Image

നമ്മെ സ്വാധീനിക്കാത്തത് നല്ല പുസ്തകമല്ല: പി.എഫ് മാത്യൂസ്

Published on 10 October, 2017
നമ്മെ സ്വാധീനിക്കാത്തത് നല്ല പുസ്തകമല്ല: പി.എഫ് മാത്യൂസ്
ന്യൂയോര്‍ക്ക്: നമ്മെ സ്വാധീനിക്കാത്ത പുസ്തകത്തിനു പ്രസക്തിയില്ലെന്നു എഴുത്തുകാരനായ പി.എഫ് മാത്യൂസ്. നല്ല പുസ്തകം വായിക്കുന്നതിനു മുമ്പുള്ള വ്യക്തിയും പുസ്തകം വായിച്ചശേഷമുള്ള വ്യക്തിയും വ്യത്യസ്തരായിരിക്കും. ഇതുകൊണ്ടാണ് പുസ്തകം കൂടം കൊണ്ടുള്ള അടി പോലെയാണ് അനുഭവപ്പെടേണ്ടതെന്നു കാഫ്ക പറഞ്ഞത്- ലാനയുടെ ചോദ്യോത്തര വേളയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരോ കാലത്തു വായിക്കുന്നവര്‍ക്കും വ്യത്യസ്തമായ അനുഭവം നല്‍കുന്നതുകൊണ്ടാണ് ചില സൃഷ്ടികള്‍ ഉദാത്തമാകുന്നത്. ഒഡീസിയും രാമായണവുമൊക്കെ എക്കാലവും പ്രസക്തമാകുന്നത് അതുകൊണ്ടുതന്നെ.

കാപകയുടെ 'ദി ട്രയല്‍' പലരീതിയിലാണ് പലകാലത്ത് വ്യാഖ്യാനിക്കപ്പെട്ടത്. ബ്യൂറോക്രസി മനുഷ്യപുരോഗതിയെ എങ്ങനെ തടസ്സപ്പെടുത്തുന്നു എന്നതിന്റെ തെളിവായി ഒരുകാലത്ത് അത് വ്യാഖ്യാനിക്കപ്പെട്ടു. ജോസഫ് കെ. എന്ന വ്യക്തിയെ ഒരു പ്രഭാതത്തില്‍ അറസ്റ്റ് ചെയ്യുന്നു. അറസ്റ്റ് ചെയ്യുന്നവര്‍ക്കോ പിന്നീടുള്ളവര്‍ക്കോ എന്തിനായിരുന്നു അറസ്റ്റ് എന്നു അറിയില്ല. അയാള്‍ ചെയ്ത കുറ്റമെന്തെന്ന് അവര്‍ക്ക് അറിയില്ല.

ജനിച്ചതു തന്നെ തെറ്റ് എന്ന രീതിയിലുള്ള എക്‌സിസ്റ്റന്‍ഷ്യലിസ്റ്റ് ചിന്താഗതി അനുസരിച്ച് അത് പിന്നീടു വ്യാഖ്യാനിക്കപ്പെട്ടു.

റഫേയിലിനെപ്പോലെ ചിത്രം വരച്ചിരുന്നയാളാണ് പിക്കാസോ. എന്നാല്‍ ക്യാമറ യാഥാര്‍ത്ഥ്യത്തെ അതേപടി ചിത്രീകരിക്കുന്നുവെന്നു കാണ്ടറിഞ്ഞപ്പോള്‍ പിക്കാസോ ചിത്ര രചനാ രീതി മാറ്റി.രൂപങ്ങളെ വക്രീകരിച്ചും മറ്റും പുതിയ മാനങ്ങള്‍ തേടി.

ഒരു ഗ്രന്ഥം ഒന്നു വായിച്ചിട്ട് പിന്നെ അവഗണിച്ചാല്‍ അത് മഹത്തായ സൃഷ്ടി ആയിരിക്കില്ല. ഒരേ ഗ്രന്ഥത്തെ പല രീതിയിലാണ് ആളുകള്‍ കാണുന്നത്. ഭഗവത്ഗീത ഗാന്ധിജിക്കും ഗോഡ്‌സെയ്ക്കും ഒരുപോലെ പ്രിയപ്പെട്ടതായിരുന്നു. രണ്ടുപേരും കണ്ടത് വ്യത്യ്സ്ഥരീതിയില്‍. യുദ്ധരംഗത്തുണ്ടായ തന്ത്രത്തിന്റെ ഭാഗമാണ് ഗീത. പക്ഷെ പിന്നീടത് ഉപനിഷത്തുകളെയെല്ലാം പിന്നിലാക്കി. അതു പ്രചാരണ സാഹിത്യവുമാണ്.

എനിക്ക് എഴുതാതിരിക്കാനാവില്ല എന്ന അവസ്ഥയിലാണ് എഴുതെണ്ടത്. എഴുത്ത് നാം തെരഞ്ഞെടുക്കുന്നതല്ല. നമ്മെ തെരഞ്ഞെടുക്കുന്നതാണ്. എഴുതാന്‍ ചിലര്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു.

തന്റെ ഒരു പുസ്തകം പോലും സാമ്പത്തിക നേട്ടം ഉണ്ടാക്കിയില്ല. മഹാരഥനായ ഫോക്‌നറുടെ സ്ഥിതിയും അതുതന്നെയായിരുന്നു. എന്നിട്ട് സിനിമാ കഥയെഴുതാന്‍ ഹോളിവുഡില്‍ ചെന്നപ്പോള്‍ അദ്ധേഹത്തിനു എഴുതാന്‍ അറിയില്ലെന്നായിരുന്നു അവിടെയുള്ളവര്‍ പറഞ്ഞത്. ഫോക്ക്‌നര്‍ തമാശ മട്ടിലാണ് അതിനെ സമീപിച്ചത്.

കാഫ്ക ജീവിച്ചിരുന്നപ്പോള്‍ ഒന്നോ രണ്ടോ കൃതികളാണ് വെളിച്ചം കണ്ടത്. മരണാനന്തരം കത്തിച്ചുകളയാന്‍ സുഹൃത്തിനു നല്‍കിയ സൃഷ്ടികള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അതു ലോകത്തെ മാറ്റിമറിക്കുന്ന കാഴ്ചയാണ് കണ്ടത്. വിര്‍ജീനിയ വുള്‍ഫ്, എ. അയ്യപ്പന്‍, പി. കുഞ്ഞിരാമന്‍ നായര്‍ എന്നിവരൊക്കെ അനാഥരെപ്പോലെ കിടന്നു മരിക്കുകയായിരുന്നു.

ഭൗതിക നേട്ടം കിട്ടാനല്ല എഴുതുന്നത്. എനിക്കും എന്തോ പറയാനുണ്ട്. നമ്മെ തന്നെ ആവിഷ്‌കരിക്കണം എന്ന അവസ്ഥിയിലാണ് എഴുത്ത്. എഴുത്തിന്റെ സുഖമാണ് അവിടെ ലഭിക്കുന്നത്.

ഇരുട്ടില്‍ ഒരു പുണ്യവാളന്‍ എന്ന തന്റെ നോവലിനു വ്യക്തമായ ഒരു ഫിലോസഫി ഇല്ല. സാഹിത്യ സൃഷ്ടിക്ക് സന്ദേശമൊന്നും ആവശ്യമില്ല. മാക്‌സിം ഗോര്‍ക്കിയുടെ 'അമ്മ' പ്രചാരണ നോവലാണ്. ഇന്നതിന് ചരിത്രപരമായ പ്രസക്തി മാത്രം. എന്നാല്‍ അദ്ദേഹത്തിന്റെ ബാല്യകാല സ്മരണ ഇന്നും പ്രസക്തമായി നിലകൊള്ളുന്നു.

1989-ല്‍ പുറത്തുവന്ന തന്റെ ചാവുനിലം എന്ന നോവലിന്റെ മൂന്നു ഡ്രാഫ്റ്റ് എഴുതി. ഒരു ഡ്രാഫ്റ്റിനു ഒരു വര്‍ഷം എടുത്തു. പുസ്തകം പ്രസിദ്ധീകരിച്ചിട്ട് ഒരു അനക്കവുമില്ല. അതിനാല്‍ കുറെക്കാലം എഴുതാതെയിരുന്നു. തിരക്കഥാ സൃഷ്ടിയിലേക്ക് മാറി.ഇപ്പോള്‍ പക്ഷെ ചാവുനിലം പുതുതലമുറ വായിക്കുന്നു.

അടിയന്തരാവസ്ഥക്കാലത്തേക്ക് ഇന്ത്യ പോകുമോ എന്ന ഭയമുണ്ട്. അടിസ്ഥാനപരമായി നാം ഭീരുക്കളാണ്. അടിന്തരാവസ്ഥയില്‍ അതിനെ എതിര്‍ത്തവര്‍ എത്ര പേരുണ്ട്? അതിനെ വാഴ്ത്തിയ എഴുത്തുകാര്‍ ധാരാളം.

വായനാസുഖം നല്‍കുകയല്ല എഴുത്തിന്റെ ലക്ഷ്യം. യൂലിസസ് ഇന്നും തനിക്ക് പൂര്‍ണ്ണമായി വായിക്കാന്‍ കഴിഞ്ഞിട്ടില്ല. പുസ്തകത്തിന്റെ പ്രശ്‌നമല്ല അത്. ഖസാക്കിന്റെ ഇതിഹാസവും ആദ്യവായനയില്‍ ഒന്നും മനസ്സിലായില്ല.

താന്‍ ഇവിടെ വന്നതുകൊണ്ട് ആരെയെങ്കിലും സ്വീധീനിക്കുമെന്നോ, എഴുത്തുകാരാക്കുമെന്നോ കരുതുന്നില്ല. ഇക്കാര്യത്തില്‍ എന്നെ വെറുതെ വിടുക- മാത്യൂസ് പറഞ്ഞു.

ഡോ. എന്‍.പി. ഷീല, സി.എം.സി. മനോഹര്‍ തോമസ് എന്നിവരും സദസ്സില്‍ നിന്ന് ജയിംസ് കുരീക്കാട്ടില്‍, അനിലാല്‍ ശ്രീനിവാസന്‍, ജെ. മാത്യൂസ്, മീനു എലിസബത്ത് തുടങ്ങി ഒട്ടേറെ പേരും പങ്കെടുത്തു. 
നമ്മെ സ്വാധീനിക്കാത്തത് നല്ല പുസ്തകമല്ല: പി.എഫ് മാത്യൂസ്നമ്മെ സ്വാധീനിക്കാത്തത് നല്ല പുസ്തകമല്ല: പി.എഫ് മാത്യൂസ്നമ്മെ സ്വാധീനിക്കാത്തത് നല്ല പുസ്തകമല്ല: പി.എഫ് മാത്യൂസ്നമ്മെ സ്വാധീനിക്കാത്തത് നല്ല പുസ്തകമല്ല: പി.എഫ് മാത്യൂസ്നമ്മെ സ്വാധീനിക്കാത്തത് നല്ല പുസ്തകമല്ല: പി.എഫ് മാത്യൂസ്നമ്മെ സ്വാധീനിക്കാത്തത് നല്ല പുസ്തകമല്ല: പി.എഫ് മാത്യൂസ്നമ്മെ സ്വാധീനിക്കാത്തത് നല്ല പുസ്തകമല്ല: പി.എഫ് മാത്യൂസ്നമ്മെ സ്വാധീനിക്കാത്തത് നല്ല പുസ്തകമല്ല: പി.എഫ് മാത്യൂസ്നമ്മെ സ്വാധീനിക്കാത്തത് നല്ല പുസ്തകമല്ല: പി.എഫ് മാത്യൂസ്നമ്മെ സ്വാധീനിക്കാത്തത് നല്ല പുസ്തകമല്ല: പി.എഫ് മാത്യൂസ്നമ്മെ സ്വാധീനിക്കാത്തത് നല്ല പുസ്തകമല്ല: പി.എഫ് മാത്യൂസ്നമ്മെ സ്വാധീനിക്കാത്തത് നല്ല പുസ്തകമല്ല: പി.എഫ് മാത്യൂസ്നമ്മെ സ്വാധീനിക്കാത്തത് നല്ല പുസ്തകമല്ല: പി.എഫ് മാത്യൂസ്നമ്മെ സ്വാധീനിക്കാത്തത് നല്ല പുസ്തകമല്ല: പി.എഫ് മാത്യൂസ്നമ്മെ സ്വാധീനിക്കാത്തത് നല്ല പുസ്തകമല്ല: പി.എഫ് മാത്യൂസ്നമ്മെ സ്വാധീനിക്കാത്തത് നല്ല പുസ്തകമല്ല: പി.എഫ് മാത്യൂസ്നമ്മെ സ്വാധീനിക്കാത്തത് നല്ല പുസ്തകമല്ല: പി.എഫ് മാത്യൂസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക