Image

ഒരു അച്ഛന്റെ ദുഃഖം (രാജു മൈലപ്ര)

രാജു മൈലപ്ര Published on 19 October, 2017
ഒരു അച്ഛന്റെ ദുഃഖം (രാജു മൈലപ്ര)
'ഇത്തവണ ഞാന്‍ ശബരിമലയ്ക്കു പോകും-' ശിവന്‍ കട്ടായം പറഞ്ഞു.
എന്താ നിനക്കു നേര്‍ച്ച വല്ലതുമുണ്ടോ? ഞാന്‍ ചോദിച്ചു.

'നേര്‍ച്ചയൊന്നുമില്ല. ഇന്നലെ രാത്രിയില്‍ കിടന്നപ്പോള്‍ എനിക്കു തോന്നിയതാണ്.'
'എന്നാണു പോകുന്നത്?'

'എല്ലാം ഒത്തുവന്നാല്‍ ഇന്നുതന്നെ പോകാം.'

ശബരിമല യാത്രയെക്കുറിച്ച് ശിവന്‍ വ്യക്തമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നടന്നാണ് പോകുന്നത്. കല്ലും മുള്ളും നിറഞ്ഞ കാനനത്തിലൂടെ ഒരു അലൂമിനിയം പാത്രവും കുറച്ചു അരിയും. പോകുന്ന വഴിക്ക കഞ്ഞിവച്ചു കുടിക്കാനാണ്.

ഇരുപത്തിനാലു മണിക്കൂറും, സാമ്പത്തീകം അനുകൂലമാണെങ്കില്‍, ഫിറ്റായി നടക്കുകയോ, കിടക്കുകയോ ചെയ്യണമെന്നു നിര്‍ബന്ധമുള്ളയാളാണ് ശിവന്‍.

'അപ്പോള്‍ മറ്റു കാര്യങ്ങളൊക്കെ എങ്ങനെയാ?' എന്റെ ചോദ്യത്തിന്റെ ധ്വനി അവനു മനസ്സിലായി.
'അതു കുഴപ്പമില്ലച്ചായാ. പാണ്ടി സ്വാമിമാരുടെ കൈയിലെല്ലാം നല്ല കഞ്ചാവു ബീഡിയുണ്ട്. അവരുടെ കൂടെ നന്നാല്‍ മതി. ഇടയ്ക്കിടെ ഓരോ പുക തരും.' അങ്ങിനെ അതിനും ഒരു തീരുമാനമായി. ചില്ലറ കൊടുക്കാതിരിക്കുവാന്‍ പറ്റുകയില്ലല്ലോ! നമ്മുടെ ശിവനല്ലേ? കിട്ടിയ കാശും കൊണ്ടു ആളു മുങ്ങി. നേരെ വച്ചു പിടിച്ചത് ബിവറേജ് ഔട്ട്‌ലറ്റിലേക്ക്. ഏതായാലും ശിവന്‍ ഈ വര്‍ഷം ശബരിമലയ്ക്കു പോയില്ല. ശിവന്റെ കള്ളുകുടിക്ക് ഒരു ശമനവും ഉണ്ടായില്ല. നല്ല കുടിയന്മാര്‍ അങ്ങിനെയാണ്. ആരെ കമഴ്ത്തിയടിച്ചാണെങ്കിലും കാര്യം നടത്തിയിരിക്കും.

ശിവനും രത്‌നമ്മയ്ക്കും കൂടി രണ്ടു മക്കളാണ്. ഒരാണും ഒരു പെണ്ണും. അനിലും, അനുവും. അനില്‍ ഡ്രൈവറാണ്. രത്‌നമ്മ വീട്ടുജോലിക്കു പോകും. അങ്ങിനെ വീട്ടുകാര്യങ്ങള്‍ വല്യ കുഴപ്പമില്ലാതെ നടന്നു പോകുന്നു.

അനുവിനു കല്യാണപ്രായമായി. ശിവന്റെ നല്ല നടപ്പുകൊണ്ട് വരുന്ന ആലോചനകള്‍ മിക്കതും മുങ്ങിപ്പോകും. ശിവന്‍ രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍, പിന്നീട് ഏതെങ്കിലും ഒരു നേരത്തേ തിരികെയെത്തുകയുള്ളൂ. അയാള്‍ അവിടെ ഇല്ലാതിരുന്ന സമയം നോക്കി, ദല്ലാളു കുട്ടപ്പന്‍ മൂന്നാലു പേരുമായി പെണ്ണുകാണാന്‍ വന്നു. ഈ ഒരു ചടങ്ങ് വീട്ടുകാര്‍ രഹസ്യമാക്കി വെച്ചു. പതിവില്ലാതെ ഉച്ചയായപ്പോള്‍ ശിവന്‍ ആടിയാടി വന്നു. മൂന്നാലു ചെറുപ്പക്കാര്‍ വരാന്തയിലിരിക്കുന്നു.
'എടീ അവരാതി മോളേ!' ഭാര്യയെ വിളിച്ചു.

'ആരാടീ ഈ കഴുവേറികള്‍. ഞാനില്ലാത്തപ്പം നിനക്കൊക്കെ ഇതാ പരിപാടി.' ശിവന്‍ രത്‌നമ്മയുടെ കവിളത്തൊന്നു പൊട്ടിച്ചു.

'ഇറങ്ങിപ്പോയിനെടാ പട്ടികളെ! ഇനി ഈ ഭാഗത്തെങ്ങാനും കണ്ടാല്‍ മുട്ടുകാലു ഞാന്‍ തല്ലിയൊടിക്കും.' ആഗതര്‍ സ്ഥലം വിട്ടു.

അങ്ങിനെയൊക്കെ സംഭവിച്ചതില്‍ ശിവനു പശ്ചാത്താപമുണ്ട്.

'അച്ചായ, ആ പുണ്ടച്ചി മോളു എന്നോടു സത്യം പറഞ്ഞിരുന്നെങ്കില്‍ ആ വഴിക്കു ഞാന്‍ പോവുകയില്ലായിരുന്നു.' ഒരു പിതാവിന്റെ ദുഃഖം ശിവന്റെ മുഖത്തു മിന്നി മറഞ്ഞു.
മറ്റൊരു ദിവസം വന്നപ്പോള്‍ ശിവന്റെ മുഖത്തൊരു പാട്.

'എന്തു പറ്റി ശിവാ.'
'ചെറുക്കന്‍ തല്ലിയതാ.'
'ചെറുക്കന്‍ തല്ലിയോ. അതെന്തിനാ?'

'അച്ചായാ, അവന്‍ കള്ളുകുടി തുടങ്ങി. ഇന്നലെ രാത്രി വന്നപ്പോള്‍ അവന്‍ കുടിച്ചുകൊണ്ടിരിക്കുന്നു. ഞാനിച്ചിരെ ചോദിച്ചപ്പോള്‍ അവന്‍ എന്നെ പള്ളു പറഞ്ഞു.

എനിക്കു ദേഷ്യവും സങ്കടവുമെല്ലാം വന്നു. ഞാന്‍ കഷ്ടപ്പെട്ടു വളര്‍ത്തിയ ചെറുക്കനാണ് എനിക്കിച്ചിരെ കള്ളു തരില്ല എന്നു പറഞ്ഞത്' ശിവന്റെ തൊണ്ടയിടറി.

(സത്യത്തില്‍ അവന്റെ സൃഷ്ടി കര്‍മ്മത്തിലല്ലാതെ, വളര്‍ത്തലില്‍ യാതൊരു പങ്കും ശിവനില്ല)
'എന്നെ അടിമുടിയങ്ങു പെരുത്തു കയറി. ഞാന്‍ അവന്റെ തന്തയ്ക്കു വിളിച്ചു. ചെറുക്കന്‍ ചാടിയെണീറ്റു എന്റെ കരണത്തൊന്നു പൊട്ടിച്ചു. അതാ ഈ കവിളത്തു കാണുന്ന പാട്.'

'നീയല്ലിയോ അവന്റെ അച്ഛന്‍. ഏതായാലും അവന്‍ നിന്നെ തല്ലണ്ടായിരുന്നു.' ഞാന്‍ ശിവനോടു സഹതാപം പ്രകടിപ്പിച്ചു.

'ആര്‍ക്കറിയാം? എന്റെ പെമ്പ്രന്നോരും അത്ര ശീലാവതിയൊന്നുമല്ല.' സംശയത്തിന്റെ നിഴല്‍ അവന്റെ മുഖത്തു പടര്‍ന്നു.

'ഞാന്‍ പഞ്ചായത്തു പടിവരെയൊന്നു പോവുകാ. തിരിച്ചു വരുമ്പോള്‍ കയറാം.' ശിവന്‍ അവന്റെ നിഴലിനു പിന്നാലെ നടന്നു.

ഒരു അച്ഛന്റെ ദുഃഖം (രാജു മൈലപ്ര)
Join WhatsApp News
Old timer 2017-10-19 20:24:02
കഥയാണോ കാര്യമാണോ. ഏതായാലും വായിക്കാൻ നല്ല രസം  ഞാൻ വായിച്ചു സെൻസർ ചെയ്‌തതിന്‌ ശേഷമേ ഭാര്യക്ക് കൊടുക്കാറുള്ളു. ഏതു.പത്രം വന്നാലും രാജുവിന്റെ വല്ലതും ഉണ്ടോ എന്നാണവൾ ചോദിക്കുന്നതു. നിരൂപകർക്കൊന്നും മൈലപ്രയുടെ കഥകൾ ഇഷ്ട്ടപെടാത്തതു നന്നായി. അല്ലെങ്കിൽ വല്ല അവാർഡും കിട്ടിപ്പോയേനെ. നല്ല വിവരണം... ചുരുങ്ങിയ വാക്കുകളിൽ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക