Image

പെണ്ണും ജീന്‍സും (ചാക്കോ കളരിക്കല്‍)

ചാക്കോ കളരിക്കല്‍ Published on 16 October, 2017
പെണ്ണും ജീന്‍സും (ചാക്കോ കളരിക്കല്‍)

https://www.youtube.com/watch?v=HMkC7DJAHTM


(മുകളില്‍ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടശേഷമേ നിങ്ങള്‍ ഈ ലേഖനം വായിക്കാവൂ. ആ വീഡിയോയാണ് ഇതെന്നെ എഴുതാന്‍ പ്രേരിപ്പിച്ചത്.)

പെണ്ണ് എന്നുപറയുമ്പോള്‍ത്തന്നെ വസ്ത്രം ഏന്നതുംകൂടി പറയേണ്ട കാലഘട്ടമാണിത്. സാക്ഷരകേരളത്തിലെ പെണ്ണുങ്ങളുടെ വസ്ത്രധാരണത്തില്‍ മതങ്ങള്‍ക്കുള്ളപങ്ക് വളരെ വലുതാണ്. ഹിന്ദുസമുദായത്തിലെ ജാതിതിരിവിന്റെ അടിസ്ഥാനത്തില്‍ കീഴ്ജാതി പെണ്ണുങ്ങള്‍ മാറുമറയ്ക്കുന്നത് വലിയ തെറ്റായിരുന്നു. അവര്‍ക്ക് 'ഒന്നര' മുണ്ടുടുക്കാനേ സമൂഹം അനുവദിച്ചിരുന്നൊള്ളൂ. പൊക്കിളിനു മുകളിലേയ്ക്ക് വസ്ത്രം ധരിക്കാന്‍ പാടില്ല. എന്റെ ചെറുപ്പകാലത്ത് ഞങ്ങളുടെ അയല്‍വക്കത്തെ നായര്‍ സ്ത്രീ മാറുമറയ്ക്കാതെ വീട്ടില്‍വരുന്നത് ഞാനിപ്പോഴും ഓര്‍മ്മിക്കുന്നു. നമ്പുതിരിമാര്‍ കേരളത്തില്‍ വേരുറപ്പിച്ചശേഷമാണ് ഇസ്ലാംമതം സാമൂഹിക/സാംസ്‌കാരിക മേഖലകളില്‍ കടന്നുവരുന്നത്. പെണ്ണിന്റെ കൈപ്പത്തിയും മുഖവുമല്ലാത്തതെല്ലാം പൊതിഞ്ഞുകെട്ടി സൂക്ഷിക്കണമെന്ന് ഇസ്ലാംമതം പഠിപ്പിച്ചു. അവിടെയാണ് പെണ്ണ് ഒരു സാധനം അഥവാ വസ്തുമാത്രമായി മാറുന്നത്. വീഡിയോയിലെ വൈദികന്റെ പ്രസംഗത്തില്‍ 'എന്തിനാ ആ സാധനം പള്ളിയില്‍ വന്നേക്കണെ എന്നെനിക്കറിയില്ല' എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധിക്കുക. മതങ്ങളിലെ പുരുഷമേധാവിത്വമാണ് പെണ്ണിന്റെ ശരീരം മറയ്ക്കണമോ അതോ നഗ്‌നമായിരിക്കണമോയെന്ന് തീരുമാനിക്കുന്നത്. പെണ്ണെന്തുവസ്ത്രം ധരിച്ചു പള്ളിയിലെത്തണമെന്ന് പള്ളീലച്ചന്‍ തീരുമാനിക്കുന്നത് സ്ത്രീകള്‍ക്ക് ദോഷകരമാണ്. അത് വൈദികരെ അഹങ്കാരികളാക്കാന്‍ കാരണമാകുന്നു. പുരുഷനായ വൈദികന്‍ ഇടവക എന്ന പ്രസ്ഥാനത്തിന്റെ നായകനായി നിന്നുകൊണ്ട് പെണ്ണെന്തുടുക്കണമെന്ന് പ്രഖ്യാപിക്കുമ്പോള്‍ പെണ്ണുങ്ങളാണ് ഒറ്റപ്പെടുന്നത്.

പെണ്ണുങ്ങളുടെ ലിംഗഭാഗങ്ങളിലും മുലകളിലും നിതംബങ്ങളിലും ഇറുക്കിപ്പിടിച്ചിരിക്കുന്ന വസ്ത്രധാരണം പുരുഷന് കാമമിളകും എന്ന ചിന്തകൊണ്ടായിരിക്കുമല്ലോ ആ വൈദികന്‍ ജീന്‍സിട്ട് പള്ളിയില്‍ വരുന്ന സ്തീകളെ സാധനമായി കണ്ടത്. ആ വൈദികന്‍ ഫലത്തില്‍ സ്ത്രീകളെ കാണുന്നത് പുരുഷന്മാരുടെ കാമം തീര്‍ക്കാന്‍ കീഴ്‌പ്പെടുത്തപ്പെടുന്ന സാധനമായിട്ടാണ്. ലൈംഗികാവയവംകൂടിയായ മുലകള്‍ കാണിച്ച് ഒട്ടും നാണമില്ലാതെ, പാപബോധമില്ലാതെ പെണ്ണുങ്ങള്‍ നടന്നിരുന്ന ഒരു കാലം മലയാളക്കരയില്‍ ഉണ്ടായിരുന്നു. മുലകളെ പാപവുമായി ബന്ധിപ്പിച്ചത് ഇന്ത്യയെത്തേടിവന്ന പാശ്ചാത്യ മിഷ്യനറിമാരാണ്. ദൈവം മനുഷ്യന് വരദാനമായിത്തന്നെ ലൈംഗികതയെ പാപമായിക്കാണാനെ അവര്‍ക്ക് കഴിഞ്ഞൊള്ളൂ. ഭാരതീയന് ദൈവം സ്‌നേഹമാകുമ്പോള്‍ പാശ്ചാത്യന് ദൈവം ന്യായാധിപനാണ്.
സാമുദായിക ആചാരങ്ങളുടെ മറവിലും ബലത്തിലും മാറുകളെ നഗ്‌നമാക്കാന്‍വരെ അധികാരവര്‍ഗത്തിന് കഴിഞ്ഞു. ഇന്ന് അള്‍ത്താരയില്‍ നിന്നുകൊണ്ട് പെണ്ണെന്തുടുക്കണമെന്ന് നിര്‍ദ്ദേശിക്കുമ്പോള്‍ പള്ളിയിലിരിക്കുന്ന ആണിനും പെണ്ണിനും വായുണ്ടായാലും ശബ്ദിക്കാന്‍ കഴിയാത്ത ദുരവസ്ഥ! പെണ്ണിന്റെ മേനിയിലുള്ള ശുഷ്‌ക്കാന്തി പണ്ടത്തെ മേല്ജാതിക്കും ഇന്നത്തെ പുരോഹിതര്‍ക്കും കയറിപ്പിടിച്ചിരിക്കയാണ്. സ്ത്രീകള്‍ എന്തുധരിച്ച് പള്ളിയില്‍ വരണമെന്ന് വികാരിമാര്‍തന്നെ തീരുമാനിക്കുന്നു. നസ്രാണിപെണ്ണുങ്ങളുടെ പരമ്പരാഗത വസ്ത്രമായ മുണ്ടും, ചട്ടയും, നേര്യതും ധരിച്ചേ പെണ്ണുങ്ങള്‍ ഇനിമുതല്‍ പള്ളിയില്‍ വരാവൂ എന്ന തീട്ടൂരവും ഒരു വികാരി ഇറക്കിയെന്നിരിക്കും. പെണ്ണുങ്ങളതും അനുസരിക്കണം. കാരണം അതും നസ്രാണികളുടെ പൈതൃകം! പെണ്ണുങ്ങളുടെ വസ്ത്രധാരണരീതിയുടെ തീരുമാനങ്ങളും പുരുഷവര്‍ഗം എടുത്തുകൊള്ളും. ഒരുകാലത്ത് മേല്ജാതിയിലെ മേലാളന്മാര്‍ക്കുവേണ്ടി ഏതാനും സമയത്തേയ്ക്ക് ശവതുല്യമായി മലര്‍ന്നുകിടക്കേണ്ട ഗതികേട് സ്ത്രീകള്‍ക്കുണ്ടായിരുന്ന നാടല്ലേ, കേരളം.
പെണ്ണുങ്ങള്‍ മാന്ന്യമായി വേഷം ധരിക്കണമെന്നു പറയുമ്പോള്‍ അതുചെന്നവസാനിക്കുന്നത് പര്‍ദായിലും പെണ്ണുങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കണമെന്ന് പറയുമ്പോള്‍ അതുചെന്നവസാനിക്കുന്നത് ഉടുതുണിയില്ലാതെ നടക്കുന്നവരെന്ന ദുര്‍വ്യാഖ്യാനത്തിലുമാണ്. ജീന്‍സുപോലുള്ള വസ്ത്രങ്ങള്‍ ഇന്നത്തെ നാടോടിവേഷമാകുമ്പോള്‍ അതൂധരിച്ച് പള്ളിയില്‍ വരുന്ന പെണ്ണുങ്ങളെങ്ങനെ സാധനങ്ങളാകും? ഈ പള്ളീലച്ചനെന്താ ഇക്കാര്യത്തിലിത്രയും കലിപ്പ്? സ്ത്രീകള്‍ക്ക് ഏതുതരം വസ്ത്രം ധരിക്കണമെന്ന് അവര്‍ക്കുതന്നെ തീരുമാനനെടുത്തുകൂടെ? അറബിവേഷമെന്തിനാണ് കേരളത്തിലെ വൈദികര്‍ ഉപയോഗിക്കുന്നതെന്ന് സ്ത്രീകള്‍ ചോദിച്ചാല്‍ ആ വൈദികന് ഉത്തരം മുട്ടില്ലെ? സ്ത്രീകള്‍ ഇന്നതെ ധരിക്കാവു എന്ന് എന്തിന് ഈ പുരുഷമേധാവിത്വം തീരുമാനിക്കുന്നു?

ഒരു ശരാശരി മലയാളിക്ക് സ്ത്രീവിഷയത്തില്‍ പല പോരായ്മകളുമുണ്ട്. പെണ്ണുങ്ങളെ കണ്ടാല്‍ അവരുടെ മാറിലേക്ക് തുറിച്ചുനോക്കുക, ബസിലും ട്രെയ്‌നിലും മറ്റും മുട്ടിമുട്ടി ഇരിക്കുക, അവിടെയും ഇവിടെയും തോണ്ടുക, ഭര്‍ത്താക്കന്മാര്‍ സ്ഥലത്തില്ലാത്ത സ്ത്രീകളെ വീഴ്ത്താന്‍ പറ്റുമോയെന്ന് നോക്കുക, വൃത്തികെട്ട കമെന്റ്റുകള്‍ പെണ്‍കുട്ടികളോട് പറയുക എന്നുവേണ്ട വേണ്ടിവന്നാല്‍ ലിംഗപ്രദര്‍ശനംവരെ നടത്തുന്ന മലയാളികള്‍ ഉണ്ട്. നമ്മുടെ കുട്ടികള്‍ക്ക് വേണ്ട ലൈംഗികപരിശീലന ക്ലാസ്സുകള്‍ ഇല്ലാത്തതാണ് ഈ ഗതികേടിനു കാരണം. അല്ലാതെ സ്ത്രീകള്‍ ജീന്‍സുധരിക്കുന്നതുകൊണ്ടല്ല.  പാശ്ചാത്യനാടുകളില്‍ സ്ത്രീകള്‍ എന്തുടുത്തുനടക്കുന്നുയെന്ന് പുരുഷന്മാര്‍ ശ്രദ്ധിക്കാറേയില്ല. ലോകപ്രസിദ്ധമായ അമേരിക്കയിലെ മയാമി ബീച്ചില്‍ (ങശമാശ ആലമരവ) ആയിരക്കണക്കിനു സ്ത്രീകള്‍ ബിക്കിനിയിട്ട് വെയില്‍കൊള്ളാന്‍ മലര്‍ന്ന് കിടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതുമൂലം പുരുഷന്മാരുടെ കാമം പിടികിട്ടാപ്പുള്ളിയായി മാറുന്നതായ വാര്‍ത്തകളൊന്നും കേട്ടിട്ടില്ല. ജീന്‍സും കുട്ടിനിക്കറുമെല്ലാമിട്ടാണ് സ്ത്രീകളും പുരുഷന്മാരും  പള്ളിയില്‍പോലും വരാറുള്ളത്. ഉടുത്തൊരുങ്ങി ഞായറാഴ്ചകളില്‍ പള്ളിയില്‍ പോകുന്നത് പഴയകാല സംസ്‌കാരമായിമാറി, പാശ്ചാത്യനാടുകളില്‍. ഇനിയത് തിരിച്ചുവരാനും പോകുന്നില്ല. ലോകഗതിക്കൊപ്പിച്ച് വേഷവിധാനവും മാറുന്നു. അതുള്‍ക്കൊള്ളാതെ തരമില്ല. ആ വൈദികന് മനോരോഗ വിദഗ്ദ്ധന്റെ ചികിത്സ ആവശ്യമാണ്. പെണ്ണുങ്ങള്‍ ജീന്‍സിട്ട് പള്ളിയില്‍വന്നാല്‍ അച്ചന്റെ ശ്രദ്ധ പതറുമെങ്കില്‍ അച്ചനിലാണ് കുഴപ്പം. ഈലോകത്ത് കോടാനുകോടി സ്ത്രീകള്‍ ജീന്‍സിട്ട് നടപ്പുണ്ട്. ജീന്‍സ് പള്ളിയില്‍ ധരിക്കാന്‍ വിലക്കപ്പെട്ടതാണോ? യേശുവിന്റെ അടുത്ത് ഒരു പെണ്ണ് ജീന്‍സിട്ടുചെന്നാല്‍ 'നീപോയി സാരിയോ ചൂരിദാറോയിട്ട് എന്റെ മുമ്പില്‍ വരിക' എന്ന് യേശു ആക്രോശിക്കുമോ? ആ വൈദികന്റെ മാനസിക വൈകല്ല്യം തന്റെ പ്രസംഗത്തിലൂടെ പുറത്തുവന്നുയെന്ന് ധരിച്ചാല്‍ മാത്രം മതി. പിന്നെ ഈ വികാരിമാര്‍ക്കൊരു അസുഖമുണ്ട്. ആ അസുഖം പ്രകടമാകുന്നത് അവരാണ് അല്മായരുടെ എല്ലാ കാര്യങ്ങളും തീരുമാനിച്ചു നിയന്ത്രിക്കുന്നതെന്ന ചിന്തയിലൂടെയാണ്. അവരെ ഭരമേല്പിച്ചിരിക്കുന്ന പണി ദൈവജന ശുശ്രൂഷയാണ്. അവരതില്‍ ഒതുങ്ങിക്കൂടിയാല്‍ പൊരേ? പെണ്ണുങ്ങള്‍ എങ്ങനെ കുളിക്കണം, ഉടുക്കണം, തിന്നണം, കളിക്കണം എന്നെല്ലാം തീരുമാനിക്കാന്‍ ഇവരാരാണ്? കുമ്പസ്സാരക്കൂട്ടിലൂടെ പെണ്ണുങ്ങളുടെ കിടപ്പുമുറികളിലും ഇവരെത്തിനോക്കാറുണ്ട്. നോക്കിയും തോണ്ടിയും വികാരശമനം വരുത്തുന്ന അപക്വരായ ചെറുപ്പക്കാരുടെ ഗണത്തിലേക്ക് ആ വൈദികന്‍ താഴാമോ?
അമേരിക്കയില്‍പോലും ചില സീറോമലബാര്‍ അച്ചന്മാര്‍ സ്ത്രീകള്‍ സാരിയുടുത്ത് പള്ളിയില്‍ ചെല്ലണമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഗുദംപോലും തണുപ്പുകൊണ്ട് ഫ്രീസുചെയ്യുന്ന ആ രാജ്യത്ത് സാരിയുടുത്ത് പള്ളിയില്‍ വരണമെന്ന് ഉപദേശിക്കുകയും വാശിപിടിക്കുകയും ചെയ്യുന്ന വൈദികര്‍ക്ക് മനോരോഗ ചികിത്സാവിദഗ്ദ്ധന്റെ സഹായം ആവശ്യമാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം പള്ളി സാരി പ്രദര്‍ശിപ്പിക്കാന്‍ പറ്റിയ ഇടമാണ്. വൈദ്യന്‍ കുറിച്ചതും രോഗി ഇശ്ചിച്ചതും ഒരേ മരുന്നാണ്. ഇന്ത്യയിലുള്ള സ്ത്രീകളുടെ സാരിയോടുള്ള വിചിത്രപ്രേമം കെട്ടടങ്ങിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് (Newsweek July 2 / July 9, 2007) പ്രവാസികളായ  ഇന്ത്യാക്കാരികളുടെ സാരിയോടുള്ള ഈ പുത്തന്‍ പ്രേമം! വിദ്യാഭ്യാസവും ജോലിയും സ്വന്തം കാറുമുള്ള ഇന്ത്യയിലെ ചെറുപ്പക്കാരികള്‍ അഞ്ചുമുതല്‍ ഒന്‍പതുമുഴംവരെ നീളമുള്ള സാരി പലപ്രാവശ്യം ശരീരത്തില്‍ ചുറ്റി ഓഫീസില്‍ പോകാന്‍ ഇഷ്ടപ്പെടുന്നില്ല. കാലാവസ്ഥയ്ക്കനുയോജ്യവും സൗകര്യപ്രദവുമായ വസ്ത്രധാരണം സ്ത്രീകള്‍ക്കാവശ്യമാണ്. പക്ഷെ പുതുമടിശീല പ്രവാസി പെണ്ണുങ്ങള്‍ക്ക് വിലപിടിച്ച സാരികള്‍ പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമാണ് പള്ളി.

നല്ല സാമുഹിക അന്തരീക്ഷത്തില്‍ വളരുന്നവരെല്ലാം സ്ത്രീകളെ ബഹുമാനിക്കുകയും അവരുടെ സ്വാതന്ത്ര്യത്തെ മനസ്സിലാക്കുകയും മാനിയ്ക്കുകയും ചെയ്യും. കാരണം സ്ത്രീകള്‍ നമ്മുടെ അമ്മമാരാണ്, പെങ്ങന്മാരാണ്, ഭാര്യമാരാണ്, കൂട്ടുകാരികളാണ്, മക്കളാണ്. പെണ്ണും പിടക്കോഴിയുമൊന്നുമില്ലാത്ത ചില ഒറ്റയാന്മാര്‍ക്ക് സ്ത്രീകളെ മനസ്സിലാക്കാന്‍ സാധിക്കാതെ പോകുന്നതാണ് ഇതിലെ അപാകത. ആ വൈദികന്‍ ഒരു നല്ല ചൂരിദാര്‍ ഡിസൈനര്‍ കൂടിയാണെന്നുള്ളതാണ് ഈ കഥയിലെ ഏറ്റവും വലിയ ഫലിതം.

മാന്യമായി വസ്ത്രം ധരിക്കുന്ന സ്ത്രീയെ ചീത്തയെന്ന് മുദ്രകുത്താന്‍ വളരെ എളുപ്പമാണ്. ഒരുകാലത്തവളെ ചന്തപ്പെണ്ണെന്ന് സമൂഹം വിളിച്ചിരുന്നു, അവള്‍ കുലസ്ത്രീയായിരുന്നെങ്കിലും. വസ്ത്രമാന്യതയെക്കുറിച്ച് നാം വച്ചുപുലര്‍ത്തുന്ന ധാരണകള്‍ പലപ്പോഴും പൊള്ളയാണ്.
അടുത്തകാലംവരെ സ്ത്രീവസ്ത്രത്തില്‍ ഉണ്ടായിരുന്ന സാമൂഹ്യധാരണയും പിന്നീടുണ്ടായ പരിവര്‍ത്തനങ്ങളും മാത്രംമതി അതു മനസ്സിലാക്കാന്‍. വസ്ത്രധാരണത്തില്‍ സൗകര്യം, സുഖം, ഭംഗി, സാമ്പത്തീകം ഇതൊക്കെയാണ് കണക്കിലെടുക്കേണ്ടത്. വിദേശീയര്‍ ഇന്ത്യാക്കാരായ സ്ത്രീകള്‍ക്ക് കെട്ടിയേല്പിച്ച സാരിവസ്ത്രസദാചാരത്തെ ഇന്ത്യന്‍ സംസ്‌കാരമായി കെട്ടിയെഴുന്നെള്ളിച്ചുനടക്കുമ്പോള്‍ മലയാളിസ്ത്രീകള്‍ക്ക് വടക്കേ ഇന്ത്യന്‍ ചൂരിദാര്‍ അടക്കമൊതുക്കമുള്ളവസ്ത്രമായി പുരുഷമേധാവിത്വം കാണുന്നു. അതിനുകുറെ പഴഞ്ചന്‍ ബൈബിള്‍ വാക്യങ്ങളും! ജീന്‍സ്, പാന്റ്‌സ്, പാവാട ഇതൊക്കെ ധരിച്ചാല്‍ സ്ത്രീകള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് പുറത്താകുമെന്നുള്ള തീവ്രവാദചിന്തയാണ് ആ വൈദികനില്‍ കാണുന്നത്. എല്ലാം നശിച്ചു എന്ന ചിന്ത അദ്ദേഹത്തെ അലട്ടുന്നു. അതുകൊണ്ട് സ്ത്രീകളെ സംസ്‌കാരം പഠിപ്പിക്കാന്‍ ആ വൈദികന്‍ കിണഞ്ഞു പരിശ്രമിക്കുന്നു. പുരുഷന്മാര്‍ക്ക് പടിഞ്ഞാറന്‍ കോട്ടും, സൂട്ടും, ജീന്‍സുമെല്ലാം ധരിക്കാം. അതില്‍ അദ്ദേഹം തെറ്റു കാണുന്നുമില്ല. സ്ത്രീയുടെ നഗ്‌നത മറക്കുന്നതാണ് സംസ്‌കാരമെന്ന് പറയുന്ന കൂട്ടത്തില്‍ അത് പുരുഷന് ഇഷ്ടപ്പെടുന്ന രീതിയിലെ  ആകാവൂയെന്ന് ഈ വൈദികന്‍ ശാഠ്യം പിടിക്കുന്നു. സ്ത്രീശരീരം സ്ത്രീയുടേതാണെന്ന് ആ വൈദികന് ചിന്തിക്കാന്‍ സാധിക്കുന്നില്ല. ആ വൈദികന്റെ ചിട്ടകളെ ലംഘിക്കുന്ന പെണ്ണ് തെറ്റുകാരിയായി ആ ഇടവകയില്‍ മുദ്രയടിക്കപ്പെടുന്നു.
 സ്ത്രീവസ്ത്രത്തിന്റെ കാര്യത്തില്‍ ഇന്നുനടക്കുന്ന യുദ്ധം കണ്ടില്ലെന്നു നടിക്കാനാവില്ല. ചാന്നാട്ടികളുടെ മാറുമറയ്ക്കാന്‍ കലാപംവരെ നടന്നിട്ടുള്ള നമ്മുടെ നാട്ടില്‍ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പെണ്ണുങ്ങള്‍ക്ക് ജീന്‍സിടാന്‍ സമരം ചയ്യേണ്ട ഗതികേടിലേയ്ക്കാണോ നമ്മള്‍ നീങ്ങുന്നത്? പണ്ടുകാലത്ത് നസ്രാണി പെണ്ണുങ്ങള്‍ കുപ്പായം ധരിച്ചിരുന്നെങ്കിലും ചിലപ്പോഴൊക്കെ അതഴിച്ചുമാറ്റിയിരിക്കുന്നതില്‍ അവര്‍ അപാകതയോ അപകടമോ കണ്ടിരുന്നില്ല. യൂറോപ്യന്‍ മിഷ്യനറിമാര്‍ സ്ത്രീശരീരത്തിന്റെ നഗ്‌നത പാപമാണെന്നും സംസ്‌കാരമില്ലായ്മയാണെന്നും അമിത ലൈംഗികാസക്തിക്ക് കാരണമാണെന്നുമെല്ലാം കരുതിയിരുന്നു. ക്രിസ്തീയമൂല്യമായി അതിനെ അവര്‍ കണ്ടിരുന്നു.

അണിഞ്ഞൊരുങ്ങുന്ന പെണ്ണുങ്ങള്‍ക്ക് ശൃംഗാരം കൂടുതലാണെന്ന വിമര്‍ശനം പണ്ടുമുണ്ടായിരുന്നു. പെണ്ണുങ്ങള്‍ മേല്‍വസ്ത്രം ധരിക്കുന്നത് നാണം മറയ്ക്കാന്‍ ആയിരുന്നില്ല. മറിച്ച്, പരമ്പരാഗതമായ പുരുഷാധിപത്യത്തില്‍നിന്ന് മോചനം പ്രാപിക്കാനായിരുന്നു. കൂടാതെ സ്ത്രീമേനിയെ സുന്ദരമാക്കാനുള്ള വെപ്രാളം കൂടിയായിരുന്നു. സ്ത്രീകള്‍ വസ്ത്രം ധരിക്കുന്നത് പുരുഷന്മാരെ വശീകരിക്കാനാണെന്നുള്ളത് തെറ്റായ ധാരണയാണ്. അത് നിന്ദ്യവും ആഭാസവുമാണെന്ന് സ്ത്രീകള്‍ക്കറിയാം. ഇക്കാലത്ത് സ്ത്രീകള്‍ ജീന്‍സിടുന്നത് ചിലപ്പോള്‍ ഭര്‍ത്താക്കന്മാരെ തൃപ്തിപ്പെടുത്താനായിരിക്കാം. അപ്പോള്‍ ആ വൈദികന്‍ മനുഷ്യനായി മാറണമെങ്കില്‍ വിവാഹം ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. യദാര്‍ത്ഥത്തില്‍ സ്ത്രീയ്ക്കും പുരുഷനും വസ്ത്രധാരണത്തില്‍ വ്യത്യാസത്തിന്റെ ആവശ്യമുണ്ടോ? ജീന്‍സും പാന്റ്‌സും പെണ്ണുങ്ങള്‍ക്കല്ലേ പുരുഷന്മാരേക്കാള്‍ ചേര്‍ച്ച? ആയിരക്കണക്കിനു വര്‍ഷത്തെ പഴക്കമുള്ള ബൈബിള്‍ പൊക്കിപ്പിടിച്ച് അന്നത്തെ വസ്ത്രധാരണരീതികളെ അടിസ്ഥാനമാക്കി ഇന്നെന്തിനു പ്രസംഗിക്കുന്നു?
ഒന്നാലോചിച്ചുനോക്കുക. പാന്റ്‌സും ഷര്‍ട്ടുമിട്ട് പള്ളിമേടയില്‍കൂടി മൂളിപ്പാട്ടുംപാടി നടക്കുന്ന വൈദികന്റെ സ്വാതന്ത്ര്യമുണ്ടോ ചൂടുകാലത്തും അതിശൈത്യകാലത്തും സാരിചുറ്റിനടക്കുന്ന സ്ത്രീകള്‍ക്ക്! അവര്‍ക്കഭയം ജീന്‍സുതന്നെ. പെണ്ണുങ്ങള്‍ ജീന്‍സിട്ടാല്‍ അച്ചന്റെ കരളില്‍ മോഹം ജനിക്കുമോ? പൊതിഞ്ഞുവെയ്‌ക്കേണ്ട അവയവം ജീന്‍സിട്ട് പൊതിഞ്ഞുവെച്ചിട്ടില്ലേ? പിന്നെന്തിന് ആ വൈദികന്‍ അതിനുള്ളിലേയ്ക്ക് ഒളികണ്ണിട്ടുനോക്കുന്നു? അതല്ലാ കാര്യം. സ്ത്രീയുടെ ആത്മാഭിമാനത്തെ തകര്‍ക്കാനുള്ള ഒരു കരുവായി ജീന്‍സിനെ ആ വൈദികന്‍ അവതരിപ്പിക്കുന്നു. ഇന്നും കേരളത്തില്‍ സ്ത്രീവേഷത്തിന്മേലുള്ള യുദ്ധം തുടരുകയാണ്. പെണ്ണുങ്ങള്‍ക്ക് സ്വന്തം ശരീരത്തെക്കുറിച്ച് ആനന്ദിക്കാനും അഭിമാനിക്കാനുമുള്ള മാര്‍ഗമാണ് വസ്ത്രധാരണം. അത് ജീന്‍സാകാം, സാരിയാകാം, പാന്റ്‌സാകാം, ചൂരിദാറാകാം, പാവാടയാകാം. അത് ഓരോ സ്ത്രീയുടെയും സൗകര്യംപോലെയാകാം. സ്വന്തമായ സൗന്ദര്യബോധംകൊണ്ട് ഒരു പെണ്ണ് നിത്യകന്യകയായാല്‍ ആ വൈദികനെന്തിന് വിലപിക്കണം? ജീന്‍സിട്ട് പള്ളിയില്‍വരാന്‍ പാടില്ലെന്നു പറയുമ്പോള്‍ അത് സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യലാണ്.

പണ്ടുകാലത്തെ നമ്മുടെ മുത്തശ്ശിമാര്‍ക്കും ഫാഷന്‍ഭ്രമം ഉണ്ടായിരുന്നു. വല്യമ്മൂമ്മമാരുടെ സൗന്ദര്യത്തിനുവേണ്ടി കാതുവളര്‍ത്തന്‍ എന്ന ഏര്‍പ്പാടിനെപ്പറ്റി ഒന്നാലോചിച്ചുനോക്കുക. പരിഷ്‌കാരികളായ ഭര്‍ത്താക്കന്മാരുടെ താത്പര്യത്തെ മാനിച്ച് പരമ്പരാഗത കുടുംബനിയമങ്ങളെ മാറ്റേണ്ടിവന്ന സാഹചര്യത്തില്‍ സ്ത്രീകളാണ് ബുദ്ധിമുട്ടുകള്‍ സഹിച്ചത്. പള്ളിയിലെ ജീന്‍സുവിലക്കല്‍ നിര്‍ദ്ദേശം സ്ത്രീകളെ തമ്മില്‍ ഭിന്നിപ്പിക്കാനുമിടയാക്കും. ആ വൈദികന്റെ സദാചാരക്കണ്ണുകള്‍ പെണ്ണുങ്ങളെ സദാ പിന്തുടരുകയാണ്. പെണ്ണുങ്ങളുടെ ശരീരം കാമമുയര്‍ത്തുന്ന വസ്തുവായി കാണുന്ന ആ വൈദികന് സ്ത്രീത്വത്തെത്തന്നെ പുശ്ചിക്കുകയാണ്. സ്വന്തം ശരീരത്തില്‍ ആനന്ദം കണ്ടെത്താനുള്ള സ്ത്രീയുടെ അവകാശത്തെ ഹനിക്കുകയാണ്. അതല്ലെങ്കില്‍ നസ്രാണി വനിതകള്‍ പൊതിഞ്ഞുകെട്ടി നടക്കണം. മുസ്ലിംസ്ത്രീകളെ ബുര്‍ഖ ധരിപ്പിക്കുന്നതുപോലെ നസ്രാണിപെണ്ണുങ്ങളെ ഒരുതരം പര്‍ദ്ദ സമ്പ്രദായത്തിലേയ്ക്ക് ആട്ടിത്തളിക്കാമെന്നായിരിക്കും അദ്ദേഹം കരുതുന്നത്.

വിവാഹമെന്ന സ്ഥാപനത്തിലൂടെ സ്ത്രീകള്‍ ആണ്‍കോയ്മവ്യവസ്ഥയ്ക്കുള്ളിലേയ്ക്ക് കയറുന്നതുപോലെ സ്ത്രീവസ്ത്രധാരണവിഷയത്തില്‍ അവരറിയാതെ പുരുഷമേധാവിത്വത്തിന് അടിമകളായി പരിണമിക്കുന്നു. ശരീരത്തിന്റെ വഴക്കങ്ങള്‍ കാണിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ലെന്ന് പുരുഷന്മാര്‍ ആജ്ഞാപിക്കുന്നു. ദേവാലയത്തില്‍ പെണ്ണുങ്ങള്‍ ജീന്‍സിട്ടുവരുന്നത് തെറ്റാണെന്ന് ആവലാതിപ്പെടുന്ന വൈദികന്‍ സ്ത്രീശരീരത്തെ പുരുഷാധിപത്യത്തിന്റെ വരുതിയിലാക്കാനുള്ള തത്രപ്പെടലാണ്. ജീന്‍സുധരിച്ച സ്ത്രീകള്‍ അന്ന് പള്ളിയിലുണ്ടായിരുന്നെങ്കില്‍ ആ വൈദികന്റെ അഭിപ്രായം വ്യക്തിപരമായ അധിക്ഷേപമാകയാല്‍ നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. പള്ളിയില്‍ സദാചാര പൊലീസിന്റെ റോള്‍ ഒരു വൈദികന്‍ എടുക്കണോ? പള്ളിയില്‍ ജീന്‍സ് മ്ലേച്ഛമായ വസ്ത്രമാണെന്ന് ഒരു വൈദികന്‍ പറയുമ്പോള്‍ അത് ഒരുതരത്തില്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തലാണ്. റൗക്ക ഇടുന്ന പെണ്ണുങ്ങള്‍ ചന്തപ്പെണ്ണും മാറുമറയ്ക്കാത്ത പെണ്ണുങ്ങള്‍ കുലസ്ത്രീകളുമായിരുന്ന ഒരു കാലമുണ്ടായിരുന്നകാര്യം അദ്ദേഹം മറന്നുപോയോ?
വസ്ത്രംകൊണ്ട് പെണ്ണുങ്ങള്‍ക്കുള്ളതുമുഴുവന്‍ മൂടിവെച്ചില്ലെങ്കില്‍ കുഴപ്പം വിളിച്ചുവരുത്തുമെന്ന ഭയം അമ്പതുവര്‍ഷം മുമ്പില്ലായിരുന്നു. മരിച്ചടക്കിയ ശവത്തെപ്പോലും അപമാനിക്കുന്ന നികൃഷ്ടജീവികള്‍ ഇന്നുള്ളപ്പോള്‍ സ്ത്രീ മൂടിപ്പൊതിഞ്ഞുനടന്നാലും അവളെ വെറുതെ വിടുമോ? അപ്പോള്‍ ഒരുവന്റെ പ്രകോപനകാരണം സ്ത്രീകളുടെ വസ്ത്രധാരണമല്ല. ജീന്‍സിട്ടു നടക്കാത്ത സ്ത്രീകള്‍ കേരളത്തില്‍ സുരക്ഷിതരാണോ? സ്ത്രീകള്‍ക്ക് സ്വതന്ത്രമായ ശരീരചലനങ്ങള്‍പോലും പുരുഷസമൂഹം വിലക്കുകല്‍പിക്കുന്നു.

വസ്ത്രധാരണത്തിന് ആ സമൂഹം വസിക്കുന്ന സ്ഥലത്തെ കാലാവസ്ഥയും സംസ്‌കാരവുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് ആ വൈദികന്‍ തിരിച്ചറിയുന്നില്ല. കൂടാതെ വസ്ത്രധാരണത്തില്‍ ആഗോളവത്കരണ മാനദണ്ഡങ്ങളും ഉദാരവത്കരണ മാനദണ്ഡങ്ങളും ആക്കം കൂട്ടാറുണ്ട്. ആണായാലും വേണ്ടില്ല പെണ്ണായാലും വേണ്ടില്ല വസ്ത്രധാരണം അവരവരുടെ വ്യക്തിപരമായ കാര്യമാണ്. മൗലികാവകാശമാണ്. അഭിപ്രായസ്വാതന്ത്യം ഉള്ളതുപോലെ ഓരോരുത്തര്‍ക്കും അവരവര്‍ക്ക് ഇഷ്ടമുള്ള വേഷം ധരിക്കാനും സ്വാതന്ത്ര്യമുണ്ട്. ഒരു പെണ്ണ് എന്തു ധരിക്കണമെന്ന് സമൂഹമോ സമുദായമോ പാതിരിയോ പൂജാരിയോ ഇമാമോ അല്ലാ തീരുമാനിക്കേണ്ടത്. ഓരോ സ്ത്രീയുടെയും തീരുമാനമായിരിക്കണം അത്.

ചില മതങ്ങളിലെ സന്ന്യാസിമാര്‍ക്ക് നൂലുബന്ധമില്ലാതെ ഉടുക്കാക്കുണ്ടന്മാരായി പൊതുനിരത്തിലൂടെ നടക്കാന്‍വരെ സ്വാതന്ത്ര്യമുള്ള നാടാണ്, ഇന്ത്യയെന്നോര്‍ക്കണം. എന്തുകൊണ്ടാണ് ആ വൈദികന്‍ ആ സന്ന്യാസിമാരെ കൗപീനം ഉടിപ്പിക്കാന്‍ പരിശ്രമിക്കാത്തത്? കാലം മുന്‍പോട്ടു കുതിക്കുമ്പോള്‍ ഒപ്പം പായാന്‍ സാധിച്ചില്ലെങ്കില്‍ മാനുഷകുലത്തിന് നിലനില്‍പ്പില്ല. ഒപ്പം സ്വന്തം സംസ്‌കാരവും പൈതൃകവും മറക്കാതിരിക്കുകയും വേണം.
Join WhatsApp News
GEORGE V 2017-10-16 10:52:37
ശ്രീ ചാക്കോ കളരിക്കൽ, ആ വീഡിയോയുടെ പശ്ചാത്തലത്തിൽ വളരെ നന്നായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ.
കഴുത 2017-10-18 23:26:54
ഏതായാലും ചാക്കോ കളരിക്കലിന് ജീൻസിന്റെ പേരിൽ കുറച്ചു കരയാൻ കഴിഞ്ഞു . അപ്പോൾ എനിക്ക് കൂട്ടുണ്ട് 
JOHNY 2017-10-19 12:46:45
ശ്രീ ചാക്കോ എഴുതിയ കാര്യങ്ങളെ വിമർശിക്കുക. അല്ലാതെ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അല്പത്തരം. പേര് വച്ച് എഴുതാൻ നട്ടെല്ലില്ലാത്ത ഇവരൊന്നും മറുപടി അർഹിക്കുന്നില്ല എന്നാലും.
വിദ്യാധരൻ 2017-10-19 15:44:28
ബാല്യകാലത്ത് ചാലിക്കര ക്ഷേത്രത്തിന്റ മണ്ഡപത്തിൽ കുളിച്ചൊരുങ്ങി വേദാദ്ധ്യധ്യാനത്തിന് ചെന്നിരുന്ന ചേലപ്പറമ്പ് നമ്പൂതിരി   സുന്ദരിയായ ഒരു യുവതി കുളിച്ച് ഈറനുടുത്ത് തൊഴാൻ വരുന്നത് കാണുവാനിടയായി ഉടനെ അദ്ദേഹം   ശൃംഗാരമയമായ ഒരു ശ്ലോകം രചിച്ചു

ഭക്ത്യാ ഞാനെതിരെ കുളിച്ച്  ഭഗവൽ -
                 പ്പാദാരവിന്ദങ്ങളെ -
ച്ചിത്തെ ചേർത്തൊരരക്ഷണം മിഴിയട-
               ച്ചമ്പോടിടിരിക്കും വിധൗ 
അപ്പോൾ തോന്നിയെനികുമാരവിരുതും 
               മന്ദസ്മിത പ്രൗഢിയും 
പന്തൊക്കും മുലയും തണുത്ത തുടയും 
               മറ്റേതുമെന്നോമലേ 

ഇത് മറവിൽ കേൾക്കാനിടയായ ഓതിക്കൻ നമ്പൂതിരി കോപിഷ്ഠനായി . 'എന്താ ഉണ്ണി ആ ചൊല്ലിയത്'  എന്ന് ചോദിച്ചു . ആ പദ്യം ഒന്നുകൂടി കേൾക്കണം എന്നായി ഓതിക്കൻ.  ഒരു നിമിഷം ധ്യാനനിമഗ്നനായതിനു ശേഷം ശ്ലോകത്തിന്റ പൂർവ്വ ഭാഗം മുൻരീതിയിലും ഉത്തര ഭാഗം ഭേദഗതി ചെയ്ത് ശിവവർണ്ണനാപരമായും ചൊല്ലുകയുണ്ടായി 

 ഭക്ത്യാ ഞാനെതിരെ കുളിച്ച്  ഭഗവൽ -
                 പ്പാദാരവിന്ദങ്ങളെ -
ച്ചിത്തെ ചേർത്തൊരരക്ഷണം മിഴിയട-
               ച്ചമ്പോടിടിരിക്കും വിധൗ 
അപ്പോൾ തോന്നിയെനിക്ക് ബാലശശിയും 
               കോടീരവും ഗംഗയും 
ബ്രഹ്മന്റെ തലയും കറുത്ത ഗളവും 
              മറ്റുള്ള ഭൂതാക്കളും

പുലർച്ചെ കുളിച്ച് ഭക്തിപൂർവ്വം ഈശ്വരനിൽ മനസ്സർപ്പിച്ച് കണ്ണുകളടച്ച് ഞാൻ അരനിമിഷം ധ്യാനിച്ചിരിക്കവെ ചന്ദ്രക്കലയും ജടയും കപാലവും കറുത്ത നിറമുള്ള കഴുത്തും (നീലകണ്ഠം ) ചുറ്റുമുള്ള ഭൂതാക്കളും എന്റെ ഓർമയിൽ വന്നു 

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കാം. പള്ളികളിൽ സ്ത്രീകളെ പൊതിഞ്ഞു കെട്ടി കൊണ്ടുവരാം, പറുത ഇടിപ്പീച്ചീരുത്താം  എന്നാലും സ്ത്രീകളുടെ നിതംബവും പോർമുലകളും കടക്കണ്ണുകളും ഭക്തന്മാരെയും അച്ചന്മാരെയും പൂജാരിമാരെയും തന്ത്രികളെയും  ആകർഷിച്ചു കൊണ്ടേയിരിക്കും . എന്നാൽ അച്ചൻ ചേലക്കര  നമ്പൂതിരിയെപോലെ ധ്യാനിച്ച്  ഉത്തമഗീതത്തിലെ മൂന്നാം അദ്ധ്യായം  
"നിന്റെ നാഭി, വട്ടത്തിലുള്ള പാനപാത്രംപോലെയാകുന്നു; അതിൽ, കലക്കിയ വീഞ്ഞു ഇല്ലാതിരിക്കുന്നില്ല; നിന്റെ ഉദരം താമരപ്പൂ ചുറ്റിയിരിക്കുന്ന കോതമ്പുകൂമ്പാരംപോലെ ആകുന്നു. നിന്റെ സ്തനം രണ്ടും ഇരട്ടപിറന്ന രണ്ടു മാൻ കുട്ടികൾക്കു സമം. നിന്റെ കഴുത്തു ദന്തഗോപുരംപോലെയും നിന്റെ കണ്ണു ഹെശ്ബോനിൽ ബാത്ത് റബ്ബീം വാതിൽക്കലേ കുളങ്ങളെപ്പോലെയും നിന്റെ മൂകൂ ദമ്മേശെക്കിന്നു നേരെയുള്ള ലെബാനോൻ ഗോപുരംപോലെയും ഇരിക്കുന്നു.
നിന്റെ ശിരസ്സു കർമ്മേൽപോലെയും നിന്റെ തലമുടി രക്താംബരംപോലെയും ഇരിക്കുന്നു; രാജാവു നിന്റെ കുന്തളങ്ങളാൽ ബദ്ധനായിരിക്കുന്നു. പ്രിയേ, പ്രേമഭോഗങ്ങളിൽ നീ എത്ര സുന്ദരി, എത്ര മനോഹര! നിന്റെ ശരീരാകൃതി പനയോടും നിന്റെ സ്തനങ്ങൾ മുന്തിരിക്കുലയോടും ഒക്കുന്നു!  ഞാൻ പനമേൽ കയറും; അതിന്റെ മടൽ പിടിക്കും എന്നു ഞാൻ പറഞ്ഞു. നിന്റെ സ്തനങ്ങൾ മുന്തിരിക്കുലപോലെയും നിന്റെ മൂക്കിന്റെ വാസന നാരങ്ങയുടെ വാസനപോലെയും ആകട്ടെ. നിന്റെ അണ്ണാക്കോ മേത്തരമായ വീഞ്ഞു" -
ഉദ്ധരിച്ച്  വായിച്ചിരുന്നെങ്കിൽ  ചാക്കോ കളരിക്കൽ ഓതിക്കൻ നമ്പൂതിരിയെപ്പോലെ കോപിഷ്ടനാകുകയില്ലായിരുന്നു.  

CID Moosa 2017-10-19 23:31:40
ചാക്കോ കളരിക്കൽ ഏതു വീഡിയോ തപ്പിക്കൊണ്ടിരിന്നപ്പോളാണ് ഈ വീഡിയോ കണ്ടത്? 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക