Image

'ആ കുട്ടികള്‍ ദൈവത്തിന്റെ മടിയില്‍ ഇരിക്കുന്നു' കൂട്ടക്കുരുതിയുടെ ബാക്കി പത്രം (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 09 November, 2017
'ആ കുട്ടികള്‍ ദൈവത്തിന്റെ മടിയില്‍ ഇരിക്കുന്നു' കൂട്ടക്കുരുതിയുടെ ബാക്കി പത്രം  (ഏബ്രഹാം തോമസ്)
സതര്‍ലാന്‍ഡ്സ്പ്രിംഗ്സ്, ടെക്സസ്: ചിത്തഭ്രമം പിടിപ്പെട്ട ഘാതകന്റെ വെടിയുണ്ടകളേറ്റ് മരിച്ച 26 പേരുടെ സംസ്‌കാര ചടങ്ങുകള്‍ ഫസ്റ്റ് ബാപ്ടിസ്റ്റ് ചര്‍ച്ചില്‍ നടന്നു. ആ 26 പേരും ദൈവത്തിന്റെ പൂന്തോട്ടത്തിലാണെന്ന് പാസ്റ്റര്‍ ക്രിസ്‌കിര്‍ക്ക്ഹാം പറഞ്ഞു 'കുട്ടികള്‍ ദൈവത്തിന്റെ മടിയില്‍ ഇരിക്കുന്നു. മുതിര്‍ന്നവര്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ വീണ്ടും കാണുന്നു'  അദ്ദേഹം തുടര്‍ന്നു.

ദക്ഷിണ ടെക്സസിലെ സാന്‍ അന്റോണിയോ നഗരത്തില്‍ നിന്ന് 21 മൈല്‍ കിഴക്കോട്ട് മാറി സ്ഥിതി ചെയ്യുന്ന ചെറിയ പട്ടണമാണ് സതര്‍ലാന്‍ഡ് സ്പ്രിംഗ്സ്. ജനസംഖ്യ 643. ഇതില്‍ നിന്ന് ഘാതകന്‍ നഷ്ടപ്പെടുത്തിയത് 26 ജീവനുകള്‍. മരിച്ച ഒരു സ്ത്രീ ഗര്‍ഭിണിയായിരുന്നു. ഗര്‍ഭസ്ഥ ശിശുവിനെയും കൊല്ലപ്പെട്ടവരില്‍ പോലീസ് ഉള്‍പ്പെടുത്തി.

പട്ടണത്തിലെ നാല്‍കവലയില്‍ വാഹനങ്ങള്‍ നിറുത്തി ഓടിച്ചുപോകാന്‍ സ്റ്റോപ്പ് സൈന്‍ ഇല്ല. സൂക്ഷിച്ചുപോകാന്‍ മിന്നുന്ന ട്രാഫിക് ലൈറ്റുകള്‍ മാത്രമേയുള്ളു. വലിയ ബഹളങ്ങളില്ലാത്ത ഒരു ഉറക്കം തുടങ്ങി പട്ടണം. ആകെ ഉണരുന്നത് സമീപത്തെ ലാവെര്‍ണിയ ഹൈസ്‌കൂള്‍ ബെയേഴ്സ് വെള്ളിയാഴ്ചകളില്‍ (അമേരിക്കന്‍) ഫുട്ബോള്‍ കളിക്കുമ്പോഴാണ്.

ഡെവിന്‍ കെല്ലി നടത്തിയ കൂട്ടക്കുരുതിക്ക് ശേഷമാണ് പട്ടണം ഞെട്ടി ഉണര്‍ന്നത്. ഇപ്പോള്‍ എപ്പോഴും മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടമുണ്ട്. സംസ്‌കാരം നടക്കുമ്പോള്‍ ഒ ബി വാനുകളും ക്യാമറാമാന്‍മാരും, റിപ്പോര്‍ട്ടര്‍മാരും സതര്‍ലാന്‍ഡ് സ്പ്രിംഗ്സ് ആദ്യമായി കാണുന്ന കാഴ്ചയാണ്.

വളരെ അടുത്ത ബന്ധമുള്ള സമൂഹം. ആളുകള്‍ക്ക് അന്യോന്യം അറിയാം. ആവശ്യം വരുമ്പോള്‍ സഹായിക്കുവാന്‍ ആളുണ്ടാവും. സമീപ പട്ടണമായ ലാവെര്‍ണിയയില്‍ ബാള്‍ഡീസ് ഡൈനര്‍ എന്ന റെസ്റ്റോറന്റിന്റെ ഉടമ തന്റെ അനുഭവം പറഞ്ഞു. എന്റെ വാഹനം ഒരു മാനിനെ ഇടിച്ചപ്പോള്‍ സമീപത്ത് കൂടിവന്നിരുന്ന 5 വാഹനങ്ങള്‍ നിറുത്തി. അവയില്‍ ഉണ്ടായിരുന്നവര്‍ ഇറങ്ങിവന്ന് എന്നെ സഹായിച്ചു. എമര്‍ജന്‍സി സര്‍വീസസിനെ വിളിക്കുകയും ചെയ്തു.

കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതും വരുന്നതും നടന്ന് തന്നെ ആയിരുന്നു. ഇപ്പോള്‍ രക്ഷിതാക്കള്‍ അവരെ വാഹനങ്ങളില്‍ മാത്രം സഞ്ചരിക്കുവാന്‍ നിര്‍ബന്ധിക്കുന്നു. സ്‌കൂളിന് മുന്നില്‍ കുട്ടികളെ വിളിച്ചുകൊണ്ട് പോകുവാനുള്ള വാഹനങ്ങളുടെ നീണ്ട നിര കാണാം. റോണ്‍റിക്ക്എവേ ജൂനിയര്‍ (48) തന്റെ കാറില്‍ എപ്പോഴും ഒരു പിസ്റ്റള്‍ സൂക്ഷിക്കുന്നു. വന്യകരടിയെയും ചെന്നായേയും നേരിടാനായിരുന്നു ഇതുവരെ. ഇപ്പോള്‍ മനുഷ്യനെ നേരിടാനും കൂടി വേണ്ടിയാണെന്ന് അയാള്‍ പറയുന്നു. 

സംസ്‌കാര ചടങ്ങുകളില്‍ ബന്ധുക്കളെ നഷ്ടപ്പെട്ടവരുടെ തോളില്‍ കൈ വച്ച് അവരെ ആശ്വസിപ്പിക്കുവാന്‍ കിര്‍ക്ക്ഹാം പറഞ്ഞു. പള്ളിയില്‍ കൂടിയിരുന്നവര്‍ ഇങ്ങനെ ചെയ്തു. അടക്കിപ്പിടിച്ച പ്രാര്‍ത്ഥനകളും വിങ്ങിപ്പൊട്ടലുകളും ഹാളില്‍ നിറഞ്ഞു.

അക്രമി എന്തുകൊണ്ട് കൂട്ടക്കൊല ചെയ്തു എന്ന് വ്യക്തമായിട്ടില്ല. അയാളുടെ ഫോണിലെ സുരക്ഷ ഭേദിക്കുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. അയാള്‍ ഈ പള്ളിയിലെ അംഗമല്ല. ഭാര്യയുടെ മാതാപിതാക്കള്‍ക്ക് അംഗത്വമുണ്ട്. പക്ഷെ അവര്‍ പള്ളിയില്‍ വരാറില്ല. ഇക്കഴിഞ്ഞ ഹാലോവീനില്‍ പള്ളിയില്‍ നടന്ന പരിപാടിയില്‍ കെല്ലി പങ്കെടുത്തു.

2012ല്‍ ഭാര്യയെയും അവരുടെ മുന്‍ഭര്‍ത്താവിലെ മകനെയും ആക്രമിച്ചതിന് കെല്ലിയെ അറസ്റ്റ് ചെയ്തിരുന്നു. അതിന് മുന്‍പ് ഹോളോമാന്‍ എയര്‍ഫോഴ്സ് ബെയ്സിലേയ്ക്ക് വെടിക്കോപ്പുകള്‍ കടത്താന്‍ ശ്രമിച്ചതിന് മറ്റുള്ളവരെയും തന്നെത്തന്നെയും ആക്രമിക്കുവാനുള്ള കെല്ലിയുടെ മാനസികനില പരിഗണിച്ച് പീക്ക് ബിഹേവിയറല്‍ ഹെല്‍ത്ത് സര്‍വീസസില്‍ അയച്ചു. അവിടെ നിന്ന് അയാള്‍ രക്ഷപ്പെട്ടെങ്കിലും പിടിക്കപ്പെടുകയും വീണ്ടും മാനസിക ചികിത്സാലയത്തില്‍ എത്തിക്കുകയും ചെയ്തു. കെല്ലിയുടെ പൂര്‍വ്വ ചരിത്രവും കോര്‍ട്ട്മാര്‍ഷല്‍ വിധിയും എഫ്ബിഐയ്ക്ക് അയക്കാതിരുന്നത് എന്താണെന്ന് എയര്‍ഫോഴ്സ് അന്വേഷിക്കുകയാണ്.

ഉദരത്തിലുണ്ടായിരുന്ന കുട്ടി ഉള്‍പ്പെടെ 18 മാസം മുതല്‍ 72 വയസുവരെയുള്ളവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ 20 പേര്‍ ചികിത്സയിലാണ്. കൂട്ടക്കുരുതി നടത്തി ഓടി രക്ഷപ്പെടുന്നതിനിടയില്‍ കെല്ലി ഒരു കുഴിയില്‍ വീണു. ഇതിനകം വെടിയേറ്റിരുന്ന അയാള്‍ മരിച്ചു.
-------------------

26 ജീവനുകള്‍ അപഹരിച്ച കൂട്ടക്കുരുതിയുടെ ഞെട്ടലില്‍ നിന്നു മുക്തമായിട്ടില്ലാത്ത ഈ ചെറിയ പട്ടണത്തിലേയ്ക്ക് ഗുഡ് സമരിറ്റന്‍സിന്റെ സഹായത്തിന്റെയും ധനത്തിന്റെ നിലയ്ക്കാത്ത പ്രവാഹം അനുഭവപ്പെടുന്നുണ്ടെന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ പറയുന്നു.

രണ്ടു ബാങ്ക് അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. ഒന്നു ഫ്‌ലോറസ് വില്ലിലെ വെല്‍സ് ഫാര്‍ഗോയിലാണ്. മറ്റൊന്ന് സ്റ്റോക്ക് ഡെയിലിലെ കോമേഴ്‌സ് ബാങ്കിലും. ഈ അക്കൗണ്ടുകളിലേയ്ക്ക് ദാതാക്കള്‍ക്ക് സംഭാവന ചെയ്യാം. സംസ്‌കാര ശുശ്രൂഷാ ചെലവുകള്‍ വഹിക്കുവാന്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കുവാന്‍ അനവധി ഗോ ഫണ്ട് മി പ്രസ്ഥാനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അവയിലൊന്നു നാലു വെടിയുണ്ടകള്‍ ഏറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ചു വയസുകാരന്‍ റെയ് ലന്‍ഡ് വാര്‍ഡിന് വേണ്ടിയാണ്. സാന്‍ അന്റോണിയോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രോസറി ചെയിന്‍ എട്ട് ഇ ബി 1,50,000 ഡോളര്‍ സംഭവാന നല്‍കി.

തദ്ദേശ വ്യവസായ സ്ഥാപന സഹായ ഹസ്തങ്ങളുമായി മുന്നോട്ടു വന്നു. ബന്ധുക്കളെ നഷ്ടപ്പെടുകയോ പരിക്കേല്ക്കുകയോ ചെയ്ത കുടുംബങ്ങള്‍ക്കാര്‍ക്കും സംസ്‌കാര, ആശുപത്രി ചികിത്സാ ചെലവുകള്‍ വഹിക്കേണ്ടിവരില്ല എന്ന് ഈ സ്ഥാപനങ്ങള്‍ പറഞ്ഞു. ഈ ചെലവുകള്‍ തങ്ങള്‍ വഹിച്ചു കൊള്ളാമെന്ന് ഉറപ്പു നല്‍കി.

ഫസ്റ്റ് ബാപ്ടിസ്റ്റ് ചര്‍ച്ചിനുള്ളില്‍ ചീറിപ്പാഞ്ഞു വരുന്ന വെടിയുണ്ടകള്‍ അതിജീവിച്ചവര്‍ മരണം നേരില്‍ കണ്ട നിമിഷങ്ങള്‍ അനുസ്മരിച്ചു. 18 കാരന്‍ സാക്ക് പോസ്റ്റണ്‍ തന്നെ രക്ഷിക്കുവാനായി മുത്തശ്ശി 58 കാരിയായ പെഗ്ഗി വാര്‍ഡന്‍ തന്റെ മേല്‍ കമഴ്ന്നു കിടന്നു എന്നാണ് കൈ കാലുകളില്‍ വെടിയേറ്റ പോസ്റ്റണ്‍ ചികിത്സ തേടുന്നു. പക്ഷെ അയാളെ രക്ഷിച്ച മുത്തശ്ശി മുതുകില്‍ വെടിയേറ്റ് മരിച്ചു. വെടിയേറ്റ് നിലത്തു കിടക്കുമ്പോള്‍ ഒരു പെണ്‍കുട്ടി വാതിലിനടുത്തേയ്ക്ക് ഓടാന്‍ ശ്രമിച്ചത് കണ്ട അയാള്‍ കാല് കൊണ്ട് അവളെ രക്ഷിക്കുവാന്‍ ശ്രമിച്ചു. അയാളുടെ കാല്‍ അനങ്ങുന്നത് കണ്ട ഘാതകന്‍ അയാളുടെ കാല്‍മുട്ടിന് വെടിവച്ചു. ആറ് വെടിയുണ്ടകളേറ്റ പോസ്റ്റണ്‍ എട്ടു മണിക്കൂര്‍ സര്‍ജ്ജറിക്കുശേഷം ആശുപത്രിയില്‍ കഴിയുന്നു.

ഗെയ് ഉഹ് ലിഗ് മൂന്ന് ഫ്യൂണറല്‍ ഹോമുകളില്‍ ഒന്നിന്റെ ഡയറക്ടറാണ്. പലരുടേയും സംസ്‌കാര ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിച്ച തനിക്ക് തന്റെ കുടുംബാംഗങ്ങളുടെ സംസ്‌കാര ചടങ്ങുകള്‍ വരുമെന്ന് ഒരിക്കലും പ്രതീക്ഷ ഉണ്ടായിരുന്നില്ല എന്ന് ഗെയ്ല്‍ പറഞ്ഞു. ഏവര്‍ക്കും അഭികാമ്യമായ ക്രിസ്തീയ സംസ്‌കാരം നല്‍കുമെന്നും ആര്‍ക്കും ഒരു പെനിപോലും ചെലവഴിക്കേണ്ടി വരില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംസ്‌കാര ചെലവുകള്‍ സാധാരണ 10,000 ഡോളറിനും 12,000 ഡോളറിനും ഇടയിലാണ്.

സാധാരണയിലും മെച്ചമായ കാസ്‌കെറ്റുകളാണ് ഈ സംസ്‌കാരങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഓരോ ശവപ്പെട്ടിയിലും രണ്ട് വര്‍ണഭേദങ്ങളുണ്ടാവും. ഏഴ് നിറങ്ങളില്‍ ലഭ്യമായവയില്‍ നിന്ന് ഇഷ്ടമായത് തിരഞ്ഞെടുക്കാം. ടെക്‌സസ് സ്റ്റേറ്റ് അറ്റേണി ജനറലിന്റെ ക്രൈം വിക്ടിംകോമ്പന്‍സേഷന്‍ പദ്ധതിയില്‍ നിന്ന് ഓരോ സംസ്‌കാരത്തിനും 6,500 ഡോളര്‍ നല്‍കും. നോര്‍ത്ത് അമേരിക്കന്‍ മിഷന്‍ ബോര്‍ഡ് ഓഫ് ദ സതേണ്‍ ബാപ്ടിസ്റ്റ് കണ്‍വെന്‍ഷനും സഹായ ഹസ്തവുമായി മുന്നോട്ട് വന്നിട്ടുണ്ട്.

മറ്റൊരു ഫ്യൂണറല്‍ ഹോം ഉടമ ഫിലിപ്പ് വിന്‍യാര്‍ഡ് പറഞ്ഞു : ഇങ്ങനെ ഒരു ദുരന്തത്തിന് ആരും തയാറായിരുന്നില്ല. ഒരു ടൗണിന്റെ ജനസംഖയുടെ നാല് ശതമാനത്തിന്റെ നഷ്ടത്തിന് ആര്‍ക്കും ഒരിക്കലും തയാറായിരിക്കുവാനാവില്ല.ഉഹ് ലിഗ് തന്റെ കുടുംബാംഗങ്ങളുടെ സംസ്‌കാരത്തിന് തയാറെടുക്കുകയാണ്. അവരുടെ ഹോള്‍ കോമ്പ് കുടുംബത്തിലെ മൂന്ന് തലമുറകളിലെ എട്ടു പേരാണ് മരിച്ചത്.

ഏഷ്യന്‍ സന്ദര്‍ശനത്തിലായിരിക്കുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് സതര്‍ലാന്‍ഡ് സ്പ്രിംഗ്‌സില്‍ എത്തി. ഘാതകന്‍ കെവിന്‍ കെല്ലിയെ പിന്തുടര്‍ന്ന് വെടി വച്ച് വീഴ്ത്തിയ സ്റ്റീഫന്‍ വില്ലേ ഫോര്‍ഡിനെയും ബന്ധുക്കളെ നഷ്ടപ്പെട്ടവരെയും പെന്‍സ് ആശ്ലേഷിച്ചു. ഈ ചെറിയ പട്ടണത്തില്‍ തിന്മ ഇറങ്ങി വന്നു. തിന്മയ്ക്ക് വിശ്വാസത്തെ ജയിക്കാനാവില്ല. പട്ടണത്തിലെ ജനങ്ങള്‍ നേരിടുന്ന പരീക്ഷണങ്ങള്‍ അതിജീവിക്കുവാന്‍ അമേരിക്ക ഒപ്പം ഉണ്ടാകും പെന്‍സ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക