Image

ഫോമാ ഭരണഘടനാ ഭേദഗതി: എക്‌സി. കമ്മിറ്റിലേക്കു മത്സരിക്കാന്‍ മുന്‍ പരിചയം വേണമെന്ന നിര്‍ദേശം തള്ളി

Published on 25 October, 2017
ഫോമാ ഭരണഘടനാ ഭേദഗതി: എക്‌സി. കമ്മിറ്റിലേക്കു മത്സരിക്കാന്‍ മുന്‍ പരിചയം വേണമെന്ന നിര്‍ദേശം തള്ളി
ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് (പ്രസിഡന്റ്, സെക്രട്ടറി അടക്കം ആറുപേര്‍) മത്സരിക്കാന്‍ ദേശീയ സമിതികളിലോ ജുഡിഷ്യല്‍ കൗണ്‍സിലുകളിലോ ഒരുവട്ടം പ്രവര്‍ത്തിച്ചിരിക്കണമെന്ന ഭരണഘടനാ ഭേദഗതി ജനറല്‍ ബോഡി നിരാകരിച്ചു. ഇതിനെതിരെ ശക്തമായ എതിര്‍പ്പും ഒച്ചപ്പാടും ഉണ്ടായി.

കോണ്‍ഗ്രസിലോ സെനറ്റിലോ പ്രവര്‍ത്തിക്കാത്ത ട്രമ്പിനു പ്രസിഡന്റാകാമെങ്കില്‍ ഫോമാ പ്രസിഡന്റിനും മുന്‍ കാല പരിചയം ആവശ്യമില്ലെന്ന നിലപാടാണു ഒരു വിഭാഗം സ്വീകരിച്ചത്.

ആര്‍.വി.പിമാര്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ ആതാത് റിജീയനുകളില്‍ നിന്നുള്ളവര്‍ മാത്രം ചേര്‍ന്ന് നാഷണല്‍ ഇലക്ഷന്‍ സമയത്ത് തെരഞ്ഞെടുക്കണമെന്നതാണു മറ്റൊരു സുപ്രധാന ഭേദഗതി. പ്രതിനിധികളായി വരുന്നവരില്‍ നിന്നു വേണം അവരെ തെരെഞ്ഞെടുക്കാന്‍. പ്രതിനിധികളില്‍ഒരാള്‍ വനിത ആയിരിക്കണം

പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരില്‍ ആരുടെയെങ്കിലും അഭാവത്തില്‍ യഥാക്രമം വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍ എന്നിവര്‍ ആ സ്ഥാനമേല്‍ക്കുമെന്ന ഭേദഗതി പസ്സാക്കി.

ഒഴിവു വന്നാല്‍ വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജോ. ട്രഷറര്‍ എന്നിവരെ നാഷണല്‍ അഡൈ്വസറി കൗണ്‍സിലുമായി ചര്‍ച്ച ചെയ്തു നാഷണല്‍ കമ്മിറ്റി നിയമിക്കണമെന്നതും അംഗീകരിച്ചു.

യൂത്ത്, വനിതാ പ്രതിനിധികളെ എക്‌സിക്യൂട്ടീവ് കമ്മിറ്റി നോമിനേറ്റ് ചെയ്യും. നാഷനല്‍ കമ്മിറ്റി അംഗങ്ങളായിരിക്കും കോര്‍ഡിനേറ്റരമാര്‍

ബൈലോയെപ്പറ്റി ആശയ കുഴപ്പമോ, സംശയങ്ങളോ ഉണ്ടാകുന്നപക്ഷം എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, നാഷണല്‍ കമ്മിറ്റിയും സ്വന്തമായ നിഗമനങ്ങളിലെത്തരുത്. ഇക്കാര്യം നാഷണല്‍ അഡൈ്വസറി കമ്മിറ്റിയുടെ അഭിപ്രായത്തിനു വിടണം. അവര്‍ നല്‍കുന്ന ഗൈഡ്‌ലൈന്‍ അനുസരിച്ച് പ്രവര്‍ത്തിക്കണം.

യൂത്ത് ഫോറം, സ്‌പോര്‍ട്‌സ് & ഗെയിംസ് ഫോറം, വിമന്‍സ് ഫോറം എന്നിവ ഭരണഘടനയുടെ ഭാഗമാക്കുന്നതാണ് മറ്റൊരു തീരുമാനം.

റീജണല്‍ കമ്മിറ്റികളെയും ബൈലോയുടെ കീഴില്‍ കൊണ്ടുവരികയും അവയുടെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാകുകയും ചെയ്തു എന്നതാണ് മറ്റൊരു മാറ്റം. റീജിയണല്‍ കമ്മിറ്റികള്‍ക്ക് ആര്‍.വി.പിമാര്‍രൂപം കൊടുക്കണം.

നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍, ജുഡീഷ്യല്‍ കൗണ്‍സില്‍ എന്നിവയില്‍ അംഗങ്ങളാകാന്‍ നാഷണല്‍ കമ്മിറ്റിയില്‍ നേരത്തെ അംഗമായിരിക്കണം.

അംഗ സംഘടനകളിലെ പ്രസിഡന്റുമാരില്‍ നാലിലൊന്നു പേര്‍ (25 ശതമാനം) രണ്ടാഴ്ചത്തെ നോട്ടീസ് എല്ലാവര്‍ക്കും നല്‍കിയാല്‍ അടിയന്തര ജനറല്‍ ബോഡി വിളിക്കാം.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതിയോടെ വേണം ട്രഷറര്‍ പേയ്‌മെന്റുകള്‍ നടത്താന്‍.

വോട്ടിംഗ് അവകാശമില്ലാതെ മുന്‍ ഫോമ പ്രസിഡന്റുമാരെ ജനറല്‍ കൗണ്‍സിലിലേക്ക് പ്രസിഡന്റിനു ക്ഷണിക്കാം.

നാഷണല്‍ കമ്മിറ്റിക്ക് ക്വോറത്തിന് 51 ശതമാനം അറ്റന്‍ഡന്റസ് വേണം. സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ ചെയര്‍പേഴ്‌സണ്‍ എന്നതിനു പകരം പേരു കോര്‍ഡിനേറ്റര്‍ എന്നാകും.

പരാതികള്‍ ബോധിപ്പിക്കാനുള്ള സംവിധാനം പുതിയ ഭേദഗതിയില്‍ നിര്‍ദേശിക്കുന്നു. പരാതിക്ക് ഇടയാക്കിയ സംഭവം കഴിഞ്ഞ് 3 മാസത്തിനകം പരാതി നല്‍കണം. പരാതികള്‍ നാഷണല്‍ പ്രസിഡന്റു വഴി സമര്‍പ്പിക്കണം. പ്രസിഡന്റ് അത് ജുഡീഷ്യല്‍ കൗണ്‍സിലിനു സമര്‍പ്പിക്കണം. ജുഡീഷ്യല്‍ കൗണ്‍സില്‍ തീരുമാനം അംഗീകരിക്കുന്നില്ലെങ്കില്‍ ജനറല്‍ബോഡിക്ക് അപ്പീല്‍ നല്‍കാം.

ജനറല്‍ ബോഡിയില്‍ പ്രോക്‌സി വോട്ടിംഗ് അനുവദിക്കില്ല.

ജോസഫ് ഔസോ ചെയര്‍മാനായ കമ്മിറ്റിയാണ് നിര്‍ദേശങ്ങള്‍ വെച്ചത്. ജയിംസ് കുറിച്ചി, രാജു വര്‍ഗീസ്, ഈശോ സാം ഉമ്മന്‍, ജെ. മാത്യൂസ്, ജോര്‍ജ് മാത്യു, ജോണ്‍ വര്‍ഗീസ് മാത്യു ചെരുവില്‍, വിന്‍സണ്‍ പാലത്തിങ്കല്‍ എന്നിവര്‍ അടങ്ങിയതാണ് കമ്മിറ്റി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക