Image

കേരളം ബി ജെ പിയെ അകറ്റി നിര്‍ത്തുമ്പോള്‍ (അനില്‍ കെ പെണ്ണുക്കര)

Published on 15 October, 2017
കേരളം ബി ജെ പിയെ  അകറ്റി നിര്‍ത്തുമ്പോള്‍ (അനില്‍ കെ പെണ്ണുക്കര)
കേരളത്തില്‍ ബി ജെ പി അധികാരത്തിലെത്തുവാന്‍ മനക്കോട്ട കെട്ടിയിട്ട് കാലങ്ങള്‍ ആയി. പക്ഷെ അനുകൂലമായ അന്തരീക്ഷം ഉയര്‍ന്നു വരുന്നില്ല എന്നുമാത്രം. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ബി ജെ പി യുടെ പ്രകടനം കേന്ദ്ര നേതൃത്വം പോലും ആശങ്കകളോടെയാണ് കാണുന്നത്. എന്തുകൊണ്ടാണ് ബി ജെ പിയുടെ താമരക്കനവ് പൂവണിയാത്താത് .

പ്രധാനമായും കേരളത്തിന്റെ മതേതര മനസു തന്നെയാണ് അതിനു കാരണം. കക്ഷിരാഷ്ട്രീയമായ അഭിപ്രായ ഭിന്നതകള്‍ ഏറെ ഉണ്ടെങ്കിലും വര്‍ഗീയതയുടെ അതിപ്രസരങ്ങള്‍ നിത്യജീവിതത്തില്‍ കടന്നു വരാതെ കാക്കുന്നവരാണ് കേരളത്തിലെ ജനങ്ങള്‍ . മോഡി അധികാരത്തില്‍ വന്ന ശേഷം കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ ചില ഇടപെടലുകള്‍ നടത്തുവാന്‍ ബി ജെ പിക്ക് കഴിഞ്ഞു എന്നത് സത്യമെങ്കിലും വേങ്ങര ഫലം വലിയ തിരിച്ചടികള്‍ക്കു ബി ജെ പിയില്‍ തുടക്കമിടും എന്നത് തീര്‍ച്ചയാണ്.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും, പ്രാധാനമന്ത്രി മോദിയുടെയും അനുഗ്രഹത്തോടെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രയോടുള്ള ജനങ്ങളുടെ തണുത്ത പ്രതികരണം കേരളത്തിലെ വെള്ളത്തില്‍ താമര വിരിയാറായിട്ടില്ല എന്നു തന്നെയാണ് കാണിക്കുന്നത്. കേന്ദ്ര നേതൃത്വം തന്നെ ചോദിച്ചു തുടങ്ങി എന്നതിന്റെ ആദ്യ തെളിവാണ് പിണറായിയില്‍ നിന്നും അമിത് ഷാ തിരിച്ചുപോകാന്‍ കാരണം . അമിത് ഷായ്ക്ക് അതു മനസ്സിലായതു കൊണ്ടാണ് മടങ്ങിയതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഇതുവരെ ബി.ജെ.പിക്ക് ഒരു ലോക്സഭാ സീറ്റുപോലും ജയിക്കാനാവാത്ത സംസ്ഥാനമാണ് കേരളം. 2016 ല്‍ അവര്‍ക്ക് ഒരു നിയമസഭാ സീറ്റില്‍ ജയിക്കാനായി. അതേസമയം വോട്ടു ശതമാനത്തില്‍ നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്കായിട്ടുണ്ട്. എന്നിട്ടും തണുത്ത പ്രതികരണമാണ് ജാഥയോട് ജനങ്ങള്‍ പ്രകടിപ്പിച്ചത്. സാമ്പത്തിക വളര്‍ച്ചയിലെ മുരടിപ്പ്, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാത്തത്, ജി. എസ്. ടി ഉണ്ടാക്കുന്ന ആശയക്കുഴപ്പങ്ങള്‍, റോഹിങ്ക്യ, കശ്മീര്‍- കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബി.ജെ.പി ഇതെല്ലാം വിട്ടിരിക്കുകയാണ്. കേരളത്തെ കേന്ദ്രീകരിച്ചുള്ള ഈ കോലാഹലം രാഷ്ട്രീയ പടയോട്ടത്തിനുള്ള ബി.ജെ.പിയുടെ ത്വരയായി കാണുന്നവരും ഉണ്ട് .

പതിറ്റാണ്ടുകളായി ആര്‍.എസ്എസിന് കേരളത്തില്‍ ശക്തമായ അടിത്തറയുണ്ട്. ഇടതുപക്ഷ കോണ്‍ഗ്രസ് ഇരു ധ്രുവ രാഷ്ട്രീയം കേരളത്തിലെ വോട്ടര്‍മാരില്‍ വലിയൊരു വിഭാഗത്തിന്, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ നിരാശയുണ്ടാക്കിയിട്ടുണ്ട് എന്നത് വസ്തുതയാണ്. ഹിന്ദുത്വയും സദ്ഭരണം സംബന്ധിച്ച അവകാശവാദവും കേരളത്തിലെ മധ്യവര്‍ഗങ്ങള്‍ക്കിടയില്‍ മോദി സര്‍ക്കാരിനോട് താല്‍പര്യമുണ്ടാക്കാനും അത് ബി.ജെ.പിക്ക് ഗുണം ചെയ്യാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ഇങ്ങനെയൊക്കെയായിട്ടും എന്തുകൊണ്ട് കേരളം ബി.ജെ.പിയെ അകറ്റിനിര്‍ത്തുന്നു എന്ന ചോദ്യമുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മതവര്‍ഗീയതയുടെ പേരിലുള്ള ധ്രുവീകരണത്തിന് ഇവിടെ സാദ്ധ്യത കുറവാണ് എന്നതാണ് കാര്യം. കൂടാതെ എന്‍ ഡി എ മുന്നണി ശക്തമാക്കാതെ ബി ജെ പിയുടെ ചില നേതാക്കളില്‍ മാത്രം കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുന്നതും മുന്നണിയുടെ വളര്‍ച്ചയ്ക്ക് തടയിടുന്ന. വെള്ളാപ്പള്ളിയുടെ ബി ഡി ജെ എസ്സിനെ വേണ്ട തരത്തില്‍ പരിഗണിക്കാതിരുന്നതും കെണി ആയിട്ടുണ്ട് .ചില നേതാക്കളില്‍ മാത്രമായി കേന്ദ്രീകരിച്ചു ചുറ്റിക്കറങ്ങുന്ന ആള്‍ക്കൂട്ടമായി മാറുകയാണ് കേരളത്തിലെ ബി ജെ പി.

അതി രൂക്ഷമായ ഗ്രൂപ്പ് വൈരവും കുതികാല്‍ വെട്ടും തന്നെയാണ് ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ ബലഹീനതെ. തെരഞ്ഞെടുപ്പുകളില്‍ മുന്‍പൊരിക്കലും ഇല്ലാത്ത വിധത്തില്‍ കോടികള്‍ കേന്ദ്രത്തില്‍ നിന്നും ഒഴുകിയെത്തിയെങ്കിലും അതിന്റെ ഗുണകരമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കുമ്മനം രാജശേഖരനും സംഘത്തിനും കഴിഞ്ഞിട്ടില്ല. കേന്ദ്രഭരണത്തിന്റെ മറവില്‍ സംസ്ഥാന നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്ന അഴിമതിക്കഥകള്‍ ജനങ്ങളിലും ബി ജെ പിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി .

സാധാരണക്കാര്‍ നേരിടുന്ന പ്രശനങ്ങളെ അവഗണിച്ചു മാര്‍ക്‌സിസ്‌റ് അക്രമവാഴ്ചയെ കുറിച്ചും മുസ്ലിം ജിഹാദി പ്രവര്‍ത്തനങ്ങളെ കുറിച്ചും മാത്രം ജനരക്ഷാ യാത്രയിലും മറ്റു പൊതുയോഗങ്ങളിലും വിശദീകരിക്കുന്നത് അണികള്‍ക്ക് ആവേശം പകരാന്‍ മാത്രമേ ഉപകരിക്കു. പൊതുമണ്ഡലങ്ങളില്‍ ഇളക്കം ഉണ്ടാക്കുവാന്‍ സാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ചയെക്കടുക്കാത്തിടത്തോളം കാലം ബി ജെ പി ക്കു കേരളത്തില്‍ ഒരു താമരക്കാലം അസാധ്യം എന്ന് തന്നെ വിലയിരുത്തേണ്ടി വരും . 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക