Image

പി. ജയരാജനെതിരായ നിലപാട്‌ : സി.പി.ഐ.എമ്മില്‍ ഭിന്നത

Published on 13 November, 2017
പി. ജയരാജനെതിരായ നിലപാട്‌ : സി.പി.ഐ.എമ്മില്‍ ഭിന്നത


കണ്ണൂര്‍: സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ പാര്‍ട്ടി സംസ്ഥാന സമിതി നിലപാടുമായി ബന്ധപ്പെട്ട്‌ സി.പി.ഐ.എമ്മില്‍ ഭിന്നത. ജയരാജനെ ഉയര്‍ത്തിക്കാട്ടുന്ന തരത്തിലുള്ള ഗാനവും മറ്റും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നുണ്ടായ സ്വാഭാവിക പ്രതികരണം മാത്രമാണെന്നും മറ്റുള്ളവരും ഇതുപോലെ ചെയ്‌തിട്ടില്ലേയെന്നും ചോദിച്ചുകൊണ്ട്‌ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരു വിഭാഗം മുന്നോട്ടുവന്നിരിക്കുകയാണ്‌.

ആര്‍.എസ്‌.എസ്‌, ബി.ജെ.പി ഭീകരതയെ നേരിടാനും പാര്‍ട്ടിയെ ശക്തമായി മുന്നോട്ടുനയിക്കാനും ജയരാജന്‍ നടത്തിയ ഇടപെടലുകളെ തുടര്‍ന്നുണ്ടായ സ്വാഭാവികമായ പ്രതികരണമാണ്‌ അദ്ദേഹത്തെ വ്യക്തിപരമായി ഉയര്‍ത്തിക്കാട്ടുന്ന തരത്തിലുള്ള ഗാനങ്ങളും ഫ്‌ളക്‌സുകളുമെന്നാണ്‌ ഇവര്‍ വാദിക്കുന്നത്‌.

സംഘപരിവാറിന്റെ ശ്രീകൃഷ്‌ണ ജയന്തി പോലുള്ള ആഘോഷങ്ങളെ പ്രതിരോധിച്ച്‌ പാര്‍ട്ടി സംഘടിപ്പിച്ച സാംസ്‌കാരിക ഘോഷയാത്ര പോലുള്ള പരിപാടികള്‍ ജയരാജന്റെ ആശയമായിരുന്നു. ഇത്തരം ആശയങ്ങള്‍ പാര്‍ട്ടി തന്നെ സംസ്ഥാന തലത്തില്‍ ഏറ്റെടുക്കുന്ന സ്ഥിതിയാണ്‌ ഉണ്ടായത്‌. 

അത്തരം ഇടപെടലുകളെ തുടര്‍ന്നുണ്ടായ ജനപ്രീതിയാണ്‌ ജയരാജനെ ഉയര്‍ത്തിക്കാട്ടുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു.


മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ക്ക്‌ നേരത്തെ ഇത്തരത്തിലുള്ള ജനപ്രീതി ലഭിച്ചിട്ടുണ്ട്‌. 'ഇരട്ടച്ചങ്കന്‍' എന്ന പേരിലാണ്‌ അദ്ദേഹം അറിയപ്പെടുന്നത്‌. തെരഞ്ഞെടുപ്പ്‌ വേളയിലും മറ്റും പിണറായിയും വി.എസും അടക്കമുള്ള നേതാക്കളെ ഉയര്‍ത്തിക്കാട്ടിയുള്ള ഫ്‌ളക്‌സുകള്‍ സംസ്ഥാന വ്യാപകമായി ഉപയോഗിച്ചിട്ടില്ലേയെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

ആധുനിക കാലഘട്ടത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്‌ക്ക്‌ ഇത്തരം സാധ്യതകള്‍ ഉപയോഗിക്കാവുന്നതാണെന്നും ജയരാജനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു. അതിനിടെ, ഈ സംഭവവുമായി ബന്ധപ്പെട്ട്‌ പാര്‍ട്ടി നേതാക്കള്‍ ആരും തന്നെ ഇതുവരെ നിലപാട്‌ വ്യക്തമാക്കിയിട്ടില്ല.

പുറച്ചേരി ഗ്രാമീണ കലാവേദിയുടെ ബാനറില്‍ പ്രദീപ്‌ കടയപ്രം നിര്‍മ്മിച്ച സംഗീതശില്‌പമടക്കമുള്ള കാര്യങ്ങള്‍ വ്യക്തിപൂജയാണെന്ന്‌ ആരോപിച്ചാണ്‌ പാര്‍ട്ടി പി. ജയരാജനെതിരെ രംഗത്തുവന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക