Image

ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ സിനിമയുമായി മമ്മൂട്ടി

Published on 17 October, 2017
ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ സിനിമയുമായി മമ്മൂട്ടി

ചരിത്രം പശ്ചാത്തലമായി പുതിയൊരു മമ്മൂട്ടി ചിത്രം ഒരുങ്ങുന്നു. മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് വ്യാഴവട്ടത്തിലൊരിക്കല്‍ മാഘമാസത്തിലെ വെളുത്തവാവില്‍ നടന്നിരുന്ന മാമാങ്കം പ്രമേയമാക്കി ഒരുക്കുന്ന ചിത്രമാണ് മെഗാസ്റ്റാറിന്റെ പുതിയ പ്രൊജക്ട്. ചിത്രത്തിന്റെ വിശേഷങ്ങള്‍ മമ്മൂട്ടി തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കു വെച്ചത്.

വളളുവനാടിന്റെ ചാവേറുകളുടെ ചരിത്രം പറയുന്ന മാമാങ്കം താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ സിനിമയാണെന്നും മമ്മൂട്ടി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നവാഗതനായ സജീവ് പിളള 12 വര്‍ഷത്തെ ഗവേഷണം നടത്തി തയ്യാറാക്കിയ തിരക്കഥയാണ് ചിത്രത്തിന്റേത്. സജീവ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും. 17ആം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.

ചിത്രത്തിന്റെ പേരായി മാമാങ്കം ഉപയോഗിക്കാന്‍ അനുവാദം തന്ന നവോദയയ്ക്ക് മമ്മൂട്ടി നന്ദി പറഞ്ഞു. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്ബിളളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. തന്നോടൊപ്പം വലിയ താരനിരയും ലോകോത്തര സാങ്കേതിക വിദഗ്ദരും ചിത്രത്തിന് വേണ്ടി അണിനിരക്കുമെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാമാങ്കത്തിന്റെയും ചാവേറായി പൊരുതി മരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടെ കഥ പറയുന്നതാണ് ചിത്രം. അടുത്ത വര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജോയ് മാത്യു തിരക്കഥയെഴുതുന്ന അങ്കിള്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക