Image

ഷെറിന്‍ മാത്യൂസിന് വേണ്ടി തയ്യാറാക്കിയത് (ബാബു പാറയ്ക്കല്‍)

Published on 14 October, 2017
ഷെറിന്‍ മാത്യൂസിന് വേണ്ടി തയ്യാറാക്കിയത് (ബാബു പാറയ്ക്കല്‍)
ക്ഷമിക്കണം! ഞാന്‍ ആരാണെന്ന സത്യം ഓര്‍ത്തില്ല. അതറിഞ്ഞ് കഴിയുമ്പോള്‍ ഒരു പക്ഷെ നിങ്ങളും പറയും 'എന്തൊരു ജന്മം?'
ഞാന്‍ വിളിച്ചിട്ട് വന്നതല്ല. എന്റെ മാതാപിതാക്കള്‍ മയക്കു മരുന്നിന്റെ ലഹരിയില്‍ ജീവിതം ആസ്വദിച്ചപ്പോള്‍ എങ്ങനെയോ ഞാന്‍ സ്രുഷ്ടിക്കപ്പെട്ടു. ഒന്‍പത് മാസങ്ങള്‍ ഞാന്‍ സുഖസുഷുപ്തിയിലായിരുന്നു, എങ്കിലും ആ ഇരുട്ടില്‍ നിന്നും വെളിച്ചത്തേക്ക് വരാന്‍ ഞാന്‍ വെമ്പല്‍ കൊണ്ടു. ഒരു ദിവസം വെളിച്ചത്തിന്റെ ആ മായാലോകത്തേക്ക് എന്റെ മാതാവ് എന്നെ തള്ളിയിട്ടു. ഞാന്‍ സന്തോഷം കൊണ്ട് കരഞ്ഞു പോയി.

എന്നാല്‍ താമസിയാതെ ഒരു സത്യം ഞാന്‍ മനസ്സിലാക്കി, 'വെളിച്ചം ദുഃഖമാണുണ്ണീ തമസ്സലോ സുഖപ്രദം' പിന്നീട് കരച്ചില്‍ എന്റെ സഹ യാത്രികയായി. മാതാവിന്റെ ജീവിതാസ്വാദനത്തിന് പലപ്പോഴും ഞാന്‍ തടസ്സമായപ്പോള്‍ എന്റെ ആഗമനോദ്ദേശം തന്നെ ചോദ്യം ചെയ്യപ്പെട്ടു. പലപ്പോഴും ഭക്ഷണം എനിക്ക് നിഷോധിക്കപ്പെട്ടു. എന്റെ മൃദുല ശരീരത്തില്‍ മാതാവ് അമര്‍ത്തി പിച്ചിയപ്പോള്‍ ഞാന്‍ വേദനകൊണ്ട് പുളഞ്ഞു. എന്റെ കരച്ചില്‍ അവര്‍ക്ക് അസഹ്യമായപ്പോള്‍ അവര്‍ എന്നെ പൊക്കിയെടുത്ത് തറയിലേക്ക് എറിഞ്ഞു. 'ചത്തു പോട്ടെ' എന്ന് പലപ്പോഴും പറഞ്ഞെങ്കിലും അങ്ങനെ സംഭവിച്ചില്ല.

എന്റെ പിതാവിനെ ഒരിക്കല്‍ പോലും ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ആ മാറില്‍ ചാരി അല്‍പം ആശ്വസിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായില്ല. അല്ലെങ്കില്‍ തന്നെ എന്തിലാണ് എനിക്ക് ഭാഗ്യം ഉണ്ടായിരുന്നത്. വെറും മുന്ന് മാസമായപ്പോഴേക്കും എന്റെ ഇടതുകൈയ്യിലെ രണ്ടസ്ഥികള്‍ ഒടിഞ്ഞിരുന്നു. കയ്യില്‍ നീരുവന്നു വീര്‍ത്തു കഴിഞ്ഞപ്പോള്‍ അതിയായ വേദന കൊണ്ട് കരഞ്ഞതിനുള്ള ശിക്ഷ ഇടത് കവിളിന്റെ മുകളിലായി കിട്ടിയ അടി. ഇടത് കണ്ണം നീരുവന്നു വീര്‍ത്തു. കണ്ണുകളില്‍ കാഴ്ച അവ്യക്തമായി. ബോധം മറഞ്ഞു എന്ന് പിന്നീടാണ് മനസ്സിലായത്. ഉണര്‍ന്നപ്പോള്‍ ആശുപത്രി കിടക്കയിലായിരുന്നു ഞാന്‍. തുടര്‍ന്ന് ഒരു മാസം മുഴുവന്‍ ഞാന്‍ ആശുപത്രിയില്‍ താമസിച്ചു. അവിടെയുണ്ടായിരുന്ന നേഴ്‌സുമാര്‍ എന്നെ പരിപാലിച്ചു. അവരാരും എന്റെ അമ്മയോ ചേച്ചിമാരോ ആയിരുന്നില്ല. എന്നാല്‍ അവര്‍ അതെല്ലാമായിരുന്നു. ആ ഒരു മാസം ശാരീരികമായി വളരെ വേദന അനുഭവിച്ചെങ്കിലും അവരുടെ സ്‌നേഹമസ്രുണമായ ലാളനയില്‍ ആ വേദനയൊന്നും ഞാന്‍ അറിഞ്ഞില്ല.

പിന്നീടാണ് ഞാന്‍ അറിഞ്ഞത് ആരോ എന്നെ ആശുപത്രിയില്‍ എത്തിച്ചിട്ടു പോയ്കളഞ്ഞെന്ന്. എന്നെ കൊണ്ട് പോകാന്‍ ആരും വരികയില്ലെന്നറിഞ്ഞപ്പോള്‍ ആശുപത്രി അധികൃതര്‍ എന്നെ ഒരു അനാഥാലയത്തിന് നല്‍കി. അവിടെ ഞാന്‍ കന്യാസ്ത്രീകളുടെ സംരക്ഷണയില്‍ കഴിഞ്ഞു. അധിക നാള്‍ എന്നെ പരിപാലിക്കാന്‍ അവരുടെ സഭ അനുവദിക്കില്ല. താമസിയാതെ തന്നെ ദത്തെടുക്കാന്‍ ആരെങ്കിലും വരുമത്രെ!

സൂര്യന്‍ പലവട്ടം കിഴക്കുദിച്ച് പടിഞ്ഞാറസ്തമിച്ചു കഴിഞ്ഞപ്പോള്‍ പടിഞ്ഞാറു നിന്ന് ഒരു കുടുംബം എന്നെ തേടിയെത്തി. വിവാഹം കഴിഞ്ഞ് വളരെ നാള്‍ കുട്ടികളുണ്ടാകാതെ വിഷമിച്ചിരുന്നപ്പോഴാണ് ദൈവം അവര്‍ക്കൊരു കുഞ്ഞിനെ നല്‍കിയത്. വീണ്ടും ഒരു കുഞ്ഞിന് ജന്മം നല്‍കാനാവില്ലെന്ന് മനസ്സിലായ ആ മാതാവ് തന്റെ കുഞ്ഞിന് വളരുമ്പോള്‍ ഒരു കളിക്കൂട്ടുകാരി അനിയത്തി വേണമെന്ന് നിശ്ചയിച്ചു. ആ കുഞ്ഞനുജത്തി പദം എനിക്കാണ് നറുക്ക് വീണത്. അങ്ങനെ ഒരു ദിവസം ഞാന്‍ ആ മാതാപിതാക്കളുടെ കൂടെ അനാഥാലയം വിട്ടിറങ്ങി. അമേരിക്കയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ എന്റെയുള്ളില്‍ അനേകം സ്വപ്നങ്ങള്‍ മുളപൊട്ടി. അമേരിക്ക സ്വപ്നങ്ങളുടെ നാടാണത്രെ!

അമേരിക്കയിലെ വലിയ വീട്ടില്‍ എന്നോടൊപ്പം കളിച്ച എന്റെ ചേച്ചിക്ക് എന്നേക്കാള്‍ രണ്ട് വയസ്സ് മാത്രം പ്രായകൂടുതല്‍. അത്‌കൊണ്ട് ഒരേ പ്രായക്കാരെ പോലെ ഞങ്ങള്‍ കളിച്ചു. ഈ ചെറിയ പ്രായത്തില്‍ എനിക്ക് എത്ര അമ്മമാര്‍!ഒരിക്കല്‍ ഞാനും ചേച്ചിയും കൂടി ഏതോ കളിപ്പാട്ടത്തിന് വേണ്ടി വഴക്ക് കൂടി.

പിന്നീട്എനിക്ക് ചെറിയ തോതില്‍ പനിയുണ്ടായി.എന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവിടെ എക്‌സ റേ എടുത്തപ്പോള്‍ എന്റെ കയ്യില്‍ രണ്ട് സ്ഥലത്ത് അസ്ഥികള്‍ ഒടിഞ്ഞിട്ട് യോജിച്ചിരിക്കുന്നു. കാലിന്റെ ഒരു വിരലില്‍ പൊട്ടലും ഉണ്ട്. എനിക്ക് ജന്മം നല്‍കിയ മാതാവിന്റെ സംഭാവനയാണെന്ന് പറഞ്ഞിട്ടും അധികൃതര്‍ കൂട്ടാക്കിയില്ല. ആശുപത്രി അധികൃതര്‍ ശിശു സംരക്ഷണ വകുപ്പിനെ വിവരം അറിയിച്ചു. അമേരിക്കയിലെ ഭവനത്തില്‍ എന്നെ ദേഹോപദ്രവം ഏല്‍പിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയെങ്കിലും ഞാന്‍ അവരുടെ നിരീക്ഷണത്തിലായി. എന്റെ ഇപ്പോഴത്തെ മാതാപിതാക്കളും. അവരെ സംബന്ധിച്ചിടത്തോളം അത് വലിയ ഞെട്ടലുളവാക്കി.

മയക്കു മരുന്നിന്റെ സംഭാവനയായ എന്റെ തലച്ചോറില്‍ ചിലപ്പോഴൊക്കെ ദേഷ്യവും മൗനവും വിചിത്രസ്വബാവങ്ങളും ഉടലെടുത്തു. ചിലപ്പോള്‍ എനിക്ക് വലിയ വിശപ്പ് തോന്നും. അവര്‍ ആഹാരം തന്നാല്‍ കഴിക്കാതെയുമിരിക്കും.കരയാതെയിരിക്കും.

ആ വീട്ടില്‍ അരുമയായി കടന്നു വന്ന ഞാന്‍ താമസിയാതെ തന്നെ വേണ്ടാത്ത അതിഥിയായി, അധികപറ്റായി മാറി.

ദൈവങ്ങളോട് പ്രാര്‍ത്ഥിക്കാന്‍ അവരെ എനിക്കറിയില്ലായിരുന്നു. ദൈവത്തിന്റെ മുഖം ഞാന്‍ കണ്ടിട്ടില്ല. ശിശുക്കളോട് ദൈവത്തിന് സ്‌നേഹമാണെന്ന് പറയുന്നത് കേട്ടു. ആ ദൈവം എവിടെയാണോ ആവോ! മുന്ന് വയസ്സിനുള്ളില്‍ എത്രയേറെ പീഡനങ്ങള്‍, യാതനകള്‍, വേദനകള്‍! രാത്രിയും പകലും എനിക്ക് വിവേചിക്കാനായില്ല. രാത്രിയുടെ പല യാമങ്ങളും എനിക്ക് പകലുകളായിരുന്നു. പകലുകള്‍ ഘോരമായ ഇരുട്ടുള്ള രാത്രികളും! എന്തൊരു ജന്മം!

ഇന്ന് ഞാന്‍ എവിടെയാണെന്നറിയാമോ? അല്ലെങ്കില്‍ തന്നെ അത് ആര്‍ക്കറിയണം? അറിഞ്ഞിട്ടെന്ത് കാര്യം? ഞാന്‍ നിങ്ങളുടെ ആരാണ്? സാമുഹ്യ പ്രതിബദ്ധതയുടെ കിരീടം വച്ച് നടക്കുന്ന എഴുത്തുകാരെവിടെ? ക്രിസ്തുവിന്റെ ശിഷ്യന്മാരെന്നവകാശപ്പെട്ടു കുപ്പായമിട്ട് നടക്കുന്ന പുരോഹിത വര്‍ഗ്ഗമെവിടെ? സ്ത്രീ ശാക്തീകരണത്തിന് വേണ്ടി മുറവിളി കൂട്ടി സെമിനാറുകള്‍ നടത്തുന്ന ചേച്ചിമാരെവിടെ? ആരെങ്കിലും ഒരു ചെറുവിരലെങ്കിലും അനക്കിയോ ഞാന്‍ എവിടെയാണെന്നോ എന്നെ കണ്ടുപിടിക്കാനോ ഉള്ള ശ്രമങ്ങള്‍ക്ക് വേണ്ടി?പോലീസ് അന്വേഷിക്കുന്നു. എന്റെ പൊന്നു ചേച്ചിമാരേ, ചേട്ടന്മാരേ, എന്നെപ്പറ്റി നിങ്ങള്‍ക്കെന്തെങ്കിലും അറിയാമെങ്കില്‍ അധികൃതരോട് പറയു. എന്നെ കണ്ടെത്താന്‍ സഹായിക്കു. കൂപ്പുകയ്യോടെ ഇത് എന്റെ അപേക്ഷയാണ്!
Join WhatsApp News
എന്തറിയാം? 2017-10-14 16:50:30
എന്തറിഞ്ഞുകൊണ്ടാണാവോ ഇങ്ങനെയൊക്കെ എഴുതിവിടുന്നത്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക