Image

പുല്ലുവഴിയിലൂടെ പുണ്യവഴിയൊരുക്കി സിസ്റ്റര്‍ റാണി മരിയ (റീന വര്‍ഗീസ് കണ്ണിമല)

Published on 19 November, 2017
പുല്ലുവഴിയിലൂടെ പുണ്യവഴിയൊരുക്കി സിസ്റ്റര്‍ റാണി മരിയ (റീന വര്‍ഗീസ് കണ്ണിമല)
കാലടി പുല്ലുവഴിയിലെ വട്ടാലില്‍ വീട്ടിലെ പൈലിച്ചേട്ടനും ഏലീശ്വാച്ചേടത്തിക്കും മേരിക്കുഞ്ഞ് പൊന്നായിരുന്നു. നല്ല അനുസരണയുളള കുട്ടി. മക്കളില്‍ രണ്ടാമി. നന്മപ്രവര്‍ത്തകളില്‍ ഒന്നാമി ....ആഭരണങ്ങളോടോ ആഡംബരങ്ങളോടോ തെല്ലുമുണ്ടായിരുന്നില്ല ഭ്രമം . ആരോടും പിണങ്ങാനും അവള്‍ക്കറിയില്ല . നല്ല പ്രാര്‍ഥനാ ചൈതന്യം ചെറുപ്പം മുതലേ ഉണ്ടായിരുന്ന മേരിക്കുഞ്ഞ് വളര്‍ന്നപ്പോള്‍ ക്രിസ്തുദാസിയാകാന്‍ ആഗ്രഹിച്ചത് സ്വാഭാവികം . അതിനായി കിടങ്ങൂരിലെ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസ സമൂഹത്തില്‍ ചേര്‍ന്നു . കൂട്ടത്തില്‍ അവളോടൊപ്പം ബന്ധുവായ സിസിലിയും ചേര്‍ന്നു . 1972 ലായിരുന്നു അത് . ആദ്യ വ്രതവാഗ്ദാനം 74 മെയ് ഒന്നിനു നടത്തിയ ശേഷം മിഷന്‍ പ്രവര്‍ത്തനത്തിനായി ബിജ്‌നോര്‍ രൂപതയിലേക്ക് ...യേശുവിനെ അറിയാത്തവര്‍ക്കിടയിലെ മാര്‍ഗദീപമായി ...ജീവിക്കുന്ന സാക്ഷ്യമായി ...83 ല്‍ സത്‌നാ രൂപതയിലെ ഓട്ഗഡിയിലേക്ക് സ്ഥലം മാറ്റം . അവരുടെ അധസ്ഥിതി സിസ്റ്ററിന്‍റെ മനസു തളര്‍ത്തി . ആധ്യാത്മികവും ഭൗതികവുമായ ഉന്നമനത്തിനായി പല പദ്ധതികളും സിസ്റ്ററുടെ മനസില്‍ മിന്നി മറഞ്ഞു . അവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ...സ്വാശ്രയസംഘങ്ങള്‍ , സഹകരണ സംഘങ്ങള്‍ എന്നിവയിലൂടെ പരിശയില്ലാതെ പണം കടമെടുക്കാന്‍ പഠിപ്പിച്ചു . ഇതു സാധാരണക്കാരെ ആകര്‍ഷിച്ചെങ്കിലും അവിടുത്തെ കൊള്ളപ്പലിശക്കാരെ പൊള്ളിച്ചു . അതോടെ സിസ്റ്ററെ കുടുക്കാന്‍ അവര്‍ വഴി നോക്കിത്തുടങ്ങി . 94 ല്‍ ഡിസംബറില്‍ സെമിലി ഗ്രാമത്തിലുണ്ടായ ഒരു വഴക്ക് സമാധാനത്തില്‍ തീര്‍ക്കാന്‍ സിസ്റ്റര്‍ മധ്യസ്ഥം വഹിച്ചു . എന്നാല്‍ പരിശ്രമങ്ങള്‍ വിഫലമായി . അത് പോലീസ് കേസാക്കി ശത്രുക്കള്‍ നിരവധി നിരപരാധികളെ , പ്രത്യേകിച്ചു കത്തോലിക്കരെ ജയിലിലടച്ചു . അവരെ ജയിലില്‍ നിന്നു മോചിപ്പിക്കാന്‍ സിസ്റ്റര്‍ നടത്തിയ പരിശ്രമങ്ങളും ശത്രുവിരോധം വര്‍ധിപ്പിച്ചു .

ഇതോടെ സിസ്റ്ററെ വകവരുത്താന്‍ അവര്‍ തീരുമാനിച്ചു . 1995 ല്‍ ഫെബ്രുവരി 25 നായിരുന്നു അത് ...സിസ്റ്റര്‍ റാണി മരിയ പതിവു പോലെ ഉദയനഗറില്‍ നിന്ന് ഇന്‍ഡോറിലേക്കുള്ള യാത്രയിലായിരുന്നു . ബസ് യാത്രയ്ക്കിടെ മൂന്നു പേര്‍ സിസ്റ്ററുടെ എതിര്‍ സീറ്റില്‍ വന്നിരുന്നു . അതിലൊരാള്‍ സിസ്റ്ററെ അധിക്ഷേപിച്ചു തുടങ്ങി . മൗനം പാലിച്ച സിസ്റ്ററെ കൂടെയുണ്ടായിരുന്ന സമന്തര്‍ സിങ് എന്ന വാടകക്കൊലയാളി ആഞ്ഞു കുത്തി ...ഒന്നല്ല , രണ്ടല്ല ....അമ്പത്തിനാലു കുത്തുകള്‍ ...ഈ സമയമെല്ലാം ക്രിസ്തു നാമോച്ചാരണമല്ലാതെ മറ്റൊന്നും ആ ആ നാവില്‍ നിന്നുതിര്‍ന്നില്ല . നച്ചന്‍ ബോര്‍ മലയില്‍ വച്ചായിരുന്നു ഇത് . അപ്പോള്‍ തന്നെ മൃതിയടഞ്ഞ സിസ്റ്ററുടെ മൃതശരീരം ആദ്യം പോലീസ് സ്‌റ്റേഷനിലും പിന്നീട് ബിഷപ്‌സ് ഹൗസിലേക്കും മാറ്റി . ഇന്‍ഡോര്‍ ബിഷപ്പ് ജോര്‍ജ് ആനാത്തിലും മറ്റു വൈദികരും അപ്പോള്‍ത്തന്നെ സംഭവസ്ഥലത്തെത്തിയിരുന്നു . പിന്നീട് ഫെബ്രുവരി 27 ന് ഏഴു ബിഷപ്പുമാരുടെയും നൂറുകണക്കിനു വൈദികരുടെയും ആയിരക്കണക്കിനാളുകളുടെയും കണ്ണീരില്‍ കുതിര്‍ന്ന അന്ത്യയാത്ര ഏറ്റുവാങ്ങി സിസ്റ്റര്‍ യാത്രയായി ...സ്വര്‍ഗത്തില്‍ തനിക്കായി കാത്തു വച്ചിരിക്കുന്ന നിത്യ സമ്മാനത്തിനായി ...ഇക്കഴിഞ്ഞ 15 ന് സിസ്റ്ററിന്‍റെ സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ അവസാന വേദിയായിരുന്ന ഉദയനഗറില്‍ കൃതജ്ഞതാ ബലിയര്‍പ്പണം നടന്നിരുന്നു . ഇന്‍ഡോറില്‍ വച്ച് നവംബര്‍ നാലിന് രാവിലെ പത്തുമണിയോടെ ഇന്ത്യയിലെ ആദ്യത്തെ വാഴ്ത്തപ്പെട്ട വനിതാ രക്തസാക്ഷിയായി നാമകരണം ചെയ്യപ്പെട്ടു സിസ്റ്റര്‍ റാണിമരിയ . പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധിയും കര്‍ദിനാളുമായ ആഞ്ചലോ അമാത്തോ തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാന മധ്യേയായിരുന്നു ഇത് . കേരളത്തില്‍ ഈ കഴിഞ്ഞ 11 ന് ഉച്ചകഴിഞ്ഞ് 2.45 ന് എറണാകുളം സെന്‍റ് മേരിസ് ബസിലിക്കയില്‍ അഭിവന്ദ്യ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആയിരുന്നു ആഘോഷമായ കുര്‍ബാനയും തിരുശേഷിപ്പ് പ്രതിഷ്ഠയും കെസിബിസി പ്രസിഡന്‍റ് ആര്‍ച്ചു ബിഷപ്പ് മോസ്റ്റ് റവ. ഡോ.എം. സൂസപാക്യമായിരുന്നു വചനപ്രഘോഷണം നടത്തിയത് . തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ സിബിസിഐ പ്രസിഡന്‍റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുഗ്രഹപ്രഭാഷണം നടത്തി . നാഗ്പൂര്‍ രൂപതാ ധ്യക്ഷന്‍ മാര്‍ എബ്രഹാം വിരുതുകുളങ്ങര, ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് മദര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ് , സിസ്റ്റര്‍ സെല്‍മി പോള്‍ തുടങ്ങിയവരുടെ അനുസ്മരണ പ്രഭാഷണവുമുണ്ടായിരുന്നു .

അന്നു കൊലയാളി ..ഇന്ന് അനുയായി ... സമന്ദര്‍സിംഗ്

ജന്മിമാരുടെയും ജമീന്താര്‍മാരുടെയും നിര്‍ദേശാനുസരണം കാടിനു നടുവിലെ റോഡിലൂടെ ഓടിയ ബസില്‍ ..നാല്‍പതിലധികം യാത്രക്കാരുടെ മുന്നിലിട്ടാണ് സമന്ദര്‍ സിംഗ് തനിക്കു യാതൊരു പരിചയവുമില്ലാത്ത ..യാതൊരു ശത്രുതയുമില്ലാത്ത നിഷ്കളങ്കയായൊരു കന്യാസ്ത്രീയെ നിഷ്കരുണം കുത്തിക്കൊലപ്പെടുത്തിയത് . വളരെ പെട്ടെന്നു തന്നെ ഇന്‍ഡോര്‍ കോടതി ശിക്ഷയും നല്‍കി . അങ്ങനെ ഇന്‍ഡോര്‍ സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെട്ടു .അവിടെയും കര്‍തൃകരങ്ങള്‍ അയാളെ പിന്തുടര്‍ന്നു ...തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയും ഇന്‍ഡോറിലെ സഭാപ്രവര്‍ത്തകനുമായ സ്വാമി അച്ചനിലൂടെ ....ജീവപര്യന്തം ശിക്ഷ ലഭിച്ച സമന്ദര്‍ സിംഗ് തന്‍റെ ജയില്‍ ജീവിത കാലത്ത് ഏറെ നിരാശനായിരുന്നു . ഇതില്‍ നിന്നയാളെ മോചിപ്പിക്കാനും പുതിയൊരു പ്രതീക്ഷ പകരാനും സ്വാമി അച്ചനു സാധിച്ചു . മാനസാന്തരത്തിലേക്കു വന്ന സമന്ദര്‍ സിംഗിനെ സിസ്റ്ററിന്‍റെ കുടുംബാംഗങ്ങള്‍ ജയിലില്‍ ചെന്നു കണ്ടു ആശ്വസിപ്പിക്കുകയും മാപ്പുനല്‍കുകയും ചെയ്തു . പിന്നീട് സിസ്റ്ററിന്‍റെ മാതാപിതാക്കള്‍ ജയിലില്‍ ചെന്ന് ഇയാള്‍ക്കു മാപ്പേകി . റാണി മരിയയുടെ സഹോദരിയായ സിസ്റ്റര്‍ സെല്‍മിയുടെ ജയില്‍ സന്ദര്‍ശനവും സമന്ദര്‍സിംഗിനെ സഹോദരനായി സ്വീകരിച്ചതും ലോകമെമ്പാടുമുള്ള ജനഹൃദയങ്ങളെ കുളിരണിയിച്ചിരുന്നു ....സ്‌നേഹിതനുവേണ്ടി ജീവന്‍ നല്‍കുന്നതിനെക്കാള്‍ വലിയ സ്‌നേഹമില്ല .....അതേ ...മാറ്റമില്ലാത്ത ബൈബിള്‍ വാക്യം ഇവിടെ അന്വര്‍ഥമായി ....മകളുടെ ഘാതകനു മാപ്പു നല്‍കണമെന്നും ശിക്ഷ ഇളവു ചെയ്യണമെന്നും അഭ്യര്‍ഥിച്ച്മാതാപിതാക്കള്‍ മധ്യപ്രദേശ് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും സുപ്രീം കോടതിക്കും നല്‍കിയ അപേക്ഷയെ തുടര്‍ന്ന് ശിക്ഷ ഇളവു ചെയ്തു കിട്ടിയ സമന്ദര്‍ സിംഗ് അഞ്ചാം വര്‍ഷം പുറത്തു വന്നു . ആദ്യം സിസ്റ്ററിന്‍റെ വീട്ടിലെത്തിയ സമന്ദര്‍ വന്ദ്യ വയോധികരായ ആ മാതാപിതാക്കളുടെ കാലില്‍ വീണു മാപ്പപേക്ഷിച്ചു . പിന്നെ സിസ്റ്ററിന്‍റെ കിടപ്പു മുറിയില്‍ പുഷ്പങ്ങളാല്‍ അലങ്കരിച്ചു സൂക്ഷിക്കുന്ന ആ കട്ടിലില്‍ സമന്ദര്‍സിംഗ് തലയടിച്ചു കരഞ്ഞു ...ദുഖാധിക്യത്താല്‍ രക്തക്കറ പുരണ്ട കൈ നിലത്തു വച്ചു ചവിട്ടി ....പിന്നെ തന്‍റെ കളങ്കിതമായ കൈകള്‍ കടിച്ചു കീറാന്‍ തുടങ്ങി .
സമന്ദറിനെ സാന്ത്വനിപ്പിച്ച ആ അമ്മ ഭക്ഷണ വേളയില്‍ പുത്രീഘാതകനായ ആ മനുഷ്യനെ ആശ്‌ളേഷിച്ചു ...ചുംബിച്ചു ....അവനെ മകനായി സ്വീകരിച്ചു . ഇന്‍ഡോറിലേക്ക് പുല്ലുവഴിയില്‍ നിന്നു മടങ്ങിയത് കൊലയാളി സമന്ദര്‍ സിംഗ് ആയിരുന്നില്ല മറിച്ച് , സിസ്റ്ററിന്‍റെ പുണ്യവഴിയിലെ അനുയായി സമന്ദര്‍സിംഗ് ആയിരുന്നു .

അടുത്ത കാലത്ത് സിസ്റ്ററിന്‍റെ അമ്മ മരണാസന്നയായി കിടന്നപ്പോഴും ആ മകനെത്തി ...അവസാന തുള്ളി വെള്ളം നല്‍കി ....ശവമഞ്ചം തോളിലേറ്റി ....പള്ളിയിലെ കുഴിമാടം വരെ അനുഗമിച്ചു ....അതേ ഇതാണു റാണി ...ഇന്‍ഡോറിന്‍റെ മാത്രമല്ല ..ഇന്ത്യയുടെ റാണി ....ധീരറാണി ....

അസാധാരണമായ മരണം ..അസാധാരണത്വമുള്ള തിരുശേഷിപ്പ്


ഇന്ന് (നവംബര്‍ 19 ) പുല്ലുവഴിയിലെ മാതൃ ഇടവകയില്‍ സിസ്റ്റര്‍ റാണി മരിയയുടെ തിരുശേഷിപ്പ് പ്രതിഷ്ഠ നടന്നു . ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് മാര്‍ ഫ്രാന്‍സിസ് ആലഞ്ചേരി നേതൃത്വം നല്‍കി . വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന സിസ്റ്ററിന്‍റെ തിരുശേഷിപ്പ് അക്രമിയുടെ കുത്തേറ്റു പിളര്‍ന്ന വാരിയെല്ലാണ് . .ബസില്‍ വച്ച് കുത്തേറ്റു പിടഞ്ഞു വീണപ്പോള്‍ അതിലൊരു കുത്തേറ്റ് വാരിയെല്ലിന്‍റെ ഒരു ഭാഗം പൊട്ടിപ്പോയിരുന്നു . ഈ വാരിയെല്ലാണ് രക്തസാക്ഷിത്വത്തിന്‍റെ മുഖ്യ തിരുശേഷിപ്പായി തെരഞ്ഞെടുത്തത് . സിസ്റ്ററെ വാഴ്ത്തപ്പെട്ടവളായി നാമകരണം ചെയ്യുന്ന വേളയിലെ തിരുക്കര്‍മങ്ങള്‍ക്കിടയില്‍ വിശ്വാസികള്‍ക്ക് അനുഗ്രഹാശിസുകളേകാന്‍ ഉയര്‍ത്തുന്നത് ഈ തിരുശേഷിപ്പായിരിക്കും . വിശേഷാവസരങ്ങളില്‍ തിരുശേഷിപ്പു വണക്കത്തിനും അവസരമുണ്ടാകും . ഈ തിരുശേഷിപ്പു സൂക്ഷിക്കാന്‍ സാധാരണ അരുളിക്കയ്ക്കു പകരം സവിശേഷതയുള്ള ഒരു പേടകമാണ് സജ്ജമാക്കിയത് .അരുളിക്കയില്‍ ചെറിയ തിരുശേഷിപ്പു മാത്രമേ സൂക്ഷിക്കാനാവൂ എന്നതിനാലാണിത്. വാരിയെല്ലു തന്നെ തിരുശേഷിപ്പാക്കുന്നതിനാലാണ് പ്രത്യേക പേടകം രൂപകല്‍പന ചെയ്തതെന്നു ബന്ധപ്പെട്ടവര്‍ പറഞ്ഞു . സിസ്റ്റര്‍ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസ സമൂഹമായതിനാല്‍ ഫ്രാന്‍സിസ്കന്‍ ശൈലിയിലാണ് പെട്ടകത്തിനു രൂപകല്‍പന നല്‍കിയിരിക്കുന്നത് . എഫ്‌സിസി സന്യാസ സമൂഹത്തെപ്പോലെ ലളിതമായ ഫ്രാന്‍സിസ്കന്‍ സന്യാസ ജീവിത ശൈലി പിന്തുടരുന്ന തൃശൂര്‍ ആസ്ഥാനമായുള്ള മലബാര്‍ മിഷനറി ബ്രദേഴ്‌സ് സമൂഹത്തിലെ ബ്രദര്‍ ബൈജു മാനുവലാണ് ഈ പേടകത്തിന്‍റെ ശില്‍പി . വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ കുരിശടയാളമെന്നറിയപ്പെടുന്ന താവു ആകൃതിയിലാണ് പേടകം രൂപകല്‍പന ചെയ്തിരിക്കുന്നത് .

. തേക്കിന്‍തടിയിലാണ് ഒന്നര അടി ഉയരമുള്ള പേടകം കൊത്തിയൊരുക്കിയത്. പേടകത്തിനു മുകളില്‍ വലതുഭാഗത്താണു തിരുശേഷിപ്പായ വാരിയെല്ല് എല്ലാവര്‍ക്കും കാണാവുന്ന വിധത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഈ തിരുശേഷിപ്പില്‍നിന്നു രക്തസാക്ഷിത്വത്തെ ഓര്‍മിപ്പിക്കുന്ന രണ്ടു രക്തത്തുള്ളികള്‍ കൊത്തിയൊരുക്കിയിട്ടുണ്ട്. ഇടതുവശത്ത് സിസ്റ്റര്‍ റാണി മരിയയുടെ ഫോട്ടോ.

ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസനിമാര്‍ വൃതവാഗ്ദാനത്തിന്റെ പ്രതീകമായി ധരിക്കുന്ന മൂന്നു കെട്ടുള്ള ചരടും കൊത്തിയിട്ടുണ്ട്. ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ മൂന്നു വൃതങ്ങളാണ് ചരടിലെ മൂന്നു കെട്ടുകളെ പ്രതിനിധാനം ചെയ്യുന്നത്. സന്തോഷവും സൗഭാഗ്യവും ആശംസിച്ചുകൊണ്ട് പീസ് ആന്‍ഡ് ജോയ് എന്നും താഴെ മാര്‍ട്ടിയര്‍ (രക്തസാക്ഷി) റാണി മരിയ എന്നും കൊത്തിയൊരുക്കിയിട്ടുണ്ട്.

പേടകത്തിനു രൂപകല്‍പന ചെയ്ത എംഎംബി സന്യാസസമൂഹാംഗമായ ബ്രദര്‍ ബൈജു മാനുവേല്‍ പത്തു വര്‍ഷമായി തൃശൂര്‍ മരിയാപുരത്തെ സെന്റ് മേരീസ് ആര്‍ട്ട് സ്റ്റുഡിയോയിലാണു സേവനം ചെയ്യുന്നത്. കേരളത്തിലെ സന്യാസ സമൂഹങ്ങള്‍ നടത്തുന്ന ഏക സ്റ്റുഡിയോയാണിത്. 1950 ല്‍ സ്ഥാപിതമായ ഇവിടെ നിര്‍മിക്കുന്ന വിശുദ്ധരുടെ രൂപങ്ങളും ശില്‍പങ്ങളുമാണ് മിക്ക ദേവാലയങ്ങളിലും വണക്കത്തിനായി ഉപയോഗിക്കുന്നത്. ഉദയനഗറിലെ തീര്‍ഥകേന്ദ്രത്തിലേക്കു സിസ്റ്റര്‍ റാണി മരിയയുടെ രൂപങ്ങളും ഇവിടെ തയാറാക്കി കൊണ്ടുപോയിട്ടുണ്ട്.
പുല്ലുവഴിയിലൂടെ പുണ്യവഴിയൊരുക്കി സിസ്റ്റര്‍ റാണി മരിയ (റീന വര്‍ഗീസ് കണ്ണിമല)പുല്ലുവഴിയിലൂടെ പുണ്യവഴിയൊരുക്കി സിസ്റ്റര്‍ റാണി മരിയ (റീന വര്‍ഗീസ് കണ്ണിമല)പുല്ലുവഴിയിലൂടെ പുണ്യവഴിയൊരുക്കി സിസ്റ്റര്‍ റാണി മരിയ (റീന വര്‍ഗീസ് കണ്ണിമല)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക