Image

കാരുണ്യത്തിന്റെ നിറകുടമായ ഫാ. പൗലോസ് കളപ്പുരയ്ക്കല്‍ സിഎംഐ സില്‍വര്‍ ജൂബിലി നിറവില്‍

Published on 14 October, 2017
കാരുണ്യത്തിന്റെ നിറകുടമായ ഫാ. പൗലോസ് കളപ്പുരയ്ക്കല്‍ സിഎംഐ സില്‍വര്‍ ജൂബിലി നിറവില്‍
 
കൊളോണ്‍: കഴിഞ്ഞ കാല്‍നൂറ്റാണ്ടു കാലമായി കര്‍ത്താവിന്റെ മുന്തിരിത്തോപ്പില്‍ വൈദിക വൃത്തിക്കിറങ്ങിയതിന്റെ ചാരിതാര്‍ഥ്യത്തിലും സന്തോഷത്തിലുമാണ് ജര്‍മനിയില്‍ സേവനം ചെയ്യുന്ന സിഎംഐ സഭാംഗമായ ഫാ.പൗലോസ് കളപ്പുരയ്ക്കല്‍. അജപാലന ശുശ്രൂഷയ്‌ക്കൊപ്പം ദീനദയാലുത്വം മനസിന്റെ കോണുകളില്‍ സ്ഥാനം പിടിച്ചത് പരോപകാര പ്രവര്‍ത്തനത്തിനുള്ള പ്രേരണയുമായി. അതുതന്നെയാണ് ദൈവീകതയുടെ ദൗത്യവും മഹത്വവുമെന്നു ഉറച്ചു വിശ്വസിച്ചുള്ള സേവനം ഇടതടവില്ലാതെ മുന്നോട്ടുനയിക്കുന്ന ചാലകശക്തിയായും ഫാ.പൗലോസിനെ മറ്റുള്ളവരില്‍ നിന്നും വേറിട്ടതാക്കുന്നു. 

താന്‍ ചെറുതെങ്കിലും തന്നാലാവുന്ന എളിയ, ചെറിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ആലംബഹീനരുടെ കണ്ണനീരിന്റെ അളവുകുറയ്ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ എന്നും അച്ചനെ അതിന്റെ കൂടുതല്‍ വ്യാപ്തിയിലേയ്ക്കുതന്നെ എത്തിക്കുന്നതും കാരുണ്യത്തിന്റെ, നന്മയുടെ അതിര്‍വരന്പുകള്‍ നിസീമമായതുകൊണ്ടാണ്. 

ലോകത്തെവിടെയായാലും കരുണയുടെ സ്വരം ശ്രവിക്കാന്‍ മനസുണ്ടെങ്കില്‍, ചെയ്യാന്‍ സന്നദ്ധമെങ്കില്‍ നമുക്കെന്താണ് അസാദ്ധ്യമാകുന്നത്, എന്ന ചോദ്യത്തിനുള്ള ദൃഢമായ ഉത്തരമായിരുന്നു അച്ചന്റെ നേര്‍സാക്ഷ്യം. അതാവട്ടെ അച്ചന്റെ സ്വരത്തിലും കണ്ണുകളിലും നിറഞ്ഞിരുന്നു. 

ജര്‍മനിയിലെ തിരക്കുപിടിച്ച സേവനത്തിനിടയില്‍ വര്‍ഷത്തിലൊരിക്കല്‍ ലഭിക്കുന്ന അവധിക്ക് സ്വന്തം നാട്ടിലേയ്ക്കു പോകുന്‌പോള്‍ അനവധി പദ്ധതികളും അവ പൂര്‍ത്തീകരിയ്ക്കാനുള്ള അഭിവാഞ്ചയും അതിന്റെ തിടുക്കവും അച്ചനെ എന്നും കാര്യങ്ങളുടെ ഗൗരവത്തില്‍ എത്തിച്ചിരുന്നു. 

വീടില്ലാത്തവര്‍ക്ക് ഒരു വീട് എന്ന ആശയവുമായി സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ ഇരുപത്തിയഞ്ചു ഭവനരഹിതര്‍ക്കായി ഇരുപത്തിയഞ്ചു വീടു നിര്‍മിച്ചു നല്‍കുക എന്ന ദൗത്യം ഏറെ ശ്രമകരമായിരുന്നിട്ടും വെള്ളിയുടെ തിളക്കം പോലെതന്നെ പദ്ധതിയെ മാറ്റി “25 ന് 25” എന്ന നൂതന സന്ദേശമാക്കി വികസിപ്പിച്ച് ആഘോഷ പരിപാടികളില്‍ മുന്തിയതാക്കി. ഇതിനായി കേരള സര്‍ക്കാരിന്റെ ഭവനസഹായവും അച്ചന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്നതും ശ്രദ്ധേയമാണ്. കേരളത്തില്‍ പോകുന്‌പോള്‍ ഇതുവരെ നിര്‍മിച്ചു നല്‍കിയ വീടുകളുടെ നിലവിലെ നിജസ്ഥിതിയും നല്‍കുന്ന വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു മനസിലാക്കാനും മാത്രമല്ല അവിടെ വസിക്കുന്നവരുമായി നേരിട്ട് സ്‌നേഹം പങ്കുവയ്ക്കാനും അച്ചന്‍ സമയം കണ്ടെത്തുന്നുണ്ട്. അവധിക്കാലത്ത് നാട്ടിലെത്തുന്‌പോള്‍ തന്റെ സഹായം ലഭിക്കുന്നരെ പിന്നെയും പോയി കണ്ടു കുശലാന്വേഷണം നടത്തുകയും വീടുകള്‍ സന്ദര്‍ശിച്ച് അവരുടെ ക്ഷേമം ഉറപ്പാക്കുകയും അവരുടെ പുതിയ ജീവിത സാഹചര്യങ്ങള്‍ മനസിലാക്കുകയും ചെയ്യുക അച്ചന്റെ പതിവാണ്. 

അച്ചന്റെ കാരുണ്യപ്രവര്‍ത്തനത്തില്‍ സഹായിക്കുന്നത് ജര്‍മനിയിലുള്ളവര്‍ മാത്രമല്ല ലോകമെന്പാടുമുള്ള നിരവധിയായ സുമനസുകളായ സുഹൃത്തുക്കളുടെയും സജീവമായ കൈത്താങ്ങ,് ചാരിറ്റി പ്രവര്‍ത്തനത്തിന് തുണയാകുന്‌പോള്‍ ഈ ജൂബിലി വേളയില്‍ അവരെയൊക്കെ നന്ദിയോടെ സ്മരിക്കുന്നുവെന്നും അച്ചന്‍ പറഞ്ഞു.

അച്ചന്റെ ചാരിറ്റി പ്രവര്‍ത്തനത്തില്‍ സഹായിക്കുന്ന ജര്‍മന്‍കാരെയും ഇതിനോടകം നാലുതവണ നാട്ടിലേയ്ക്കു കൊണ്ടുപോയി നാട്ടില്‍ ചെയ്യുന്ന നന്മകള്‍ ഇവരെയൊക്കെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ജൂബിലി സ്മാരകമായി പദ്ധതിയിലെ അവസാനത്തെ 24, 25 വീടുകളുടെ താക്കോല്‍ ദാനവും ആശീര്‍വാദവും നവംബറില്‍ ജര്‍മന്‍ സുഹൃത്തുക്കളെയും കൂട്ടി ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുകയാണ് അച്ചന്‍. കണ്ണമാലിയിലും ചേര്‍ത്തലയിലുമാണ് അവസാനത്തെ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്. 

പൗരോഹിത്യ രജതജൂബിലിയാഘോഷത്തിന്റെ ആദ്യപടിയായി ദൈവതിരുമുന്പില്‍ കൃതജ്ഞതയുടെ ബലിയര്‍പ്പണം ഒക്ടോബര്‍ 15 ന് (ഞായര്‍) വൈകുന്നേരം 3.45 ന് വുള്‍ഫ്‌റാത്തിലെ സെന്റ് ജോസഫ്‌സ് പാരിഷ് ചര്‍ച്ചില്‍ സംഗീതാര്‍ച്ചനയോടുകൂടി ശുശ്രൂഷകള്‍ ആരംഭിക്കും. നാലിന് സീറോ മലബാര്‍ റീത്തിലുള്ള ആഘോഷമായ സമൂഹബലിയില്‍ ഇരുപത്തിയഞ്ചോളം വൈദികര്‍ പങ്കെടുക്കും. തുടര്‍ന്ന് കൊര്‍ണേലിയസ് ഹാളില്‍ വിവിധ കലാപരിപാടികള്‍ക്കൊപ്പം സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. ജര്‍മനിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ക്ഷണിക്കപ്പെട്ട ഇരുനൂറോളം അതിഥികള്‍ പരിപാടികളില്‍ പങ്കെടുക്കും. 

ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്ത് തൊമ്മന്‍കുത്ത് കളപ്പുരയ്ക്കല്‍ ഐപ്പിന്റെയും പരേതയായ ത്രേസ്യായുടെയും മകനായി 1961 ഡിസംബര്‍ ഒന്പതിനാണ് പൗലോസ് ജനിച്ചത്. പത്തു മക്കളില്‍ ഇളയവനായ പൗലോസ് പതിനഞ്ചാം വയസില്‍ അവിചാരിതമായിട്ടാണ് പൗരോഹിത്യപാത തെരഞ്ഞെടുക്കുന്നത്. സഹോദരിമാരില്‍ രണ്ടുപേര്‍ സന്യാസിനികളും മറ്റു സഹോദരങ്ങള്‍ കുടുംബജീവിതവും നയിക്കുന്നു. 

മാതാപിതാക്കളുടെ അനുഗ്രഹാശിസുകളോടെ ദൈവവിളിയുമായി സിഎംഐ സെമിനാരിയില്‍ വൈദികനാകാനായി ചേര്‍ന്നു. തുടര്‍ന്നു ബംഗളൂരുവിലെ ധര്‍മ്മാരാം കോളജില്‍ തുടര്‍വിദ്യാഭ്യാസം ചെയ്തു. ബംഗളൂരുവില്‍ തന്നെയുള്ള സെമിനാരിയില്‍ ദൈവശാസ്ത്രവും പഠിച്ചു. 

രാജ്‌കോട്ട് രൂപതാധ്യക്ഷന്‍ ഡോ. ഗ്രിഗറി കരോട്ടാന്‌പ്രേല്‍ പിതാവില്‍ നിന്നും മുപ്പതാം വയസില്‍ 1992 ഡിസംബര്‍ 29 നാണ് പൗലോസച്ചന്‍ തിരുപ്പട്ടം സ്വീകരിച്ചത്. ഡിസംബര്‍ 30 ന് സ്വന്തം ഇടവകയായ തൊമ്മന്‍കുത്ത് സെന്റ് തോമസ് ചര്‍ച്ചില്‍ പ്രഥമദിവ്യബലിയും അര്‍പ്പിച്ചു. തുടര്‍ന്ന് കേരളത്തിലെ വിവിധ ഇടവകകളില്‍ സഹവികാരിയായി സേവനം ചെയ്തു. അക്കാലത്ത് നാലു വര്‍ഷം സിഎംഐ സഭയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. പട്ടം സ്വീകരിച്ച് ഏതാണ്ട് അഞ്ചു വര്‍ഷം കഴിഞ്ഞ് 1998 ല്‍ ജര്‍മനിയിലെത്തി ജോലിയാരംഭിച്ചു. 1998 മുതല്‍ 2002 വരെ റെംഷൈഡില്‍ ഹോസ്പിറ്റലില്‍ ആത്മീയ ശുശ്രൂഷകനായും ഡൊമിനിക്കന്‍ സിസ്‌റ്റേഴ്‌സിന്റെ ആത്മീയ ഗുരുവായും സേവനം ചെയ്തു. 2002 മുതല്‍ 2004 വരെ ഗ്രേവന്‍ബ്രൊയ്ഷിലും 2004 മുതല്‍ 2015 വരെ വിസ്സനില്‍ ചാപ്‌ളെയിനായും സേവനമനുഷ്ടിച്ചു. 2015 മുതല്‍ വുള്‍ഫ്‌റാത്ത് സെന്റ് ജോസഫ് ഇടവകയില്‍ ചാപ്‌ളെയിനായി സേവനം ചെയ്യുന്ന പൗലോസച്ചന്‍ ഇടവകയിലെ എല്ലാവര്‍ക്കും പ്രിയങ്കരനാണ്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക