Image

ഡോണ ബ്രേസിലിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ (എബ്രഹാം തോമസ് )

എബ്രഹാം തോമസ് Published on 06 November, 2017
ഡോണ ബ്രേസിലിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ (എബ്രഹാം തോമസ് )
വാഷിംഗ്ടണ്‍: 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ കുറിച്ച് കൂടുതല്‍ കൂടുതല്‍  വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. അക്കാലത്ത് ഡെമോക്രാറ്റിക് നാഷ്ണല്‍ കമ്മിറ്റി(ഡിഎന്‍സി)യുടെ ചെയര്‍ വുമണ്‍ സ്ഥാനം താല്‍ക്കാലികമായി വഹിച്ചിരുന്ന ഡോണ ബ്രേസിലിന്റെ പുസ്തകം(ഹാക്ക്‌സ് : ദ ഇന്‍സൈഡ് സ്റ്റോറി ഓഫ് ദ ബ്രേക്ക് ഇന്‍സ് ആന്‍ഡ് ബ്രേക്ക് ഡൗണ്‍സ് ദാറ്റ് പുട്ട് ഡോണള്‍ഡ് ട്രമ്പ് ഇന്‍ ദ വൈറ്റ്ഹൗസ്) വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി ഹിലരി ക്ലിന്റണ് പകരം അന്നത്തെ വൈസ് പ്രസിഡന്റ് ജോ ബൈഡനെ പരിഗണിച്ചിരുന്നു എന്ന് പുസ്തകത്തില്‍ പറയുന്നു. കാരണം ഹിലരിയുടെ പ്രചരണം 'പിത്തം പിടിച്ചതുപോലെ' ആയിരുന്നു, ഇതിന് പുറമെ അവര്‍ക്ക് ഒരു പൊതുവേദിയില്‍ ബോധക്ഷം ഉണ്ടായി എന്നും ബ്രേസില്‍ പറയുന്നു. വ്യാപകമായ പ്രവര്‍ത്തന പരാജയവും അഭിപ്രായ ഐക്യമില്ലായ്മയും ഡെമോക്രാറ്റിക് പാര്‍ട്ടിയിലുടനീളം ദൃശ്യമായപ്പോള്‍ ഇടക്കാല ചെയര്‍വുമണിന്റെ അധികാരം ഉപയോഗിച്ച് ഹിലരിയെയും വിപി സ്ഥാനാര്‍ത്ഥിയായ വെര്‍ജീനിയയില്‍ നിന്നുള്ള സെനറ്റര്‍ ടീം കെയ്‌നിനെയും മാറ്റി പകരം മത്സരിപ്പിക്കുവാന്‍ ഒരു ഡസനോളം കൂട്ടുകെട്ട് ആലോചിച്ചിരുന്നു. ഇവരില്‍ പ്രധാനര്‍ ബൈഡന്‍- കോറി ബുക്കര്‍(ന്യൂജേഴ്‌സി സെനറ്റര്‍) ടീം ആയിരുന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രമ്പിനെ പരാജയപ്പെടുത്തുവാന്‍ ആവശ്യമായ വര്‍ക്കിംഗ് ക്ലാസ് വോട്ടുകള്‍ ഇവര്‍ക്ക് നേടാനാവുമെന്ന് ബ്രേസിലിന് ഉറപ്പുണ്ടായിരുന്നു. എന്നാല്‍ പിന്നീട് വീണ്ടു വിചാരം ഉണ്ടായി.

ഹിലരിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഔല്‍സുക്യം പൂണ്ടിരിക്കുന്ന സ്ത്രീകളെക്കുറിച്ചോര്‍ത്തപ്പോള്‍ അവരെ മാറ്റി നിര്‍ത്തുവാന്‍ മനസ് അനുവദിച്ചില്ല. ക്ലിന്റന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പരാജയപ്പെടുത്തിയത് മോശമായ പ്രചരണ നിയന്ത്രണവും ന്യൂനപക്ഷ മണ്ഡലങ്ങള്‍ ജയിക്കാനാവും എന്ന അമിത വിശ്വാസവുമാണ്. വഴങ്ങാത്തതും മൂഢവുമായ സന്ദേശങ്ങളും വിനയായി. പ്രചരണം സ്ഥാനാര്‍ത്ഥിക്ക് ആവശ്യമായ വികാര തള്ളല്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു. പാര്‍ട്ടിയുടെ ന്യൂയോര്‍ക്ക് ഹെഡ്‌ക്വോട്ടേഴ്‌സ് ഒരു മരണം നടന്ന ആശുപത്രി സ്റ്റെറൈല്‍ വാര്‍ഡിന്റെ പ്രതീതി സൃഷ്ടിച്ചു. തുടര്‍ച്ചയായി തന്നെ അപമാനിക്കുന്ന തരത്തിലാണ് ഹിലരിയുടെ ഉന്നത അനുയായികള്‍ പെരുമാറിയത്. ഡിഎന്‍സിക്ക് വോട്ടര്‍ ടേണ്‍ഔട്ടിന് ആവശ്യമായ ഫണ്ടിംഗ് നല്‍കാതെ ഒരു പട്ടിണി ബജറ്റില്‍ നിലനിര്‍ത്തി. പാര്‍ട്ടിയുടെ കറുത്ത വര്‍ഗ്ഗക്കാരിയായ പ്രധാന രാഷ്ട്രീയ തന്ത്രജ്ഞയായിരുന്ന തനിക്ക് നിരന്തരം ഹിലരിയുടെ സ്റ്റാഫംഗങ്ങളുമായി ഉഗ്രരോഷമുള്ള വാഗ്വാദങ്ങള്‍ നടത്തേണ്ടി വന്നു. ഒരു കോണ്‍ഫറന്‍സ് കോളില്‍ തന്നെ ഒരു അടിമയെപ്പോലെയാണ് കണക്കാക്കുന്നതെന്ന് തനിക്ക് ഹിലരിയുടെ പ്രചരണ മേധാവികളായ ചാര്‍ളി ബേക്കറോടും മാര്‍ലന്‍ മാഷലിനോടും ഡെനീസ് ചെംഗിനോടും പറയേണ്ടി വന്നതായും ബ്രേസില്‍ എഴുതുന്നു.

വര്‍ഗത്തിന്റെയും ലിംഗത്തിന്റെയും പ്രായത്തിന്റെയും പിളര്‍പ്പുകള്‍ക്ക് എങ്ങനെ പ്രചരണത്തിന്റെ ഹൃദയത്തെ കീറിമുറിക്കുവാന്‍ കഴിഞ്ഞു എന്ന് ബ്രേസില്‍ വിവരിക്കുന്നു. ഹിലരി എല്ലാവരെയും ഉള്‍പ്പെടുത്തി ഒരു മഴവില്‍ സഖ്യം ശക്തിപൂര്‍വ്വം ഒത്തൊരുമിച്ച് എന്ന ബാനറിന് കീഴില്‍ അണിനിരത്തുവാന്‍ ശ്രമിക്കുന്നു എന്ന് പ്രചരണം നടത്തുമ്പോഴാണ് ഇങ്ങനെ സംഭവിച്ചുകൊണ്ടിരുന്നത്. പ്രസിഡന്റ് ബില്‍ക്ലിന്റന് കീഴില്‍ പ്രവര്‍ത്തിച്ച കാലത്തെ അനുസരിച്ച് ജോര്‍ജ് സ്‌റ്റെഫാനോ പൗലോസ് 1999 ല്‍ എഴുതിയ ഓള്‍ ടൂ ഹ്യൂമന്‍ എന്ന പുസ്തകത്തിന് ശേഷം ആദ്യമായാണ് ഒരു രാഷ്ട്രീയ തന്ത്രജ്ഞന(ന്‍) ഇങ്ങനെ ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നത്.



ഡോണ ബ്രേസിലിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ (എബ്രഹാം തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക