Image

ഇരട്ടച്ചങ്കന്‍ പിണറായിക്കിതെന്തുപറ്റിയെന്ന് പി.സി.ജോര്‍ജ് (ഫ്രാന്‍സിസ് തടത്തില്‍)

ഫ്രാന്‍സിസ് തടത്തില്‍ Published on 25 September, 2017
ഇരട്ടച്ചങ്കന്‍ പിണറായിക്കിതെന്തുപറ്റിയെന്ന് പി.സി.ജോര്‍ജ് (ഫ്രാന്‍സിസ് തടത്തില്‍)
ന്യൂജേഴ്‌സി: കേരളത്തിലെ പോലീസുകാരെ കയറൂരി വിട്ടപോലെ എന്ത് തോന്ന്യാസവും കാട്ടികൂട്ടുന്ന കേരളാ പോലീസിനെ നിയന്ത്രിക്കാന്‍ പറ്റാത്ത മുഖ്യമന്ത്രി പിണറായി വിജയന് എന്ത് പറ്റിയെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. ഇരട്ടച്ചങ്കന്‍ എന്ന് കേരള ജനത നാമവിശേഷം നല്‍കിയ പിണറായി വിജയന് സ്വന്തം വകുപ്പിനുകീഴിലുള്ള പോലീസിനെ നിയന്ത്രിക്കാന്‍ പറ്റുകയില്ലെങ്കില്‍ ആ ഇരട്ട ചങ്കുകള്‍ മുറിച്ചു കളയുകയാണ് ഭേദമെന്നും ന്യൂജേഴ്‌സി എഡിസണിലുള്ള എഡിസണ്‍ ഹോട്ടലില്‍ കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫ് നോര്‍ത്ത് അമേരിക്ക നല്‍കിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയന്‍ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉത്പ്പാദിപ്പിച്ച് റിക്കാര്‍ഡിട്ടത്. കേവലം രണ്ടു വര്‍ഷം മാത്രം വൈദ്യുതിമന്ത്രിസ്ഥാനം വഹിച്ചപ്പോള്‍ 1676 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനം ആ കാലഘട്ടത്തില്‍ ഉത്പ്പാദിപ്പിച്ചത്. അതുവരെ തന്റെ തന്നെ പാര്‍ട്ടിക്കാര്‍ കൊടിപിടിച്ച് മുടക്കിയ വൈദ്യുതപദ്ധതിയില്‍ പൊടി തട്ടിയെടുത്ത് ദ്രുതവേഗത്തില്‍ അദ്ദേഹം പൂര്‍ത്തിയാക്കി. അതുവരെ തടസം നിന്നവരോട് പോയി പണിനോക്കാന്‍ പറഞ്ഞു. എന്നാല്‍ ഇരട്ടച്ചങ്കന്‍ എന്ന പേരുമായി മുഖ്യമന്ത്രി പദത്തിലെത്തിയ പിണറായി വിജയന് ഇപ്പോഴെന്തുപറ്റിയെന്നും പഴ വീറിന്റെ നിഴലുപോലും കാണാനില്ലെന്നും പി.സി. പറഞ്ഞു.

സര്‍ സി.പി.യുടെ ഭരണത്തിനു ശേഷം സംസ്ഥാനത്ത് യാതൊരു വികസനവും നടന്നിട്ടില്ലെന്നു പറഞ്ഞ ജോര്‍ജ് കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളിലായി ഇടതുവലതു സര്‍ക്കാരുകള്‍ സംസ്ഥാനത്ത് മാറിമാറി ഭരിച്ചിട്ടും യാതൊരു വികസനവും കൊണ്ടു വന്നിട്ടില്ല. കേന്ദ്രത്തില്‍ ബി.ജെ.പി.യും ഭരണം കുട്ടിച്ചോറാക്കിയതോടെ കാര്യങ്ങള്‍ക്ക് ഏതാണ്ട് തീരുമാനമായി. 1980-ല്‍ ഇന്ദിരാഗാന്ധിയുടെ കാലത്ത് അനുവദിച്ച റെയില്‍വേ സോണ്‍ ഇതുവരെ യാഥാര്‍ത്ഥ്യമാക്കാന്‍ ഇരു സര്‍ക്കാരുകള്‍ക്കും കഴിഞ്ഞിട്ടില്ല. വലിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 40 വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളം കേന്ദ്രത്തിനു സൗജന്യമായി പതിച്ചു നല്‍കിയ എച്ച്.എം.ടി.യില്‍ സ്ഥലം വില്‍പ്പന മാത്രമാണ് ലാഭകരമായി പോകുന്നതെന്നും ജോര്‍ജ് പരിഹസിച്ചു.

കേരളത്തിന്റെ തൊട്ടയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഒരു ഇഡ്ഢിലിക്കു ഒരു രൂപ മാത്രം വിലയുള്ളപ്പോള്‍ കേരളത്തില്‍ ഒന്നിന് ഏഴുരൂപയാണ് വില.

അവിടെ ചോറും സാമ്പാറും ഉള്‍പ്പെട്ട ഒരു സാധാ ഊണിനു ഏഴരരൂപമാത്രം ഈടാക്കുമ്പോള്‍ കേരളത്തില്‍ 40 രൂപയാണ്. കേരളത്തിലെ ഒരു ഊണിന്റെ വിലയ്ക്ക് തമിഴ്‌നാട്ടില്‍ അഞ്ചുപേര്‍ക്ക് സുഖമായി ഉണ്ണാം. തമിഴ്‌നാട്ടില്‍ ഒരു കിലോ അരിക്ക് 24 രൂപ വില മാത്രമുള്ളപ്പോള്‍ കേരളത്തില്‍ 53 രൂപയാണ് വില.

തമിഴ്‌നാടെന്താ ഇന്ത്യയിലല്ലെ സ്ഥിതി ചെയ്യുന്നത് ? മാറി മാറി വരുന്ന മുന്നണി ഭരണങ്ങള്‍ ഇവിടെ കട്ടു മുടിക്കുകയാണ്-അദ്ദേഹം ആരോപിച്ചു.

രാജ്യത്തെ പ്രക്ഷോഭങ്ങളും മറ്റും തടയാന്‍ ബ്രിട്ടീഷുകാര്‍ ആകെ ഒരു നിയമമാണ് കൊണ്ടുവന്നത്- റൗളിംഗ് ആക്ട്. അത് പ്രയോഗിക്കണമെങ്കില്‍ ഒരു കമ്മിറ്റി കൂടി തീരുമാനിക്കണമായിരുന്നു. ഇപ്പോള്‍ പൊതുജനങ്ങളെ ദ്രോഹിക്കാന്‍ 9 ആളുകളാണ് നിലവില്‍ വന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 ഇം.എം.എസിന്റെ ഭരണകാലത്ത് കേരളത്തിലെ ഭരണരഹിതരായ പട്ടിക ജാതി-പട്ടിക വര്‍ഗക്കാര്‍ക്ക് 10 സെന്റ് ഭൂമി വീതം ലക്ഷം പേര്‍ക്ക് നല്‍കിയിരുന്നു. അതിനു ശേഷം ഇന്നുവരെ ഒരു തുണ്ടു ഭൂമിപോലും പാവപ്പെട്ട ഭവനരഹിതര്‍ക്ക് പതിച്ചു നല്‍കിയിട്ടില്ല. വലിയ വികസനങ്ങള്‍ കൊണ്ടു വന്നു എന്നു വീമ്പിളക്കുന്നവര്‍ ഓര്‍ക്കുക ഇന്നു കേരളത്തില്‍ 12 ലക്ഷം പേര്‍ ഭവനരഹിതരാണെന്ന്്. പിന്നെന്തു വികസനമാണ് ഇവിടെ കൊണ്ടുവന്നത്. ജോര്‍ജ് ചോദിച്ചു.
കേരളത്തില്‍ പോലീസ് രാജ് ആണ് നടക്കുന്നത്. ഉന്നതപോലീസ് മേധാവി വിചാരിച്ചാല്‍ ആര്‍ക്കെതിരെയും കള്ളക്കേസുണ്ടാക്കാന്‍ കഴിയും. അടുത്തിടെ ജനനേന്ദ്രിയം മുറിക്കപ്പെട്ട ഒരു സ്വാമിയുടെ പേരിലുള്ള കേസ് പോലീസ് കെട്ടിച്ചമച്ച ആരോപണമാണ്. ആ സ്വാമി ശുദ്ധനും വിശുദ്ധനുമാണ്. ചട്ടമ്പി സ്വാമികളുടെ ജന്മസ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് സ്വന്തമാക്കി സ്മാരകമാക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയതാണ് ആ സ്വാമി ചെയ്ത ഏക തെറ്റ്. സമര സമിതി കണ്‍വീനറായ രാജന്‍ എന്നയാളുടെ വീടിന്റെ അകത്തെ ഹാളിലാണ് സംഭവദിവസം സ്വാമി കിടന്നുറങ്ങിയത്. സ്വാമി ഏതു വീട്ടില്‍ പോയാലും ഹാളിലാണ് ഉറങ്ങാറുള്ളത്. സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചുവെന്നു പറയപ്പെടുന്ന പെണ്‍കുട്ടി ആ കൃത്യം ചെയ്തിട്ടില്ലെന്ന് ആ കുട്ടി കരഞ്ഞുകൊണ്ട് പറയുന്നു. നിഷ്‌ക്കളങ്കയായ ആ കുഞ്ഞ് നിരപരാധിയാണ്. അവളെ ആരും പീഢിപ്പിച്ചിട്ടില്ല. ചടമ്പി സ്വാമികളുടെ ജന്മഗൃഹം അടങ്ങുന്ന സ്ഥലം സ്വന്തമാക്കാന്‍ ശ്രമിക്കുന്ന സംസ്ഥാനത്തെ ഒരു വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയാണ് ഈ കേസിനു പിന്നില്‍. സ്വാമിക്കെതിരെ 16 കുറ്റങ്ങളാണ് കെട്ടിച്ചമച്ചത്. 14 എണ്ണം തള്ളിപ്പോയി. ഇനി രണ്ടെണ്ണം ബാക്കിയുള്ളതും തള്ളിപ്പോകും. ഇതാണ് കേരളത്തിലെ പോലീസ് നടത്തുന്ന തേര്‍വാഴ്ച.
38 വര്‍ഷം ബംഗാളില്‍ സി.പി.എം.കാര്‍ ഭരിച്ചതുകൊണ്ട് ഒരു ഗുണമുണ്ടായി കേരളത്തിന്. കേരളത്തില്‍ തൊഴിലെടുക്കാന്‍ ആവശ്യത്തിലേറെ ബംഗാളികളെ ലഭ്യമായതാണ് ബംഗാളിലെ സി.പി.എം.ഭരണ നേട്ടം. ബംഗാളി തൊഴിലാളികളെക്കൊണ്ട് മുട്ടിയിട്ട് നടക്കാന്‍ വയ്യ കേരളത്തില്‍. മലയാളികളാകട്ടെ പട്ടിണി കിടന്നാലും വയറുമുറുക്കി മുണ്ടുടുക്കും.

പ്രവാസികളുടെ നാട്ടിലുള്ള ഭൂമി സംരക്ഷിക്കാന്‍ പിണറായി വിജയന്‍ ഒരു നിയമം പാസാക്കുന്നുണ്ട്. അങ്ങനെ ഒരു നിയമത്തിന്റെ ആവശ്യം തന്നെയില്ല. കാരണം നിയമങ്ങള്‍ നിലവിലുള്ളപ്പോഴെന്തിനാണ് പുതിയ നിയമം. നിങ്ങള്‍ പ്രവാസികളുടെ ഭൂമി നിയമവിരുദ്ധമായി ആരെങ്കിലും കൈയ്യടക്കാന്‍ ശ്രമിച്ചാല്‍ സത്യന്ധമായി അറിയിച്ചാല്‍ നിങ്ങളുടെ ഭൂമി നിങ്ങളുടെ കയ്യിലിരിക്കുമെന്ന് താന്‍ ഉറപ്പു നല്‍കുന്നുവെന്ന് പി.സി.ജോര്‍ജിന്റെ പ്രഖ്യാപനം നിറഞ്ഞ കൈയ്യടിയോടെയാണ് സദസ് ഏറ്റുവാങ്ങിയത്.

കേരള മീഡിയാ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു മുഖ്യ പ്രഭാഷണം നടത്തി. കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫ് നോര്‍ത്ത് അമേരിക്ക(കെ.സി.സി.എന്‍.എ.) ബോര്‍ഡ് ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍, ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ഫോമ സെക്രട്ടറി ജിബി തോമസ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് പ്രസിഡന്റ് തങ്കമണി. അരവിന്ദന്‍, കാഞ്ച് പ്രസിഡന്റ് സ്വപ്‌ന രാജേഷ്, മഞ്ച് പ്രസിഡന്റ് സജിമോന്‍ ആന്റണി, ഫൊക്കാനാ മുന്‍ പ്രസിഡന്റ് പോള്‍ കറുകപള്ളില്‍, ജസ്റ്റിസ് ഫോര്‍ ഓഫ് പ്രസിഡന്റ് അനില്‍ പുത്തന്‍ചിറ, ഫൊക്കാനാ ബോര്‍ഡ് ഓഫ് ട്രസ്റ്റി മുന്‍ ചെയര്‍പേഴ്‌സണ്‍ ലീല മാരറ്റ്, ഫോമ മുന്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസ്, ഏഷ്യാനെറ്റ് യു.എസ്.എ.റീജണല്‍ മാനേജര്‍ രാജു പള്ളത്ത്, പ്രവാസി ചാനല്‍ മാനേജിംഗ് പാര്‍ട്ണര്‍ സുനില്‍ ട്രൈസ്റ്റാര്‍, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് അംഗം ടി.എസ്.ചാക്കോ എന്നിവര്‍ ആശംസക്ള്‍ അര്‍പ്പിച്ചു.

സ്വീകരണ കമ്മിറ്റി കോര്‍ഡിനേറ്റര്‍ സണ്ണി വാളിപ്ലാക്കന്‍, മുഖ്യാതിഥി പി.സി.ജോര്‍ജിനെയും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കര മുഖ്യപ്രഭാഷകന്‍ ആര്‍.എസ്.ബാബുവിനെയും പരിചയപ്പെടുത്തി. കെ.സി.സി.എന്‍.എ. പ്രസിഡന്റ് അനിയന്‍ ജോര്‍ജ് സ്വാഗതം സെക്രട്ടറി ഡോ.ഗോപിനാഥന്‍നായര്‍ നന്ദിയും പറഞ്ഞു. ആന്‍സി വര്‍ഗീസ് പ്രാര്‍ത്ഥനാഗാനം ആലപിച്ചു. ജോര്‍ജ് തുമ്പയില്‍ അവതാരകനായിരുന്നു.

ന്യൂയോര്‍ക്ക് ചേമ്പര്‍ പ്രസിഡന്റ് തോമസ് കോശി, സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷാജി എഡ്വേര്‍ഡ്, യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷിനു ജോസഫ്, ഫോമാ ജുഡീഷ്യല്‍ കൗണ്‍സില്‍ അംഗം പോള്‍ സി മത്തായി, ഫൊക്കാന കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍, ഫോമ ജോയിന്റ് ട്രഷറര്‍ ജോര്‍ഫിന്‍ ജോസ്, ഫഌവേഴ്‌സ് ടി.വി. പ്രതിനിധി രാജന്‍ ചീരന്‍, കേരള കള്‍ച്ചറല്‍ ഫോറം പ്രതിനിധി ദേവസി പാലാട്ടി, കെ.സി.എന്‍.എ.അംഗങ്ങളായ ദിലീപ്, വര്‍ഗീസ്, രാജ് ഡാനിയേല്‍, പ്രവാസി ചാനല്‍ പ്രതിനിധി ജോസ് ഏബ്രഹാം, ഫൈന്‍ ആര്‍ട്‌സ് മലയാളം പ്രതിനിധി എഡിസണ്‍ ഏബ്രഹാം, ജോണ്‍ വര്‍ഗീസ്, തോമസ് വി. അലന്‍, പീറ്റര്‍ ജോര്‍ജ്, ജോണ്‍ തോമസ്, സജി യൂണിയന്‍, രേഖാ മേനോന്‍, ഷീല ശ്രീകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

സ്വന്തം ജീവന്റെ ഭാഗമായ കിഡ്‌നി മറ്റൊരാള്‍ക്ക് നല്‍കി ത്യാഗം ചെയ്ത രേഖാ മേനോന്റെയും ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് നേടിയശേഷം ഫിലഡല്‍ഫിയായില്‍ നിന്ന് ടീമംഗങ്ങളോടൊപ്പം എത്തിച്ചേര്‍ന്ന കെ.സി.സി.എന്‍.എ. ട്രഷറര്‍ അലക്‌സ് ജോണിനെയും വേദിയില്‍ അനുമോദിച്ചു.

ഇരട്ടച്ചങ്കന്‍ പിണറായിക്കിതെന്തുപറ്റിയെന്ന് പി.സി.ജോര്‍ജ് (ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക