Image

കൊലവിളിയുമായി മരിയ വരുന്നു, നോര്‍ത്ത് കരോലിന സംസ്ഥാനത്തിന് ജാഗ്രത നിര്‍ദ്ദേശം

ജോര്‍ജ് തുമ്പയില്‍ Published on 25 September, 2017
കൊലവിളിയുമായി മരിയ വരുന്നു, നോര്‍ത്ത് കരോലിന സംസ്ഥാനത്തിന് ജാഗ്രത നിര്‍ദ്ദേശം
ന്യൂയോര്‍ക്ക്: പ്യൂര്‍ട്ടോറിക്കോയെ നിലംപരിശാക്കി മുന്നേറുന്ന മരിയ ചുഴലി കൊടുങ്കാറ്റ് അമേരിക്കന്‍ തീരത്തോട് അടുക്കുന്നു. വടക്കന്‍ കരോലിനയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ചുഴലിക്കാറ്റ് അടിച്ചു കയറാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കരീബിയന്‍ ദ്വീപ് സമൂഹങ്ങളില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കി കൊണ്ടാണ് കാറ്റ് കുതിക്കുകയെന്നു സൂചനയുണ്ട്. ഹെയ്ത്തി, ഡൊമിനിഷ്യന്‍ റിപ്പബ്ലിക്ക് എന്നിവിടങ്ങളും കാറ്റിന്റെ പിടിയിലാണ്. മരിയ കൊടുങ്കാറ്റിന്റെ ദിശ വടക്ക്പടിഞ്ഞാറന്‍ ഭാഗത്തേക്ക് മാറിയിരിക്കുന്നതായാണ് സൂചനകള്‍. നോര്‍ത്തേണ്‍ കരോലിന, വടക്കന്‍ കരോലിന, വിര്‍ജീനിയ അതിര്‍ത്തി മുതല്‍ വടക്കന്‍ കരോലിന തീരത്ത് വരെയാണ് മരിയ കൊടുങ്കാറ്റിന്റെ അതിര്‍ത്തിയായി ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. കേപ്പ് കോഡ്, അത്‌ലാന്റിക്ക് സിറ്റി, വെര്‍ജീനിയ ബീച്ച്, മൈര്‍റ്റില്‍ ബീച്ച്, ഡേറ്റൊണ ബീച്ച് എന്നിവിടങ്ങളില്‍ മരിയ കൊടുങ്കാറ്റ് ബാധിച്ചേക്കുമെന്നു മുന്നറിയിപ്പുണ്ട്.
'മരിയ കൂടുതല്‍ കരുത്തോടെ അത്‌ലാന്റിക്ക് പുറം കടലില്‍ വീശിയടിക്കും. അമേരിക്കന്‍ മണ്ണില്‍ കാര്യമായ ഭീഷണി ഉയര്‍ത്തില്ലെങ്കിലും എല്ലാവിധ മുന്‍കരുതലും ഞങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ' അക്വാ വെതര്‍ സീനിയര്‍ മെറ്റീരിയോളജിസ്റ്റ് ഡാന്‍ പൈഡിനൊവ്‌സ്‌കി പറഞ്ഞു.

' കരോലിന ഭാഗത്ത് ചൊവ്വാഴ്ച രാത്രിയോടെ കനത്ത മഴ പെയ്തിറങ്ങാനും ശക്തമായ വേലിയേറ്റത്തിനും സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഡ്രൈവ് ഒഴിവാക്കണം, അണ്ടര്‍ഗ്രൗണ്ടുകള്‍ ഉപയോഗിക്കണം. വൈദ്യുതി നഷ്ടപ്പെടാന്‍ സാധ്യതയുള്ളതു കൊണ്ടു മുന്‍കരുതലുകള്‍ സ്വീകരിക്കണം. കൊടുങ്കാറ്റ് കരയിലേക്കു കടക്കും തോറും ശക്തി കുറയാനും ഗതി മാറാനും സാധ്യതയുണ്ട്.' പൈഡിനൊവ്‌സ്‌കി കൂട്ടിച്ചേര്‍ത്തു.

വടക്കന്‍ കരോലിനയിലേക്കു കയറുമ്പോള്‍ ചുഴലി കാറ്റിന്റെ ശക്തിയില്‍ കാര്യമായ വ്യതിയാനം വന്നേക്കുമെന്ന സൂചനയാണ് കാലാവസ്ഥ വിദഗ്ധര്‍ പുറത്തു വിടുന്നത്. എന്നാല്‍, അന്തരീക്ഷത്തിലുണ്ടാകുന്ന മര്‍ദ്ദം കാറ്റിനെ കാര്യമായി ബാധിക്കുമെന്നും കരുതുന്നു. തീരങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയാര്‍ജ്ജിക്കുമെന്നും കടല്‍ പ്രക്ഷുബ്ധമാകാന്‍ ഇതു കാരണമാകുമെന്നുമാണ് കരുതുന്നത്. കടല്‍ത്തീരം വിട്ടു വെള്ളം കയറാനും വിര്‍ജീനിയന്‍ തീരങ്ങളില്‍ കാര്യമായ കടല്‍പ്രക്ഷുബ്ധ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. മരിയ കൊടുങ്കാറ്റിനെത്തുടര്‍ന്ന് 4 മുതല്‍ 6 ഇഞ്ച് വരെ കനത്ത മഴ പെയ്‌തേക്കാം. എന്‍ സി. ഹൈവേ 12 ഉള്‍പ്പെടെയുള്ള മോശം ഡ്രെയിനേജ് റോഡുകളില്‍ വെള്ളം കയറുമെന്നും വെള്ളക്കെട്ടുകള്‍ മറികടക്കാന്‍ ശ്രമിക്കരുതെന്നും മുന്നറിയിപ്പുണ്ട്. സീനിയര്‍ മെറ്റീരിയോളജിസ്റ്റ് ഫ്രാങ്ക് സ്‌ട്രൈറ്റ് പറയുന്നത്, 60 മുതല്‍ 80 വരെ മൈല്‍ ശക്തിയാര്‍ജ്ജിക്കുന്ന കൊടുങ്കാറ്റ് പുറം കടലില്‍ നിന്നും കരയിലേക്ക് കയറുമ്പോള്‍ വിനാശകാരിയായേക്കുമെന്നാണ്. പ്രത്യേകിച്ച് കേപ്പ് ഹാര്‍ട്ടറുകളില്‍ മരങ്ങള്‍ കടപുഴകാനും വൈദ്യുതി തകരാറുകള്‍ ഉണ്ടാക്കാനും മരിയ കാരണമായേക്കാം.
മരിയ കൊടുങ്കാറ്റ് ഭീഷണിയെ തുടര്‍ന്ന് വെര്‍ജീനയയിലെ നിരവധി ബീച്ച് റിസോര്‍ട്ടുകള്‍ വിനോദസഞ്ചാരികളെ മുന്‍കരുതല്‍ എന്ന നിലയില്‍ ബുക്കിങ് ഒഴിവാക്കിയിട്ടുണ്ട്. ക്യാമ്പ്ഗ്രൗണ്ട് താല്‍ക്കാലികമായി അടച്ചിടുകയാണെന്ന് കേപ്പ് ഹോട്ടേഴ്‌സ് നാഷണല്‍ സീഷോര്‍ വ്യക്തമാക്കി. തിങ്കളാഴ്ച മുതല്‍ ഓക്കാക്കോക്കിലെ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനത്ത ന്യൂനമര്‍ദ്ദമായാണ് ഹെയ്ത്തി കടന്ന് അമേരിക്കന്‍ തീരത്തേക്ക് അറ്റ്‌ലാന്റിക്കിലൂടെ മരിയ എത്തുന്നത്. ഹെയ്ത്തിയില്‍ എത്തിയപ്പോള്‍ കാറ്റഗറി നാലു വിഭാഗത്തിലായിരുന്ന മരിയ അമേരിക്കന്‍ മണ്ണ് തൊടുമ്പോള്‍ കാറ്റഗറി മൂന്നായി മാറിയേക്കുമെന്നും കാലാവസ്ഥ നിരീക്ഷകര്‍ കരുതുന്നു.



കൊലവിളിയുമായി മരിയ വരുന്നു, നോര്‍ത്ത് കരോലിന സംസ്ഥാനത്തിന് ജാഗ്രത നിര്‍ദ്ദേശംകൊലവിളിയുമായി മരിയ വരുന്നു, നോര്‍ത്ത് കരോലിന സംസ്ഥാനത്തിന് ജാഗ്രത നിര്‍ദ്ദേശം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക