Image

പൊതു ആരോഗ്യ രംഗത്തും,വിദ്യാഭ്യാസ മേഖലയിലും നാലാംകിട മതരാഷ്ട്രീയം കുത്തിനിറക്കാതിരിക്കാന്‍ നമുക്ക് പ്രതിജ്ഞ എടുക്കാം (ജയ് പിള്ള)

Published on 03 November, 2017
പൊതു ആരോഗ്യ രംഗത്തും,വിദ്യാഭ്യാസ മേഖലയിലും നാലാംകിട മതരാഷ്ട്രീയം കുത്തിനിറക്കാതിരിക്കാന്‍ നമുക്ക് പ്രതിജ്ഞ എടുക്കാം (ജയ് പിള്ള)
വാക്‌സിനേഷന്‍ നിര്‍ബന്ധ കുടുംബാസൂത്രണ മാര്‍ഗ്ഗമാണെന്നു പ്രചരിപ്പിക്കുന്നവര്‍ സ്വന്തം കുഞ്ഞുങ്ങളോടും,സമൂഹത്തോടും ചെയ്യുന്ന ക്രൂരതയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?പല ന്യായങ്ങളുടെ പേരിലും,പല മതവിഭാഗങ്ങളും ജനസംഖ്യ വര്‍ധിപ്പിക്കുവാന്‍ വേണ്ടി പാടുപെടുകയാണ്.ചുരുങ്ങിയത് മൂന്നു കുട്ടികള്‍ എങ്കിലും വേണം എന്ന് ശഠിക്കുന്നവരും,ഒരിക്കലും ഗര്‍ഭ നിരോധനം വേണ്ട എന്ന് ശഠിക്കുന്നവരും.നല്ല കാര്യം തന്നെ ആണ്,..വ്യക്തി സ്വാതന്ത്രം തന്നെ ആണ് വലുത്.അത് പോലെ തന്നെ പ്രധാനവും ആണ് ആരോഗ്യമുള്ള സമൂഹവും,അതിന്നായി സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളും, വാക്‌സിനേഷനുകളും.ഇതുവരെയും ലോക ആരോഗ്യ സംഘടനകളോ,വൈദ്യ ശാസ്ത്രജ്ഞന്‍ മാരോ പൂര്‍ണ്ണമായും അംഗീകരിക്കാത്ത ചില കണ്ടു പിടുത്തങ്ങള്‍ നാം കുട്ടികളിലും,മുതിര്‍ന്നവരിലും എടുക്കുന്ന വാക്‌സിനേഷനുകള്‍ എടുക്കേണ്ടതില്ല എന്ന് കാണിച്ചു കൊണ്ട് ഉണ്ടായിട്ടുണ്ട്.അതില്‍ എത്രമാത്രം വിശ്വാസ്യത ഉണ്ട് എന്ന് ആര്‍ക്കും ഒരു ഉറപ്പും ഇല്ല താനും.അപ്പോള്‍ ലോകം വിശ്വസിച്ചു വരുന്ന നിലവില്‍ ഉള്ള വാക്‌സിനുകള്‍ എടുക്കുന്നതില്‍ എന്താണ് തെറ്റ്.

ചില പ്രത്യേക മത വിഭാഗങ്ങളിലെ അനാവശ്യ മത മാമൂലുകള്‍ നശിപ്പിക്കുന്നത് അതെ മതവിഭാഗത്തില്‍ കുട്ടികളെ മാത്രം അല്ല.നിങ്ങള്‍ ജീവിക്കുന്ന സമൂഹത്തില്‍ അതെ വായു ശ്വസിച്ചു ജീവിക്കുന്ന മറ്റു മതവിഭാഗത്തില്‍ മനുഷ്യരെകൂടി ആണ്.എല്ലാവരും മനുഷ്യര്‍ ആണെന്ന ചിന്ത നിങ്ങളില്‍ ഉണ്ടായിരുന്നു എങ്കില്‍ വാക്‌സിനേഷന്‍ നിര്ബന്ധ ഗര്‍ഭനിരോധനം ആണെന്ന കുപ്രചരണം നടത്തി ഒരു സമൂഹത്തെ ഉന്മൂലനം ചെയ്യുന്ന പ്രവര്‍ത്തിയില്‍ നിങ്ങള്‍ ഭാഗം ആകുക ഇല്ലായിരുന്നു .

"ഒക്ടോബര്‍ മൂന്നിന് തുടങ്ങിയ സംസ്ഥാന സര്‍ക്കാരിന്റെ മീസില്‍സ് – റൂബെല്ല വാക്‌സിനേഷന്‍ പരിപാടിയുടെ സമയപരിധി കഴിയാറാവുമ്പോള്‍ 64 ശതമാനം കുട്ടികള്‍ക്കാണ് ഇതുവരെ കുത്തിവയ്‌പ്പെടുത്തിരിക്കുന്നത്. മലബാറിലെ ജില്ലകളായ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളാണ് വാക്‌സിനേഷനില്‍ സംസ്ഥാനത്ത് ഏറ്റവും പിന്നില്‍. ഈ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ പരിപാടി പൂര്‍ത്തീകരിക്കാനുള്ള സമയപരിധി ആരോഗ്യവകുപ്പ് നീട്ടിക്കൊടുത്തേക്കും. 70 ശതമാനത്തില്‍ താഴെ കുട്ടികള്‍ക്ക് മാത്രമാണ് വാക്‌സിനേഷന്‍ എടുക്കുന്നതെങ്കില്‍ അത് ഗുരുതരമായ ആരോഗ്യ, സാമൂഹ്യ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധരും പൊതുജനാരോഗ്യ പ്രവര്‍ത്തകരും മുന്നറിയിപ്പ് നല്‍കുന്നതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ 90 ശതമാനം റൂബെല്ല കേസുകളും ബാധിക്കുന്നത് 15 വയസിന് താഴെ പ്രായമുള്ളവര്‍ക്കാണ്. എന്നാല്‍ 70 ശതമാനത്തില്‍ താഴെ വരുന്ന വാക്‌സിനേഷന്‍ കവറേജ് ഈ പ്രായഘടനയില്‍ മാറ്റം വരുത്താമെന്ന് കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ മോഹന്‍ദാസ് നായര്‍ പറയുന്നു. 20നും 30നും ഇടയില്‍ പ്രായമുള്ള ഗര്‍ഭിണികളായ സ്ത്രീകളേയും ഇത് ബാധിക്കാം. ഗര്‍ഭ കാലത്ത് റൂബെല്ല ബാധിക്കുന്നത് ഗര്‍ഭം അലസുന്നതിനോ റൂബെല്ല സിന്‍ഡ്രോം ബാധിച്ച കുട്ടികളുടെ ജനനത്തിനോ കാരണമാകാം. ഇത്തരം കുട്ടികള്‍ക്ക് ആവശ്യത്തിന് ഭാരമുണ്ടാകില്ല. ചെറിയ തലച്ചോറായിരിക്കും ഇത്തരം

കുട്ടികള്‍ക്ക്. ബുദ്ധിപരമായ പ്രശ്‌നങ്ങളുണ്ടായേക്കാം. കാഴ്ചാ പ്രശ്‌നങ്ങള്‍ക്കും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും സാധ്യതയുണ്ട്."" -Dr.Jimmi Mathew

95 ശതമാനം കവറേജെങ്കിലും നേടാനായില്ലെങ്കില്‍ മീസില്‍സ് റൂബെല്ല നിര്‍മ്മാര്‍ജ്ജനം സംസ്ഥാനത്ത് സാധ്യമാകില്ലെന്ന് ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

രാജ്യത്തിന്റെ പൊതു ആരോഗ്യ പ്രശ്‌നങ്ങളില്‍ വ്യക്തിഗത വിശ്വാസങ്ങള്‍,രാഷ്ട്രീയം എന്നിവ കൂട്ടി കലര്‍ത്തി സമൂഹത്തെ അന്ധതയിലേക്കും,കടുത്ത ആരോഗ്യ പ്രശനങ്ങളിലേക്കും നയിക്കുമ്പോള്‍ അതിനെ സര്‍ക്കാരുകളും,വിദ്യാ സമ്പന്നര്‍ ആയവരും,സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും ശക്തമായി നേരിടേണ്ടി ഇരിക്കുന്നു.

ആരോഗ്യ രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളിലെ പോലെ കടുത്ത നടപടികളിലൂടെ വാക്‌സിനേഷന്‍ എടുക്കാത്ത കുട്ടികളെ സ്കൂളുകളില്‍ നിന്നും സസ്!പെന്‍റ് ചെയ്തു മാറ്റി നിറുത്തുന്നത് മുതല്‍ ഉള്ള കടുത്ത നടപടികളിലേക്ക് സര്‍ക്കാരും,ആരോഗ്യ വകുപ്പും നീങ്ങേണ്ടിയിരിക്കുന്നു.ജാനാധിപത്യത്തിലും,മതേതര മെന്ന വാക്കിലും,സ്വാജന പക്ഷപാതത്തിന്റെ സ്വാതന്ത്രം അല്ല വിവക്ഷിക്കുന്നത്.ജനാധിപത്യ രാജ്യത്തിന്റെ പൊതു നിയമം വിവക്ഷിക്കുന്ന രീതിയില്‍ ജീവിക്കുക എന്നതാണ്.നിങ്ങളുടെ മതവിശ്വാസങ്ങള്‍ വളരുന്ന തലമുറയുടെ ആരോഗ്യം ഹനിക്കുന്ന രീതിയില്‍ ആവാതിരിക്കട്ടെ.

വാക്‌സിനേഷന്‍ വിരോധികളുടെതു പോലെ തന്നെ ഉള്ള മാനസീക സംഘര്‍ഷത്തില്‍ ആണ് വാക്‌സിനേഷന്‍ അനുകൂലികള്‍ക്ക് ഉള്ളത്.വാക്‌സിനേഷന്‍ എടുക്കാത്ത കുട്ടികളുടെ കൂടെ ഞങ്ങള്‍ എങ്ങിനെ ഞങ്ങളുടെ കുട്ടികളെ മനസ്സ് തുറന്നു ഒരേ ബെഞ്ചിലിരുന്നു പഠിക്കുവാനും, ഒന്നിച്ചു തോളോട് തോള്‍ ചേര്‍ന്ന് ഓടി കളിക്കുവാനും,സ്കൂളുകളിലെ പൊതു ശൗച്യാലയങ്ങള്‍ ഉപയോഗിക്കുവാനും അനുവദിക്കും എന്ന ആശങ്ക നല്ലൊരു വിഭാഗം രക്ഷിതാക്കളില്‍ നിലനില്‍ക്കുന്നു.

യോഗിയുടെ യു പി യിലെ ആരോഗ്യ പ്രശ്‌നങ്ങളും,ശിശു മരണവും ആഘോഷമാക്കിയ രാഷ്ട്രീയവും,മതങ്ങളും ആണ് നമുക്കുള്ളത്,അതെ നാം തന്നെ മനപ്പൂര്‍വ്വം നമ്മുടെ കുട്ടികളെ അന്ധവിശ്വാസങ്ങളുടെ പേരില്‍ കൊലയ്ക്കു കൊടുക്കാതായിരിക്കാന്‍ ശ്രെമിക്കാം .

പൊതു ആരോഗ്യ രംഗത്തും,വിദ്യാഭ്യാസ മേഖലയിലും നാലാം കിട മത രാഷ്ട്രീയം കുത്തിനിറക്കാതിരിക്കാന്‍ നമുക്ക് പ്രതിജ്ഞ എടുക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക