Image

സൈബര്‍ ലോകത്തിലെ മലയാള സാഹിത്യം: ജെയിന്‍ ജോസഫ്

Published on 09 October, 2017
സൈബര്‍ ലോകത്തിലെ മലയാള സാഹിത്യം: ജെയിന്‍ ജോസഫ്
ലാന സമ്മേളനത്തില്‍ അവതരിപ്പിച്ചത്

ഈ ചര്‍ച്ചയില്‍ പങ്കെടുക്കുവാന്‍ ഇവിടെയെത്തിയിരിയ്ക്കുന്ന എല്ലാവര്‍ക്കും സ്വാഗതം.
വളരെയധികം ആനുകാലിക പ്രസക്തിയുള്ള ഒരു വിഷയമാണ് നമ്മള്‍ ഇന്നിവിടെ ചര്‍ച്ച ചെയ്യുന്നത് 

സൈബര്‍ ലോകത്തിലെ മലയാള സാഹിത്യം.
എന്താണ് സൈബര്‍ സ്പേസ്? അഥവാ സൈബര്‍ ലോകം? 1984-ല്‍ വില്യം ഗിബ്സണ്‍ സയന്‍സ് ഫിക്ഷന്‍ നോവലില്‍െ സെബര്‍ സ്‌പേസ് എന്ന പദം ആദ്യമായി പ്രയോഗിച്ചു.

സ്പര്‍ശിക്കുവാനും കാണുവാനും കഴിയാത്ത ഭൗതിക അതിര്‍ത്തി (Physical Boundarise) ഇല്ലാത്ത എന്നാല്‍ അനുഭവിക്കാന്‍ സാധിക്കുന്ന ഒരു ലോകം. അതാണ് ഇന്ന് സൈബര്‍ ഇടങ്ങള്‍. അതേക്കുറിച്ച് ജി. മധുസൂദനന്‍ 'ഭാവുകത്വം 21-ാം നൂറ്റാണ്ടില്‍' എന്ന തന്റെ കൃതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ കമ്പ്യൂട്ടറുകളും വിനിമയ സംവിധാനങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുകയും, നിലനിര്‍ത്തുകയും ചെയ്യുന്ന ഒരു പുതിയലോകം. ഒരു സമാന്തര ലോകം. അറിവിന്റെ ഗോളയാത്രകളും രഹസ്യങ്ങളും അളവുകളും ദിശാസൂചികളും, വിനോദങ്ങളും, മനുഷ്വേതര ഉപാധികളിലൂടെ രൂപമെടുക്കുന്ന ലോകം.

ലോകത്തെവിടെ നിന്നും ഒരു കമ്പ്യൂട്ടറിലൂടെ നിങ്ങള്‍ക്ക് ഈ ആഗോള സ്ഥലത്തേക്ക് കടന്നു ചെല്ലാം. ഒരു ചെറിയ കുറിപ്പടിയില്‍ നിന്ന് ഒരു പേജിലേക്കും സ്‌ക്രീനിലേക്കും. പുതിയ ലോകത്തേക്ക് നിങ്ങള്‍ക്ക് പ്രവേശനം ലഭിക്കുന്നു. സ്ഥിതിവിവരക്കണക്കുകളും വസ്തുതകളും നുണകളും എല്ലാം കൂടിക്കുഴയുന്നൊരു നവപ്രദേശം. ശരീരചലനം ആവശ്യമില്ലാത്ത ഈ വിശ്വയാത്രയില്‍ ശരീരം അപ്രസക്തമാവുന്നു. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നിര്‍വ്വചനം.

ഇന്ന് നമ്മള്‍ പലരുടേയും ദിവസം തുടങ്ങുന്നത് സൈബര്‍ ലോകത്തേക്ക് ജനാലകള്‍ തുറന്നു കൊണ്ടാണ്. അനുദിന സംഭവങ്ങളും, രാഷ്ട്രീയ നീക്കങ്ങളും, കാലാവസ്ഥ വ്യതിയാനങ്ങളുമൊക്കെ നമ്മള്‍ ഇന്നറിയുന്നത് ഇന്റര്‍നെറ്റിലുടെയാണു. നമ്മുടെ വിരല്‍ത്തുമ്പുകളിലേക്ക് ലോകം ചുരുങ്ങിയതുപോലെ.

മലയാളി വാര്‍ത്തയറിയാന്‍ പത്രക്കാരനെ നോക്കിയിരുന്നതോ, കഥകളും, ലേഖനങ്ങളും വായിക്കുവാന്‍ വാരാന്ത്യപ്പതിപ്പുകളേയോ, മാസികകളേയോ കാത്തിരുന്നതോ ഒന്നും വളരെ പണ്ടല്ല. ഏതാണ്ട് രണ്ട് ദശകമേ ആവുന്നുള്ളൂ. ഇന്റര്‍നെറ്റ് മലയാളിയുടെ ദൈനംദിന ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായിട്ട്. അച്ചടിയെ തകിടം മറിച്ചിരിക്കുകയാണ് വാര്‍ത്താ മാധ്യമരംഗങ്ങളില്‍ ഇന്റര്‍നെറ്റിന്റെ സാദ്ധ്യതകള്‍.

പേപ്പറുകളില്‍ പ്രിന്റ് ചെയ്ത് ബൈന്‍ഡ് ചെയ്ത് അത് ട്രക്കുകളിലും മറ്റും വിതരണ സ്ഥലങ്ങളിലെത്തിച്ച് ഏജന്റുകള്‍ വഴിയോ കടകള്‍ വഴിയോ ഒക്കെ വായനക്കാരിലെത്തിക്കുന്ന സ്ഥാനത്ത് അപ്പപ്പോള്‍ പത്രങ്ങളുടെ ഒണ്‍ലൈന്‍ പതിപ്പുകള്‍ വഴി നമ്മള്‍ വിവരങ്ങള്‍ അറിയുന്ന മിക്ക പത്രങ്ങള്‍ക്കും ഓണ്‍ലൈന്‍ ഉണ്ട്. അതിവേഗം ബഹുദൂരം എന്നായിരിക്കുന്ന ഇന്നത്തെ സെബര്‍ സ്‌പേസ.

മലയാള സാഹിത്യം സൈബര്‍ ഇടങ്ങളിലേക്ക് കുടിയേറിത്തുടങ്ങിയിട്ട് അധിക വര്‍ഷങ്ങളായിട്ടില്ല. മലയാള അക്ഷരങ്ങള്‍ കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യാനുള്ള ബുദ്ധിമുട്ട് തന്നെയായിരുന്നു ആദ്യമാദ്യം ഉണ്ടായ വെല്ലുവിളികള്‍. പിന്നീട് മലയാളം യൂണികോഡിന്റെ വരവോടു കൂടി മലയാളം ബ്ലോഗിങ്ങില്‍ വലിയ ഒരു വളര്‍ച്ച തന്നെയുണ്ടായി. 1996- 2004 കാലഘട്ടത്തിലാണ് ആദ്യമായി മലയാളം ബ്ലോഗുകള്‍ ജന്മമെടുക്കുന്നത്. ഇതിന്റെ സ്ഥിതി വിവരക്കണക്കുകള്‍ നോക്കുകയാണെങ്കില്‍ 2004 ല്‍ 16 യൂണികോഡ്ബ്ലോഗ് പോസ്റ്റുകള്‍ ഉണ്ടായിരുന്നെങ്കില്‍ 2004 ആയപ്പോഴേയ്ക്ക് അത് ഏതാണ്ട് ഒരു ലക്ഷത്തിനു മേലെയായി. അത്രയും വേഗമായിരുന്നു ബ്ലോഗുകളുടെ വളര്‍ച്ച. തങ്ങളുടെ കൃതികള്‍ വളരെ വേഗം തന്നെ വായനക്കാരിലേക്ക് എത്തിക്കാന്‍ സാധിക്കുക; ഉടനെതന്നെ അവരുടെ പ്രതികരണങ്ങള്‍ അറിയാന്‍ സാധിക്കുക.

ഇതുതന്നെയാണ് വളരെയേറെപ്പേരെ എഴുത്തിലേക്ക് ആകര്‍ഷിച്ചത്.
അതുവരെയുള്ള പ്രസിദ്ധീകരണ രീതി അട്ടിമറിക്കുന്നതായിരുന്നു ബ്ലോഗുകള്‍ ചെയ്തത്.

സ്വന്തം മുറിയിലിരുന്നു നിമിഷം നേരം കൊണ്ട് ടൈപ്പ് ചെയ്ത് വായനക്കാരിലേക്ക് എത്തിക്കാനുള്ള സംവിധാനം ഏറെപ്പേരെ എഴുത്തിലേയ്ക്ക് ആകര്‍ഷിച്ചു. മറ്റു ഭാഷകളിലെന്നപോലെ ഈ കാറ്റ് മലയാള എഴുത്തിലും ആഞ്ഞടിച്ചു. അത് ബ്ലോഗുകളുടെ കഥ. അങ്ങനെ പല വിഷയങ്ങളില്‍ മലയാളം ബ്ലോഗുകള്‍ കണ്ടു തുടങ്ങി. ആദ്യത്തെ ഒരു അഭൂതപൂര്‍വ്വമായ വളര്‍ച്ചയില്‍ മങ്ങലേറ്റെങ്കിലും ഇന്നും വളരെയേറെ ബ്ലോഗുകള്‍ നല്ല നിലവാരം പുലര്‍ത്തുന്നു.

്അധികം വൈകാതെ തന്നെ മറ്റ് പ്ലാറ്റ്ഫോമുകളുടെ വളര്‍ച്ചയോടൊപ്പം എഴുത്ത് സൈബര്‍ ലോകത്തെ മറ്റിടങ്ങളിലേയ്ക്കും വളര്‍ന്നു. ട്വിറ്റര്‍, ഫേസ്ബുക്ക്, ഓര്‍ക്കൂട്ട്, യൂടൂബ്, വെബ്സൈറ്റുകളൊക്കെ മലയാളി എഴുത്തിന്റെ തട്ടകങ്ങളായി മാറി. ഈ പ്ലാറ്റ്ഫോമുകളിലൊക്കെ പൊതുവായി കാണാന്‍ കഴിയുന്നത് ചെറിയ കൃതികളാണെന്നതായിരുന്നു. സൈബര്‍ സ്പേയിസിന്റെ പ്രത്യേകതയെന്നോ, പോരായ്മയെന്നോ ഒക്കെ ചൂണ്ടിക്കാണിക്കാവുന്ന ഒരു കാര്യമാണിത്. ഒരു പേജിനപ്പുറത്തേക്ക് പോകാവുന്ന കൃതികളില്‍ വായനക്കാരന്റെ ശ്രദ്ധ പിടിച്ചു നിര്‍ത്തുക എന്നത് ഒരു വെല്ലുവിളിതന്നെയാണ്. അല്ലെങ്കില്‍ കൃതികളുടെ ഗുണനിലവാരം അത്രയ്ക്കും മികച്ചതായിരിക്കണം. ഇതു മനസ്സിലാക്കിത്തന്നെ കാച്ചിറുക്കിയ രചനകളിലേക്ക് കടന്നു. ഹൈക്കു കവിതകള്‍ തന്നെ നല്ല ഉദാഹരണം. ആദ്യകാല മലയാള ബ്ലോഗുകളില്‍ ഒരു നല്ല വിഭാഗം കവിതകളായിരുന്നു എന്നത് ശ്രദ്ധേയമാണ്.

ട്വിറ്ററര്‍ വഴിയുള്ള ആദ്യ നോവല്‍ 2008-2010 ല്‍ പുറത്തുവന്നു. Nicholas Belardes-900 tweets- Small Places. Love story.

പുസ്തകമായി മലയാളം ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങിയതും സൈബര്‍ ലോകവും മുഖ്യധാര സാഹിത്യലോകവും തമ്മിലുള്ള ഒഴിച്ചുകൂടാനാവാത്ത ബന്ധം കാണിക്കുന്നു. കൊടകര പുരാണം, നാലാമിടം തുടങ്ങിയവ മലയാളം ബ്ലോഗ് ബുക്കുകളാണ്. പിന്നീടങ്ങോട്ട് ധാരാളം മലയാള പുസ്തകങ്ങള്‍ കഥകളും കവിതകളുമായി പ്രസിദ്ധീകരിക്കപ്പെട്ടു.

മുഖ്യധാരാ സാഹിത്യവും, സൈബര്‍ സാഹിത്യവും പരസ്പര പൂരകങ്ങള്‍ തന്നെയാണ്. ഒന്ന് മറ്റൊന്നിനെ ശാക്തീകരിക്കുക തന്നെയാണ് ചെയ്യുന്നത്. അങ്ങിനെയാണ് വേണ്ടത്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഒഴിച്ചുകൂടാന്‍ വയ്യാത്തതാണ്. ടെക്നോളജിയില്‍ വന്ന മാറ്റങ്ങള്‍ പ്രിന്റിങ് രംഗത്തിനെ വളരെ സഹായിക്കുക തന്നെ ചെയ്തിട്ടുണ്ട്.

ലഭിക്കുവാന്‍ വളരെ ബുദ്ധിമുട്ടുള്ള പല മലയാള ക്ലാസിക്കുകളും ഇന്ന് ഓണ്‍ലൈനായി ലഭ്യമാണ്. പുസ്തകങ്ങളുടെ അമരത്വതയിലേക്ക് തന്നെയാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ആമസോണ്‍ പ്രിന്റ് ഓണ്‍ ഡിമാന്റ് വഴി ആവശ്യമുള്ള പുസ്തകങ്ങള്‍ നമുക്ക് ാേര്‍ഡര്‍ ചെയ്യാവുന്നതാണ്.

E-book കള്‍ വായനയുടെ മറ്റൊരു വലിയലോകമാണ് നമുക്ക് തുറന്നിരിക്കുന്നത്. അതുപോലെ തന്നെ self publishing നും E-bookകള്‍ വഴി തുറന്നിരിക്കുന്നു. മലയാള പുസ്തകങ്ങളുടെ ഓണ്‍ലൈന്‍ സ്റ്റോര്‍ - പോലുള്ളവ പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനുള്ള വളരെ സൗകര്യമായ മാര്‍ഗ്ഗം തുറന്നു.

ഇതൊക്കെ ടെക്നോളജി മുഖ്യധാര സാഹിത്യത്തെ ശാക്തീകരിക്കുന്നു എന്നതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രം.
സൈബര്‍ സാഹിത്യത്തിന്റെ ചില പരിമിതികള്‍, വെല്ലുവിളികള്‍, പോരായ്മകള്‍ എന്താണെന്ന് നമുക്ക് നോക്കാം. സൈബര്‍ സാഹിത്യത്തിന്റെ നേര്‍ക്കുള്ള ഏറ്റവും വലിയ ആരോപണം ഗുണനിലവാരത്തെക്കുറിച്ചുള്ളതാണ്. എഴുത്തിനും, പ്രസിദ്ധീകരിണത്തിനും ഇടയ്ക്കൊരു എഡിറ്റര്‍ ഇല്ല എന്നതു ചിലപ്പോള്‍ പ്രശ്‌നമാണു. എന്നാല്‍ വളരെ കുറച്ച് കൃതികള്‍ ഇതിനെ അതിജീവിച്ച് പുറത്തു വരുന്നുണ്ട്. 

see video
സൈബര്‍ ലോകത്തിലെ മലയാള സാഹിത്യം: ജെയിന്‍ ജോസഫ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക