Image

പ്രഭാത രശ്മി (ഗദ്യകവിത : ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 03 October, 2017
 പ്രഭാത രശ്മി (ഗദ്യകവിത : ജോണ്‍ വേറ്റം)
വേദവചനത്തെക്കാളേറെ ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു!
മുടിപ്പിക്കും മതത്തെക്കാളേറെ ഞാന്‍ മനുഷ്യനെ സ്‌നേഹിക്കുന്നു!
മരണാനന്തര ജീവിതമൊരു സങ്കുചിതസങ്കല്പമതു
ജനമനസ്സുകളില്‍ നിത്യമെരിയും കനലുകളാകുന്നു.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമതില്‍ വളരുന്നു.
മതങ്ങളതിന്മേല്‍ ഭ്രമാത്മക കഥകള്‍ രചിക്കുന്നു.
മരണാനന്തരവിചാരണയും വിധിയും ശിക്ഷകളും വെറും
നിരര്‍ത്ഥകമെന്ന നിദര്‍ശനം വരുമതുസുനിശ്ചിതം!

ആഗ്നേയലോകവും, ഗെഹന്നായും, തിമിരാ വൃതഗര്‍ത്തങ്ങളും,
നരകവും, പാതാളവും, പ്രേതലോകവും ശവക്കുഴിയല്ലയോ?
അരൂപിയാം ആത്മാവിനുണ്ടോ ഒരു അദൃശ്യമാം ആത്മശരീരം?
അതിനെ ആഹരിക്കുവാന്‍ അഗ്നിനാളങ്ങള്‍ക്കുണ്ടോ നാവുകള്‍?

കര്‍മ്മദോഷിയും, മന്ത്രവാദിയും, മോഷ്ടാവും, രക്തദാഹിയും,
ജനമൃതിസ്ഥാനങ്ങള്‍ ദര്‍ശിച്ചാല്‍ സ്വര്‍ഗ്ഗസ്ഥരാവുമോ?
മരണഭയമെന്തിന്? മരണം പ്രകൃതിപ്രക്രിയയല്ലയോ?
വരുമൊരുനാളില്‍ തരുമതുദാനം, സത്യമെന്തെന്ന ജ്ഞാനം!

വേദവചനത്തേക്കാളേറെ ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു!
മുടിപ്പിക്കും മതത്തെക്കാളേറെ ഞാന്‍ മനുഷ്യനെ സ്‌നേഹിക്കുന്നു!

 പ്രഭാത രശ്മി (ഗദ്യകവിത : ജോണ്‍ വേറ്റം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക