Image

ലാന: ഒരെത്തിനോട്ടം (മനോഹര്‍ തോമസ്)

Published on 05 October, 2017
ലാന: ഒരെത്തിനോട്ടം (മനോഹര്‍ തോമസ്)
ഇമലയാളിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി
1) ലാന സമ്മേളനത്തില്‍ എത്ര തവണ പങ്കെടുത്തു?
2) സമ്മേളനം കൊണ്ട് എന്താണു ഗുണം?
3) സമ്മേളനം ഏതു രീതിയില്‍ മെച്ചപ്പെടുത്താനാവും?
4) യുവ തലമുറ ലാനയില്‍ കാര്യമായി വരാത്തത് എന്തു കൊണ്ടാണ്?
5) മലയാള ഭാഷക്കു ഇവിടെ ഭാവിയുണ്ടോ?

സമാന പ്രകൃതക്കാരുടെ , താല്പര്യക്കാരുടെ , ഒത്തുചേരലാണ് ലാന .പണ്ട് ഫൊക്കാനയുടെ പിന്നാമ്പുറങ്ങളില്‍ , അവരുടെ പരിപാടിയിലെ ഒരുപാട് വിഷയങ്ങള്‍ക്കിടയില്‍ ,ഇടം കണ്ടെത്താന്‍ പാടുപെട്ടിരുന്ന , സമാന ഹൃദയരാണ് ഈ ആശയം മുന്നോട്ടു വച്ചത് .ഇരുപതു വര്‍ഷത്തെ കുതിപ്പിന്റെയും ,കിതപ്പിന്റെയും ഇടയില്‍ അത് ഏറെക്കൂറെ വിജയിക്കുകയും ചെയ്തു .

സ്ഥാന മാനങ്ങള്‍ക്ക് വേണ്ടിയുള്ള പടപൊരുതലോ ,വാഗ്‌വാദങ്ങളോ ഇല്ലാതെ , മതത്തിന് അതീതമായി നിന്നുകൊണ്ട് വായനയിലും, സാഹിത്യസൃഷ്ടിയിലും തല്പരരായ ഒരു കൂട്ടം ആളുകളുടെ ഒത്തുചേരല്‍ !

ഒരുവിധം എല്ലാ ലാന സമ്മേളനങ്ങള്‍ക്കും പങ്കെടുക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് .ഈ മണ്ണിലെ എഴുത്തുകാരോടൊപ്പം ,നാട്ടില്‍ നിന്നും എത്തുന്ന സാഹിത്യകാരന്മാരും കൂടി ചേരുമ്പോള്‍ ഒരുപാട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ,കുറച്ചു ദിവസം കൊണ്ട് മനസ്സിലാക്കാന്‍ അവസരം കിട്ടുന്നു.എഴുത്തുകാരന് പ്രചോദനവും ,സഹൃദയന് പുത്തനറിവുകളുമായി കടന്നു പോകുന്ന ദിവസങ്ങള്‍ .

സമ്മേളനം കൊണ്ട് എന്താണ് ഗുണം എന്ന ചോദ്യം വ്യക്തിഗതമാണ് . ഓരോ അതിഥിയും ഓരോ അന്വേഷണത്തിലാണ് .അതവിടെ കിട്ടാന്‍ സാധ്യതയുള്ളതുകൊണ്ടു അവര്‍ വീണ്ടും വരുന്നു .തുടക്കം മുതല്‍ കണ്ടിട്ടുള്ള മുഖങ്ങളും , സുഹൃത്തുക്കളും ഇന്നും മുടങ്ങാതെ എത്തുന്നു .

യുവ തലമുറയുടെ അഭാവം പ്രസക്തമാണ് .നാട്ടില്‍ നിന്നുമുള്ള കുടിയേറ്റം താരതമ്യേന കുറഞ്ഞു .അതിലുപരി വരുന്ന ഇളം തലമുറ മലയാളവുമായി അധികം ബന്ധം പുലര്‍ത്തുന്നവരല്ല . അഥവാ താല്പര്യം ഉണ്ടായാല്‍ തന്നെ തുടക്കത്തിന്റെ തിരക്ക് അവരെ മറ്റു മേഖലകളില്‍ വ്യാപാരിക്കാന്‍
ഇടം കൊടുക്കില്ല .

മലയാള ഭാഷയുടെ ഭാവി എന്നത് ഒരു സങ്കിര്‍ണമായ വിഷയമാണ് .അത് കാലത്തിന് വിടുന്നതാണ് ഭംഗി .മലയാളി സമൂഹം വലുതായതോടെ അവര്‍ക്കു വ്യാപാരിക്കാനുള്ള ഇടങ്ങളും കൂടി .അപ്പോള്‍ ഭാഷയിലും,സാഹിത്യത്തിലും താല്പര്യമുള്ളവര്‍ ,അല്ലെങ്കില്‍ അതാണ് " എന്റെ തട്ടകം " എന്ന് തിരിച്ചറിവുള്ളവര്‍ ലാനയുടെ സങ്കേതത്തില്‍ എത്തുക തന്നെ ചെയ്യും .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക