Image

ലാനാ സമ്മേളനചിന്തകള്‍ (ജോണ്‍ മാത്യു)

Published on 04 October, 2017
ലാനാ സമ്മേളനചിന്തകള്‍ (ജോണ്‍ മാത്യു)
അമേരിക്കയിലെ മലയാളം എഴുത്തുകാര്‍ക്ക് ഒത്തുചേരാന്‍ ഒരു വേദിയെന്ന ആശയം ഏതാണ്ട് തൊണ്ണൂറുകളുടെ തുടക്കം മുതല്‍ തന്നെയുണ്ടായിരുന്നു. അന്ന് അനൗപചാരികമായി തുടങ്ങിയ കൂടിവരവുകള്‍ സാഹിത്യചര്‍ച്ചകള്‍ക്കുള്ള വേദിയായി രൂപപ്പെട്ടു. അന്നത്തെ തുടക്കക്കാരില്‍ മിക്കവാറും എല്ലാവരും തന്നെ ഇന്നും ലാനയുടെ ഒപ്പമുണ്ട്. ഈ സംഘടനയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്കിയ ശ്രീ. ചാക്കോ ശങ്കരത്തില്‍, ശ്രീ. പോള്‍സണ്‍ ജോസഫ് തുടങ്ങിയവരെ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുകയാണ്.

ലാനാ സമ്മേളനംകൊണ്ട് എന്തു ഗുണം എന്ന ചോദ്യം അല്പം കടന്ന കയ്യായിപ്പോയില്ലേ? പങ്കെടുക്കുന്നവര്‍ക്ക് ഗുണ-ദോഷങ്ങള്‍ അനുഭവപ്പെടുന്നത് വ്യത്യസ്തമായിട്ടായിരിക്കും.

ലാനാ സമ്മേളനങ്ങള്‍കൊണ്ട് സമാനമനസ്സുള്ളവരെ പരിചയപ്പെടാനും സൗഹൃദം നിലനിര്‍ത്താനും കഴിഞ്ഞു, അനേകം പ്രമുഖ സാഹിത്യകാരന്മാരുമായി അടുത്തിടപഴകാന്‍ കഴിഞ്ഞു, അമേരിക്കയിലും കാനഡയിലും യൂറോപ്പിലുമുള്ള വിവിധ നഗരങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കഴിഞ്ഞു. ലാനാ സമ്മേളനത്തിന്റെ ഭാഗമായി പാരീസ് നഗരത്തില്‍ ഒരു ദിവസം മുഴുവന്‍ കാല്‍നടയായി യാത്ര ചെയ്തത് മറക്കാനാവാത്ത അനുഭവമായിരുന്നു. അതുപോലെ മൂന്നു വര്‍ഷം മുന്‍പ് ചെറുതുരുത്തിയിലെ കേരള കലാമണ്ഡലത്തിലേക്ക് പോയതും. ഇനിയും, മലയാളം സാഹിത്യചര്‍ച്ചകള്‍ക്ക് അമേരിക്കയില്‍ തന്നെ ഒരു "പൊതുദര്‍ശനം' വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞു. ക്രമേണ ഇത് അംഗീകരിക്കപ്പെട്ടു വരുന്നു. ഇന്ന് "ലാന' ഏറ്റവും വലിയ മലയാള സാഹിത്യ കൂട്ടായ്മയാണെന്ന് ഞാന്‍ കരുതുന്നു. മത-രാഷ്ട്രീയ സ്വാധീനങ്ങളും നിയന്ത്രണങ്ങളും ഈ സംഘടനയുടെ മേല്‍ ഇല്ലതന്നെ. അധികാര വടംവലിയും ഇല്ല, അതിനുതകുംവിധമാണ് ഭരണഘടന രൂപപ്പെടുത്തിയിരിക്കുന്നത്.

മലയാളികളുടെ സമാജങ്ങളിലും സമ്മേളനങ്ങളിലും ചില പാളിച്ചകള്‍ സംഭവിക്കാറുണ്ട്. ലാനയും പലപ്പോഴും അതില്‍ നിന്ന് മുക്തമല്ല. അതവിടെ നില്ക്കട്ടെ.

വേദിയിലെ പ്രസംഗങ്ങള്‍ മാത്രമല്ല ലാനാസമ്മേളനമെന്ന തിരിച്ചറിവ് ഭാരവാഹികള്‍ക്കുണ്ട്. ഇടവേളകളിലെ അനൗപചാരികമായ ചര്‍ച്ചകളും സാഹിത്യസമ്മേളനത്തിന്റെ ഭാഗമായിത്തന്നെ യാണ് കരുതപ്പെടുക. അതു കൂടുതല്‍ പ്രയോജനപ്പെടുത്തുകയും വേണം.

യുവതലമുറ നമ്മുടെ ചടങ്ങുകളിലൊന്നും കാര്യമായി പങ്കെടുക്കാറില്ലല്ലോ. ഇനി നാട്ടില്‍ നിന്ന് പുതുതായി വരുന്നവരുടെ കാര്യം. ഇന്ന് കുടിയേറ്റം ഏറെ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. കേരളത്തില്‍ നിന്ന് വരുന്ന യുവാക്കളില്‍ അധികം പേരും മലയാളം കാര്യമായി പഠിച്ചവരല്ല. സങ്കേതിക മേഖലകളില്‍ വൈദഗ്ദ്ധ്യം നേടിയവര്‍ നേരെ തങ്ങളുടെ തൊഴില്‍ രംഗത്തേക്കാണ് പോകുക. കൂടാതെ ഇവിടത്തെ മുതിര്‍ന്ന തലമുറയുമായുള്ള ""കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ്'' പ്രത്യേകം എടുത്തെഴുതേണ്ട കാര്യവുമില്ല.

അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന മലയാളി മക്കള്‍ കഷ്ടിച്ചു മാത്രമേ മലയാളം കൈകാര്യം ചെയ്യുന്നുള്ളു. മലയാളം സ്കൂളുകളുടെ, വായനശാലകളുടെ സേവനങ്ങളെ അഭിനന്ദിക്കുന്നു.

മലയാളഭാഷയുടെ ഭാവിയുമായി ഈ യുവതലമുറയെ ബന്ധിപ്പിച്ചുകൂടാ. കേരളത്തില്‍ നിന്ന് തുടര്‍ന്നും വന്നുകൊണ്ടിരിക്കുന്നവര്‍ മലയാളത്തില്‍ ചിന്തിക്കും, മലയാള ഭക്ഷണം കഴിക്കും, അവര്‍ക്ക് കേരള പൊളിറ്റിക്‌സില്‍ താല്പര്യവുമുണ്ട്. നല്ല വായനക്കാരുമായിരിക്കാം, എന്നാല്‍ മലയാള സാഹിത്യരംഗത്തേക്കു വരാന്‍ എത്രപേര്‍ക്ക് സമയമുണ്ട്, സാവകാശമുണ്ട്? ഇവിടെ എനിക്കൊരു ശുഭപ്രതീക്ഷയുണ്ട്. നമുക്ക് സമര്‍ത്ഥരായ ചെറുപ്പക്കാര്‍ വളര്‍ന്നുവരുന്നുണ്ട്. അവരില്‍ നിന്ന് ഒന്നാംതരം എഴുത്തുകള്‍ പ്രതീക്ഷിക്കാം, അതു മലയാളത്തിലായിരിക്കില്ല, പക്ഷേ മലയാളത്തിന്റെ, കേരളത്തിന്റെ സ്വാധീനം വേണ്ടുവോളം ഉണ്ടായിരിക്കും, തീര്‍ച്ച!

മറ്റൊരു കാര്യംകൂടി പറയട്ടെ. ഏതു ഭാഷയില്‍ എഴുതുന്നുവെന്നത് ഇന്ന് കാര്യമല്ല. മലയാളത്തിലെ എഴുത്തും വിശ്വസാഹിത്യത്തിന്റെ ഭാഗമായി കണക്കാക്കുക. നാം ജീവിക്കുന്നത് അമേരിക്കയുടെ വിശാലതയിലാണ്, ചരിത്ര-ശാസ്ത്ര-സാഹിത്യ കൃതികളെല്ലാം തന്നെ നമ്മുടെ വിരല്‍ത്തുമ്പിലുണ്ട്. ഒരു കുടിയേറ്റ രാജ്യത്തിന്റെ നന്മകള്‍ മൊത്തം അനുഭവിക്കയും ചെയ്യുന്നു. അതുകൊണ്ട് നമ്മുടെ എഴുത്ത് ലോകസാഹിത്യത്തിന്റെ പദവിയിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുക, അതിനുള്ള സങ്കേതങ്ങള്‍ കണ്ടെത്തുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക