Image

ഇവള്‍ ജിന്‍സി (കഥ: ഭാഗം -5: സി.ജി. പണിക്കര്‍ കുണ്ടറ)

Published on 16 September, 2017
ഇവള്‍ ജിന്‍സി (കഥ: ഭാഗം -5: സി.ജി. പണിക്കര്‍ കുണ്ടറ)
ഷൈജുവിന്റെ ഭവനം സാധാരണ രീതിയില്‍ അലങ്കരിച്ചിട്ടുണ്ട്. ഷൈജു എന്തോ ഗഹനമായ ചിന്തയിലാണ് എഴുതി്‌ക്കൊണ്ടിരിക്കുകയാണ്. കൈവിരലുകള്‍ക്കിടയില്‍ എരിയുന്ന സിഗരറ്റ് ഇടയ്ക്കിടെ ആ പേപ്പര്‍ കൈയിലെടുത്ത് എഴുന്നേറ്റ് നടന്നു കൊണ്ട് അയാള്‍ വായിക്കും.

ഇപ്പോള്‍ ഷൈജു താന്‍ എഴുതിയ വരികള്‍ ഉറക്കെ വായിച്ചു നോക്കുകയാണ്. സാഫല്യമടയാത്ത ജീവിതത്തിന്റെ ഭാരവും, സായൂജ്യമടയാത്ത മോഹങ്ങളുടെ ഭാണ്ഡവും പേറി ഇഴഞ്ഞു നീങ്ങുന്ന ഒരു വികാര ജീവിയല്ലേ ഞാന്‍. കുത്തൊഴുക്കില്‍ പെട്ട ഒരു കടലാസ്സു തോണി പോലെ എന്റെ ജീവിതം. കൊഴിഞ്ഞു വീണ ജീവിതത്തിന്റെ പീലികള്‍, തകര്‍ന്നുവീണ സ്വപ്നങ്ങളുടെ ചില്ലുകൊട്ടാരങ്ങളില്‍ തട്ടി പ്രതിബിംബിക്കുന്നു. ആവോളം ആസ്വദിക്കുവാന്‍ ഇനി ദു:ഖത്തിന്റെ മധുചഷകം മാത്രം. ജീവിതം ഒരു വിളിപ്പാടകലത്തേക്ക് തെന്നി മാറിയതുപോലെ മനസ്സേ എന്തിന് ചഞ്ചലമാകുന്നു… നിന്നില്‍ നിന്നും പറന്നകന്ന മോഹപക്ഷികള്‍ ഇനി തിരിച്ചുവരില്ല. നിന്റെ അന്തരംഗത്തില്‍ ഉണ്ടായ സ്‌ഫോടനങ്ങള്‍ എത്രയെത്ര ഉണങ്ങാത്ത മുറിവുകള്‍ സൃഷ്ടിച്ചു. അതേ സ്വപ്നങ്ങള്‍ ഉറങ്ങുന്ന വീട്ടിലെ നിത്യ സന്ദര്‍ശകനാണ് ഞാന്‍. നിശബ്ദമാണ് എപ്പോഴും അവിടം. തനിക്കു മാത്രം ഇരിക്കാന്‍ പട്ടു വിരിച്ച ഒരു പരവതാനി, മനസ്സാക്ഷിയുടെ തുറന്നിട്ട ജാലകത്തിലൂടെ വെളിയിലേക്ക് നോക്കിയാല്‍ തുറന്ന ആകാശവും ഉദയാസ്തമനവും കാണാം. പറന്നുപോകുന്ന കാര്‍മേഖശകലങ്ങള്‍ കാണാം, തൂമിഴിനീര്‍ കാണാം അപ്പോഴെല്ലാം നിശബ്ദനായി ഞാനെന്റെ ജീവിത കാവ്യത്തിന്റെ പഴയ താളിയോലക്കെട്ടുകളില്‍ എന്തൊക്കയോ തേടാറുണ്ട്. ഒരു പക്ഷേ മനസ്സെന്ന കോവിലിലെ ശാന്തിക്കാരനാണ് ഞാനെങ്കില്‍ എന്റെ “പുഷ്പാര്‍ച്ചന” ജീവിത കാവ്യ പുസ്തകത്തില്‍ എഴുതി ചേര്‍ക്കുന്ന പുതിയ ഈരടികളല്ലേ…? അപ്പോഴേക്കും ബെറ്റി അവിടേക്കു കടന്നു വരുന്നു. മനപ്പൂര്‍വ്വം പിന്നില്‍ നിന്നും അവള്‍ ചെറുതായൊന്ന് ചുമച്ച് ശബ്ദമുണ്ടാക്കി. ഷൈജു തിരിഞ്ഞു നോക്കിയിട്ട് ഓ… ബെറ്റിയോ.. എന്താ ഇങ്ങോട്ടൊക്കെ.

ബെറ്റി വളരെ ആശ്ചര്യത്തോടെ ഷൈജുവിനെ നോക്കിക്കൊണ്ട് “മരിച്ചുപോയ ആള്‍ തിരിച്ചു വന്നപ്പോള്‍ ഒന്ന് കണാമെന്ന് തോന്നി”… ! അല്പം ഹാസ്യം കലര്‍ന്ന സ്വരത്തില്‍ “അയാള്‍ പറഞ്ഞു ഒരു സഹതാപം അല്ലേ..? സത്യത്തില്‍ ഇപ്പോള്‍ സഹതാപം തോന്നുന്നത് ഷൈജുവിനോടല്ല”… “ഇനി സഹതപിച്ചിട്ട് കാര്യമുണ്ടോ ബെറ്റി. അവള്‍ വീണ്ടും എന്താണ് സംഭവിച്ചത് എന്ന് ഒന്ന് പറയുമോ. അയാള്‍ ചിരിച്ചുകൊണ്ട് ബെറ്റിയ്ക്ക് എന്റെ കഥ കേള്‍ക്കണം അല്ലേ..? അതെ അവള്‍ പറഞ്ഞു എന്നാല്‍ കേട്ടോളൂ അവന്‍ തുടര്‍ന്നു കാര്‍ഗിലില്‍ ഓപ്പറേഷന്‍ വിജയ് സ്റ്റാര്‍ട്ട് ആയപ്പോള്‍ ഹൈ കമാന്‍ഡിന്റെ ഉത്തരവ് പ്രകാരം ലൈന്‍ ഓഫ് കണ്‍ട്രോളിന് സമീപമുള്ള ബെറ്റാലിക്ക് സെക്ടറിലേക്ക് എന്റെ യൂണീറ്റ് മൂവായി. പാകിസ്ഥാന്‍ റെഗുലാര്‍ ആര്‍മിയേയും നുഴഞ്ഞു കയറ്റക്കാരേയും തടയാനായിരുന്നു ഞങ്ങളെ അവിടേക്കയച്ചത്.

ഞങ്ങള്‍ക്കൊപ്പം സിക്ക് ജാറ്റ് ജാക്ക് റൈഫിള്‍സ് ഗ്രനേഡിയേഴ്‌സ് തുടങ്ങി പല റെജിമെന്റുകളും ഉണ്ടായിരുന്നു. ഞാനുള്‍പ്പെട്ട ഏഴംഗസംഘം റെക്കിക്കായി ബട്ടാലിക് സെക്ടറിലൂടെ ലൈന്‍ ഓഫ് കണ്‍ട്രോള്‍ ലക്ഷ്യം വച്ച് നീങ്ങുകയായിരുന്നു. ബട്ടാലിക് സെക്ടറില്‍ അതായത് ഇന്‍ഡ്യന്‍ മണ്ണില്‍ പാകിസ്ഥാന്‍ സൈന്യം ആധിപത്യം സ്ഥാപിച്ചത് ഞങ്ങള്‍ അിറഞ്ഞിരുന്നില്ല. മലഞ്ചെരുവിലൂടെ ഞങ്ങള്‍ മുന്നോട്ടു നീങ്ങുകയായിരുന്നു. അവന്‍ ഒന്ന് നിര്‍ത്തി, ബെറ്റി

ആകാംഷയോട് പറഞ്ഞു എന്നിട്ട്…

അവന്‍ തുടര്‍ന്നു, പെട്ടെന്ന് അവരുടെ ലൈറ്റ് മെഷ്യന്‍ ഗണ്ണില്‍ നിന്നും സെല്‍ഫ് ലോഡിംഗ് റൈഫിളില്‍ നിന്നും, സെല്‍ഫ് ബുള്ളറ്റുകള്‍ ശരവര്‍ഷം പോലെ ഞങ്ങളുടെ നേര്‍ക്ക് പാഞ്ഞു വന്നു…. അപ്രതീക്ഷിതമായ ആക്രമണത്തില്‍ പ്രത്യാക്രമണം നടത്താനാവാതെ മുന്നിലായി നീങ്ങിയ ക്യാപ്ടനും ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും പിടഞ്ഞു വീഴുന്നത് ഞാന്‍ കണ്ടു. ബൈനോക്കുലര്‍ ഫിക്‌സ് ചെയ്ത മെഷീന്‍ ഗണ്ണിലൂടെ മുന്നോട്ടു ഇഴഞ്ഞു നീങ്ങുന്ന ഞങ്ങള്‍ക്കു നേരേ അവര്‍ നിറ ഒഴിച്ചു കൊണ്ടിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന 6 പേരും പൊരുതി മരിച്ചു വീണു. ഞാന്‍ മാത്രം എങ്ങനെയോ ബാക്കിയായി. വെള്ളച്ചാലുകള്‍ നിര്‍മ്മിച്ച ഒരു വിടവില്‍ ഞാന്‍ നിശബ്ദം പതിയിരുന്നു. രാത്രിയുടെ യാമങ്ങളില്‍ ഞാന്‍ അവരുടെ ബങ്കറിന് അടുത്തേക്ക് ഇഴഞ്ഞു കയറി. കുറ്റിച്ചെടികള്‍ അനങ്ങുന്ന ശബ്ദംകേട്ട സ്ഥാനത്തേക്ക് അവര്‍ നിറയൊഴിച്ചു. അതില്‍ ഒരു ബുള്ളറ്റ് എന്റെ ഇടത് ഷോള്‍ഡര്‍ മസ്സിലിനെ കീറി മുറിച്ച് കടന്നു പോയി. ഞാന്‍ വേദന കടിച്ചമര്‍ത്തിക്കൊണ്ട് ഒരു ഹാന്റ് ഗ്രനൈഡ് ആ വലിയ ബങ്കറിലേക്ക് വലിച്ചെറിഞ്ഞു. ബങ്കര്‍ തകര്‍ന്നു പക്ഷേ തകര്‍ന്ന ബങ്കറിന് ഉള്ളില്‍ നിന്നും ബുള്ളറ്റുകള്‍ ഉതിര്‍ന്നു അതില്‍ ഒന്ന് എന്റെ വലതുകാല്‍തുടയില്‍ ഗുരുതരമായി പരുക്കേല്‍പ്പിച്ചു കടന്നുപോയി. മരിച്ച ഓഫീസറുടെ ഓവര്‍ സാക്കില്‍ നിന്നും ഞാന്‍ കരുതി വച്ച രണ്ടാമത്തെ ഹാന്‍ഡ് ഗ്രനേഡും കൃത്യമായി ഞാന്‍ വലിച്ചെറിഞ്ഞു. ബങ്കറിനുള്ളില്‍ വീണു അതും തകര്‍ന്നതോടെ ശത്രുവിന്റെ തോക്കിന്റെ ഗര്‍ജനം നിലച്ചു. അതിലുണ്ടായിരുന്നവരെല്ലാം ചത്തൊടുങ്ങിയെങ്കിലും ഒരു ചുവട് പോലും മുന്നോട്ടോ പിന്നോട്ടോ വയ്ക്കാന്‍ എനിക്കായില്ല ഞാന്‍ കുഴഞ്ഞു വീണു.

ബെറ്റി വളരെ ആകാംഷയോടെ എന്നിട്ട് എന്തു സംഭവിച്ചു..? എങ്ങനെ രക്ഷപ്പെട്ടു. അയാള്‍ തുടര്‍ന്നു. ബോധം തെളിഞ്ഞപ്പോഴേക്കും നേരം വെളുത്തിരുന്നു.റെക്കിയ്ക്ക് പോയവരെ കാണാഞ്ഞ് ഇന്‍ഡ്യന്‍ പട്ടാളം മുന്നോട്ട് നീങ്ങി. അവര്‍ക്കെതിരേ മലമുകളില്‍ പാകിസ്ഥാന്‍ പീരങ്കികള്‍ ഗര്‍ജ്ജിച്ചു. ഇന്‍ഡ്യന്‍ പട്ടാളത്തിന് ശത്രുവിന്റെ ഉണ്ടകളേയും ഷെല്ലുകളേയും മറി കടന്ന് മലമുകളിലേക്ക് കയറുക അത്ര എളുപ്പമായിരുന്നില്ല. ബോഫോഴ്‌സിന്റെ സഹായത്തോടെ അവര്‍ തിരിച്ചടിച്ചുകൊണ്ടിരുന്നു. പൊരിഞ്ഞപോരാട്ടത്തിന് ശേഷം ഒടുവില്‍ അവര്‍ എന്റെ അടുത്തെത്തി. അപ്പോള്‍ അതുവരെ ഷൈജു എങ്ങനെ കഴിഞ്ഞു, മുറിവേറ്റിരുന്നില്ലേ, ആഹാരം, വെള്ളം ഇവയൊക്കെ എങ്ങനെ? അവള്‍ ആരാഞ്ഞു. അവന്‍ മന്ദസ്‌മേരവദനനായ് അവന്‍ തുടര്‍ന്നു.. രണ്ടാമത്തെ ഗ്രനേഡ് വലിച്ചെറിഞ്ഞിട്ട് കമിഴന്ന് വീണ് രക്ഷപ്പെടാനായി പൊസിഷന്‍ എടുത്തപ്പോള്‍ വീണുപോയത് വലിയൊരു കുഴിയിലേക്കായിരുന്നു. എങ്കിലും വലിയ ആഘാതം ഒന്നും ഏറ്റില്ല. മലര്‍ന്നു ആകാശത്തേക്ക് നോക്കി കിടന്നു. ഇരു ഭാഗത്ത് കൂടെയും ചീറിപായുന്ന ഷെല്ലുകളുടേയും, ബുള്ളറ്റുകളുടെയും ഹുങ്കാരശബ്ദം മാത്രം കാതുകളില്‍, ആഹാരം ഒന്നും കൈവശം ഉണ്ടായിരുന്നില്ല, വാട്ടര്‍ ബോട്ടില്‍ അല്പം വെള്ളം അവശേഷിച്ചിരുന്നു. അതു കൊണ്ട് രണ്ടു ദിവസം കഴിഞ്ഞു കൂടി. മൂന്നാം നാള്‍ ആയപ്പോഴേക്കും മുറിവുകള്‍ പഴുത്തു തുടങ്ങി. കണ്ണുകള്‍ ഇരുട്ട് വ്യാപിച്ചു. ഞാന്‍ മറ്റൊരു ലോകത്തേക്ക് യാത്ര ആകുന്നതു പോലെ തോന്നി.

ഓ മൈ ഗോഡ്.. പിന്നെ ഷൈജു എങ്ങനെ രക്ഷപെട്ടു..? അവള്‍ ചോദിച്ചു. അവന്‍ തുടര്‍ന്നു ആക്രമണം മിക്കവാറും രാത്രിയിലാണ് നടത്തിയിരുന്നത്. മൂന്നാം നാള്‍ ഇന്‍ഡ്യന്‍ പട്ടാളം ഞാന്‍ കിടന്ന സ്ഥലത്തെത്തി. മൃതപ്രായനായ എന്നെ ഒരു സൈനികന്‍ കണ്ടെത്തി. കമഴ്ന്നു കിടന്ന ഞാന്‍ മരിച്ചു എന്ന് ആദ്യം അയാള്‍ കരുതി പക്ഷേ ഒരു ചെറിയ ചലനം അയാള്‍ കണ്ടു, അങ്ങനെ ഞാന്‍ ജമ്മുവിലെ ഉദംപൂര്‍ മിലിട്ടറി ഹോസ്പിറ്റലില്‍ എത്തി… എന്നിട്ട്..? അവള്‍ക്ക് ജിജ്ഞാസ വര്‍ദ്ധിച്ചു.

മുറിവുകള്‍ പഴുത്തു തുടങ്ങിയിരുന്നു. വിദഗ്ദമായ ട്രീറ്റ്‌മെന്റ് ലഭിച്ചതിനാല്‍ എന്റെ കാല്‍ മുറിക്കാതെ രക്ഷപ്പെട്ടു. എ ഹൊറിബിള്‍ സ്റ്റോറി ഐ കാണ്‍ട് ബിലീവ് ഇറ്റ് അവള്‍ പറഞ്ഞു. ഷൈജു ആരേയും വിഷമിപ്പിക്കണമെന്നനിക്ക് ആഗ്രഹമില്ല ബെറ്റി-ജീവിച്ചിരിക്കുന്നു നിങ്ങള്‍ മരിച്ചു എന്ന് റിപ്പോര്‍ട്ട് ചെയ്തു…! ഷൈജു റെക്കിയ്ക്ക് പോയ കൂട്ടരില്‍ 6 പേരുടെയും മൃതദേഹം മറ്റ് മൃതദേഹങ്ങള്‍ക്കൊപ്പം അവര്‍ക്ക് ലഭിച്ചു. പക്ഷേ എവിടേയോ അവര്‍ക്കൊരു പിഴവ് പറ്റി അങ്ങനെ മിസ്സിംഗ് ആയ ഞാന്‍ മരിച്ചു എന്ന് തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

അങ്ങനെ ദിവസങ്ങള്‍ക്ക് ശേഷമാണ് എന്റെ യൂണീറ്റിന് ആ പിഴവ് മനസ്സിലായത് കാരണം എന്റെ യൂണീറ്റ് മുഴുവനും കാര്‍ഗില്‍ യുദ്ധത്തില്‍ ഡിസ്‌ട്രോയ് ചെയ്യപ്പെട്ടിരുന്നു. അപ്പോള്‍ ഷൈജുവിനെങ്കിലും അിറയിക്കാമായിരുന്നില്ലേ…? നിങ്ങള്‍ മരിച്ചിട്ടില്ലെന്ന് അവള്‍ ചോദിച്ചു. ഷൈജു ചിരിച്ചുകൊണ്ട്, മരിച്ചു എന്ന വിവരം ഞാന്‍ തന്നെ അറിയുന്നത് ഏറെ ദിവസങ്ങള്‍ക്ക് ശേഷമാണ്. അവള്‍ വീണ്ടും പറഞ്ഞു ഹോസ്പിറ്റലില്‍ കിടന്നു കൊണ്ട് ഒരെഴുത്ത് എങ്കിലും

അയയ്ക്കാമായിരുന്നില്ലേ ജിന്‍സിക്ക്. എന്ത് എഴുതാന്‍ എന്റെ തോളില്‍ വെടിയേറ്റ് തുടയില്‍ വെടിയേറ്റ് ഹോസ്പിറ്റലില്‍ കഴിയുന്നു എന്നല്ലേ….? ബെറ്റി വിഷമത്തോട് അങ്ങനെ ആയിരുന്നെങ്കിലും ഒരു വലിയ ദുരന്തം ഒഴിവാക്കാമായിരുന്നു. ഷൈജു വിഷാദത്തോട് തകര്‍ന്നു പോയത് എന്റെ ഹൃദയമാണ്.. ഞാന്‍ അല്പം വൈകിപ്പോയി എങ്കിലും എന്റെ ജിന്‍സി സന്തോഷമായി ജീവിക്കുന്നത് കാണാനാണ് എനിക്ക് ആഗ്രഹം. അവള്‍ ഒരു പാവം കുട്ടിയാണ് സത്യത്തില്‍ ഞാന്‍ ചെറിയാന്‍ മുതലാളിയുടെ മകളെ സ്‌നേഹിച്ചത് തന്നെ തെറ്റായിപ്പോയി.

“പോലീസ് വകുപ്പു മന്ത്രിയുടെ മകള്‍ അഡ്വക്കേറ്റ് ബെറ്റി ഹൃദയം തുറന്ന് ഇനി നിങ്ങളെ സ്‌നേഹിച്ചാല്‍, സ്‌നേഹം തിരിച്ചു നല്‍കുവാന്‍ നിങ്ങള്‍ക്ക് കഴിയുമോ”…..? ഷൈജു ഞെട്ടിത്തരിച്ചുപോയി.. ഒരിക്കലും പാടില്ലാത്ത മറ്റൊരു ബന്ധം ഞാന്‍ സ്വപ്നം പോലും കാണാന്‍ പാടില്ലാത്തത്, എനിക്ക് അതിനാവില്ല. ബെറ്റി-രാഷ്ട്രീയത്തിലെ കുതികാല്‍ വെട്ടുകള്‍ കണ്ട് മടുത്ത് വളര്‍ന്നവളാണ് ഞാന്‍, ഒരു ജവാന്റെ ജീവിതം അടുത്തറിഞ്ഞപ്പോള്‍ എത്രയോ അഭിമാനം തോന്നുന്നു. ജീവന്‍ പണയം വച്ച് സ്വന്തം തൊഴിലിനോട് കൂറു പുലര്‍ത്തുന്ന പട്ടാളക്കാര്‍ താങ്കളുടെ ജീവിതത്തില്‍ ഒരു പുതുവെളിച്ചവുമായി കടന്നു വരാന്‍ എന്നെ അനുവദിക്കുമോ…? ഷൈജു നിറഞ്ഞ ദു:ഖത്തോട് എനിക്കതിനാവില്ല ബെറ്റി… അവള്‍, ഒരു മന്ത്രിയുടെ മകള്‍ ആയിപ്പോയത് കൊണ്ടല്ലേ….?

ഏതെങ്കിലും ഒരു കഅട, കജട ഓഫീസറിനെ സ്വപ്നം കണ്ടു കൂടെ കുട്ടിയ്ക്ക്, എനിക്കൊരാശ്വാസം തരില്ലേ…? തകര്‍ന്നു പോയ എന്റെ മന—സ്സിനെ ഇനിയും വേദനിപ്പിക്കുന്നതെന്തിനാണ്. അവള്‍ വാചാലയായി തുടരുകയാണ്, കോളേജില്‍ പഠിക്കുന്ന കാലത്ത് പോലീസ് ഓഫീസറുടെ വേഷമിട്ട് തകര്‍ത്ത മനുഷ്യന്‍ പച്ചക്കുപ്പായമണിഞ്ഞ് ശരിക്കും ശത്രുക്കളെ യമലോകത്തേക്കയച്ച് തിരിച്ചു വന്നിരിക്കുന്നു. ആ നിങ്ങളുടെ തകര്‍ന്ന മനസ്സിനെ ആശ്വസിപ്പിക്കാം….. ഞാന്‍ താലോലിക്കാം.. ചെയ്തുപോയ തെറ്റിന് അങ്ങനെയെങ്കിലും ഒരു ആശ്വാസം ലഭിക്കട്ടെ. ഷൈജു അന്ധാളിച്ച് നില്‍ക്കുകയാണ്, ഒന്നും മനസ്സിലാകാതെ ബെറ്റി മറ്റൊരു കഥ പറയാന്‍ തുടങ്ങി ജിന്‍സിയുടെ ദു:ഖം കാണാന്‍ എനിയ്ക്ക് കഴിയുമായിരുന്നില്ല. റ്റോമി വിവാഹ അഭ്യര്‍ത്ഥനയുമായി വീണ്ടും വീണ്ടും എത്തിയപ്പോള്‍ ഒഴിഞ്ഞു നിന്ന ജിന്‍സിയുടെ ജീവിതം താറുമാറായിപ്പോകും എന്ന് തോന്നിയപ്പോള്‍ ഞാന്‍ അവളെ നിര്‍ബദ്ധിച്ച് സമ്മതിപ്പിക്കുകയായിരുന്നു. മരിച്ചുപോയ ഷൈജു ഒരിക്കലും തിരിച്ചു വരില്ല എന്ന് അവളെ ഞാന്‍ വിശ്വസിപ്പിച്ചു… പക്ഷേ ഷൈജു ഇപ്പോള്‍ തിരിച്ചു വന്നിരിക്കുന്നു. ഷൈജു- ഭയപ്പെടേണ്ട ഷൈജു ആരേയും ഉപദ്രവിക്കില്ല. ബെറ്റി-എന്റെ അപേക്ഷ പ്രകാരമായിരുന്നു അവള്‍ അന്ന് സമ്മതിച്ചത്. ഇനി ഞാനെങ്ങനെ

അവളുടെ മുഖത്ത് നോക്കും. ഞാന്‍ കാരണമല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്…? അതിന്റെ ശിക്ഷയായി ഞാന്‍ എന്റെ ജീവിതം നിങ്ങള്‍ക്ക് തരാം.. ഏറ്റു വാങ്ങില്ലേ…?

സ്‌നേഹബന്ധത്തിന്റെ കണക്ക് അപ്പോള്‍ അവിടെ അവസാനിക്കില്ലേ..? ബെറ്റി ചെയ്തത് നല്ലതുതന്നെ ഞാന്‍ മരിച്ചു പോയി എന്ന് തന്നെ കരുതിക്കോളൂ ജീവിച്ചിരിക്കുന്ന മനുഷ്യനെ ഒരിക്കല്‍ കൂടി എനിയ്ക്ക് കൊല്ലാന്‍ വയ്യ അവള്‍ പറഞ്ഞു

അവനെ കൊന്നേമതിയാകൂ….അവന്‍ മരിക്കണം ഇനി ജീവിച്ചുരിക്കുവാന്‍ പാടില്ല… അവന്‍ മൂലം ഇനി ഒരാത്മാവും വേദനിക്കുവാന്‍ പാടില്ല… അവള്‍ കേഴുകയാണ്, ചെയ്ത തെറ്റിന്റെ പ്രായശ്ചിത്തമായ ഒരു പെണ്‍ക്കുട്ടി മുന്നില്‍ നിന്നു കേഴുന്നു. ഒന്നു നോക്കുക പോലും ചെയ്യാതെ ജീവിതത്തിന്റെ കാവ്യപുസ്തകത്തില്‍ കദനത്തിന്റെ കവിതകള്‍ മാത്രം കുറിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യന്‍.. എനിക്ക്് പലതും മറക്കാന്‍ പഠിക്കണം, മറയ്ക്കാന്‍ ശ്രമിക്കണം എന്റെ നിലനില്പിന് അതു അത്യാവശ്യമാണ് അവന്‍ പറഞ്ഞു.

ഒരു തുടര്‍ക്കഥയ്ക്ക് ഇവിടെ അവസാനം കുറിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നീണ്ട ലക്കത്തിലേക്കുള്ള ഒരു വലിച്ചിഴക്കലാണിത് അവന്‍ പറഞ്ഞു. അവള്‍ അത് നിങ്ങളുടെ വെറും തോന്നലാണ്. ഷൈജുവിന്റെ കണക്കുകൂട്ടലുകള്‍ തെറ്റാറില്ല അവന്‍ പറഞ്ഞു. ബെറ്റി അല്പം ഘനഗംഭീര സ്വരത്തില്‍ ഇത് ഒരു യുദ്ധ മുന്നണിയല്ല…. ഷൈജു അതറിയാം പക്ഷേ ഒരു പട്ടാളക്കാരന്‍ ഇവിടെ ഒതുങ്ങിക്കൂടുന്നില്ല.. എങ്ങനെ..? അവള്‍ ചോദിച്ചു ഒരു മന്ത്രിയുടെ മകള്‍ ഇഷ്ടത്തിന് വെറും ഒരു പട്ടാളക്കാരനെ വിവാഹം കഴിച്ചാല്‍… ബെറ്റി- വേണ്ടി വന്നാല്‍ കരുക്കള്‍ നീക്കാന്‍ നിങ്ങള്‍ക്കാവില്ലേ….? കഴിയും, ഒന്നുകില്‍ വിജയം അല്ലെങ്കില്‍ വീണ്ടുമൊരു മരണം.

“നിങ്ങളോടൊപ്പം മരിക്കാനും ഞാന്‍ തയ്യാറാണ്” അവള്‍ പറഞ്ഞു. അയാള്‍ “അതെല്ലാം ഒഴിവാക്കുന്നതല്ലേ ബെറ്റി നല്ലത്” അവള്‍ തുടര്‍ന്നു, നിങ്ങള്‍ ജീവിച്ചിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ ഒരു കൊടുങ്കാറ്റു പോലെ അവള്‍ പാഞ്ഞെത്തി എന്റെ മുന്നില്‍ നിന്നു തേങ്ങിക്കരയുകയായിരുന്നു. കണ്ണീര്‍ ചാലുകള്‍ അവളുടെ കവിള്‍ത്തടങ്ങളിലൂടെ ധാരയായി ഒഴുകി. എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഞാന്‍ കുഴഞ്ഞു. അഗ്നി പര്‍വ്വതം പൊട്ടി ഒഴുകിയ ലാവയില്‍ ഞാന്‍ മുങ്ങി പോകുമോ… എന്ന് ഭയന്നു. അല്പസമയത്തിന് ശേഷം ശാന്തമായ ഒരു മഹാസാഗരം പോലെ അവള്‍ മാറി. എനിക്ക് തന്ന വാഗ്ദാനം അവള്‍ ആവശ്യപ്പെട്ടു.”ഷൈജുവിന് ഞാന്‍ ഒരു പുതുജീവന്‍ നല്‍കണമെന്ന്.” മാത്രമല്ല ഷൈജു കാര്‍ഗിലില്‍ പോകുന്നതിന് മുന്‍പ് ജിന്‍സിക്കയച്ച എഴുത്തിലെ ആഗ്രഹപ്രകാരം കാല്‍ച്ചിലങ്കകളണിഞ്ഞ് വേദനയോടെ പാടി നൃത്തം ചെയ്തു. ഷൈജു ജീവനോടെ തിരിച്ചു കിട്ടിയാല്‍ മാത്രമേ കാല്‍ച്ചിലങ്കകള്‍ അണിയൂ എന്നവള്‍ ശപഥം ചെയ്തിരുന്നു. അത് ഷൈജുവിന്റെ വിവാഹദിവസത്തോടനുബന്ധിച്ച് വേണമെന്ന് അവള്‍ ആഗ്രഹിക്കുന്നു. പറയൂ എവിടെയാണ് എനിക്ക് തെറ്റു പറ്റിയത്… എവിടെയാണ്.

ഷൈജു മനസ്സാക്ഷിയുടെ കോവിലിലെ ഹോമകുണ്ഡത്തിലേക്ക് തകര്‍ന്നടിഞ്ഞ സ്വപ്നങ്ങള്‍ വലിച്ചെറിഞ്ഞു കൊണ്ടിരുന്നപ്പോള്‍ കൈയിലെത്തിയ ഒരു സ്വപ്നക്കഷണത്തിന് സ്പന്ദനം ഉണ്ടെന്നറിയിച്ചപ്പോള്‍… അയാള്‍ അറിയാതെ നിര്‍ത്തി. അവള്‍ ഇടയ്ക്ക് കയറി പറഞ്ഞു. അപ്പോള്‍ ആ കോവിലിലെ പൂജാരിണിയായ ഞാന്‍ എന്ത് ചെയ്യണം…?

ഷൈജു ഉറക്കെപ്പറഞ്ഞു “ഹോമകുണ്ഡത്തിലേക്ക് വലിച്ചെറിയൂ…. അതിന്റെ രോഗാണുക്കള്‍ രക്തധമനികളിലേക്ക് ഇരച്ച് കയറി മാംസത്തിലും മജ്ജയിലും വ്യാപിച്ച് ബെറ്റിയെ ഒരു ക്യാന്‍സര്‍ രോഗിയെപ്പോലെ കാര്‍ന്നു തിന്നുന്നതിന് മുന്‍പ് വലിച്ചെറിയൂ എല്ലാം എരിഞ്ഞടങ്ങട്ടെ”

ബെറ്റി സൗമ്യമായി പറഞ്ഞു ഞാനത് എന്റെ ഹൃദയത്തിലെ പൊന്‍മെത്തയിലേക്ക് മാറ്റിക്കഴിഞ്ഞു. ഷൈജു ഞെട്ടിത്തെറിച്ച്‌കൊണ്ട് “നോ”….. അവനറിയാതെ അവളെ നോക്കി നിന്നു… കണ്ണുനീര്‍ തുടച്ചുകൊണ്ട് അവളും അവനെ നോക്കി.

ദിവസങ്ങള്‍ കൊഴിഞ്ഞു വീണു. അവരുടെ മനസ്സില്‍ ഉരുണ്ടു കൂടിയ കാര്‍മേഘ ശകലങ്ങള്‍ വീശിയടിച്ച കാറ്റില്‍ പറന്നകന്നു. ഒടുവില്‍ തെളിഞ്ഞ നീലാകാശം പോലെയായി അവരുടെ മനസ്സ് പഴയ ഓര്‍മ്മകളെ അവര്‍ കുഴിച്ചുമൂടി, മോഹങ്ങള്‍ക്ക് ചിറക് മുളച്ചു. സ്വപ്നങ്ങളുടെ തേരില്‍ അവര്‍ സഞ്ചാരികളായി.

പലരും പലതും പറഞ്ഞെങ്കിലും തന്റെ ഏക മകളുടെ ആഗ്രഹത്തിനു പിതാവ് എതിരു നിന്നില്ല. അവര്‍ കല്ല്യാണം കഴിക്കാന്‍ തീരുമാനിച്ചു. ആ മംഗള ദിവസം വന്നെത്തി. ജിന്‍സിയും റ്റോമിയും, ചെറിയാച്ചന്‍ മുതലാളിയുമൊക്കെ ക്ഷണം സ്വീകരിച്ച് കല്ല്യാണത്തിന് എത്തിച്ചേര്‍്ന്നു. ഷൈജു ബെറ്റിയുടെ കഴുത്തില്‍ താലി ചാര്‍ത്തി. ജിന്‍സിയുടെ ഉള്ള് ഒന്ന് പിടഞ്ഞു. അവള്‍ പിടിച്ചുനിന്നു. മനസ്സിനെ ബലപ്പെടുത്തിക്കൊണ്ടിരുന്നു.

വിശിഷ്ടാഥിതികള്‍ക്കായി അന്ന് വൈകുന്നേരം പ്രത്യോകം ഒരുക്കിയ വിരുന്നു സല്‍ക്കാരത്തില്‍ ജിന്‍സിയും റ്റോമിയും ക്ഷണിക്കപ്പെട്ടിരുന്നു. ചടങ്ങു നടന്നുകൊണ്ടിരിക്കെ മനോഹരമായി തയ്യാറാക്കിയിരുന്ന സ്റ്റേജില്‍ ജിന്‍സ് കയറി തന്റെ ചിലങ്കകള്‍ അവളുടെ കാലില്‍ അണിഞ്ഞു., ബെറ്റിയെ അവള്‍ ക്ഷണിച്ചിട്ട് ഒരു പാട്ട് പാടുവാന്‍ അവളോടാവശ്യപ്പെട്ടു. ബെറ്റി ശ്രവണ സുന്ദരമായ ഒരു ഗാനം പാടി, ജിന്‍സി അതിനൊപ്പം നൃത്തം ചവുട്ടി. അഥിതികള്‍ക്കെല്ലാവര്‍ക്കും നൃത്തം നന്നേ ഇഷ്ടപ്പെട്ടു. അപ്പോഴും നൊമ്പരപ്പെടുന്ന ചില മനസ്സുകള്‍ ആ കൂട്ടത്തിലുണ്ടായിരുന്നു. നൃത്തം അവസാനിച്ചു, അവള്‍ ചിലങ്കകള്‍ അഴിച്ചു ഈറനായ നയനങ്ങളോടെ അവള്‍ പോകും വഴി അവസാനമായി ഷൈജുവിനെ ഒന്നു നോക്കി. ഇരുവരുടേയും കണ്ണുകള്‍ തമ്മിലിടഞ്ഞു. അരുതാത്തതൊന്നു സംഭവിക്കരുതേ എന്ന് അവര്‍ പ്രാര്‍ത്ഥിച്ചു. എങ്കിലും ഒരു തുള്ളി കണ്ണുനീര്‍ ഷൈജുവിന്റെ കണ്ണില്‍ നിന്നും അടര്‍ന്നു വീഴുന്നത് അവള്‍ കണ്ടു. അവന്‍ കുനിഞ്ഞിരുന്നു. അവളുടെ മനസ്സ് തേങ്ങിയെങ്കിലും തന്റെ ദൗത്യം നിറവേറ്റിയ ചാരിതാര്‍ത്ഥ്യത്തോടെ അവള്‍ നടന്നു.

ആത്മാവില്‍ നിന്ന് വിലപ്പെട്ട എന്തോ ചോര്‍ന്നു പോകുന്നതു പോലെ അവള്‍ക്ക് തോന്നി. എന്നിട്ടും തിരിഞ്ഞു നോക്കാതെ അവള്‍ നടന്നകന്നു. അതേ അവള്‍ ജിന്‍സി… പിന്നീടവനെ ഒരിക്കലും കണ്ടു മുട്ടിയില്ല, ദൂര സ്ഥലത്തേക്ക് മാറി പോയി. അതേ ഇനി അവര്‍ ഒരിക്കലും

കണ്ടു മുട്ടാതിരിക്കട്ടെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക