Image

അന്തരം, ആവര്‍ത്തനം (ചെറുകഥ: ജെസ്സി ജിജി)

Published on 18 November, 2017
അന്തരം, ആവര്‍ത്തനം (ചെറുകഥ: ജെസ്സി ജിജി)
‘കൊക്കരകോ കോ ,,,’ പൂവന്‍കോഴിയുടെ നീട്ടിയുള്ള കൂവല്‍....

വീണ്ടും ഒരു പ്രഭാതം കൂടി പൊട്ടിവിടര്‍ന്നു കിടക്കപ്പായില്‍ നിന്നും എഴുന്നേല്‍ക്കാന്‍ മടിച്ചു എങ്കിലും , തലക്കല്‍ വെച്ചിരുന്ന ആ കുഞ്ഞു ക്ലോക്കിലേക്കു അവള്‍ തല ഉയര്‍ത്തിനോക്കി .ഈശ്വരാ സമയം അഞ്ചുമണി . ഇപ്പോള്‍ എങ്കിലുംഎഴുന്നേറ്റില്ലെങ്കില്‍ സമയത്തിന് കുട്ടികള്‍ക്ക് ആഹാരം ഉണ്ടാക്കി കൊടുത്തു സ്കൂളില്‍ വിട്ടിട്ടു തനിക്കു പണിക്കു പോകാന്‍ പറ്റില്ല... ഇന്നലെക്കൂടി മോന്‍ പറയുന്നതുകേട്ടു അവന്റെ സ്കൂളില്‍നിന്നുംഎല്ലാവരും വിനോദയാത്രക്ക് പോകുന്നു .അവന്‍ മാത്രമേ ഉളളൂ പോകാത്തത് എന്ന് ...

“ ദീപു എഴുന്നേല്‍ക്ക്, നിനക്കൊന്നും പഠിക്കാനില്ലേ, അല്ല ഇനി ഇവളോട് പ്രത്യേകം പറയണോ, എടി ദീപേ എഴുന്നേറ്റു രാവിലേ വല്ലതും പഠിക്ക്. നിന്നെ ഒക്കെ സ്കൂളില്‍ വിടുന്നത് വല്ലതും രണ്ടക്ഷരം പഠിച്ചു കണ്ണ് തെളിയട്ടെ എന്ന് കരുതിയാ, അപ്പം
പോത്തുപോലെ രണ്ടും കിടന്നുറങ്ങുന്നത് കണ്ടില്ലേ” ,,,

“ അമ്മെ എന്നെ എസ്കര്‍ഷന് വിടുമോ , ഞാന്‍ മാത്രമേ ഉള്ളൂ പോകാത്തതായിട്ട്”
. “പിന്നെ ഇപ്പം എസ്കര്‍ഷന് പോകാത്ത കുഴപ്പമേ ഉള്ളൂ. അങ്ങനെ തുള്ളിച്ചാടി നടക്കുന്ന സമയത്തു രണ്ടു അക്ഷരം പഠിക്കാന്‍ നോക്ക്”
. “ഹുംഈ അമ്മെ പോലെ ഒരുസാധനം , അപ്പുറത്തെ ആ രാജുവിന്റെ അമ്മെ കണ്ടു പഠിക്കണംഎസ്കര്‍ഷന്റെ കാര്യം പറഞ്ഞതെ അവന്റെ പേരും പൈസയും കൊടുത്തു. ഈ 'അമ്മ മാത്രം . എന്റെ അപ്പച്ചന്‍ ഉണ്ടായിരുന്നെങ്കില്‍ എന്നെ വിട്ടേനെ”
“ ഹും എന്നാല്‍ നീ ആ സിമിത്തേരിയില്‍ പോയി പറ , നിനക്ക് കാശ് തന്നു നിന്നെ വിടാന്‍. അല്ല പിന്നെ..”

“ അമ്മെ ഇന്നും ഈ ചക്കയെ ഉള്ളോ കഴിക്കാന്‍”
.” പെണ്ണെ മിണ്ടാതെ കിട്ടിയത് കഴിച്ചിട്ട് പോകാന്‍ നോക്ക്”
. “ഹോ ഈ ചക്ക സീസണ്‍ ഒന്ന് തീര്‍ന്നിരുന്നെങ്കില്‍” ..
“ അവളുടെ അഹങ്കാരം കണ്ടില്ലേ... ഇതാ പൊതി കെട്ടിവെച്ചിട്ടുണ്ട് , സ്കൂളില്‍ പോകുമ്പോള്‍ താക്കോല്‍ ആ ജനാലമുകളില്‍ വെക്കാന്‍ മറക്കരുത്” ...
“എടി പെണ്ണമ്മേ നീ ഇനിയും ഇറങ്ങിയില്ലേ ഇപ്പോള്‍ തന്നെ നേരം പോയി,ഇനിയും താമസിച്ചാല്‍ ആ മേസ്തിരിയുടെ വായിലിരിക്കുന്നതു മൊത്തം കേക്കണം.”
“ഇതാ ഇറങ്ങുക ആയി... എടി പെണ്ണെ പറഞ്ഞതൊക്കെ ഓര്‍മ്മ ഉണ്ടല്ലോ , സ്കൂള്‍ വിട്ടാല്‍ അവിടെയും ഇവിടെയും വായി നോക്കി നില്‍ക്കാതെ ഇങ്ങു പോന്നോണം. വാ പോകാം കുഞ്ഞുപെണ്ണേ..”

“അല്ല പെണ്ണമ്മേ നീ കഴിക്കാന്‍ ഒന്നും എടുത്തില്ലേ... എന്താ നിന്റെ മുഖം വല്ലാതെ ഇരിക്കുന്നത്?’
തോളില്‍ കിടന്ന മുഷിഞ്ഞ തോര്‍ത്ത് കൊണ്ട് മുഖം ഒന്ന് അമര്‍ത്തിത്തുടച്ചിട്ടു പെണ്ണമ്മ പറഞ്ഞു . “ഓ എന്ത് പറയാനാ, നമ്മള് കഴിച്ചില്ലെങ്കിലും സാരമില്ല. കുട്ടികളെ പട്ടിണിക്കിടാന്‍ പറ്റില്ലല്‌ളോ . അവള്‍ക്കാണെങ്കില്‍ രാവിലെ ഈ ചക്ക ഒട്ടും പിടിക്കുന്നില്ല . ചക്ക സീസണ്‍ ആയതുകൊണ്ട് രാവിലത്തെ കാപ്പി കാര്യം എങ്കിലും രക്ഷപ്പെട്ടല്ലോ എന്ന ഞാന്‍ കരുതിയിരിക്കുന്നത്. മോനാണെങ്കില്‍ എങ്ങാണ്ടു എസ്കര്‍ഷന് പോകണം. ഇത്തിരി പൈസ എന്റെ കൈയില്‍ ഉണ്ട്. പിന്നെ മേസ്തിരിയോട് പൈസ ഇത്തിരി മുന്‍കൂര്‍ വാങ്ങണം.”
"എടി പൈസ മുന്‍കൂര്‍ വാങ്ങിയാല്‍ പിന്നെ കാര്യങ്ങള്‍ ഒക്കെ എങ്ങനെ നടക്കും?”
“സാരമില്ലെന്ന്. പിള്ളേരുടെ കണ്ണ് തെളിഞ്ഞാല്‍ നമ്മള് രക്ഷപെടില്ലേ , അവര്‍ രണ്ടുപേരും പഠിക്കാന്‍ നല്ല മിടുക്കരുമാ... അതിയാന്‍ ഉള്ളതെല്ലാം കുടിച്ചു നശിപ്പിച്ചു , ആ കുടി തന്നെ അതിയാനെ കൊണ്ടുപോകുകയും ചെയ്തു.”
‘വാ വേഗം നടക്ക്’. പെണ്ണമ്മയും കുഞ്ഞുപെണ്ണും കൂടി ഇടവഴിയില്‍ കൂടി വളരെ വേഗം തങ്ങളുടെ പണി സ്ഥലത്തേക്ക് നടന്നു.

ണിം ണിം ണിം..... മണി മുഴക്കി അലാറം . കണ്ണ് തുറക്കാതെ തന്നെ ബെഡ്‌സൈഡ് ടേബിളില്‍ ഇരുന്ന അലാറം അവള്‍ ഓഫ് ചെയ്തു. കണ്ണ് തിരുമ്മി എഴുന്നേറ്റു ജാലകവിരികള്‍ മാറ്റി നോക്കി. ' വൈദുതവിളക്കിന്റെ പ്രകാശത്തില്‍ കുളിച്ചുനില്‍ക്കുന്ന നഗരം. നിരത്തിലൂടെ ചീറിപ്പായുന്ന വണ്ടികള്‍, മണി അഞ്ചേ ആയുള്ളൂവെങ്കിലും നഗരം നേരത്തെതന്നെ ഉണര്‍ന്നെഴുന്നേറ്റിരിക്കുന്നു.

പ്രഭാതകൃത്യങ്ങള്‍ വേഗം കഴിച്ചുതീര്‍ത്തശേഷം ഒരു കപ്പു കാപ്പിയുമായി അവള്‍ കുട്ടികളുടെ മുറിയിലേക്ക് നടന്നു. “ആന്‍ഡ്രൂ , ഗെറ്റ് അപ്പ് . സമയം എത്ര ആയി എന്ന് നോക്ക്.. വേഗം റെഡിയായിക്കോ.. മമ്മിക്കു ഇന്ന് ഇത്തിരി നേരത്തെ ഓഫീസില്‍ എത്തണം”
“ ഒക്കെ മാം” . “നിനക്ക് കഴിക്കാന്‍” ...
“ ഞാന്‍ ബ്രെഡ് ടോസ്‌റ് ഉണ്ടാക്കി കഴിച്ചോളാം.. ഡാഡ് എവിടെ.?”
“ ഡാഡ് നേരത്തെ പോയി... മോനെ എഴുന്നേറ്റു വല്ലോം പഠിക്ക്”
. “മമ്മി എത്ര പ്രാവശ്യം ഞാന്‍ പറഞ്ഞിട്ടുണ്ട് , എനിക്കറിയാം, എന്നെ വെറുതെ നിര്‍ബന്ധിക്കരുത് എന്ന്”
“ശരി ശരി ഞാന്‍ ഒന്നും പറയുന്നില്ല. നിന്റെ ഇഷ്ടം പോലെ” ...
അവള്‍ വേഗം തിരിച്ചു അടുക്കളയിലേക്കു നടന്നു. ആ ഇന്നത്തെ പ്രഭാതഭക്ഷണം ഒരു ബ്രെഡ് മതി എന്ന് വെക്കാം. ഉച്ചക്ക് ക്യാന്റീനില്‍ പോകാം. ആന്‍ഡ്രൂ സ്കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചോളും. പിന്നെ സ്കൂള്‍ ബസ് അപാര്‍ട്‌മെന്റ് മുന്‍പില്‍ തന്നെ വരുന്നതുകൊണ്ട് അവനെ സ്കൂളില്‍ കൊണ്ടുവിടണ്ട .
കാര്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ബാഗില്‍ നിന്നും സെല്‍ഫോണ്‍ അടിക്കുന്നത് കേട്ടു. ആരാണാവോ ഇത്ര രാവിലെ... ഓ ദീപു.. എന്താണാവോ അവന്‍ ഇത്ര രാവിലെ വിളിക്കുന്നത്.
" ദീപു ?..
“ആ നീ ജോലിക്കു പോകാന്‍ ഇറങ്ങിയോ.., ഞാന്‍ വിളിച്ചത് ഇന്ന് നാട്ടില്‍നിന്നും ആ ഹോം നേഴ്‌സ് വിളിച്ചിട്ടുണ്ടായിരുന്നു. അമ്മക്ക് നമ്മള്‍ ഉടന്‍ നാട്ടില്‍ എത്തണം എന്ന് നിര്‍ബന്ധം.. അമ്മക്ക് നമ്മളെ കണ്ടേ തീരു എന്ന്”...
“അയ്യോ ദീപു എനിക്ക് ഉടനെയെങ്ങും ലീവ്.
കിട്ടില്ല , നിനക്ക് പോകാന്‍ പറ്റുമോ?”
“അതെങ്ങനെ ദീപ , ഞാന്‍ ഈ ജോലിയില്‍ കേറിയിട്ട് ഒരു മാസം അല്ലെ ആകുന്നുള്ളൂ.. അപ്പോള്‍ എനിക്കെങ്ങനെ ലീവ് കിട്ടാനാ. നിനക്ക് പോകാന്‍ പറ്റുമോ എന്നറിയാനാ ഞാന്‍ വിളിച്ചത്. ആ ഇനി ഇപ്പം എന്ത് ചെയ്യാനാ. വരന്‍ പറ്റില്ല എന്ന് അറിയിച്ചേക്കാം അല്ലെ.. പിന്നെ ആ ഹോം നഴ്‌സിനോട് അമ്മയെ ഒന്ന് ഹോസ്പിറ്റലില്‍ കൊണ്ടുപോയി ഒരു ഫുള്‍ ചെക്കപ്പ് ചെയ്യണം എന്ന് പറയാം.”
“ശരി.. അപ്പോള്‍ ഓക്കേ”
ദീപയുടെ കാര്‍ നഗരത്തിന്റെ തിരക്കിലേക്ക് ഒഴുകിയിറങ്ങി ഒരു പൊട്ടു പോലെ അലിഞ്ഞില്ലാതായി.
..
“അല്ല പെണ്ണമ്മച്ചി സമയം എത്ര ആയി എന്ന വിചാരം.. വന്നു കിടന്നേ...”
“അപ്പോള്‍ അവര്‍ വരില്ല അല്ലെ ലിസ്സികൊച്ചെ”. പെണ്ണമ്മച്ചി ഒന്ന് കൂടി ഉറപ്പുവരുത്താന്‍ വേണ്ടി ചോദിച്ചു.
“അവര്‍ക്കു അവിടെ ജോലിതിരക്കല്ലേ പെണ്ണമ്മച്ചി . ലീവ് കിട്ടില്ല..”
ഒരു നെടുവീര്‍പ്പോടെ മുറിയിലേക്ക് നടന്ന പെണ്ണമ്മച്ചി എന്തോ ഓര്‍ത്തതുപോലെ തിരിഞ്ഞു നിന്ന് ലിസ്സിയോട് ചോദിച്ചു... “അല്ല നിനക്ക് എത്ര കുട്ടികള്‍ ആണ് എന്ന പറഞ്ഞത് ?”
“ രണ്ടുപേര്‍ ആണ് അമ്മച്ചി. രണ്ടുപേരും നന്നായി പഠിക്കും. അവരുടെ കണ്ണ് ഒന്ന് തെളിഞ്ഞുകിട്ടിയാല്‍ മതിയായിരുന്നു. അതിനുവേണ്ടി അല്ലെ ഞാന്‍ ഇങ്ങനെ കഷ്ടപ്പെടുന്നത്.”
. ഉം.... പെണ്ണമ്മച്ചി ഒന്ന് നീട്ടി മൂളി... ആ മൂളലില്‍ ഒത്തിരി അര്‍ഥങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടായിരുന്നുവോ?

അന്തരം, ആവര്‍ത്തനം (ചെറുകഥ: ജെസ്സി ജിജി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക