Image

അമേരിക്കന്‍ മലയാള നിരൂപണ സാഹിത്യം - (ഒരു അവലോകനം: ഡോക്ടര്‍ നന്ദകുമാര്‍ ചാണയില്‍)

Published on 12 October, 2017
അമേരിക്കന്‍ മലയാള നിരൂപണ സാഹിത്യം - (ഒരു അവലോകനം: ഡോക്ടര്‍ നന്ദകുമാര്‍ ചാണയില്‍)
(ഒക്‌ടോബര്‍ 6,7,8 2017 തിയ്യതികളില്‍ ന്യൂയോര്‍ക്കില്‍ വച്ച് നടന്നന് ലാനയുടെ ഇരുപതാം വാര്‍ഷികവേളയില്‍ അവതരിപ്പിച്ചത്)

ഒരു കലാപരിപാടിയോ, നാടകമോ, സിനിമയോ കണ്ടുകൊണ്ടിരിക്കുമ്പോള്‍ അടുത്തിരിക്കുന്ന ആളിനോട് അഭിപ്രായം പറയുന്നത് സ്വാഭാവികമാണ്. അതേപോലെ തന്നെയാണ് ഒരു സദ്യ കഴിഞ്ഞാല്‍ വിഭവങ്ങളെക്കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങളും. വായിച്ചുകഴിഞ്ഞ ഒരു പുസ്തകത്തെക്കുറിച്ചും നാം അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാറുണ്ടു. അങ്ങനെ സാഹിത്യലോകത്തേക്ക് കടക്കുമ്പോള്‍ ഒരു ക്രുതിയെക്കുറിച്ച് ഗഹനമായ ഗുണദോഷവിചാരവും നിഗൂഢമായ അന്തര്‍ധാര പുറത്തുകൊണ്ടുവരികയും ചെയ്യുമ്പോള്‍ അതൊരു വേറിട്ട തലം പ്രാപിക്കുന്നു. ഈ അഭിപ്രായാവിഷ്കാരത്തില്‍ സാഹിത്യപരമായ മൂല്യനിര്‍ണ്ണയശേഷി, ഭാഷാപ്രാവീണ്യം, ഇതര ക്രുതികളുമായുള്ള താരതമ്യ പഠനം, നിഷ്പ്പക്ഷമായ സംവേദനക്ഷമത എന്നീ ചേരുവകള്‍ ഒത്തുചേരുമ്പോള്‍ അതൊരു നിരൂപണമായി രൂപാന്തരം പ്രാപിക്കുന്നു.

അമേരിക്കന്‍ മലയാള സാഹിത്യരംഗത്ത് നിരൂപണശാഖ അവികസിതമാണെന്ന പരാതി നിലവിലുണ്ട്. വായനക്കാരില്ലാത്ത സമൂഹത്തില്‍ നിരൂപണത്തിനു എന്തു പ്രസക്തി? നിരൂപണം എങ്ങനെ വളരും? ചിന്തനീയം തന്നെ. അതേപോലെതന്നെയാണ് വായനക്കാരെക്കാള്‍ കൂടുതല്‍ എഴുത്തുകാരാണു ഇവിടെ ഉള്ളതെന്ന പരാമര്‍ശങ്ങളും. ഇവിടുത്തെ എഴുത്തുകാരുടെ ക്രുതികള്‍ വായിക്കാന്‍ തരപ്പെടാത്തവരുണ്ടൊ നിരൂപണങ്ങള്‍ വായിക്കാന്‍ പോകുന്നു! ക്രുതിയുടെ രചയിതാക്കള്‍ പോലും അവരുടെ ക്രുതികളെക്കുറിച്ചെഴുതിയിട്ടുള്ള നിരൂപണം വായിക്കാറില്ലെന്ന നഗ്നസത്യം മണിക്കൂറുകള്‍ മിനക്കെട്ട് എഴുതുന്നവര്‍ക്ക് മനോക്ലേശവും. മ്ലാനതയും ഉളവാക്കുന്നു.തന്നെയുമല്ല പ്രസ്തുത ഗ്രന്ഥകര്‍ത്താക്കള്‍ പോലും നിരൂപണത്തിലെ നന്മകളും ന്യൂനതകളും നിരൂപകനെ അറിയിക്കാനോ ഒരു നന്ദി പോലും പ്രകാശിപ്പിക്കാനോ മിനക്കെടാറില്ലെന്നതും ഒരു ദുഃഖ സത്യമാണ്.അമേരിക്കന്‍ മലയാള സാഹിത്യകാരന്മാരോടും അവരുടെ ക്രുതികളോടും ചില കോണുകളില്‍ നിന്നുമുള്ള പുച്ഛമനോഭാവവും, അവഗണനയും,മുന്‍വിധിയോടെയുള്ള സമീപനവും, രചനകള്‍ വായിക്കപോലും ചെയ്യാതെ നടത്തുന്ന അഭിപ്രായങ്ങളും ഇവിടത്തെ എഴുത്തുകാരുടെ വളര്‍ച്ച മുരടിപ്പിക്കാനേയുതകൂ.

ഈ കുടിയേറ്റഭൂമിയില്‍ മലയാളികള്‍ വേരുറപ്പിക്കാനാരംഭിച്ചതോടെ മലയാള ഭാഷാ സാഹിത്യപ്രവര്‍ത്തനങ്ങളും തുടങ്ങി.ഇവിടത്തെ ആദ്യകാല മലയാള പ്രസിദ്ധീകരണങ്ങള്‍ ഒരു പറ്റം എഴുത്തുകാരെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ടെന്നു കാണാം.

അമേരിക്കന്‍ മലയാളസാഹിത്യനിരൂപണത്തിന്റെ ഹരിശ്രീ കുറിച്ചത് ശ്രീ. സുധീര്‍ പണിക്കവീട്ടിലാണ്. ഇവിടത്തെ മുഖ്യ എഴുത്തുകാരുടെ ക്രുതികളെക്കുറിച്ച് "കൈരളി''യുടെ താളുകളിലൂടെ ആ സേവനം തുടങ്ങി വച്ചത് ഇന്നും തുടര്‍ന്നുപോരുന്നു. "ഇ-മലയാളി''തുടങ്ങിയ ഓണ്‍ലൈന്‍ മലയാള മാധ്യമങ്ങളുടെ ആവിര്‍ഭാവത്തോടെ അദ്ദേഹത്തിന്റെ കര്‍മ്മമണ്ഡലം കുറച്ചുകൂടി വിസ്ര്തുതമായി. കൂടാതെ, അമേരിക്കന്‍ മലയാള സാഹിത്യചരിത്രം സംഗ്രഹിച്ചും ഇവിടത്തെ പ്രമുഖ എഴുത്തുകാരുടെ രചനകളെക്കുറിച്ച് പഠനം നടത്തിയും ഒരു നിരൂപണഗ്രന്ഥം ("പയേറിയയിലെ പനിനീര്‍പ്പൂക്കള്‍'') അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതു നമുക്കുള്ള ഒരു മുതല്‍ക്കൂട്ടാണ്.ഇതേത്തുടര്‍ന്ന്, ശ്രീ.വാസുദേവ് പുളിക്കലും "കൈരളിയുടെ'' താളുകളിലൂടെത്തന്നെ "മുഖാമുഖം'' എന്ന ഒരു പരമ്പരയിലൂടെ നിരൂപണം എഴുതിത്തുടങ്ങി. അദ്ദേഹവും "ഇ-മലയാളിയിലൂടെ'' നിരൂപണ സേവനം തുടരുന്നു. ഈ മേഖലയിലെ മറ്റൊരു വ്യക്തി, ഡോക്ടര്‍ എന്‍. പി. ഷീലയാണു. അവരും ഈ ശാഖയെ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുന്നു. ന്യൂയോര്‍ക്കിലെ "സര്‍ഗ്ഗവേദി'' "വിചാരവേദി'' എന്നീ സാഹിത്യക്കൂട്ടായ്മകളില്‍ തുടര്‍ച്ചയായി ചര്‍ച്ചയ്ക്ക് വരുന്ന അതാതു ക്രുതികള്‍ സശ്രദ്ധം പഠിച്ച് " ഈ മലയാളിയിലും'' ഇതര പ്രസിദ്ധീകരണങ്ങളിലും അവതരിപ്പിക്കുന്നതിനു പുറമേ, ചില ഗ്രന്ഥകര്‍ത്താക്കള്‍ സ്‌നേഹപൂര്‍വ്വം സമ്മാനിക്കുന്നതും, സ്വയം വാങ്ങുന്നതുമായ ക്രുതികളെക്കുറിച്ചും അണ്ണാറക്കണ്ണനും തന്നാലായത് എന്ന പോല്‍,ഈ ലേഖകനും എഴുതിവരുന്നു.തന്റേതായ ഒരു ശൈലിയിലൂടെ നിരൂപണത്തില്‍ നര്‍മ്മം കലര്‍ത്തുന്ന രീതി ചൂണ്ടിക്കാണിച്ചുകൊണ്ട് ചിലരെങ്കിലും അഭിനന്ദിച്ചിട്ടുണ്ട്.തന്റെ സാഹിത്യാഭിരുചി, ക്രുതികളെ അപഗ്രഥനം ചെയ്യുന്നതിനും നിരൂപണവീക്ഷണത്തോടെ സമീപിക്കാനുമുള്ള താല്‍പ്പര്യം പ്രകടമാക്കുന്നു.

മുന്‍ പ്രസ്താവിച്ച എഴുത്തുകാരെക്കുറിച്ച് എടുത്തുപറയാന്‍ കാരണം, ഇക്കൂട്ടര്‍ ഈ കര്‍മ്മം നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്നതിനാലാണ്. എന്നാല്‍ ഒറ്റക്കും തറ്റക്കുമായി നിരവധി എഴുത്തുകാര്‍ -ഡോക്ടര്‍മാര്‍ എം.എസ്.ടി.നമ്പൂതിരി,തോമസ് പാലക്കല്‍ ശ്രീ. നമ്പിമഠം, ശ്രീ മണ്ണിക്കരോട്ട്, ശ്രീമതിമാര്‍, എത്സി യോഹന്നാന്‍ ശങ്കരത്തില്‍, സരോജ വര്‍ഗ്ഗീസ്, എന്നിവരും പുസ്തകപരിചയങ്ങളിലൂടെ ഈ രംഗത്തുണ്ട്.രണ്ടായിരത്തിപതിനഞ്ചിലെ ലാനേയത്തില്‍ "വിമര്‍ശന വഴികള്‍ അമേരിക്കന്‍ മലയാള സാഹിത്യത്തില്‍'' എന്ന ഒരു ലേഖനം ശ്രീമതി സരോജ വര്‍ഗീസ്സ് എഴുതിയിട്ടുണ്ടു.

ആസ്വാദനം നിരൂപണത്തില്‍ ഉണ്ടാകുക അസ്വാഭാവികമല്ല. എന്നാല്‍ സംവേദനക്ഷമത അത്യന്താപേക്ഷിതമാണ്. ഒരു കലാകാരന്റെ ധിഷണതയും കരവിരുതും ഒരു ശില്‍പ്പത്തിന്റെ സൗന്ദര്യാവിഷ്കാരത്തിനുതകുന്നപോലെ തന്നെയാണ്, ഒരു ക്രുതിയുടെ ചാരുതയും മൂല്യവും പ്രകടമാക്കുന്ന നിരൂപണവും. മൂല്യനിര്‍ണ്ണയത്തില്‍ അവശ്യം ആവശ്യമായ ഘടകം നിരൂപകന്റെ വിജ്ഞാനമണ്ഡ്‌ലവിസ്ര്തുതിയും ജീവിതാനുഭവ നിരീക്ഷണപാടവവുമാണ്.ആഖ്യാനത്തെക്കുറിച്ചുള്ള നിരൂപകന്റെ വ്യാഖ്യാനവും പ്രമേയങ്ങളിലെ ദുരൂഹതാനാവരണവും വായനാനുഭവം ഹ്രുദ്യമാക്കാന്‍ ഉപകരിക്കും; അങ്ങനെ വായനാവലയം വിസ്ര്തുതമാകും.

മുഖ്യധാരയിലെ നിരൂപണസമ്രാട്ടുകളായ കേസരി ബാലക്രുഷണപിള്ള, കുട്ടിക്രുഷ്ണമാരാര്‍, പ്രൊ ജോസഫ് മുണ്ടശ്ശേരി, ഡോക്ടര്‍ സുകുമാര്‍ അഴീ ക്കോട് എന്നിവര്‍ക്കും പിഴവുകള്‍ പറ്റിയിട്ടിക്ലേ? അഭിപ്രായങ്ങള്‍ മാറ്റി പറയേണ്ടിവന്നിട്ടില്ലേ? അക്ലെങ്കിലും അഭിപ്രായം ഒരു ഇരുമ്പുലക്കയല്ലല്ലോ? ഇവിടത്തെ നിരൂപകന്മാര്‍ക്കും പാളിച്ചകള്‍ ഉണ്ടായേക്കാം, പിച്ചവെയ്പ്പില്‍ നിന്നാരംഭിച്ചിട്ടല്ലേ കുട്ടികള്‍ ഓടാന്‍ പഠിക്കുന്നതും.

ചില മാധ്യമങ്ങളിലെ തത്ത്വദീക്ഷ ഇല്ലായ്മയും, ആദര്‍ശവിഹീനതയും ക്രുതിയുടെ മേന്മ അവഗണിചച്ചുള്ള പക്ഷപാതപരമായ സമീപനം പുലര്‍ത്തലും ചെയ്യുന്നത് കൊണ്ട് പലപ്പോഴും നല്ല രചനകള്‍ വെളിച്ചം കാണാതെ പോകുന്നു. വ്യക്തിപൂജയും വ്യക്തിബന്ധങ്ങളും വെടിഞ്ഞ് ക്രുതികളെ നിഷ്പ്പക്ഷതയോടെ, മൂല്യാടിസ്ഥാനത്തില്‍കാണാനുള്ള വിവേകം മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിച്ചാല്‍ നല്ല ക്രുതികളേയും നല്ല നിരൂപകന്മാരേയുംപ്രോത്സാഹിപ്പിക്കാന്‍ സാധിക്കും. പ്രോത്സാഹനം, പ്രതിഫലം, പ്രതികരണം എന്നീ പ്രതിവിധികളിലൂടെ അമേരിക്കന്‍ മലയാളസാഹിത്യത്തിന്റെ ത്രിദോഷങ്ങളും പരിഹരിക്കപ്പെടാം.ചുരുക്കത്തില്‍ അതൊരു വാജീകരണപ്രക്രിയയായി പരിഗണിക്കപ്പെട്ടേക്കാം.ഇവിടത്തെ ചില മാദ്ധ്യമങ്ങളും ദേശീയ സംഘടനകളും പ്രൗഢഗംഭീരമായി സാഹിത്യകാരന്മാര്‍ക്ക് രചനാമത്സരങ്ങളും പുരസ്കാരങ്ങളും കൊട്ടിഘോഷിക്കാറുണ്ടു. കൂടെ കാഷ് അവാര്‍ഡും നല്‍കുന്നതായിരിക്കുമെന്നെല്ലാം പ്രഖ്യാപിക്കുമെങ്കിലും എല്ലാം ഒരു ഫലകത്തില്‍ ഒതുക്കും; ചിലപ്പോള്‍ അതുമുണ്ടാകില്ല. പ്രഖ്യാപിച്ച കാഷ് അവാര്‍ഡ് ഗോപി!!! എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം കബളിപ്പിക്കുകയോ? ഈ ലേഖകന്‍ തന്നെ മൂന്നിലധികം തവണ കബളിപ്പിക്കപ്പെട്ടതിനുള്ള തെളിവുകളുണ്ടു. പേരുകള്‍ വെളിപ്പെടുത്തുന്നത് അന്തസ്സല്ലല്ലോ. എല്ലാ മാധ്യമങ്ങളും അങ്ങനെയാണെന്ന വിവക്ഷയില്ലെന്നു പ്രത്യേകം സൂചിപ്പിക്കട്ടെ. ഇ-മലയാളിപോലെ ചില മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ മാന്യത പുലര്‍ത്തുന്നതായി എടുത്ത് പറയേണ്ടതുണ്ട്.

മുഖ്യധാരയിലെ അമേരിക്കന്‍ മലയാളസാഹിത്യത്തോടുള്ള അവഗണനയും ഇവിടത്തെ എഴുത്തുക്കാര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം കിട്ടാതിരിക്കുന്നതിനുള്ള വേറൊരു കാരണമാണ്. നാട്ടില്‍ നിന്നും ആഥിതേയത്വം സ്വീകരിച്ചു വരുന്ന ബഹുമാന്യരായ ചില സാഹിത്യവിശാരദന്മാര്‍ ഇവിടെവച്ച് ഇവിടത്തെ ക്രുതികളേയും എഴുത്തുകാരേയും പുകഴ്ത്തുകയും അവിടെ തിരിച്ചെത്തിയിട്ട് ഇകഴ്ത്തുകയും ചെയ്യുന്ന ഒരു പ്രവണത കണ്ടു വരുന്നുണ്ട്.

അമേരിക്കയിലെ മലയാളി ദേശീയ സംഘടനകളില്‍ നിന്നും ഇവിടത്തെ മലയാള സാഹിത്യത്തിനു പ്രോത്സാഹനമായി ലഭിക്കുന്നത്, വെറും അധരപൂജയും കേവലം പ്രഹസനവുമായി പരിണമിക്കുന്നു. അവര്‍ക്കാകട്ടെ, രാഷ്ട്രീയക്കാരേയും സിനിമക്കാരേയും താലോലിക്കുന്നതിലാണു താല്‍പ്പര്യവും. ഈ അവസരത്തിലാണ് "ലാന'' പോലുള്ള സാഹിതീസംഘടന,ഇവിടത്തെ സാഹിത്യകാരന്മാരോടുള്ള പ്രോത്സാഹനമനോഭാവവും പ്രവര്‍ത്തനമികവും തെളിയിക്കേണ്ടത്. വര്‍ഷം തോറും മലയാളഭാഷാപരിപോഷണത്തിനായി സമ്മേളനങ്ങളും ശില്‍പ്പശാലകളും രചനാമത്സരങ്ങളും നടത്തുക, നാട്ടിലെ സാഹിത്യഅക്കാദമി പോലെ ഒരു കേന്ദ്രീക്രുത കൂട്ടായ്മ "ലാന''യുടെ കുടക്കീഴില്‍ രൂപീകരിച്ച് നല്ല ക്രുതികളെ കണ്ടെത്തി പ്രസിദ്ധീകരിക്കുക, എന്നിവയിലൂടെ സാഹിത്യോന്നമനയജ്ഞംസഫലീക്രുതമാക്കാന്‍സാധിതമായേയ്ക്കും.

ഇവിടത്തെ ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ ചില വായനക്കാരുടെ പ്രതികരണങ്ങള്‍ വരാറുണ്ട്; നല്ലത് തന്നെ. പക്ഷെ, സ്വന്തം പേരു പറയാതെ വ്യാജപ്പേരുകളില്‍.മ്ലേഛമായ അഭിപ്രായപ്രകടനം നടത്തുന്നത് ഒരു നല്ല പ്രവണതയല്ല; അതു പ്രോത്സാഹിപ്പിക്കുന്നതോ മാധ്യമ പ്രവര്‍ത്തനത്തിനു ഭൂഷണവുമല്ല.

ഒരു രക്ഷകര്‍ത്താവിന്റെ ധാര്‍മ്മിക ഉത്തരവാദിത്വമാണല്ലോ സന്തതികളുടെ അപഥസഞ്ചാരോദ്യമത്തെ തിരുത്തി നേര്‍വഴി കാണിച്ചുകൊടുക്കുക എന്നത്. താലോലിച്ച്, ശീലം വഷളാക്കാതെ ശാസിക്കേണ്ടിടത്ത് ഔചിത്യപൂര്‍വ്വം ശാസിക്കേണ്ടതും പ്രശംസിക്കേണ്ടിടത്ത് പ്രശംസിക്കുന്നതും മാതാപിതാക്കളുടെ കടമയാണ്. അതുപോലെതന്നെയാണു, ഒരു നിരൂപകന്റേതും. തലോടലും, താഡനവും, ഔചിത്യാനുസരണം പ്രയോഗിക്കേണ്ടതു ഒരു നിരൂപകന്റെ ദൗത്യമാണ്. അങ്ങനെനീതിമാനായ ഒരു ന്യായധിപനെപ്പോലെയായിരിക്കണം ഒരു നിരൂപകനും. അഴീക്കോടുമാഷിന്റെ ഭാഷയില്‍ പറഞ്ഞാല്‍ മണ്ഡനവും ഖണ്ഡനവും ഒരു നിരൂപകന്റെ ധര്‍മ്മമാണ്. അതുവേണ്ടവിധം ഉപയോഗിക്കേണ്ടത് നിരൂപകന്റെ ഉത്തരവാദിത്വവും.

നിസ്വാര്‍ത്ഥതയോടും, അര്‍പ്പണബോധത്തോടും, നിസ്തുല സേവനം അനുഷ്ഠിക്കാമെങ്കില്‍ അമേരിക്കന്‍ മലയാള സാഹിത്യവും അവഗണിക്കപ്പെടില്ല; ആദരിക്കപ്പെടുന്ന ശുഭമുഹുര്‍ത്തവും സമായാതമാവും. ഇടറരുത് നമ്മുടെ കാലടികള്‍; തളരരുത് നമ്മുടെ പരിശ്രമങ്ങള്‍; ഉപേക്ഷിക്കരുത് നമ്മുടെ യത്‌നയജ്ഞങ്ങള്‍; ക്ഷയിക്കരുത് നമ്മുടെ വീര്യം. നമുക്കും വിജയസമായം സുനിശ്ചിതമെന്നു ഈ ലേഖകനു ദ്രുഢവിശ്വാസമുണ്ട്.
അമേരിക്കന്‍ മലയാള നിരൂപണ സാഹിത്യം - (ഒരു അവലോകനം: ഡോക്ടര്‍ നന്ദകുമാര്‍ ചാണയില്‍)
Join WhatsApp News
വിദ്യാധരൻ 2017-10-12 23:14:22
വ്യാജപ്പേരായതുകൊണ്ടാണോ അഭിപ്രായം മ്ലേച്ഛമായത് ?   പേരില്ലാതെ എഴുതുന്നവർ അവരുടെ അഭിപ്രായമേ എഴുതുന്നുള്ളു .അവരാരും റഷ്യക്കാരെപ്പോലെ നിങ്ങളുടെ കംപ്യുട്ടർ ഇലക്ട്രോണിക് സംവിധാനങ്ങളെ ഭേദിച്ച് നിങ്ങളുടെ കഥകളുടെയോ കവിതയുടെയോ ആശയങ്ങൾക്ക് മാറ്റം വരുത്തുന്നില്ല. വ്യാജന്മാർ എഴുത്തുകാരുടെമേലും സംഘടനകളുടെമേലും സമ്മർദ്ദം ചെലുത്തി അവരുടെ ചില്ല നിഗൂഢ പദ്ധതികളെ ജനങ്ങളുടെ മുൻപിൽ തൊലി ഉരിയിച്ച് കാണിക്കുക എന്നേയുള്ളു.  എഴുത്ത് നന്നായില്ലെങ്കിലും അവാർഡ് ഉണ്ടെങ്കിൽ അത് നല്ലതാണ് എന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തെ വ്യാജന്മാർ കാണുന്നത് ഒരു നിഗൂഡ പദ്ധതി ആയിട്ടാണ്.  ഈ പ്രവണത നൂറ്റാണ്ടുകളായി 'ക്ഷീണിക്കാത്ത മനീഷയും മഷി ഉണങ്ങിടാത്ത പൊൻപേനയുമായി" സാഹിത്യത്തെ വളർത്തി എടുത്തവരുടെ നെഞ്ചിൽ ചവിട്ടി നിന്നുകൊണ്ട് സാഹിത്യത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന ഒരു വിഭാഗത്തെ സൃഷ്ട്ടിക്കാനെ സാഹായിക്കു.     എന്തുകൊണ്ടാണ് 'വ്യാജന്മാർ'  മ്ലേച്ഛന്മാരായത് ?  വ്യാജന്മാരെ ഇവിടെ സൃഷ്ടിച്ചതിൽ ഇവിടുത്തെ എഴുത്തുകാർക്കും സംഘടനകൾക്കും വലിയൊരു പങ്കുണ്ട്.   വ്യാജന്മാർ ഒളിപ്പോര് നടത്തുന്നത് അവാര്ഡ്കളുടെയും പൊന്നാടകളുടെയും അടിത്തറകെട്ടി അതിൽ ഒരു മലയാള സാഹിത്യത്തിന്റെ പുതിയ ശാഖ തുറക്കാൻ ശ്രമിക്കുന്നവരെ  ഓടിക്കുക എന്ന ലക്ഷ്യത്തോടെയാണ്.  
വ്യാജന്മാർ സത്യ ധർമ്മങ്ങളെ മുറുകെപ്പിടിക്കുന്നവരും സാഹിത്യത്തെ സ്നേഹിക്കുന്നവരുമാണ്.  അവരെ നിങ്ങൾ മ്ലേച്ചന്മാരും ഭീരുക്കളും എന്നൊക്കെ വിളിച്ചതുകൊണ്ട് അവർ അതാകുന്നില്ല. പേര് വെളിപ്പെടുത്താതെ   സ്വതന്ത്രമായ ചർച്ച ചെയ്യാൻ കഴിവുള്ളവരാണ് മിക്ക വ്യാജന്മാരും. അവർക്ക് ആരോടും കടപ്പാടില്ല അവർ അവാർഡുകളും പൊന്നാടകളും പ്രതീഷിക്കാതെ നിഷ്ക്കാമ കർമ്മം ചെയ്യുന്നവരാണ് . അങ്ങനെ ഒന്ന് എഴുതിനോക്ക് അപ്പോൾ അറിയാം അതിന്റ സുഖം. ഇവിടെ വ്യാജന്മാർ ഒന്നേ പ്രതീഷിക്കുന്നുള്ളു അഹങ്കാര രഹിതമായ ഒരു സാഹിത്യം ആത്മാർഥതയുള്ള സാഹിത്യം. അത്തരം സാഹിത്യത്തെ ഒരു വ്യാജനും നിരസിക്കാൻ കഴിയില്ല .

"ഉള്ളത്തിൽക്കനിവൊട്ടുമെന്നിയതിനീ-
        ചത്വത്തൊടും നല്ല തേൻ -
ത്തുള്ളിക്കൊത്ത് മാതൃത്തെഴും മൊഴിയൊടും 
        നഞ്ചൊത്ത നെഞ്ചത്തൊടും 
കള്ളം തന്നെ നിറഞ്ഞു നേരകലെയായ് 
        തന്നെ ഭരിപ്പാൻ സ്വയം 
ത്തള്ളിക്കേറും ഒരുത്തനാകിലിവിടെ- 
        സ്സൗഖ്യം നിനക്കും സഖേ !" (എഴുത്ത് -ആശാൻ )

'നെഞ്ചാളും വിനയമൊടെന്നി പൗരഷത്താൽ 
നിഞ്ചാരുദ്യുതി കണികാണ്മതില്ലൊരാളും 
കൊഞ്ചൽതേൻമൊഴിമണി നിത്യകന്യകേ നിൻ 
മഞ്ചത്തിൻ മണമറികില്ല മൂർത്തിമാരും' (കാവ്യകല -ആശാൻ ) 

ഇത്രയും എഴുതിയത് കൊണ്ട് ഇവിടെ എഴുതുന്നവർ എല്ലാം ചീത്ത എഴുത്തുകാർ എന്ന് അർത്ഥമില്ല . എന്നാൽ കള്ള കമ്മട്ടങ്ങൾ ധാരളം മലയാള സാഹിത്യത്തെ കാർന്ന് തിന്നാൻ ശ്രമിക്കുന്നുണ്ട്.  ഈ വ്യാജന്മാരെ വ്യാജന്മാർക്കെ നേരിടാൻ സാധിക്കുകയുള്ളു .  ഹൃദയത്തിൽ പരിശുദ്ധി സൂക്ഷിക്കുന്ന വ്യാജന്മാരെ  നിങ്ങൾ എങ്ങനെ മ്ലേച്ചന്മാർ എന്ന് വിളിക്കും?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക