാം മനസ്സില്‍ നിന്ന് മായിച്ചു കളയിപ്പിച്ചുകൊണ്ടിരിക്കുന്നു. നല്ലവനായ ദൈവം ഒപ്പം ഉണ്ടെന്ന് അവര്‍ സമാധാനിച്ചിരുന്നു. ദുഃഖങ്ങളെല്ലാം മാറ്റി താങ്ക്‌സ് ഗിവിങ്‌സ് ഡേ ആഹ്ലാദത്തോടെ ആഘോഷിക്കാന്‍ അവര്‍ വെമ്പുകയാണ്. അതു കൊണ്ടു തന്നെ അമേരിക്കയൊന്നാകെ മക്കളും മാതാപിതാക്കളുമൊന്നിച്ച് കുടുംബമായി ആഘോഷിക്കുന്ന ദിവസമായി മാറുകയാണ്് താങ്ക്‌സ് ഗീവിങ് ഡേ. നേടിയ നേട്ടങ്ങള്‍ക്കെല്ലാം ദൈവത്തിനു നന്ദി അര്‍പ്പിക്കുന്ന സുദിനം. ഓരോ മാതാപിതാക്കളും തങ്ങളുടെ മക്കളോട് ആദ്യകാലത്തെ സഹനകഥകളും വീരകഥകളും പറയാറുണ്ട്. വളരുന്ന കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നുമുണ്ട്. അവരൊക്കെയു ആ വീരനാളുകള്‍ക്കു നന്ദി പറയുന്നു.

പാരമ്പര്യത്തിലെ വലിയ ചട്ടക്കൂട്ടിനുള്ളില്‍ "നന്ദിയുടെ ദിനം' ഒന്നേയുള്ളൂ. എന്നാല്‍ ദൈവം വാസമുറപ്പിച്ച നല്ലവന്റെ ഹൃദയം എന്നും നന്ദി നിറഞ്ഞതായിരിക്കും. വാക്കുകളില്‍ നിന്നുള്ള നന്ദിപ്രകടനത്തെക്കാള്‍ നന്മ ചൊരിയുന്ന ഹൃദയത്തില്‍ നിന്നുള്ള നന്ദിയുടെ വെളിച്ചത്തിനാണ് എന്നും വില കല്‍പ്പിക്കപ്പെടുന്നത്. ഇതിനാണ് എന്നും ഏവരും പ്രാധാന്യം കല്‍പ്പിക്കുന്നത്. ആ നന്ദിപ്രകാശത്തിന് താങ്ക്‌സ് ഗീവിങ് ഡേയായി എല്ലാവരും ഹൃദയപൂര്‍വ്വം ഈ ദിനം ആഘോഷിക്കുന്നു. പെറ്റമ്മയോട്, പോറ്റി വളര്‍ത്താന്‍ പാടുപെട്ട അച്ഛനോട്, കൂടെപിറന്ന സഹോദരങ്ങളോട്, എല്ലാവരെയും ഹൃദയത്തിന്റെ അടിത്തട്ടില്‍ പ്രതിഷ്ഠിച്ച് നന്മയുടെ വിശാല ഗോപുരപടി കയറാന്‍ ഓരോരുത്തരെയും എന്നും പ്രേരിപ്പിക്കുന്ന ഒരേ ഒരു ദിവസമായി താങ്ക്‌സ് ഗീവിങ് ഡേ മാറുകയാണ്.

അമേരിക്കയ്ക്കു പുറമേ കാനഡ, കരീബിയന്‍ ദ്വീപുകള്‍, ലൈബീരിയ എന്നിവിടങ്ങളിലും താങ്ക്‌സ് ഗീവിങ് ഡേ ആഘോഷിക്കപ്പെടുന്നുണ്ട്. വിളവെടുപ്പിനു ശേഷം തങ്ങള്‍ക്ക് ലഭിച്ച എല്ലാ അനുഗ്രഹത്തിനു ദൈവത്തിനു നന്ദി പറയുന്ന ദിവസമാണിത്. ജര്‍മ്മനിയിലും ജപ്പാനിലും അതേ ആഘോഷം ഉത്സവങ്ങളാണ്. കാനഡയില്‍ ഒക്ടോബറിലെ രണ്ടാം തിങ്കളാഴ്ചയാണെങ്കില്‍ അമേരിക്കയില്‍ അത് നവംബര്‍ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ചയാണെന്നു മാത്രം. മറ്റ് സ്ഥലങ്ങളില്‍ നന്ദിപറച്ചില്‍ ആഘോഷിക്കുന്നത് വ്യത്യസ്ത സമയങ്ങളിലാണ്.

ഓരോയിടത്തെയും ജനങ്ങള്‍ക്ക് മതപരവും സാംസ്കാരികവുമായ പാരമ്പര്യങ്ങളില്‍ താമസിക്കുന്നതില്‍ ചരിത്രപരമായ വേരുകളുണ്ട്. എന്നിരുന്നാലും, അത് ഒരു മതേതര ദിവസമായി ആഘോഷിക്കപ്പെട്ടിരിക്കുന്നു. അമേരിക്കന്‍ ഐക്യനാടുകളില്‍ ന്യൂ ഇംഗ്ലണ്ടിനും വിര്‍ജീനിയയ്ക്കും ഇടയ്ക്കുള്ള പ്രദേശങ്ങളിലാണ് താങ്ക്‌സ് ഗീവിങ് ഡേ ആഘോഷമായി കൊണ്ടാടന്‍ തുടങ്ങിയതെന്നു കരുതുന്നു. വിളവെടുപ്പ് ഉത്സവങ്ങളില്‍ നിന്നും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഉദയം കൊണ്ട് താങ്ക്‌സ് ഗീവിങ് ഡേ ഇന്നു പക്ഷേ, ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ എന്ന നിലയില്‍ നിന്നും ഏറെ മാറിയിരിക്കുന്നു. ശരത്കാലം മഞ്ഞുകാലത്തിനു വഴിമാറുന്ന കാലത്ത് അമേരിക്കയിലിത് കൂടുവിട്ട് കൂടു തേടി പോകുന്നവര്‍ക്ക് നന്ദി പ്രകാശിപ്പിക്കാനുള്ള സമയമാണ്. ആ സമയത്താവണം, അവര്‍ തങ്ങളുടെ രക്തത്തെ തിരിച്ചറിയുന്നത്. ദൈവമഹത്വത്തിനു മുന്നില്‍ ധ്യാനനമസ്ക്കരായി നില കൊള്ളുമ്പോഴും മാതാപിതാക്കളുടെ പുണ്യമാണ് തങ്ങളുടെ ജീവിത വിജയത്തിനു നാന്ദിയായതെന്ന് അവര്‍ തിരിച്ചറിയുന്നത്. ആ തിരിച്ചറിവിനുള്ള പ്രത്യുപകാരമായി അവര്‍ മനസ്സില്‍ കൈകൂപ്പുന്നു, നന്ദി പ്രകാശിപ്പിക്കുന്നു, പിന്നെ ജീവിതത്തില്‍ സംഭവിച്ച തെറ്റുകളേറ്റു പറഞ്ഞ് ആ സ്‌നേഹം തിരിച്ചറിഞ്ഞ് ഓടി വരുന്നു.

താങ്ക്‌സ് ഗീവിങ് ഡേ മുതല്‍ അമേരിക്കയിലെങ്ങും ഹോളിഡേ മൂഡാണ്. ഡിസംബറിലെ ക്രിസ്മസ് ആഘോഷത്തിനും പുതുവര്‍ഷ ആഘോഷത്തിനും ശേഷമേ പലരും വര്‍ഷാന്ത്യത്തിന്റെ ആലസ്യത്തില്‍ നിന്നുണരൂ. ഒരു മാസത്തോളം അവധി ആഘോഷിക്കുന്ന ഇക്കാലത്ത് മഞ്ഞ് പെയ്തിറങ്ങുന്നത് അവരുടെ ജീവിതത്തിലേക്ക് മാത്രമല്ല, മനസ്സിലേക്കു കൂടിയാണ്. പലരും യാത്ര ചെയ്യുന്നതും പുതിയ ജീവിതത്തിലേക്ക് കാലൂന്നുന്നതുമൊക്കെ ഇക്കാലത്ത് തന്നെ. അമേരിക്ക ഭരിച്ച ഓരോ പ്രസിഡന്റുമാരും തങ്ങളുടെ ഇഷ്ടാനുസരണം ഓരോ വര്‍ഷവും താങ്ക്‌സ് ഗീവിങ് ഡേ പ്രഖ്യാപിച്ചതായി ചരിത്രത്തില്‍ കാണാം. എന്നാല്‍ ഏറിയ പേരും നവംബര്‍ അവസാനത്തെ വ്യാഴാഴ്ച ആയിരുന്നു ഇതിനായി തെരഞ്ഞെടുത്തത്. എന്നാല്‍ ക്രിസ്മസ് ഷോപ്പിംഗ് സീസണ്‍ വിപുലപ്പെടുത്താന്‍ പ്രസിഡന്റ് ഫ്രാങ്കഌന്‍ ഡി. റൂസ്വെല്‍റ്റ് ശ്രമമാണ് ഇന്നത്തേതു പോലെ ഒരു സ്ഥിരമായ ദിവസമായി ഈ ദിനത്തെ മാറ്റിയത്. നവംബറില്‍ മൂന്നാമത്തെ ആഴ്ചയിലേക്ക് മാറിയതോടെ ഷോപ്പിങ് സീസണിനു തുടക്കമായി. അമേരിക്കന്‍ സമ്പത് വ്യവസ്ഥയെ ഇതു ശക്തിപ്പെടുത്തുകയും ചെയ്തു. 1941 ല്‍ കോണ്‍ഗ്രസ്സിന്റെ സംയുക്ത പ്രമേയത്തിന് ശേഷം, 1942 ല്‍ നാലാം വ്യാഴാഴ്ച താങ്ക്‌സ് ഗീവിങ് ഡേ ദിനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രഖ്യാപനം റൂസ്വെല്‍റ്റ് പുറപ്പെടുവിച്ചു.

കുടുംബാംഗങ്ങള്‍ അകന്നുതുടങ്ങിയതോടെ, നന്ദിപറയല്‍ പലര്‍ക്കും ഒരുമിക്കാനുള്ള ഒരു അവസരമായി. കുടുംബബന്ധങ്ങളുടെ പവിത്രതയും പാരമ്പര്യവും ഇത് ഓര്‍മ്മപ്പെടുത്തുന്നു. അകന്നു തുടങ്ങിയ മക്കളെല്ലാം കുടുംബത്തിലേക്ക് ഒന്നിച്ചെത്തുന്നതോടെ ആഘോഷത്തിന് അളവുകളില്ലാതായതും ചരിത്രം. സാംസ്ക്കാരികമായി കൂടിച്ചേരലിന് നാന്ദിയാവുന്ന താങ്ക്‌സ് ഗീവിങ് ഡേയ്ക്കായി കാത്തിരിക്കുന്ന നൂറു കണക്കിനു കുടുംബങ്ങള്‍ അമേരിക്കയിലെങ്ങുമുണ്ട്. അവര്‍ക്ക് അത് ആഘോഷത്തിനു വേണ്ടിയുള്ള കാത്തിരിപ്പാണ്. ജീവിതത്തിലെ നൈര്‍മല്യങ്ങള്‍ക്കും വസന്തങ്ങള്‍ക്കും വേണ്ടി കാത്തിരിക്കാന്‍ ദൈവം അനുവദിച്ച ദിവസങ്ങള്‍ക്കായുള്ള നന്ദി പ്രകാശനത്തിനുള്ള വേദിയാണിത്. ഞാനുമാലോചിക്കുകയാണ്, നന്ദിയാരോടൂ ഞാന്‍ ചൊല്ലേണ്ടൂ. കോന്നിയൂര്‍ ഭാസ് എന്ന കവി എഴുതിയ ആ വരികള്‍ തന്നെയാണ് എന്റെ മനസ്സിലേക്കും ഓടിയെത്തുന്നത്. നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടു, ഭൂമിയില്‍ വന്നവതാരമെടുക്കാനെനിക്കന്നു പാതിമെയ്യായ പിതാവിനോ..... പിന്നതില്‍ പാതിമെയ്യായ മാതാവിനോ, പിന്നെയും പത്തുമാസം ചുമന്നെന്നെ ഞാനാക്കിയ ഗര്‍ഭപാത്രത്തിനോ... എല്ലാവര്‍ക്കും നന്ദി. എന്റെ ജീവിത്തെ ധന്യമാക്കാന്‍ കൂടെ നിന്നവര്‍ക്കും നന്ദി. താങ്ക്‌സ് ഗീവിങ് ഡേയില്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഓരോ മനുഷ്യനും ഇതു തന്നെയാവും തോന്നുന്നത്. മക്കളും കൊച്ചുമക്കളുമൊക്കെയായി മലയാളഭൂമിയില്‍ കാലം കഴിക്കാനുള്ള അമേരിക്കന്‍ മലയാളികളുടെ രാപകല്‍ അധ്വാനം കാണാതിരിക്കാനാവില്ല. അവരും ഇത്തരത്തില്‍ നന്ദി പറയുമായിരിക്കും. ഞാനോ? രക്തബന്ധം മുറിച്ച് ഭൂമിയില്‍ അന്യനാകുവാന്‍ ആദ്യം പഠിപ്പിച്ച പൊക്കിള്‍ക്കൊടിയോടാണോ നന്ദി പറയേണ്ടത്, അതോ, ഇവിടെ വരെയെത്തിച്ച ജീവിതമാകുന്ന കാലചക്രത്തോടോ? കരുണയോടെ എന്നും കരതലത്തില്‍ കൊണ്ടു നടക്കുന്ന ദൈവത്തിനോടോ? ഒന്നെനിക്കറിയാം, മാഞ്ഞുപോകുന്നു എന്റെ ശിരോലിഖിതങ്ങള്‍, മായുകയാണ് മാറാലകെട്ടിയ ചിന്തകളും. പകിട പന്ത്രണ്ടും കളിച്ച സ്വപ്‌നങ്ങളും മായുകയാണ്, അതു കൊണ്ട് തന്നെ അവയ്‌ക്കെല്ലാം പലകുറി നന്ദിയേകട്ടെ ഞാന്‍...
നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടൂ... (പകല്‍ക്കിനാവ്- 77: ജോര്‍ജ് തുമ്പയില്‍)നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടൂ... (പകല്‍ക്കിനാവ്- 77: ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക