Image

പ്രണയക്കളള് (മീനു എലിസബത്ത്)

Published on 22 September, 2017
പ്രണയക്കളള് (മീനു എലിസബത്ത്)
നിനക്ക് കളളു പോലെയാണ് എനിക്ക് നീ
കുടിക്കാത്ത നീയും, കുടിച്ചു വരുന്ന നീയും, രണ്ടു പേരാണെന്ന്
എനിക്കറിയാവുന്നതു പോലെ നിനക്കറിയില്ലല്ലോ ?!
ഇടക്ക് കുടി നിര്‍ത്തുമെന്നുള്ള നിന്റെ പ്രസ്താവന
എന്റെ നെഞ്ചില്‍ തീ കോരിയിടുമെങ്കിലും...
കുടിക്കാത്ത നീയൊരു പിശാചായി മാറുമെങ്കിലും...
ഞാന്‍ നിന്നെ പ്രണയിക്കുന്നതിനാല്‍
എനിക്ക് പറയാതിരിക്കാന്‍ കഴിയില്ലല്ലോ
പൊന്നെ ഈ മരണക്കുടിയാപാത്താണെയെന്ന്
എനിക്ക് നീന്നെയും, നിനക്ക് കളളിനെയും, ഒഴിവാക്കാനാവാത്തത് പോലെ...
ഞാന്‍ പറഞ്ഞു കൊണ്ടേയിരിക്കുന്നു...നീ കുടിച്ചു കൊണ്ടേയിരിക്കുന്നു..

കുടിക്കാത്ത നീ...
ക്രൂരനും, ദുഷ്ടനും, ചെകുത്താനും, നീചനും, അഹങ്കാരിയും
ക്ഷിപ്രകോപിയും, കുത്തുവാക്കുകള്‍ കൊണ്ട് നോവിക്കുന്നവനും .
വിഷാദിയും മൗനിയും അരസികനും പിശുക്കനുമാണ്.
നീന്റെ പച്ച ദിനങ്ങളെ നരകം പോലെ വെറുത്തു ഞാന്‍
കയ്പ്പ്നീര്‍ കുടിച്ചിറക്കുന്നു .
കുടിക്കാത്ത നിനക്കെന്നെ വേഗം മടുക്കുകയും അരിശത്തോടും
വെറുപ്പോടും നീ തിരിഞ്ഞു കിടന്നു കൂര്‍ക്കം വലിക്കുകയും
രാത്രി മുഴുവന്‍ പിറുപിറുക്കുകയും പിച്ചുംപേയും പറയുകയും ചെയ്യുമ്പോള്‍,
ഞാന്‍ ഇരുട്ടിനെ തുറിച്ചു നോക്കി.
നിനക്ക് കുടി നിര്‍ത്താന്‍ തോന്നിയ ശപ്തനിമിഷത്തെ ശപിച്ചു,
കയ്പ്പ്നീര്‍ കുടിച്ചിറക്കുന്നു.

കുടിച്ചു വരുന്ന നീ,
നറുനിലാ പുഞ്ചിരി പൊഴിക്കുന്നവനും
വെള്ളരിപ്രാവ് പോലെ സമാധാനിയുമാകുന്നു
പ്രണയം, നിറച്ചു വെച്ചിരിക്കുന്നയാ ചുവന്ന കണ്ണുകള്‍ എന്നെ ഉന്മത്തയാക്കുന്നു.
ആദ്യമായി കാണുമ്പോലുള്ള മിഴിച്ചു നോട്ടം
എന്റെ കവിളുകള്‍ കൂടുതല്‍ തുടുപ്പിക്കുന്നു...
ഞാന്‍ നാണിച്ചു മുഖം കുനിക്കുന്നു ..
വഴുതി വീഴുന്ന കൊഴവാക്കുകളില്‍ നീ തേന്‍ തുള്ളികള്‍ നിറക്കുകയും. അവയെന്റെ ചുണ്ടിലേയ്ക്കിറ്റിക്കുകയും ഞാനതു അമൃത് പോലെ നുണഞ്ഞിറക്കുകയും, ചെയ്യുന്നു

മദ്യം നിനക്കെന്തൊക്കെയോ ആരൊക്കെയോ ആകുന്നതു പോല്‍
നീ എനിക്കും ആരോക്കെയോ എന്തൊക്കെ ആവുന്നു..
എന്റെ ലജ്ജ കോരിക്കുടിച്ചു നീ കൂടുതല്‍ ഉന്മത്തനാവുകയും
നിനക്കു ഞാന്‍ വളരെ പ്രിയമുള്ളതാവുകയും ചെയ്യുന്നു.
എന്റെ ഓരോ ഇഞ്ചും നീ ചുംബിച്ചു ചുവപ്പിക്കുമ്പോള്‍,
എന്റെ പിന്‍കഴുത്തിലെ കുഞ്ഞു രോമങ്ങള്‍ എഴുന്നേറ്റ് നിന്ന് നിന്നെ തൊഴുതുപോകുന്നു. .
നീയെന്നെ ഭൂലോകസുന്ദരിയായി വാഴിക്കുകയും
പ്രണയ കിരീടം ചൂടിക്കുകയും, ചെയ്യുന്നു
ഞാനല്ലാതെ അന്യ സ്ത്രീകള്‍ നിനക്കുണ്ടാവില്ലന്നെന്റെ കാതില്‍ ആണയിടുമ്പോള്‍
ആ നുണവാക്കുകള്‍ ഞാന്‍ നുണഞ്ഞലിയിക്കാതെ, വെള്ളം തൊടാതെ വിഴുങ്ങുന്നു..
കള്ളിന്റെ കനപ്പിലും, നിറഞ്ഞ പുഞ്ചിരി മായാതെ,
നീയൊരു കുഞ്ഞിനെപ്പോലെ കണ്ണ് പൂട്ടുന്നു.
നിന്റെ നെഞ്ചില്‍കൂട്ടില്‍ തല പൂഴ്ത്തി ഞാനും സുഷുപ്തിയിലാഴുന്നു.
പ്രണയക്കളള് (മീനു എലിസബത്ത്)പ്രണയക്കളള് (മീനു എലിസബത്ത്)
Join WhatsApp News
Joseph 2017-09-22 21:24:29
നല്ല അർത്ഥമുള്ള കവിത. കള്ളു കേറുമ്പോൾ ഭാര്യയോട് സ്നേഹം കൂടുന്ന ഭർത്താക്കന്മാർ അനേകരെ ഞാനും കണ്ടിട്ടുണ്ട്. കള്ളും പെണ്ണുമായി നല്ല ഭാവനകൾ കോർത്തിണക്കി സുന്ദരമായ മലയാളം അക്ഷരങ്ങൾ പെറുക്കിവെച്ച് കവിത എഴുതിയ മീനുവിന് അഭിനന്ദനങ്ങൾ.

'കള്ള്' എന്ന് പറയുന്നത് ഒരു പുരുഷന്റെ ശത്രുവാണ്. ബൈബിളിൽ പറഞ്ഞിരിക്കുന്നത് ശത്രുവിനെ സ്നേഹിക്കാനാണ്. ബഞ്ചമിൻ ഫ്രാങ്കലിന്റെ വാക്കുകളും ഓർത്തുപോവുന്നു, "വീഞ്ഞിനുള്ളിൽ വിവേകമുണ്ട്. ബീയറിനുള്ളതിൽ സ്വാതന്ത്ര്യ ബോധവും. എന്നാൽ വെള്ളത്തിനുള്ളിൽ ബാക്ടീരിയ വസിക്കുന്നു." കഴ്‌സൺ പറഞ്ഞിരിക്കുന്നത് 'സംഗീതം കഴിഞ്ഞാൽ ഏറ്റവും നല്ലത് ലഹരിയുള്ള ബീയറെന്നാണ്'. 

അതുകൊണ്ട് കള്ളുകുടിക്കുന്ന ഭർത്താക്കന്മാരിൽ ദുഃഖിതരായിരിക്കുന്ന ഭാര്യമാർക്ക് മീനുവിന്റെ ഈ കവിത ഒരു സിദ്ധൗഷധം ആയിരിക്കും.  
BENNY KURIAN, New Jersey 2017-10-02 13:34:10
മനോഹരമായിരിക്കുന്നു മീനു...  
പല പുരുഷമാരും കേൾക്കുവാൻ ആഗ്രഹിക്കുന്നതു തന്നെയാണിത്!.... 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക