Image

മനോരമയുടെ ഹര്‍ജി: വാര്‍ത്താ വിലക്ക് ഹൈക്കോടതി നീക്കി

Published on 10 November, 2017
മനോരമയുടെ ഹര്‍ജി: വാര്‍ത്താ വിലക്ക് ഹൈക്കോടതി നീക്കി
ചവറ ഇടത് എംഎല്‍എ എന്‍.വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത് വിജയന്റെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വിലക്കിയ കരുനാഗപ്പള്ളി സബ് കോടതിയുടെ നടപടിക്കു ഹൈക്കോടതി സ്റ്റേ. കരുനാഗപ്പള്ളി സബ് കോടതിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നു ഹൈക്കോടതി വിലയിരുത്തി.

ദുബായ് സാമ്പത്തിക തട്ടിപ്പു കേസുമായി ബന്ധപ്പെട്ടു മാധ്യമ വിലക്ക് ഏര്‍പ്പെടുത്തിയ കരുനാഗപ്പള്ളി സബ് കോടതി ഉത്തരവിനെതിരെ മലയാള മനോരമ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ശ്രീജിത്തിന്റെ പരാതിയില്‍ തിരുവനന്തപുരം പ്രസ് ക്ലബിനും മാധ്യമങ്ങള്‍ക്കും കരുനാഗപ്പള്ളി സബ് ജഡ്ജി എ.എം.ബഷീറാണു വാര്‍ത്ത വിലക്കിക്കൊണ്ടുള്ള നോട്ടിസ് അയച്ചത്.

ദുബായ് ബിസിനസുകാരന്‍ രാഖുല്‍ കൃഷ്ണ തന്റെ പേരു ദുരുപയോഗം ചെയ്യുന്നതായി ചൂണ്ടിക്കാട്ടി ശ്രീജിത് വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ ഇടപെടല്‍. ശ്രീജിത് വിജയനും ബിനോയ് കോടിയേരിയും ഉള്‍പ്പെട്ട കേസിനെക്കുറിച്ചു യുഎഇ പൗരന്‍ ഇസ്മായില്‍ അബ്ദുല്ല അല്‍ മര്‍സൂഖി വാര്‍ത്താസമ്മേളനം നടത്താനിരിക്കെയാണു വിലക്കുവന്നത്.

കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളോ ചര്‍ച്ചകളോ പ്രസ്താവനകളോ പാടില്ലെന്നാണു കരുനാഗപ്പള്ളി സബ്‌കോടതി ഉത്തരവിട്ടത്. ഉത്തരവിന്റെ പകര്‍പ്പ് പ്രസ് ക്ലബിനുമുന്‍പില്‍ പതിക്കുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക