Image

‘കേരള കാളിദാസന്‍’ എന്നത് മോഷണബിരുദം! (മനോജ് മനയില്‍)

Published on 24 September, 2017
‘കേരള കാളിദാസന്‍’ എന്നത് മോഷണബിരുദം! (മനോജ് മനയില്‍)
മോഷ്ടിച്ചാലും മലയാളത്തില്‍ ബിരുദം കിട്ടും. അങ്ങനെ കിട്ടിയതാണു കേരളവര്‍മ വലിയ കോയിത്തമ്പുരാനു ‘കേരള കാളിദാസന്‍’ എന്ന ബിരുദം. ശാകുന്തളം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയാല്‍ മലയാളം അദ്ദേഹത്തിനു ചാര്‍ത്തിക്കൊടുത്തതാണു ഈ ബിരുദവിശേഷം. (മലയാളസിനിമയില്‍ വരെ ഈ ബിരുദം ഉണ്ട്. ഉദാഹരണമായി ‘പാവങ്ങളുടെ മോഹന്‍ലാല്‍’, ‘പാവങ്ങളുടെ മമ്മൂട്ടി’ എന്നൊക്കെ ചില സീരിയല്‍ നടന്മാരെ വിശേഷിപ്പിക്കാറുണ്ട്). എന്നാല്‍, നമ്മുടെ നിരൂപകരും സാഹിത്യ വിമര്‍ശകരും പറയുന്നത്, ‘കേരള കാളിദാസന്‍’ എന്ന ബിരുദത്തിനു അര്‍ഹനാകേണ്ടിയിരുന്നത് സത്യത്തില്‍ വെളുത്തേരി കേശവന്‍ വൈദ്യര്‍ ആയിരുന്നെന്ന്! വെളുത്തേരി പലവിധത്തിലും കേരളത്തില്‍ ബഹുമാന്യസ്ഥാനം അലങ്കരിക്കുന്നു. ഇതില്‍ കവിയായും വൈദ്യരായും സമൂഹ്യപ്രവര്‍ത്തകനായും നാം അദ്ദേഹത്തെ കാണുന്നു. (സര്‍വോപരി അദ്ദേഹം ഈഴവനും ആയിരുന്നു. ഇതു പറയാന്‍ കാരണം അന്നത്തെ സാഹചര്യത്തില്‍ ജാതി പലപ്പോഴും ആളുകളുടെ പ്രതിഭയെ കെടുത്തിയിരുന്നു).

വെളുത്തേരി കേശവന്‍ വൈദ്യരാണു മലയാളത്തില്‍ ആദ്യമായി കാളിദാസ കൃതിയായ ‘ശാകുന്തളം’ തര്‍ജമ ചെയ്തത്. അതാവട്ടെ, ഏറ്റവും മനോഹരമായ രീതിയിലും ആയിരുന്നുവത്രെ! ഇക്കാലം കോട്ടയത്ത് കണ്ടത്തില്‍ വറുഗീസു മാപ്പിള സ്ഥാപിച്ച ഭാഷാപോഷിണി സാഹിത്യസഭയിലും മലയാള മനോരമ പത്രക്കൂട്ടായ്മയിലും ഒട്ടേറെ പേര്‍ ഉണ്ടായിരുന്നു. ഇതില്‍ രണ്ട് അംഗങ്ങളായിരുന്നു വലിയ കോയിത്തമ്പുരാനും വെളുത്തേരിയും. താന്‍ തര്‍ജമ നിര്‍വഹിച്ച ഭാഷാ ശാകുന്തളം പരിശോധിക്കാന്‍ വേണ്ടി വെളുത്തേരി, വലിയ കോയിത്തമ്പുരാന്റെ കയ്യില്‍ ഏല്പ്പിച്ചു. പിന്നീട് ആ കയ്യെഴുത്തു പ്രതി വെളുത്തേരിക്ക് തിരിച്ചു കിട്ടിയില്ല. എന്നുമാത്രമല്ല, അധികം വൈകാതെ ‘കേരളവര്‍മ വലിയ കോയിത്തമ്പുരാന്റെ’ മണിപ്രവാള ശാകുന്തളം പുറത്തിറങ്ങുകയും ചെയ്തു! എങ്ങനെയുണ്ട് അടിച്ചുമാറ്റല്‍!

ഇതില്‍ നിരൂപകര്‍ പറയുന്നത്, വെളുത്തേരിയുടെ തര്‍ജമ ആയിരുന്നത്രെ ഏറ്റവും മനോഹരവും മലയാളത്തിന്റെ ഓജസ്സും തേജസ്സും നിറഞ്ഞു നിന്നതും. അതിനൊരു ഉദാഹരണം പറയാം. ശാകുന്തളത്തില്‍ പതിനെട്ടാം നമ്പറായി ഒരു ശ്ലോകമുണ്ട്. സംസ്കൃതം ഇങ്ങനെയാണു:

“കിം ശീതളൈഃ ക്ലമവിനോദിഭിരാര്‍ദ്ര വാതാന്‍
സഞ്ചാരയാമി നളിനീ ദള താല വൃന്തൈഃ
അങ്കേ നിധായ കരഭോരു! യഥാസുഖം തേ
സംവാഹയാമി ചരണാവത പദ്മതാമ്രൗ?”

കണ്വാശ്രമത്തില്‍ കടന്നുവന്ന് ശകുന്തളയെ കണ്ണും കയ്യും കലാശവും കാണിച്ച് വശത്താക്കിയ കാമപ്രാന്തനായ ദുഷ്യന്തന്‍ അവളെ സെക്‌സിനു വിളിക്കുന്നതാണു നാം മുകളില്‍ വായിച്ചത്! സംഗതി നടക്കാന്‍ വേണ്ടി അളിയന്‍ കാണിച്ചുകൂട്ടുന്ന വാക്കുകളുടെ മായാജാലം കണ്ടല്ലോ? ഇതാണു കാര്യം നേടാന്‍ വേണ്ടി ലോകം എന്തും പറയും. അവസാനം ‘സുന’ പെണ്ണു കണ്ടിക്കുകയും ചെയ്യും. അതെന്തെങ്കിലും ആവട്ടെ. നമുക്കു കാര്യത്തിലേക്ക് കടക്കാം.
ഈ ഭാഗം വെളുത്തേരി മലയാളത്തിലേക്ക് തര്‍ജിമച്ചത് നമുക്കൊന്നു വായിക്കാം:

“തണ്ണീരിന്‍ തരിയാല്‍ തണുത്ത തനുവാതംകൊണ്ടു തന്വാര്‍ത്തിയെ
തള്ളും തണ്ടലരിന്‍ തഴച്ച തഴയാല്‍ തന്വംഗി വീശട്ടയോ?
ചെല്ലച്ചെമ്മലരൊത്ത ചേവടിയുഗം ചേതസ്സുഖം ചേരവേ
മന്ദം ഞാന്‍ മടിയിങ്കല്‍വച്ചു മഹിളാമൗലേ! തലോടട്ടയോ?”
ഇതാണു സംഗതി! നോക്കൂ, എത്ര മനോഹരമായാണു വെളുത്തേരി പറഞ്ഞിരിക്കുന്നത്.

ഇനി കോയിത്തമ്പുരാന്‍ തര്‍ജിമച്ചതു നോക്കാം:
“അംഭോബിന്ദു തുഷാര മന്ദമരുതാ ദേഹക്ലമച്ഛേദിയാ
മംഭോജച്ഛദ താലവൃന്ദമതുകൊണ്ടന്‍പോടു വീശട്ടയോ?
രംഭോരു! പ്രചുരാദരം മടിയില്‍വെച്ചിഷ്ടാനുരോധേന ഞാ
നംഭോജാരുണമാം ഭവല്‍ പദയുഗം ബാലേ! തലോടട്ടെയോ?”

ഈ ശ്ലോകത്തില്‍ ഞാന്‍ പറയാതെതന്നെ മനസ്സിലാകും തമ്പുരാന്‍, വെളുത്തേരിയില്‍നിന്നും മോഷ്ടിച്ച രീതി. ഈ വിവര്‍ത്തനത്തിനെ ആകെ മൊത്തം പറഞ്ഞാല്‍, തമ്പുരാന്‍ ചെയ്തത് കാളിദാസനെ വിവര്‍ത്തിക്കുകയല്ല, പകരം വെളുത്തേരിയുടെ നല്ല മലയാളത്തിനെ സംസ്കൃതപദജഡിലമാക്കി അവതരിപ്പിക്കുകയും പാദാന്തത്തില്‍ വെളുത്തേരിയുടെ ‘വീശട്ടെയോ’, ‘തലോടട്ടെയോ’ എന്നിവ വൈകൃതമായി എടുത്തു ചേര്‍ക്കുകയും ചെയ്തു എന്നു മാത്രമാണു. ഒരു കാമുകന്‍, തന്റെ കാമുകിയോട് സംസാരിക്കുന്ന ഭാഷയാണു മുകളില്‍ കണ്ടത്! സാധാരണ നിലയിലാണെങ്കില്‍ കാമുകി ‘അയ്യോ... രക്ഷിക്കണേ..’ എന്നു നിലവിളിച്ചുകൊണ്ട് ഓടിപ്പോയെനെ. ദുഷ്യന്തന്‍ കാമുകിയായ ശകുന്തളയെ സെക്‌സിനു വിളിച്ച തമ്പുരാന്റെ ഭാഷകണ്ട് സി. അച്യുതമേനോന്‍ എഴുതിയത്, “പീരങ്കി പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന ശബ്ദംപോലെ ‘ഭും ഭും’എന്നാണു തര്‍ജമയില്‍ നിന്നു നാം മനസ്സിലാക്കേണ്ടത്. എന്നാല്‍, വെളുത്തേരിയുടെ തര്‍ജമ ഭാവാഭിവ്യഞ്ജകമായ രമണീയ പദപ്രയോഗം കൊണ്ട് രമ്യവുമാണു. (സി. അച്യുതമേനോന്‍, വായനയുടെ കനികള്‍ & ലേഖനം ഡോ. എം.എസ്. ജയപ്രകാശ്).

ഈ തരത്തില്‍ കടിച്ചാല്‍ പൊട്ടാത്ത മണിപ്രവാളത്തില്‍ മോഷ്ടിച്ചെടുത്ത കൃതികൊണ്ടാണു കോയിത്തമ്പുരാന്‍ ‘കേരള കാളിദാസന്‍’ ആയത്. യഥാര്‍ത്ഥ കേരള കാളിദാസനായ വെളുത്തേരി കേശവന്‍ വൈദ്യര്‍ ചവറ്റുകുട്ടയില്‍ പതിക്കുകയും ചെയ്തു. രാജാക്കന്മാരുടെ ഓരോരോ ലീലാവിലാസങ്ങള്‍! എന്നിട്ടു മീശ പിരിച്ചു പറയും “ ഞാന്‍ തമ്പുരാന്‍, കേരള കാളിദാസ തമ്പുരാന്‍!”
Join WhatsApp News
vayankaaran 2017-09-25 20:42:20
മനയിൽ ഈഴവനല്ലെന്നു കരുതുന്നു.  ആണെങ്കിൽ പിന്നെ ഇങ്ങനെ എഴുതുവാൻ അത് ഒരു കാരണമാണ്.  എന്ത് ചെയ്യും, കാലം ഇത്ര കഴിഞ്ഞിട്ടും ജാതിക്ക് ഒരു കോട്ടവും ഇല്ല. മാർക്കം കൂടിയ മാത്തുള്ള വരെ നമ്പൂതിരി പാരമ്പര്യം അവകാശപ്പെടുന്നു . ആ സ്ഥിതിക്ക് ശ്രീ മനയിൽ ഒരു ഈഴവനെ പിൻ താങ്ങാൻ പോയാൽ ആ പരിപ്പ് അമേരിക്കൻ മലയാളി സമൂഹത്തിൽ വേവില്ല.
രാജരാജ വർമ്മ 2017-09-25 17:08:35
എന്തുദ്ദേശിച്ചാണാവോ മനയിൽ നിന്ന് ഈ പ്രസ്താവനയുമായി ഇറങ്ങിയിരിക്കുന്നത്. ആദ്യമായി മയൂരസന്ദേശം വായിക്കുക. എന്നിട്ടാവാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക