Image

സിവില്‍ സര്‍വീസ്: വേണ്ടത് സ്വന്തം അധ്വാനം (ഡി. ബാബുപോള്‍)

Published on 03 November, 2017
സിവില്‍ സര്‍വീസ്: വേണ്ടത് സ്വന്തം അധ്വാനം (ഡി. ബാബുപോള്‍)
1962ല്‍ ഐഎഎസ് പരീക്ഷ എഴുതാന്‍ നിശ്ചയിച്ചു. എവിടെ തുടങ്ങണം, എങ്ങനെ തുടരണം എന്നറിയില്ല. 1961 ബാച്ചില്‍ ഐഎഎസ് നേടി കോട്ടയത്ത് അസിസ്റ്റന്റ് കലക്ടര്‍ ആയി പരിശീലനം നടത്തിവന്ന ജി. ഗോപാലകൃഷ്ണപിള്ളയെ (പിഎസ്‌സി ചെയര്‍മാന്‍ ആയി വിരമിച്ചു) ഓര്‍മയില്‍ തെളിഞ്ഞു. സിഇടിയില്‍ നിന്നുള്ള ആദ്യത്തെ ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹവുമായി ചര്‍ച്ച ചെയ്തു വിഷയങ്ങള്‍ നിശ്ചയിച്ചു. സെക്രട്ടേറിയറ്റിന് എതിര്‍വശത്ത് പുസ്തകങ്ങള്‍ വിറ്റിരുന്ന സ്വാമിയുടെ കടയില്‍ പഴയ ചോദ്യക്കടലാസുകള്‍ കിട്ടും; 1949 മുതല്‍ 1961 വരെ ഉള്ളവ. അതു വാങ്ങി. ട്യൂഡര്‍, സ്റ്റുവര്‍ട്ട്, ഫ്രഞ്ചുവിപ്ലവം, മെയ്ജി റെസ്റ്ററേഷന്‍, ക്ലൈമറ്റോളജി. ഒരെത്തുംപിടിയും കിട്ടുന്നില്ല. മാര്‍ ഇവാനിയോസ് കോളജിലെ ഒരു ചരിത്രാധ്യാപകന്‍ സഹായിച്ചു. അദ്ദേഹം പറഞ്ഞ പുസ്തകങ്ങള്‍ വായിച്ചു. അതായിരുന്നു തുടക്കം.

അക്കാലത്തു ഡല്‍ഹിയില്‍ ഒരു റാവൂസ് സ്റ്റഡി സര്‍ക്കിള്‍ ഉണ്ടായിരുന്നതൊഴികെ മദ്രാസില്‍ നിന്നു തപാലില്‍ കിട്ടുമായിരുന്ന കെഎസ് അയ്യേഴ്‌സ് നോട്‌സ് മാത്രമായിരുന്നു ആശ്രയം. യൂണിവേഴ്‌സിറ്റി കോളജില്‍ ഒരു പരിശീലന കേന്ദ്രം തുടങ്ങിയതും ആയിടെ. പ്രധാനമായും പട്ടികജാതിക്കാരെ ഉന്നംവച്ച ആ പരിപാടിയില്‍ അഞ്ചുപേരെ പൊതുവിഭാഗത്തില്‍ നിന്നു പ്രവേശിപ്പിക്കും. എംഎ ക്ലാസില്‍ പഠിപ്പിച്ചിരുന്നതു പോലെ പഠിപ്പിക്കുന്ന അധ്യാപകര്‍. ഐഎഎസ് പരീക്ഷയ്ക്കു പരിശീലിപ്പിക്കാനറിയാത്തവര്‍. ഒരു പുഞ്ചിരി മത്തായി സാര്‍ ഇംഗ്ലിഷ് വ്യാകരണവും മറ്റും പഠിപ്പിച്ചിരുന്നു. ആ ക്ലാസ് വളരെ പ്രയോജനപ്പെട്ടു.

കാലം കടന്നുപോകെപ്പോകെ പരിശീലന സൗകര്യങ്ങള്‍ കൂടി. നാലു പ്രാവശ്യം എഴുതിയിട്ടും ജയിക്കാത്തവര്‍ തങ്ങള്‍ എന്തുകൊണ്ടു തോറ്റു, മറ്റുള്ളവര്‍ എങ്ങനെ തോല്‍ക്കാതിരിക്കാം എന്നു പഠിപ്പിക്കാന്‍ പള്ളിക്കൂടങ്ങള്‍ തുടങ്ങി. അങ്ങനെയിരിക്കെയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മോഹന്‍ ഏബ്രഹാമും കൂടെ സിവില്‍ സര്‍വീസ് അക്കാദമി സ്ഥാപിച്ചത്. അതു വഴിത്തിരിവായി.

പ്രശാന്ത് ആയിരുന്നു ആദ്യം അക്കാദമിക്ക് അവകാശപ്പെടാവുന്ന വിജയം നേടിയത് എന്നു തോന്നുന്നു. ഹരികിഷോര്‍, മിത്ര, അനുപമ, ഹരിത, ദിവ്യ... പട്ടിക നീണ്ടപ്പോള്‍ അക്കാദമിയുടെ കീര്‍ത്തി വര്‍ധിച്ചു എന്നതു മാത്രമായിരുന്നില്ല ഫലം. അതിനെക്കാള്‍ പ്രധാനമായ രണ്ടു സംഗതികള്‍ സംഭവിച്ചു.

ഒന്ന്, കേരളം ഒട്ടാകെ ഒരു സിവില്‍ സര്‍വീസ് അവബോധം ഉണ്ടായി. കഴിഞ്ഞ ദിവസം അത്യുത്തര കേരളത്തില്‍ നിന്ന് ഒരാള്‍ എന്റെ നമ്പര്‍ തപ്പിപ്പിടിച്ചു ഫോണില്‍ വിളിച്ചു. കെഎസ്ആര്‍ടിസിയിലെ ഒരു ഇന്‍സ്‌പെക്ടര്‍. ‘സാര്‍, മകളെ സിവില്‍ സര്‍വീസ് പരിശീലിപ്പിക്കണം എന്നുണ്ട്, എങ്ങനെയാണു തുടങ്ങേണ്ടത്?’ മകള്‍ ഏതു ക്ലാസിലാണ് എന്നു ചോദിച്ചപ്പോള്‍ എംഎയോ ബിടെക്കോ എംബിബിഎസോ എന്നാണു ഞാന്‍ ഉദ്ദേശിച്ചത്. കിട്ടിയ മറുപടി: ‘എട്ടില്‍ നിന്ന് ഒന്‍പതിലേക്കു ജയിച്ചു’. ഇങ്ങനെ ഒരു സിവില്‍ സര്‍വീസ് ബോധം കേരളത്തില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞ അക്കാദമിയുടെ യജ്ഞത്തില്‍ എളിയ പങ്കു വഹിക്കാന്‍ കഴിഞ്ഞത് എന്നില്‍ അഭിമാനം നിറച്ചു എന്നതു മറച്ചുവയ്ക്കുന്നില്ല. ഐഎഎസ് ലക്ഷ്യമിടുന്ന ഒരു ഹൈസ്കൂള്‍ വിദ്യാര്‍ഥി എന്തുചെയ്യണം എന്നു പറഞ്ഞുകൊടുത്തപ്പോള്‍ എനിക്ക് അനുഭവപ്പെട്ട സന്തോഷവും മറച്ചുവയ്ക്കുന്നില്ല.

രണ്ടാമത്തെ കാര്യം, തിരുവനന്തപുരം ഒരു സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രം ആയി വളര്‍ന്നു എന്നതാണ്. പതിനേഴു സ്ഥാപനങ്ങളാണ് ഈ നഗരത്തില്‍ സജീവമായിട്ടുള്ളത് എന്നാണറിവ്. ഇവയില്‍ മിക്കവയും ഫലത്തില്‍ ഇന്റര്‍വ്യൂവിനു മാത്രം പരിശീലിപ്പിക്കുന്നവയാണ്. ഫലം പുറത്തുവരുമ്പോള്‍ തങ്ങളുടെ വിദ്യാര്‍ഥികള്‍ക്ക് ഐഎഎസ് കിട്ടി എന്നു പരസ്യം വരും. പരസ്യത്തില്‍ പടം വരുന്നവരെ എല്ലാം ചുണ്ണാമ്പു തൊട്ട് എണ്ണിയാല്‍ ഇന്ത്യയൊട്ടാകെ ഐഎഎസ് പരീക്ഷ ജയിച്ചവരുടെ സംഖ്യയോട് അടുത്തുവരും.

സര്‍ക്കാരിന്റെ സിവില്‍ സര്‍വീസ് അക്കാദമിയില്‍ എന്‍ട്രന്‍സ് എഴുതി ജയിക്കണം. അത്രയ്ക്കുണ്ട് അപേക്ഷക ബാഹുല്യം. കിട്ടാത്തവര്‍ക്കു മറ്റിടങ്ങളില്‍ പോകാം. എന്നാല്‍, പരസ്യം മാത്രം നോക്കി പരിശീലന കേന്ദ്രം തിരഞ്ഞെടുക്കരുത്. അവര്‍ പരിശീലിപ്പിച്ച എത്രപേര്‍ പ്രിലിമിനറി ജയിച്ചു. എത്രപേര്‍ മെയിന്‍സ് ജയിച്ചു എന്ന് അന്വേഷിക്കണം. ചെറുപ്പക്കാരായ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ ചെന്നുകണ്ടു ധൈര്യമായി അഭിപ്രായം ചോദിക്കാം. എന്റെ തലമുറ അല്‍പം ‘ജനകീയം’ ആകാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്കു കിട്ടിയതു ശകാരം ആയിരുന്നു. ‘താന്‍ എന്താ ഇലക്ഷനു നില്‍ക്കുന്നോ?’ ഇപ്പോള്‍ അങ്ങനെയൊന്നുമില്ല. അതുകൊണ്ട് ഏത് ഉദ്യോഗസ്ഥരെയും ഓഫിസില്‍ ചെന്നു കാണാന്‍ ശങ്കിക്കേണ്ടതില്ല.

ചെന്നുകാണുന്നത് ഈയിടെ വാര്‍ത്തയില്‍ നിറഞ്ഞ ഉദ്യോഗസ്ഥനെ ആണെങ്കിലോ? പഠിക്കുന്നത് അത്തരക്കാര്‍ നടത്തുന്ന പരിശീലന കേന്ദ്രങ്ങളില്‍ ആണെങ്കിലോ? എനിക്ക് ഉത്തരമില്ല. 69 കൊല്ലത്തിനിടെ ഇങ്ങനെ ഒരേ ഒരു സംഭവം മാത്രമാണ് ഉണ്ടായത് എന്നാശ്വസിക്കാം. ഇങ്ങനെ ഒരു വ്യക്തി സര്‍വീസില്‍ ഉറയ്ക്കുന്നതിനു മുന്‍പു പിടിയിലായത് ഈശ്വരന്‍ സിവില്‍ സര്‍വീസിനെ പൂര്‍ണമായി കൈവിട്ടിട്ടില്ല എന്നാണു തെളിയിക്കുന്നത് എന്നു വാദിക്കേണ്ടവര്‍ക്ക് അങ്ങനെയും കരുതാം.

ഏതെങ്കിലും അക്കാദമി അല്ല, അവനവന്റെ അത്യധ്വാനമാണു വിജയരഹസ്യം എന്നതു മറക്കരുത്. മിതംസ്വപിത്യമിതം കര്‍മകൃത്വാ: ഉറക്കം മിതം, അധ്വാനം അമിതം – ഒരു പരിശീലന കേന്ദ്രവും ആരെയും ജയിപ്പിക്കുന്നില്ല. അവര്‍ വഴി കാട്ടും; അത്രതന്നെ.

(സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയുടെ സ്ഥാപക രക്ഷാധികാരിയും മുന്‍ ഓംബുഡ്‌സ്മാനുമാണ് ലേഖകന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക