Image

കണ്ണ് ചൂഴ്‌ന്നെടുക്കുന്ന ഫാസിസവും അലന്‍സിയറിന്റെ പ്രതിഷേധങ്ങളും(എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 19 October, 2017
കണ്ണ് ചൂഴ്‌ന്നെടുക്കുന്ന ഫാസിസവും അലന്‍സിയറിന്റെ പ്രതിഷേധങ്ങളും(എ.എസ് ശ്രീകുമാര്‍)
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടുത്ത വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷ് ആഴ്ചകള്‍ക്ക് മുമ്പ് വെടിയേറ്റു മരിച്ചിരുന്നു. അക്രമികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയായ കെ.പി ശശികല ടീച്ചര്‍ നടത്തിയ കൊലവിളി വര്‍ഗീയ വിഷം പുരട്ടിയുള്ളതായിരുന്നു. മതേതരവാദികളായ എഴുത്തുകാരോട് ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തിക്കൊള്ളാനാണ് ശശികല അന്ന് ആക്രോശിച്ചത്. ഇപ്പോള്‍ സി.പി.എം പ്രവര്‍ത്തകരുടെ കണ്ണുകള്‍ ചൂഴ്ന്ന് എടുക്കുമെന്ന ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡേയുടെ തീതുപ്പലും പ്രതിഷേധാര്‍ഹമാകുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പൊളിഞ്ഞ് പാളീസായ 'ജനരക്ഷാ' യാത്രയുടെ പശ്ചാത്തലത്തിലാണ് കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന 'ജനശിക്ഷാ' കുടിലതയുമായി, മതാന്ധതയുടെ വിത്തുകള്‍ വിതച്ച് ഫാസിസത്തിന്റെ പ്രകൃതി വിരുദ്ധ നേട്ടങ്ങള്‍ കൊയ്യുന്ന മറ്റൊരു വനിതയെത്തിയത്.

''ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ സി.പി.എം കണ്ണുരുട്ടിയാല്‍ അവരുടെ കണ്ണുകള്‍ വീട്ടില്‍ കയറി ചൂഴ്ന്ന് എടുക്കും. പ്രകോപനം ഉണ്ടായാല്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടും. ഇതുറപ്പാക്കാനാണ് അമിത് ഷായുടെ ആശീര്‍വാദത്തില്‍ ജനരക്ഷാ യാത്ര ആരംഭിച്ചത്. കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പി ആണെന്ന് ഓര്‍മ വേണം...'' പാണ്ഡേ ഇങ്ങനെയാണ് ഭീഷണിപ്പെടുത്തിയത്. സരോജ് പാണ്ഡേയുടെ ധിക്കാരത്തിനെതിരെ, വ്യത്യസ്ത സമര മുറകളുമായി ശ്രദ്ധേയനായ നടന്‍ അലന്‍സിയര്‍ കൊല്ലം ചവറ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കി. തന്റെ കണ്ണിന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കറുത്ത തുണി കൊണ്ട് കണ്ണ് മറച്ച് പൊലീസ് സ്റ്റേഷനിലെത്തിയ അലന്‍സിയറുടെ നടപടി ദേശീയ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായി. ഇതാകട്ടെ സംഘ് പരിവാര്‍ അനുകൂലികളെ വല്ലാതെ പ്രകോപിപ്പിക്കുകയും ചെയ്തിരിക്കുന്നു.

അലന്‍സിയറിനെതിരെ സംഘ് പരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍ വിദ്വേഷ പ്രചരണം ശക്തമായി. ''ഈ കമ്മ്യൂണിസ്റ്റ് തീവ്രവാദിയെ നിങ്ങളുടെ കൈയില്‍ കിട്ടിയാല്‍ എന്തു ചെയ്യും..?'' എന്ന, ശ്രുതി അശോകന്റെ പ്രൊഫൈലില്‍ നിന്നു വന്ന പോസ്റ്റിനു താഴെയാണ് കൊലവിളിയും അക്രമത്തിനുള്ള ആഹ്വാനവും നിറയുന്നത്. അലന്‍സിയറെ വധിക്കുക, കണ്ണ് അടിച്ചു പൊട്ടിക്കുക തുടങ്ങിയ പ്രതികരണങ്ങളാണ് സംഘ് പരിവാര്‍ അനുകൂല ഗ്രൂപ്പ് ആയ 'കാവിപ്പട'യില്‍ വന്നു നിറയുന്നത്. അലന്‍സിയറുടെ ചിത്രമടക്കം പോസ്റ്റിന് മിനിറ്റുകള്‍ക്കകം ആയിരത്തോളം ലൈക്കാണ് ലഭിച്ചത്. ആയിരത്തിലധികം പേര്‍ ആദ്യ മണിക്കൂറില്‍ കമന്റിടുകയും ചെയ്തു. ചുട്ടുകൊല്ലണം, വെട്ടിക്കൊല്ലണം, കാലും കൈയും വെട്ടും ബാക്കി വന്നാല്‍ കത്തിക്കും തുടങ്ങി അക്രമാസക്തമായ പ്രതികരണങ്ങളാണ് മിക്കതും.

തന്റെ നിലപാടുകള്‍ മടിയില്ലാതെ തുറന്നു പറയുന്ന നടനാണ് അലന്‍സിയര്‍ ലെ ലോപ്പസ്. തിരുവനന്തപുരം ജില്ലയിലെ തീരദേശ പ്രദേശമായ പുത്തന്‍ തോപ്പ് ഗ്രാമ നിവാസിയാണ് ഇദ്ദേഹം. അലന്‍സിയറിന്റെ വിശേഷങ്ങള്‍ കേള്‍ക്കുമ്പോള്‍ നമ്മള്‍ യഥാര്‍ത്ഥ കലാകാരന്റെ ധര്‍മം അദ്ദേഹത്തിന്റെ ഭാവഹാവാദികളില്‍ കാണും. 1965 ഡിസംബര്‍ 11ന് ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ബിരുദം കരസ്ഥമാക്കി. അഞ്ചാം വയസുമുതല്‍ നാടകാഭിനയം തുടങ്ങിയ അലന്‍സിയര്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ സുഹൃത്തുക്കളുമായി ചേര്‍ന്ന് നേതാജി തിയറ്റര്‍ എന്ന പേരില്‍ ചെറിയ നാടകഗ്രൂപ്പ് ആരംഭിച്ചു. ഇവരുടെ നാടകങ്ങളില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തുകൊണ്ടായിരുന്നു അമച്വര്‍ നാടകരംഗത്ത് പ്രവേശിച്ചത്. കോളേജ് പഠനകാലത്ത് നിരവധി നാടക സംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. സി.പി. കൃഷ്ണകുമാറിന്റെ നാടക സംഘത്തിലും കാവാലം നാരായണ പണിക്കരുടെ സോപാനം നാടകസംഘത്തിലും കെ. രഘുവിന്റെ നാടകയോഗം നാടക സംഘത്തിലും പ്രവര്‍ത്തിച്ച അലന്‍സിയര്‍ ടെലിവിഷന്‍-സിനിമ രംഗത്തേക്ക് വരുന്നതുവരെ നാടക സമിതികളില്‍ സജീവമായിരുന്നു.

1998ലെ ദയ എന്ന സിനിമയിലൂടെയാണ് അലന്‍സിയര്‍ വെള്ളിത്തിരയിലെത്തിയത്. മണ്‍സൂണ്‍ മാംഗോസിലെ ബോംബെ പത്രോസ്, മഹേഷിന്റെ പ്രതികാരത്തിലെ ആര്‍ട്ടിസ്റ്റ് ബേബി, കമ്മട്ടിപ്പാടത്തിലെ മത്തായി, തോപ്പില്‍ ജോപ്പനിലെ പാപ്പച്ചായന്‍ തുടങ്ങിയ സിനിമകളിലൂടെ വേറിട്ട വ്യക്തിത്വത്തിന്റെ മുഖമുദ്രയായി അലന്‍സിയര്‍ പ്രേക്ഷകമനസില്‍ ചിരപ്രതിഷ്ഠ നേടി. അലന്‍സിയറെ അലന്‍സിയറാക്കുന്നത് അദ്ദേഹത്തിന്റെ ഒറ്റയാള്‍ പ്രതിഷേധങ്ങളാണ്. പൊമ്പിളൈ ഒരുമൈ സമരത്തെ മന്ത്രി എം.എം. മണി അധിക്ഷേപിച്ചതിനെതിരെ സാരിയുടുത്ത് ഒറ്റയാള്‍ നാടകം കളിച്ച് പ്രതിഷേധിച്ചു. ''ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവകാശം വേണം. പ്രതിഷേധമല്ല ഇത്. പ്രതിരോധമാണ്...'' എന്നും ''അണ്ടര്‍വയറിന്റെ സ്‌നേഹം. രാജ്യസ്‌നേഹമല്ല...'' എന്നും പ്രഖ്യാപിച്ചുകൊണ്ട് 2017 ജനുവരി 11ന് കാസര്‍ഗോഡ് നഗരത്തിലും ബസിലും ഏകാംഗ തെരുവ് നാടകം അവതരിപ്പിച്ച് ശ്രദ്ധേയനായി. ദേശീയ മാനങ്ങളെ അംഗീകരിക്കാനാവില്ലെങ്കില്‍ സംവിധായകന്‍ കമല്‍ രാജ്യം വിട്ടു പോകുന്നതാണ് നല്ലതെന്ന്പറഞ്ഞ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ പ്രസ്താവനക്കെതിരെയായിരുന്നു ആ പ്രതിഷേധം.

ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ''അള്ളാഹു അക്ബര്‍ എന്റെ രാജ്യത്തിനെന്തോ സംഭവിക്കാന്‍ പോകുന്നു...'' എന്ന് വാവിട്ട് കരഞ്ഞുകൊണ്ട് കേരള സെക്രട്ടറിയേറ്റിന് ചുറ്റും ആറു തവണ ഓടിയ മനുഷ്യനാണ് ഇദ്ദേഹം. സ്വന്തം തൊഴിലിടമായ സിനിമയിലെ സഹപ്രവര്‍ത്തകയായ നടിക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ടും അലന്‍സിയര്‍ ആ ക്രൂര പീഡനത്തിനെതിരെ തന്റെ വ്യക്തിസാന്നിദ്ധ്യം മലയാളക്കരയില്‍ ഉട്ടിയുറപ്പിക്കുകയുണ്ടായി.

സി.പി.എമ്മിന്റെ യുവ നേതാവും എം.എല്‍.എയുമായ എം സ്വരാജ് സരോജ് പാണ്ഡേയുടെ ദാര്‍ഷ്യ വാക്കുകളോട് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ...''എന്തുകൊണ്ടാണ് കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത്..? കണ്ണുകള്‍ തുറന്ന് ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങള്‍ കാണുന്ന മനുഷ്യരൊക്കെയും സംഘപരിവാരത്തിനെതിരായി മാറുമെന്ന ഭയമാണോ ഭീഷണിക്കു പിന്നിലുള്ളത്..? എല്ലാക്കാലത്തും മനുഷ്യരുടെ കണ്ണും കാതും നാവും തലച്ചോറുമൊക്കെ ഫാസിസ്റ്റുകളെ അരിശം കൊള്ളിച്ചിട്ടുണ്ട്. കണ്ണുണ്ടായിട്ടും ഒന്നും കാണാനാവാതെ പോയവര്‍ക്കു മാത്രമേ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കണമെന്ന് പറയാന്‍ കഴിയൂ. കണ്ണുണ്ടായിട്ടും കാണാനാവാതെ പോകുന്നത് മനുഷ്യന്റെ കാഴ്ചയെ തടസപ്പെടുത്തുകയും കാഴ്ചപ്പാടുകളെ ഇരുട്ടിലാഴ്ത്തുകയും ചെയ്യുന്ന സംഘപരിവാരത്തിന്റെ കുഴിയില്‍ വീണു പോയതുകൊണ്ടുതന്നെയാവണം...''

''കാവിക്കൊടിയുടെ ഇരുട്ടില്‍ നിന്ന് ഒന്ന് മാറി നിന്ന് കണ്ണുകള്‍ തുറന്ന് നോക്കൂ. ഈ ലോകം കണ്‍നിറയെ കാണൂ. അപ്പോള്‍ ആരുടെയും കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്ന് തോന്നില്ല. മനുഷ്യന്റ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയല്ല മറിച്ച് കണ്ണുകളില്‍ നോക്കി സംസാരിക്കുകയാണ് വേണ്ടതെന്ന്....കണ്ണുകള്‍ പരസ്പരം സംസാരിക്കുകയാണ് വേണ്ടതെന്ന്....കാണാക്കാഴ്ചകളിലേക്ക് കണ്ണുകള്‍ തുറന്നു വെക്കുകയാണ് വേണ്ടതെന്ന് എന്നെങ്കിലും ഇക്കൂട്ടര്‍ മനസിലാക്കുമോ..? മനുഷ്യ വിരുദ്ധതയുടെ പ്രത്യയശാസ്ത്രം തലയിലേറ്റിയപ്പോള്‍ മുതല്‍ അരിഞ്ഞു തള്ളുന്നതിനെക്കുറിച്ചും ചൂഴ്‌ന്നെടുക്കുന്നതിനെ കുറിച്ചും മാത്രം ചിന്തിക്കുന്നവരെ...ചൂഴ്‌ന്നെടുക്കുന്നതിന് മുമ്പ് കണ്ണുകളിലേക്ക് ഒന്ന് നോക്കുക. അത്യന്തം വികൃതമായ സ്വന്തം മുഖം പ്രതിബിംബമായി കാണുക. മനുഷ്യന്റെ കണ്ണുകളില്‍ കടലുപോലെ തിരയിരമ്പുന്ന കാരുണ്യവും സ്‌നേഹവുമൊക്കെ പരസ്പരം സംസാരിച്ചു തുടങ്ങുമ്പോള്‍ ലോകം മാറുമെന്ന് അറിയുക. വര്‍ഗീയഭീകരതയുടെ മതില്‍ തകര്‍ത്ത് മനുഷ്യരാവാന്‍ ശ്രമിക്കുക...''

മനുഷ്യന്റെ വിചാരങ്ങളേയും വികാരങ്ങളേയും ദര്‍ശനങ്ങളേയും മറ്റുള്ളവര്‍ക്ക് അനുഭവഭേദ്യമാകുന്ന തരത്തില്‍ അല്ലെങ്കില്‍ അവന്റെ തന്നെ ആത്മസംതൃപ്തിക്ക് വേണ്ടി ലാവണ്യപരമായി അവന്റെ ശൈലിയില്‍ സൃഷ്ടിക്കുമ്പോള്‍ കല ഉണ്ടാകുന്നു. ഇത് ഭൂമിയില്‍ മനുഷ്യന് മാത്രമുള്ള കഴിവാണ്. ജീവിതാവസ്ഥകള്‍, ഭാവങ്ങള്‍, സംഭവങ്ങള്‍ എന്നിവയുടെ പ്രതീതി, അംഗചലനങ്ങള്‍, ശബ്ദം എന്നിവയിലൂടെ കാഴ്ചക്കാരില്‍ ജനിപ്പിക്കുന്ന കലയാണ് അഭിനയം. ഗ്രീക്കിലെ തെപ്‌സിസ് ആണ് ബി.സി. 534ല്‍ ആണ് ചരിത്രം രേഖപ്പെടുത്തിയ ആദ്യത്തെ അഭിനേതാവ്. ഒരു കഥാപാത്രം പറയേണ്ട കാര്യങ്ങള്‍ ആദ്യമായി ഒരു വേദിയില്‍ വച്ച് അവതരിപ്പിക്കുകയാണ് തെപ്‌സിസ് ചെയ്തത്...ഇവിടെ നെറികേടുകളോട് ആഴത്തില്‍ പ്രതികരിച്ച് നമ്മുടെ പ്രിയ അലന്‍സിയറും.


കണ്ണ് ചൂഴ്‌ന്നെടുക്കുന്ന ഫാസിസവും അലന്‍സിയറിന്റെ പ്രതിഷേധങ്ങളും(എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക