Image

മറുക് (കഥ: ബെന്നി ന്യൂജേഴ്‌സി)

Published on 28 September, 2017
മറുക് (കഥ: ബെന്നി ന്യൂജേഴ്‌സി)
റൂട്ട് ഫോര്‍ ഈസ്റ്റിലെ മാക് ഡൊണാള്‍ഡ്‌സ്.. ഹൈവേയോടു ചേര്‍ന്നുള്ള ഇരിപ്പിടം...
കാണാമെന്ന് എന്നു നീ വാട്ട്സ്സാപ്പിട്ടാലും നേരത്തെയെത്തി ഞാനൊരു ഹോട്ട് ചോക്കളേറ്റു സിപ് ചെയ്തു കാത്തിരിക്കും... ഓടിക്കിതച്ചെത്തി കയ്യിലിരിക്കുന്ന പുസ്തകകെട്ടുകളും നോട്ടുബുക്കും മേശപ്പുറത്തേയ്ക്കു വലിച്ചിടും... ബ്ലൂ ജീന്‍സും ലോങ്ങ് സ്ലീവ് കടും ചുവന്ന ടോപ്‌സും.
ഒരു ക്ഷമാപണത്തോടെ...

"ജോര്‍ജ് വാഷിംങ്ടണ്‍ ബ്രിഡ്ജില്‍ എന്നാ തിരക്കാര്‍ന്നു.."

നിസ്സംഗനായീ പുറത്തെ ട്രാഫിക്കിലേക്കു ഞാന്‍ കണ്ണുകള്‍ പായിക്കും.. ഗൂഗിള്‍ മാപ്‌സ് ഇടതടവില്ലാതെ 'ഹെവി ട്രാഫിക് റൂട്ട് ഫോര്‍ ജാം.. ...' എന്ന് മെസ്സേജ് വന്നുകൊണ്ടാണിരുന്നത് എന്ന് നിന്നോട് പറഞ്ഞില്ല...

"അറിയോ നിങ്ങള്‍ക്ക്.... എന്റെ ഈ നോവലിനെ പറ്റി എന്തെങ്കിലും അറിയോ ?!..."
എന്നും ചോദിക്കാറുള്ള ചോദ്യം.. കണ്ണുകളില്‍ ഝാന്‍സി റാണിയുടെ തീഷ്ണത...

കവിള്‍ തുടുക്കുന്നതും മാറി മാറി വരുന്ന വികാര വിക്ഷോഭങ്ങള്‍ വെള്ളിത്തിരയിലെന്നപോലെ കണ്ണുകളില്‍ മറയുന്നതും ഞാന്‍ നിര്‍വികാരനായി നോക്കിയിരിക്കും...
"വിശ്വസാഹിത്യത്തില്‍ ഇതൊരു സംഭവമായിരിക്കും... അഞ്ചാറു വര്‍ഷത്തെ വിയര്‍പ്പാ ഇതിനു പിറകിലുള്ളത്. കൊന്തയുടെ കൊളുത്തൂരി മാറ്റിയിട്ടാ സംസ്ക്രുതത്തെ എടുത്തു കഴുത്തിലിട്ടത്.... "

ഏതോ അപരിചിത ഭാഷകേട്ടു അടുത്ത ടേബിളുകളില്‍ ഇരിക്കുന്നവര്‍ അത്ഭുതത്തോടെ തിരിഞ്ഞു നോക്കുമ്പോള്‍ നീയവരെ ഒരു പുഞ്ചിരിയോടെ കൈവീശി കാണിച്ചു നിശ്ശബ്ദയാക്കും.....


കവിളിലേക്കു ചിതറി വീണു കിടക്കുന്ന ക്രോപ്പു ചെയ്ത ചുരുണ്ട മുടിയിഴകള്‍ ചെവിയുടെ പിറകിലേക്ക് വകഞ്ഞു വെച്ച്, നീ പറഞ്ഞു തുടങ്ങും ...

ദ്രൗപതിയുടെ വസ്ത്രാക്ഷേപത്തിന്റെ പിറകിലെ ഗൂഢമായ താത്വിക പൊരുളുകള്‍..

പഞ്ചപാണ്ഡവരെല്ലാവരുടേയും ഭാര്യയാകേണ്ടി വന്നിട്ടും എത്ര സാമര്‍ഥ്യമായീ അവള്‍ അവരെ സംതൃപ്തരാക്കി, പരസ്പരം തെറ്റിക്കാതെ കൊണ്ടുനടന്നു എന്നതും... പിന്നെ നിന്റെ പുതിയ ഗവേഷണ വെളിച്ചങ്ങളും...

"ഭാഗവതവും ഭാരതവുമൊക്കെ ഒരഞ്ചാവര്‍ത്തിയെങ്കിലും അരച്ചു കലക്കി കുടിച്ചിട്ടാ ഇതിനിറങ്ങിയത്.. അതും ഒറിജിനല്‍ സംസ്ക്രുതത്തില്‍ .... ചുമ്മാതല്ല... ഊണിലും ഉറക്കത്തിലും ഇതെന്റെ തലേക്കിടന്നങ്ങു കറങ്ങാര്‍ന്നു, പ്രസവവേദനപോലെ.... ഹോപ്പ് യു അണ്ടര്‍സ്റ്റാന്‍ഡ് മി, മൈ ഡിയര്‍... "

ഞാന്‍ തലയാട്ടുമ്പോള്‍ മുഖത്തു സംതൃപ്തിയുടെ ഒരു പുഞ്ചിരി വിരിയും. കുത്തിക്കുറിച്ച നോട്ടുബുക്കിന്റെ താളുകളില്‍ കൂടി ഞാന്‍ കണ്ണോടിക്കും .. നിനക്കതു വേണമെന്നുള്ളത് അറിഞ്ഞിരുന്നതാണ്........ഒപ്പും ഒരു നല്ല സ്രോതാവിനേയും....

"ഫിഫ്ത് അവന്യൂവിലെ ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറി മുഴുവന്‍ അരിച്ചു പെറുക്കാര്‍ന്നു ഒരു മാസമായീ.. രാവും പകലും.. ഊണും ഉറക്കോം ഇല്ലാതെ..... ഒരുഗ്രന്‍ ഡോക്യുമെന്റ് കിട്ടി!''....

ഒരു വിശ്വവിജയിയെപ്പോലെ നീയെന്റെ കഴുത്തില്‍ കുടി കൈകള്‍ കോര്‍ത്തിട്ടു നെറ്റി എന്റെ ചുണ്ടിലമര്‍ത്തീ... ഒരുന്മാദിനിയെപ്പോലെ തുരുതുരെ തുള്ളിച്ചാടാന്‍ തുടങ്ങി....

ഞാന്‍ നിന്നെ അനുഗ്രഹിക്കണമെന്നോ അതോ അനുവദിക്കണമെന്നോ?!... നിന്റെ എല്ലാ സ്വപ്നത്തേരിലും,
കുരുക്ഷേത്രത്തില്‍ കൗരവപ്പടയെ കണ്ടു സ്തബ്ധനായ അര്‍ജുനനെ വീണ്ടും വീര്യം കൊടുത്ത തേരാളിയായ കൃഷ്ണനെന്നപോലെ, തെരു തെളിച്ച് ഞാനുമൊപ്പമുണ്ട് സഖീ... കുരുക്ഷേത്രത്തില്‍ ജയിക്കതന്നേ...

ശരീരത്തിന്റെ പ്രലോഭനങ്ങളില്‍ നിന്ന് എന്നോ പറന്നുപോയ ഒരു നിശാപുഷ്പമാണ് നീയെന്നത് അറിയാം.. ആസക്തികള്‍ വാട്ട്‌സ്ആപ്പ് മെസ്സേജുകളില്‍ പൊതിഞ്ഞു നീ ഒളിപ്പിച്ചുവെച്ചു....
'ഒരു ഇന്റലെക്ചല്‍ കംപാനിയനെ ആണ് എന്റെ ഉള്ളു മോഹിക്ക'ണമെന്നു നീ എപ്പോഴും പറയാറുള്ളത് ഞാന്‍ ഓര്‍ത്തെടുത്തു..............

വര്‍ഷങ്ങള്‍ക്ക് പിറകില്‍ ഒരു ദിവസം നീ പെട്ടെന്ന് അപ്രത്യക്ഷയായത് ഞാനോര്‍ത്തെടുത്തു ...നീ തപസ്സിനു പോകയെന്നായിരുന്നു എന്നോട് പറഞ്ഞത്...'ഹിമാലയത്തിലേക്ക് ഞാനൊരു യാത്രപോകയാണ്.. സത്യം മുഴുവന്‍ അവിടെയാ കുഴിച്ചിട്ടിരിക്കുന്നത്...!'

കൊളംബിയാ യൂണിവേഴ്‌സിറ്റിയിലെ ഭാഷാപഠനം വലിച്ചെറിഞ്ഞു ഭാരതീയ ഇതിഹാസങ്ങളുടെ ആഴത്തിലേക്ക് ഊളിയുട്ടിറങ്ങാന്‍ നിനക്കു വല്യ ഭ്രാന്തായിരുന്നു.....നീയെടുക്കുന്ന തീരുമാനങ്ങളെ ആര്‍ക്കും മാറ്റാന്‍ കഴിയില്ല എന്നറിയാമായിരുന്നു...' കാഷായ വേഷമണിഞ്ഞു തല മുഢനം ചെയ്തു ഒരു വലിയ രുദ്രാക്ഷമാലയുമായിട്ടായിരിക്കും നിന്റെ അടുത്ത വരവെന്ന' എന്റെ ആശങ്കക്ക് ഒരു വലിയ പൊട്ടിച്ചിരിയായിരുന്നു അന്നു നീ സമ്മാനിച്ചത്, ഒപ്പും കവിളിലൊരു കുസൃതിയുമ്മയും...

ചൂടുള്ള ബിഗ് മാകില്‍ കെച്ചപ്പു കവര്‍ പൊട്ടിച്ച് ശ്രദ്ധയോടെ പുരട്ടുന്ന നിന്‍റെ മുഖത്തേയ്ക്കു അറിയാതെ എന്‍റെ കണ്ണുകള്‍ പതിച്ചു... എത്രയോ സായാഹ്നങ്ങളില്‍ നമ്മള്‍ ഒരുമിച്ച്കൂടാറുണ്ടെങ്കിലും ഇന്നലെയാണത് എന്റെ കണ്ണുകളില്‍ പതിഞ്ഞത്....
നിന്‍റെ മേല്‍ച്ചുണ്ടിന്‍റെ വലത്തുഭാഗത്തുള്ള മറുകില്‍
ലാസ്യമായെന്‍റെ കണ്ണുകള്‍ ഉടക്കിപ്പോയി...
എന്‍റെ കണ്ണുകള്‍ മറുകുമായി സംവദിച്ചു..
മറുകിനു ചുറ്റുമായി ചെമ്പിച്ചു നനുനനുത്ത സുന്ദര രോമരാജികള്‍...
ഒരു പുതുമണവാട്ടിയെപ്പോലെ നാണം കുണുങ്ങിയാ മറുക് ചോദിച്ചു...
"പ്രിയനേ, കാലങ്ങളായി അങ്ങയുടെയൊരു തലോടലോ... ഒരു മുത്തമോ. ....."
മറുകേ.... കൊച്ചുസുന്ദരിക്കുട്ടി....
ആതിര വരും, ചന്ദിക തെളിയും, വസന്തം വരും
മഴ വരും,
പുഴ നിറയും,
പൂക്കാലം വരും,
ഇളം കാറ്റു വരും,
കുളിര്‍ മഞ്ഞുവരും,
കൈകോര്‍ത്തു പിടിച്ച് ഡിസംബറിലെ മഞ്ഞിലൂടെ,
ഞാനൊരു കുശലം പറഞ്ഞോളാം ...
സ്വപ്!ന ഗന്ധര്‍വനായീ...
ഓളുടെ ചെവിയില്‍ മന്ത്രിച്ചു കൊടുക്കാന്‍...

മറുകെ.. മുത്തിച്ചുവപ്പിച്ച് .... നിന്റെ നിറം ചുവപ്പായതു കണ്ടില്ലേ....

മറുകേ.. അവള്‍ വീണ്ടും തപസ്സിനു പോകയാണ്, പൂര്‍വ്വാശ്രമത്തിന്റെ കര്‍മ്മബദ്ധനങ്ങളുടെ നീര്‍ക്കയത്തില്‍ മുത്തുച്ചിപ്പി പറക്കാന്‍... ജീവിതാസക്തികളെ കാഷായവേഷത്തില്‍ നിഗ്രഹിച്ച് ഇവനോട് അനന്തമായി കാത്തിരിക്കാന്‍ കെഞ്ചി....

ബിഗ് മാക് കടിച്ചു തിന്നുകൊണ്ടു നീ തുടര്‍ന്നു...

"സഖോ, ഒരഞ്ചാറുവര്‍ഷം ഗര്‍ഭപാത്രത്തിലിട്ടു മുലയൂട്ടി പോറ്റിയതാ... വെളിച്ചം കാണിക്കണം............."
നിന്റെ കണ്ണുകളിലേക്കു നോക്കുവാന്‍ എനിക്കായില്ല...റൂട്ട് ഫോറില്‍ കൂടി കാറുകളുടെ മരണപ്പാച്ചില്‍.. എല്ലാവരും ഓടുകയാണ്...അനന്തമായ ഓട്ടം....

ഒരുമിച്ച് ജീവിക്കാനുള്ള ഉടമ്പടിയുണ്ടാക്കാനായീ ബര്‍ഗന്‍ കൗണ്ടി റെജിസ്റ്റാറുടെ ഓഫിസില്‍ അടുത്ത മാസം പോകാമെന്നുള്ള നിന്റെ ഉറപ്പിന്റെ മെസ്സേജുകളും എന്റെ ഒരുക്കങ്ങളും ഞാന്‍ ഹഡ്‌സണ്‍ റിവറിലൂടെ ഒഴുക്കി . അത് പുഴയുടെ ഓളത്തില്‍ ചാഞ്ചാടി അറ്റ്‌ലാന്റിക് സമുദ്രത്തിലേക്കു യാത്രയായ് .... കര്‍മ്മ ബന്ധനങ്ങളില്‍ തളച്ചിടാന്‍ രണ്ടാത്മാക്കള്‍ മാത്രം കണക്കുകള്‍ എഴുതി എത്ര ഗുണിച്ചിട്ടും ഹരിച്ചിട്ടും ഒരു കാര്യവുമില്ലെന്ന് നീ എപ്പോഴും പറയുമായിരുന്നു. അതൊരു നിമിത്തമായി തനിയെ വരണമെന്നും.

'നിങ്ങളെനിക്കൊരു തീവ്ര ലഹരിയാ'ണെന്നുള്ള നിന്റെ ജല്പനങ്ങളില്‍ ഞാന്‍ പലപ്പോഴും മയങ്ങിപ്പോകാറുണ്ടെങ്കിലും വീണ്ടും ഈ യാത്ര...... അനന്തമായി........


"സാക്ഷാല്‍ കൈലാസത്തില്‍ ശിവപാര്‍വതിമാരുടെ സാന്നിത്യത്തിലായിരിക്കണം പ്രിയനേ, എന്നെ വരണമാല്യം അണിയിക്കേണ്ടത് ....." ഒരുന്മാദിനിയെപ്പോലെ നീ പൊട്ടി പൊട്ടി ചിരിച്ചു.....

പിന്നെ എതോ ചിന്തയില്‍ ആമക്തയായി പിറുപിറുത്തു .

"എന്റെയീ സ്വപ്ന സൃഷ്ടി ശിവപാര്‍വതിമാരായിരിക്കും റിലീസു ചെയ്യുന്നത്.... പരമ ശിവന്‍ പാര്‍വതീക്കു കൊടുത്തുകൊണ്ട് !...... നിങ്ങളും വേണം ആ വേദിയില്‍.... അതു കഴിഞ്ഞു ശിവപാര്‍വ്വതിമാര്‍ തരുന്ന വരണമാല്യങ്ങള്‍ നമുക്ക് പരസ്പരം അണിയിക്കണം..... എന്തൊരു ഹെവന്‍ലി ബ്യൂട്ടിഫുള്‍ അനുഭൂതിയായിരിക്കും അതെന്നു ഡ്രീം ചെയ്യ് പ്രിയനേ... "

നിന്റെ കണ്ണുകളില്‍ ശിവപാര്‍വതിമാരുടെ വശ്യമനോഹര നൃത്തച്ചുവടുകള്‍.....

നോട്ടു ബുക്കെടുത്തു ഭ്രാന്തമായീ നീ ചുംബിക്കാന്‍ തുടങ്ങി. പിറന്നു വീണ തന്‍റെ കടിഞ്ഞൂല്‍ കുഞ്ഞിനെയെന്ന പോലെ. നിന്റെ സ്വപ്!നങ്ങള്‍ വിളയുന്ന നോട്ടു ബുക്ക് വിറക്കുന്ന കൈകളാല്‍ എന്റെ നേരെ നീട്ടി. ആദ്യജാതനെ പിതാവിന്റ് കൈകളില്‍ വെച്ചു കൊടുക്കുന്ന തരളിതയോടെ.

കുത്തിക്കുറിച്ചിരിക്കുന്ന അക്ഷരങ്ങളെയെടുത്തു ഞാന്‍ ചതുരംഗപ്പലകയില്‍ നിരത്തി...... സിസിലിയന്‍ ഓപ്പണിങ്ങില്‍ ഞാന്‍ കരുക്കള്‍ നീക്കി നല്ല മുന്നേറ്റം നടത്തിയിട്ടും ഇരുപതാമത്തെ നീക്കത്തില്‍ നിന്റെ തേരിന്റെ ഒരപ്രതീക്ഷിത ആത്മബലിയുടെ തന്ത്ര അടവില്‍ എന്റെ രാജാവ് അടിയറവു പറഞ്ഞു. എന്റെ കാലാള്‍ പടയാളികള്‍ ചാവേറുകളായീ കളത്തില്‍ പൊരുതി വീണിട്ടും തേരുകള്‍ കൊണ്ടൊരു കോട്ട തീര്‍ക്കാന്‍ മന്ത്രിക്കായില്ല.....ഞാന്‍ തോല്‍വി സമ്മതിച്ചു..!

ഹിമവാന്റെ താഴ്വരയിലേക്കുള്ള യാത്രാമൊഴി പറയുവാന്‍ സഖി, നീ എന്തിനു വന്നു?!.......
തപസ്സിനി.....

പുതുമഴക്കാറ്റു വീശി...
വാന്‍ സുവാന്‍ പാര്‍ക്കിലെ ഷുഗര്‍ മേപ്പിളുകള്‍ക്കു സ്വര്‍ണ്ണ നിറമായീ...
നിന്‍റെ മേല്‍ച്ചുണ്ടിലെ ചുവന്ന നിറമുള്ള മറുകില്‍തട്ടി ചന്ദ്രിക വെട്ടിത്തിളങ്ങി.....
ഇനിയെന്നാണ് റൂട്ട് ഫോര്‍ ഈസ്റ്റിലെ മാക് ഡൊണാള്‍ഡ്‌സില്‍ നാം കാണുക?!
ഒരു ബിഗ് മാക്കിന്റെ മുന്നിലിരിക്കുക.....അന്നു ഞാന്‍ കെച്ചപ്പു പുരട്ടിത്തരാം...
നിനിക്കിഷ്ടമുള്ള 'ഹോട്ട് ആന്‍ഡ് സോര്‍' സൂപ്പ് കുരുമുളകുപൊടി അധികമിട്ട്,
വാന്‍ സുവാന്‍ പാര്‍ക്കിലെ സ്വര്‍ണ മേപ്പിള്‍ മരങ്ങളുടെ തണലിരുന്നു ഒരുമിച്ച് പങ്കുവെക്കാം.....
മുടിക്കെട്ടില്‍ പാരിജാത പൂക്കള്‍ ചൂടി.... സിന്ദൂരമണിഞ്ഞു.... മുല്ലപ്പൂ വരണമാല്യമായ്...
പൊട്ടിച്ചിരിക്കാം .... പൊട്ടിക്കരയാം.... നിന്റെ മടിയില്‍ തലചായ്ച്ചു ഞാനൊന്നു മയങ്ങാം.. എന്റെ കവിതകള്‍ ആര്‍ദ്രമായി നിന്റെ മധുര സ്വരത്തില്‍ .... 'നമുക്കു പിറക്കാതെ പോയ മകളേ....മാപ്പ്............'

ഭഗവത് ഗീത ഉച്ചത്തില്‍ ഉരുവിടാം ... ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ

നമുക്കു പിരിയാം... വീണ്ടും കാണുന്നതു വരെ ... അത്രമാത്രം ഓമനേ ....
****
ജോര്‍ജ് വാഷിംങ്ടണ്‍ ബ്രിഡ്ജ് ന്യൂയോര്‍ക്ക് സിറ്റി മന്‍ഹാട്ടനില്‍ നിന്നൂം ന്യൂ ജേഴ്‌സിയിലേക്ക് ഹഡ്‌സണ്‍ റിവറിനു കുറുകെ രണ്ടു ലെവലില്‍ ഉള്ള പാലം.
റൂട്ട് ഫോര്‍: ജോര്‍ജ് വാഷിംങ്ടണ്‍ ബ്രിഡ്ജില്‍ നിന്നും തുടങ്ങി ന്യൂ ജേഴ്‌സിയിലെ മറ്റു പ്രധാന നഗരങ്ങളിലേക്കുള്ള ഹൈവേ.
കൊളംബിയാ യൂണിവേഴ്‌സിറ്റി: ന്യൂയോര്‍ക്ക് സിറ്റി മന്‍ഹാട്ടനില്‍ ഉള്ള പ്രസിദ്ധമായ യൂണിവേഴ്‌സിറ്റി .
സിസിലിയന്‍ ഓപ്പണിങ്ങു്: ചെസ്സിലെ പ്രസിദ്ധമായ ഒരു തുടക്ക കരു നീക്കങ്ങളുടെ പേര്.
വാന്‍ സുവാന്‍ പാര്‍ക്ക്: നോര്‍ത്ത് ന്യൂ ജേഴ്‌സി പരാമസ്സ് ടൌണ്‍ലെ പ്രസിദ്ധമായ ഒരു പാര്‍ക്ക്.
Join WhatsApp News
ബെന്നി 2017-10-02 13:25:10
നന്ദി..... എഴുതാം.... 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക