Image

വള്ളത്തോള്‍ പുരസ്‌കാരം പ്രഭാവര്‍മ്മയ്‌ക്ക്‌

Published on 25 September, 2017
വള്ളത്തോള്‍ പുരസ്‌കാരം പ്രഭാവര്‍മ്മയ്‌ക്ക്‌

തിരുവനന്തപുരം :ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ പ്രഭാവര്‍യ്‌ക്ക്‌. 

മലയാള ഭാഷയുടെ മാര്‍ദ്ദവവും മനോഹാരിതയും ഭാരതീയ സംസ്‌കാരത്തിന്റെ സൗരഭ്യവും സംഗീതാത്മകതയുടെ മാധുര്യവും ഒത്തുചേര്‍ന്ന പ്രഭാവര്‍മ്മയുടെ കൃതികള്‍ സമസ്‌ത മലയാളികളുടേയും ഹൃദയത്തില്‍ ശാശ്വത പ്രതിഷ്‌ഠ കൈവരിച്ചിട്ടുള്ളതായും, വര്‍മ്മയുടെ കവിതകള്‍ സരള ഭാഷയുടെ സൗകുമാര്യം നിലനിര്‍ത്തുന്നതോടൊപ്പം ഉദാത്ത ഭാവനയുടെ പ്രകാശധോരണി പരത്തുന്നതായും സമ്മാന നിര്‍ണ്ണയ സമിതി വിലയിരുത്തി. 

അദ്ദേഹത്തിന്റെ ശ്യാമമാധവം എന്ന ഖണ്ഡകാവ്യത്തെ ഇക്കഴിഞ്ഞ ദശാബ്‌ദത്തില്‍ മലയാള ഭാഷയ്‌ക്ക്‌ ലഭിച്ച ഏറ്റവും മികച്ച സംഭാവനകളില്‍ ഒന്നായി പരിഗണിക്കേണ്ടതാണെന്ന്‌ സമിതി ചൂണ്ടിക്കാട്ടി.

പ്രൊഫസര്‍ സി ജി രാജഗോപാല്‍, ഡോ. എം എം വാസുദേവന്‍ പിള്ള, ആര്‍ രാമചന്ദ്രന്‍ നായര്‍, പി നാരായണക്കുറുപ്പ്‌, ഡോ. നന്ത്യാത്ത്‌ ഗോപാലകൃഷ്‌ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ്‌ സമ്മാന ജേതാവായി പ്രഭാവര്‍മ്മയെ തെരഞ്ഞെടുത്തത്‌. 1,11,111 രൂപയും കീര്‍ത്തിഫലകവുമാണ്‌ സമ്മാനമായി നല്‍കപ്പെടുക. 

തിരുവനന്തപുരത്ത്‌ തീര്‍ഥപാദമണ്ഡപത്തില്‍ വെച്ച്‌ വള്ളത്തോളിന്റെ ജന്മദിനമായ ഒക്‌ടോബര്‍ പതിനാറാം തീയതി വൈകുന്നേരം നടക്കുന്ന സാഹിത്യോത്സവത്തിലാണ്‌ പുരസ്‌കാരം നല്‍കുക

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക