Image

വെറുക്കപ്പെട്ടവളുമൊത്ത്--- (പി.റ്റി.പൗലോസ്)

പി.റ്റി.പൗലോസ് Published on 13 September, 2017
വെറുക്കപ്പെട്ടവളുമൊത്ത്--- (പി.റ്റി.പൗലോസ്)
'Atheist tears up the bible' - ഈ തലവാചകത്തോടെയാണ് 1978-ലെ ഒരു മെയ്മാസപ്പുലരിയില്‍ കല്‍ക്കത്തയില്‍ നിന്ന് stateman പത്രം പുറത്തിറങ്ങിയത്. തലേന്നാള്‍ കല്‍ക്കത്ത് അന്തര്‍ദേശീയ വിമാനത്താവളത്തിലെ ഡൊമസ്റ്റിക്ക് ഫ്‌ളൈറ്റുകളുടെ ഡിപ്പാര്‍ച്ചര്‍ലോഞ്ചില്‍ അരങ്ങേറിയ ചില നാടകീയമുഹൂര്‍ത്തങ്ങളുടെ വിവരണങ്ങളോടെ.
അമേരിക്കന്‍ എഫീയിസ്സ്(American Atheis, Inc.) ന്റെ പ്രസിഡന്റും. അമേരിക്കയിലെ യാഥാസ്ഥിതികരുടെ തലവേദനയും. 1963-ലെ പ്രശസ്തമായ സുപ്രീംകോടതി വിധിയിലൂടെ(Murray vs.Curlett) അമേരിക്കന്‍ പൊതുവിദ്യാലയങ്ങളില്‍ ബൈബിള്‍പാരായണം നിര്‍ത്തലാക്കിച്ച, 1964-ല്‍ ലൈഫ് മാസിക 'the most hated woman in America' എന്നു വിശേഷിപ്പിച്ച, സാക്ഷാല്‍ മാഡലില്‍ മറെ ഒഹെയര്‍(Madalyn Murray-O' Hair) എന്ന അമേരിക്കന്‍ വനിതയാണ് ഇവിടെ കഥാനായിക. അവരുടെ ആദ്യ ഇന്‍ഡ്യന്‍ പര്യടനത്തിന്റെ കല്‍ക്കത്ത-ബംഗാള്‍ യാത്രകള്‍ കഴിഞ്ഞ് ഡല്‍ഹിക്കു മടങ്ങിപ്പോകാന്‍ വിമാനം കാത്തുനില്‍ക്കുമ്പോള്‍ കല്‍ക്കത്തയിലെ ഒരു സംഘം പത്രനിധികള്‍ അവരെ സമീപിച്ചു.
ലോകപ്രശസ്ത നിരീശ്വരവാദിയായ മാഡലിനോടു ചോദിക്കാന്‍ അവര്‍ക്ക് ഒരുകെട്ടു ചോദ്യങ്ങളുണ്ടായിരുന്നു. ഉരുളയ്ക്ക് ഉപ്പേരിപോലെ ഉത്തരങ്ങളുമായി മാഡലിന്‍ വികാരാധീനയായി. അവരുടെ കൈവശം റഫര്‍ ചെയ്യാനുള്ള മതഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ ബൈബിളും ഉണ്ടായിരുന്നു. താങ്കള്‍ ബൈബിള്‍ രഹസ്യമായി കൈവശംവച്ച് ദൈവമില്ലെന്നു പറഞ്ഞ് സമൂഹത്തെ കബളിപ്പിക്കുകയാണെന്ന് ഒരു യുവപത്രപ്രവര്‍ത്തകന്‍ തുറന്നടിച്ചു. അതു കേട്ടപ്പോള്‍ മാഡലിന് സ്വയം നിയന്ത്രിക്കാനായില്ല. തന്റെ കൈവശമിരുന്ന ബൈബിളിന്റെ മുഴുവന്‍ പേജുകളും പിച്ചിച്ചീന്തി ആകാശത്തിലേക്കു പറത്തി. ആകാശത്തില്‍ പറക്കുന്ന ബൈബിള്‍ത്താളുകളുടെ പടമെടുത്ത് പിറ്റേദിവസത്തെ പത്രങ്ങളുടെ മുഖചിത്രമാക്കി പത്രക്കാര്‍ ആഘോഷിച്ചു.
മാഡലിന്‍ ഒഹെയറിന്റെ ഭാരതപര്യടനസംഘത്തില്‍ അവരുടെ മകന്‍ ജോണ്‍ ഗാര്‍ത്ത് മറെ(John Garth Murrray), കൊച്ചുമകള്‍ റോബിന്‍, ഇന്‍ഡ്യന്‍ എഥീയിസ്റ്റ്‌സ് പ്രസിഡന്റ് ജോസഫ് ഇടമറുക് എന്നിവരുമൊത്ത്. Freethought എന്ന ഇംഗ്ലീഷ് ദൈ്വവാരികയുടെ കറസ്‌പോണ്ടന്റ് എന്ന നിലയിലും ബംഗാള്‍ റാഷണലിസ്റ്റ് അസോസിയേഷന്‍ സെക്രട്ടറി എന്ന നിലയിലും ഈ ലേഖകനും ഉണ്ടായിരുന്നു.

ചരിത്രമുറങ്ങുന്ന കാളീനഗരത്തിന്റെ ഊടുവഴികളിലൂടെയുള്ള സഞ്ചാരങ്ങള്‍ക്കൊടുവില്‍ ആ സ്വതന്ത്രചിന്തക പറഞ്ഞു: 'ഈ യാത്ര ഒരു ചരിത്രസംഭവമാണ്.' കല്‍ക്കത്തയെ പിരിയാന്‍ അവര്‍ക്കത്ര എളുപ്പമല്ലായിരുന്നു. കല്‍ക്കത്ത. അവള്‍ അങ്ങനെയാണ്! ആദ്യം നമ്മെ മടുപ്പിക്കും. പിന്നെ പ്രണയിക്കും. പിരിയാന്‍ നേരം കരയിപ്പിക്കും.

ഇരുപതിലധികം പ്ലാറ്റ്‌ഫോമുകളുള്ള ഹൗറാസ്‌റ്റേഷനിലെ ജനത്തിരക്കു കണ്ട് അവര്‍ അതിശയിച്ചുനിന്നു. പ്ലാറ്റ്‌ഫോമില്‍നിന്നു പ്ലാറ്റ്‌ഫോമിലേക്ക് പരല്‍മീനുകളെപ്പോലെ പിടിഞ്ഞുപിടഞ്ഞൊഴുകുന്ന അജ്ഞാതമനുഷ്യര്‍. ഏതൊക്കെയോ ദേശങ്ങളുടെ ഗന്ധങ്ങളുമായി വരുന്ന തീവണ്ടികള്‍. തീയില്‍ പഴുത്ത ചെമ്പിന്റെ മുഖമുള്ള പോര്‍ട്ടര്‍മാര്‍. വംഗഭംഗി ഉടലില്‍ കൊത്തിയ അംഗനമാര്‍....

സ്‌റ്റേഷനു പുറത്ത് കൈകളുയര്‍ത്തി അതിഥികളെ നഗരത്തിലേക്കു സ്വീകരിക്കാന്‍ നില്‍ക്കുന്ന, കാലം പല ഭാവത്തില്‍ വഴിനടന്ന. ഹൗറാപ്പാലത്തിനുതാഴെ ഹൂഗഌയില്‍ അലയുന്ന തോണികള്‍. പാലം കടന്നാല്‍ ഇരുവശത്തും മണ്ണിന്റെ നിറവും അടര്‍ന്ന ചുമരുകളുമുള്ള പഴയ കെട്ടിടങ്ങള്‍. അവയില്‍പ്പലതും വിവേകാനന്ദനു നഗരം നല്‍കിയ സ്വീകരണങ്ങളും. പരമഹംസരുടെ കുതിരവണ്ടിയാത്രകളും. രണ്ടു വിഭജനങ്ങളും വര്‍ഗ്ഗീയലഹളകളും മഹാത്മാഗാന്ധിയുടെ ഉപവാസവും കണ്ടവയാണ്. ടാഗോറിന്റെ രാജകീയരൂപം കടന്നുപോകുന്നതു കണ്ടതാണ്. അവയ്ക്കുള്ളിലിപ്പോഴും പുതിയ കാലം വിളക്കുകള്‍ കൊളുത്തുകയും തണല്‍ തേടുകയും ചെയ്യുന്നു.
ചരിത്രം കുലീനമായി ചുവടുവച്ച ചൗരംഗിയിലെ പുത്തന്‍ ആകാശചാരികള്‍; അവയ്ക്കിടയില്‍ ചുകപ്പന്‍ ബോര്‍ഡകളും അവയില്‍ വിയര്‍പ്പു പുരളാത്ത നേതാക്കളുടെ മുഖങ്ങളും. ടോളിഗഞ്ചിലൂടെ കിതച്ചുകിച്ചുപോകുന്ന ട്രാമുകള്‍. പാര്‍ക്ക് സ്ട്രീറ്റിലെ നിശാക്ലബ്ബുകള്‍. പാര്‍ക്ക് സര്‍ക്കസ്സിലെ ഗൃഹജീവിതങ്ങള്‍. ഓടിത്തളര്‍ന്നു മൂക്കുകുത്തിക്കിടക്കുന്ന കൈറിക്ഷകളും, ജീവിതത്തിന്റെ സകല പ്രകാശങ്ങളും കെട്ട കണ്ണുകളുള്ള റിക്ഷാക്കാരും.

ചരിത്രവും സംസ്‌കാരവും വിഭജനവും, വിശ്വാസവും വിപ്ലവവും, വേദാന്തവും വിവേകാനന്ദനും രാമകൃഷ്ണപരമഹംസരും, ടാഗോറും നേതാജിയും അരവിന്ദഘോഷും ചിത്തരജ്ഞദാസും സ്വന്തമായ മഹാനഗരത്തിന്റെ മായാജാലങ്ങള്‍ കണ്ടു മാഡലിന്‍. പകല്‍ മുഴുവനും കോളജ് സ്ട്രീറ്റിലെ ബുക്ക്‌സ്‌റ്റോളുകളില്‍ പുസ്തകം തപ്പുന്ന ബുദ്ധിജീവികള്‍ വൈകുന്നേരം കോഫിഹൗസില്‍ ഇരുന്ന് ചിന്തകള്‍ ജ്വലിപ്പിക്കുന്നതു കണ്ടു. ബാലിഗഞ്ചിലെ മത്സ്യത്തെരുവുകളില്‍ വെട്ടിത്തിളങ്ങുന്ന ഉഷസ്സുകള്‍ കണ്ടു. ഗംഗയുടെ കൈവഴിയായ ഹൂഗഌയിലൂടെ പൂക്കള്‍ നിറച്ച വഞ്ചികളൊഴുകുന്ന പുലരികള്‍ കണ്ടു. കൈറിക്ഷ വലിക്കുന്നവര്‍ ഭൂമിയെയും ആകാശത്തെയും പിളര്‍ക്കുമാറു ചുമയ്ക്കുന്നതു കേട്ടു. കാളിഘട്ടിലെ ചോരക്കുരുതികള്‍ കണ്ടു. അവിടെ തെരുവില്‍ മയങ്ങുന്ന അനാഥബാല്യങ്ങളുടെ പടമെടുത്തപ്പോള്‍ ഒരു തെരുവുബാലന്‍ വിലക്കി. അവന്‍ കേട്ടുപഠിച്ച ഇംഗ്ലീഷില്‍: 'മാഡം, ഗിവ് മണി. ഇഫ് നോ മണി, നോ ഫോട്ടോ!'

ഞങ്ങള്‍ പോയി നോര്‍ത്ത് കല്‍ക്കട്ടയിലേക്ക്. ഹൂഗഌതീരത്തെ നിംതലഘട്ടിലെ നിലക്കാത്ത മന്ത്രോച്ചാരണങ്ങളുടെ രാപ്പകലുകളും, മൃതശരീരങ്ങള്‍ കത്തിയുയരുന്ന പുകയും, കരിഞ്ഞ മനുഷ്യമാംസത്തിന്റെ മനംമറിക്കുന്ന ഗന്ധവും, തൊട്ടപ്പുറത്തെ സോണാഗാച്ചിയിലെ ഉന്മാദരാവുകളുടെ തീവ്രത കൂട്ടും. സോണാഗാച്ചി- ഏക്കറുകള്‍ പരന്നുകിടക്കുന്ന, പതിനായിരക്കണക്കിനു ലൈംഗികത്തൊഴിലാളികള്‍ അധിവസിക്കുന്ന, ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ റെഡ്്‌ളൈറ്റേരിയ. സൂര്യാസ്തമയം മുതല്‍ സൂര്യോദയം' വരെ ഇവിടം സജീവം. നിയമം കയ്യാളുന്നവരും നിയമം കാക്കുന്നവരും ഇവിടെ ഒരുമിക്കുന്നു. ഭരണപ്രതിപക്ഷഭേദമില്ലാതെ, കൊടിയടയാളങ്ങളില്ലാതെ നേതാക്കള്‍ ഇവിടെ ഒത്തുചേരുന്നു. ഭക്തിയും ഭക്തിരാഹിത്യപ്രത്യയശാസ്ത്രങ്ങളും വ്യവസ്ഥകളില്ലാതെ സമന്വയിക്കുന്ന സോഷലിസ്റ്റ് ജില്ല. ഗലികളില്‍ അണിഞ്ഞൊരുങ്ങി അണിനിരന്നുനില്‍ക്കുന്ന ലലനാമണികളുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കം. ഓരത്ത് ഒതുങ്ങിക്കൂടിയ വൃദ്ധയുടെ ഒട്ടിയ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ തുടച്ച് മാഡലിന്‍ അവരെ സ്വാന്തനിപ്പിച്ചു.

ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിനുശേഷം സമത്വസുന്ദരമായൊരു 'സുവര്‍ണ്ണ ബംഗാള്‍' മോഹിച്ച് നിലവിലുള്ള വ്യവസ്ഥിതികള്‍ക്കെതിരെ പടവാളെടുത്ത ബംഗാളിന്റെ ക്ഷോഭിക്കുന്ന യൗവ്വനത്തെക്കുറിച്ചും അവരുടെ എരിഞ്ഞടങ്ങിയ ഏഴുപതുകളിലെ വിപ്ലവവീര്യത്തെപ്പറ്റിയും ഞങ്ങള്‍ മാഡലിന്‍ ഒഹെയറിനോടു സംസാരിച്ചപ്പോള്‍. വിപ്ലവം പൊട്ടിപ്പുറപ്പെട്ട മണ്ണു കാണണമെന്നായി അവര്‍. ഞങ്ങള്‍ തിരിച്ചു. ബംഗാളിന്റെ ദൂരങ്ങളിലേക്ക്. സിലിഗുരിയിലേക്കും നക്‌സല്‍ബാരിയിലേക്കും. സ്വപ്‌നങ്ങളും പ്രതീക്ഷകളും കൊണ്ട് അലംകൃതമായൊരു കാലത്തിന്റെ വ്യവസ്ഥിതി നടപ്പാക്കാന്‍ കൊടുവാളെടുത്ത കനു സന്യാളിന്റെയും അസിം ചാറ്റര്‍ജിയുടെയും വിപ്ലവവീര്യവും ചാരുമജുംദാറിന്റെ ഉന്മൂലസിദ്ധാന്തവും, വെറും ബുദ്ധിശൂന്യതയുടെയും മനുഷ്യരാഹിത്യത്തിന്റെയും പദ്ധതിയായിരുന്നെന്ന് കാലം തിരിച്ചറിഞ്ഞു. അത് ഗ്രാമീണരുടെ ശുഷ്‌ക്കിച്ച മുഖങ്ങളില്‍നിന്നും പ്രതീക്ഷകളറ്റ കണ്ണുകളില്‍ നിന്നും ഞങ്ങളും മനസ്സിലാക്കി. കാലത്തിന്റെ ചാരക്കൂന വീണമൂടിയെങ്കിലും ഇന്നും കാണാം കെടാത്ത ചില കനല്‍ക്കട്ടകള്‍.  വിഫലമായ കുറെ സ്വപ്‌നങ്ങളുടെ അവശിഷ്ടങ്ങളായി. അതിവിചിത്രമായൊരു പുരാരേഖപോലെ.... ബംഗാളിന്റെ ചുകപ്പന്‍ ചക്രവാളത്തില്‍ അകാലത്തില്‍ പൊലിഞ്ഞ വസന്തത്തിന്റെ ഇടിമുഴക്കത്തിന് ഒരടിക്കുറിപ്പുപോലെ...

ജ്ഞാനവും പ്രകൃതിയും സംഗമിക്കുന്ന ശാന്തിനികേതനെപ്പറ്റിയും ബാവുല്‍ സംസ്‌കാരത്തോട് ടാഗോറിനുള്ള ചായ് വിനെപ്പറ്റിയും ഞങ്ങള്‍ സംസാരിച്ചു. ജയദേവകവിയുടെ ജന്മസ്ഥലമായ കെന്ദുളി ഗ്രാമത്തെപ്പറ്റിയും. അദ്ദേഹത്തിന്റെ ഓര്‍മ്മപുതുക്കലാണ് മകരസംക്രാന്തിയില്‍ അജോയ് നദിയുടെ മണല്‍ത്തിട്ടകളില്‍ ബാവുല്‌മേളയായി അരങ്ങേറുന്നത്. പാട്ടു പാടിയും ലഹരി നുണഞ്ഞും മൂന്നു രാത്രികളിലായി. പിന്നെ, താരാപീഠിലെ താന്ത്രികരാവുകളെപ്പറ്റി.... യാത്രയില്‍ ഞങ്ങള്‍ സംസാരിച്ചുകൊണ്ടേയിരുന്നു. കാളിയും കാള്‍ മാര്‍ക്‌സും കൈകോര്‍ക്കുന്ന ബംഗാളിനെപ്പറ്റി, വിശ്വാസവും പ്രത്യയശാസ്ത്രവും ഒരുമിച്ചുപോകുന്ന ബംഗാളിനെപറ്റി. ആദിമതവും ആധുനികതയും ഒപ്പം സഞ്ചരിക്കുന്ന ബംഗാളിനെപ്പറ്റി. മന്ത്രങ്ങളും മുദ്രാവാക്യങ്ങളും കഥയും കവിതയും ഗാനങ്ങളും ഒരേ കാറ്റില്‍ ലയിക്കുന്ന വംഗദേശത്തെപ്പറ്റി....
അടുത്ത ദിവസം ഞങ്ങള്‍ പോയത് ഇന്‍ഡ്യയിലെ പിന്നാക്കസംസ്ഥാനം എന്നറിയപ്പെടുന്ന ഓറീസ്സയിലേക്കായിരുന്നു. കിയോഞ്ചാറിലെ(Keonjhar) ഉള്‍ക്കാട്ടില്‍ സ്ഥിതിചെയ്യുന്ന ഒരതിപുരാതന ശിവമന്ദിറില്‍ ഞങ്ങളെത്തി. അവിടെ പ്രതിഷ്ഠ ശിവലിംഗമാണ്. കുളിച്ച് ഈറനുടുത്ത് അടിവസ്ത്രമില്ലാതെ, ശിവപൂജയ്ക്കായി പ്രായഭേദമെന്യെ നില്‍ക്കുന്ന സ്ത്രീകളുടെ നീണ്ട നിര. ഓരോ സ്ത്രീയും കാലു പൊക്കി ശിവലിംഗം കടന്ന് അപ്പുറമെത്തി പൂജാരിയില്‍നിന്ന് പ്രസാദം വാങ്ങണം. കാലെടുത്തുവച്ച് ശിവലിംഗം കടക്കുമ്പോള്‍ യോനീമുഖം ശിവലിംഗത്തില്‍ സ്പര്‍ശിക്കണമെന്നാണ് ക്ഷേത്രനിയമം. കാലങ്ങളായി ലക്ഷക്കണക്കിന് യോനികളുരസി, കരിങ്കല്ലില്‍ തീര്‍ത്ത ശിവലിംഗത്തിന്റെ അഗ്രഭാഗം മാര്‍ബിള്‍പോലെ മിനുസപ്പെട്ടത് ഞങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞു. കാഴ്ചക്കാരായി മറുവശത്തു നിന്ന പുരുഷന്മാരിലും കൗമാരക്കാരിലും കാമവികാരമുണരുന്നതും ദേവസന്നിധാനത്ത് ഞങ്ങള്‍ കണ്ടു. തൊട്ടടുത്തുള്ള മറ്റൊരമ്പലത്തില്‍ ചെന്നപ്പോള്‍. പൂര്‍ണ്ണനഗ്നനായൊരു സന്യാസി തന്റെ ലിംഗ്രാത്തത്ത് ശൂലം കുത്തി തപസ്സിരിക്കുന്നു. മുമ്പില്‍ ഒരുപറ്റം തരുണീമണികള്‍ കൈകൂപ്പി ലിംഗപൂജ നടത്തി നിര്‍വൃതിയടയുന്നു. പിന്നെ ഞങ്ങള്‍ പോയത് പുരിയിലെ ജഗന്നാഥക്ഷേത്രത്തിലേക്ക്. അവിടെനിന്ന് കൊണാര്‍ക്കിലെ സൂര്യക്ഷേത്രത്തിലേക്കും. ബഌഫിലിമിനെ വെല്ലുന്ന രതിവൈകൃതങ്ങളാണ് ചുമരുകളില്‍ കൊത്തിവച്ചിരിക്കുന്നത്. സ്്കൂള്‍-കോളജ് വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ സംഘമായി വന്ന് കാമശാസ്ത്രത്തിന്റെ പിതാവായ വാത്സ്യായന്‍പോലും നാണിച്ചു തലകുനിക്കുന്ന കാമചേഷ്ടകള്‍ കണ്ടാസ്വദിക്കുന്നതും ഞങ്ങള്‍ കണ്ടു. മാഡലിന്‍ ഇന്‍ഡ്യയെ കണ്ടുതുടങ്ങുകയായിരുന്നു.
ആദ്യം വിവരിച്ച എയര്‍പ്പോര്‍ട്ടുസംഭവത്തിനു തലേന്നാള്‍ മാഡലിന്‍ ഒഹെയര്‍ ബിഹാലയിലെ ആര്യസമിതി ഹോളില്‍ തിങ്ങിനിറഞ്ഞ ജനസഞ്ചയത്തോടു പറഞ്ഞത് ഇങ്ങനെയാണ്: 'പ്രിയ സഹോദരരേ, ദൈവത്തിന്റെ പേരില്‍ നിങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണ്. കാണാത്ത അവസ്ഥയ്ക്ക്. ഇല്ലാത്ത അവസ്ഥയ്ക്ക് 'ദൈവം' എന്ന് ആരാണു പേരിട്ടത്? ഇല്ലാത്തതിനു പേരിടാന്‍ ഈ ഭൂമിയില്‍ നിങ്ങള്‍ക്ക് എന്തവകാശം? ഈശ്വരന്‍ എന്നത് മനോഹരമായൊരു നുണയാണ്. സ്വര്‍ഗ്ഗവും നരകവും മാലാഖകളും ഈ ഭൂമിയില്‍ മനുഷ്യന്‍ നിര്‍മ്മിച്ച നുണകളാണ്. നിങ്ങള്‍ മരിച്ചു മണ്ണിലേക്കു ചേരുമ്പോള്‍ മണ്ണിരകള്‍ക്കു ഭക്ഷണമാകും.'
അവരുടെ വാക്കുകള്‍ കല്‍ക്കത്തയിലെ ഒരു കൂട്ടം യുവാക്കളുടെ പുരോഗമനചിന്തകളെ തീജ്വാലകളാക്കി.

എയര്‍പ്പോര്‍ട്ടിലെ പത്രസമ്മേളനത്തിനുശേഷം ക്ഷോഭമടക്കി മാഡലിനും ജോണും റോബിനും വിമാനത്തില്‍ കയറി. പിന്നാലെ ഞങ്ങളും. വിമാനം ഡല്‍ഹിയിലേക്കു പറന്നു.
പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം....
1995 സെപ്റ്റംബര്‍ അവസാനത്തിലെ ഒരു പ്രഭാതത്തില്‍, ടെക്‌സസിലെ സാനന്റോണിയോ(San Antonio)-യിലെ തന്റെ വസതിയില്‍നിന്നും 76 വയസ്സുള്ള മാഡലിന്‍ മറെ ഒഹെയറും മകന്‍ ജോണും കൊച്ചുമകള്‍ റോബിനും അപ്രത്യക്ഷരായി. ഓസ്റ്റിനിലുള്ള അമേരിക്കന്‍ എഥീയിസ്റ്റ്‌സിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ വാതിലില്‍ ഇങ്ങനെ ഒരു അറിയിപ്പു പതിച്ചിരുന്നു: 'The Murray O'Hair family has been called out of town on an emergency. At the time of writing this memo, we do not know how long we will be gone.'

ഒരാഴ്ചയ്ക്കുശേഷം അവരെ അന്വേഷിച്ച് ആ വസതിയിലെത്തി അമേരിക്കന്‍ എഥീയിസ്സിന്റെ ബോര്‍ഡ് മെമ്പറായ സ്‌പൈക്ക് ടൈസണ്‍. അവര്‍ ധൃതിയില്‍ സ്ഥലം വിട്ടതിന്റെ എല്ലാ ലക്ഷണങ്ങളും വീടിനകത്തു കണ്ടു. പ്രഭാതഭക്ഷണവും പ്രമേഹത്തിനുള്ള മരുന്നും തീന്മേശയില്‍ ഇരിക്കുന്നതായി കണ്ടു. കൂടാതെ, യജമാനരില്ലാത്ത രണ്ടു വളര്‍ത്തുനായ്ക്കളും.

ശമ്പളം കൊടുക്കാന്‍വരെ സാമ്പത്തികബുദ്ധിമുട്ടാണെന്ന് മാഡലിന്‍ ഇടയ്ക്കിടെ പറയുമായിരുന്നെങ്കിലും. അമേരിക്കന്‍ എഥീയിസ്സിന് സമാനചിന്താഗതിക്കാരില്‍നിന്നും ധാരാളം സംഭാവനകള്‍ കിട്ടിയിരുന്നു. ആ പണം കൂടുതലും വിദേശബാങ്കുകളില്‍ മാഡഌന്‍ നിക്ഷേപിച്ചിട്ടുണ്ട് എന്ന അടക്കം പറച്ചിലുകള്‍ സംഘടനയുടെ ജോലിക്കാര്‍ക്കിടയില്‍ സാധാരണയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ ഒഹെയര്‍ കുടുംബത്തെ കാണാതായതായി ബോര്‍്ഡ് മെംബേഴ്‌സ് ഔദ്യോഗികമായി പരാതി നല്‍കിയെങ്കിലും. ഓസ്റ്റിന് പോലീസ് കാര്യമായൊരു അന്വേഷണം നടത്തിയില്ലെന്നതാണു വസ്തുത.

ഒരു വര്‍ഷത്തിനുശേഷം. ഈ ദുരൂഹതയുടെ മറനീക്കാന്‍, ടിം യംഗ്(Tim Young) എന്നൊരു സ്വകാര്യ അന്വേഷകനും San Antonio Express News-ന്റെ റിപ്പോര്‍ട്ടരായ മക്കോര്‍മക്കും(Mac Cormack) രംഗത്തെത്തി. American Atheists ന്റെ സാമ്പത്തിക ക്രമക്കേടുകളെപ്പറ്റി അന്വേഷിച്ചുകൊണ്ടിരുന്ന ഇന്റേണല്‍ റവന്യൂ സര്‍വ്വീസിലെ(IRS) പ്രത്യേകാന്വേഷകനായ എഡ് മാര്‍ട്ടിനും(Ed Martin) ഒപ്പംകൂടി.

അമേരിക്കന്‍ എഥീയിസ്സിന്റെ ഓപീസ് മാനേജരായിരുന്നു 48 കാരനായ ഡേവിഡ് വാട്ടേഴ്‌സ് (David Waters). പുതിയ അന്വേഷകസംഘത്തിന് അയാളുടെമേല്‍ സംശയം വരാന്‍ അധികം സമയം വേണ്ടിവന്നില്ല. വാട്ടേഴ്‌സിന് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നതായി പോലീസ് രേഖകളില്‍ നിന്നും അവര്‍ക്കു മനസ്സിലായി. തന്നെയുമല്ല. സംഘടനയുടെ സാമ്പത്തിക ഇടപാടുകളില്‍ ഇയാള്‍ തിരിമറി നടത്തിയത് മാഡലിന്‍ കൈയോടെ പിടിച്ചിരുന്നു. അയാളുടെ ക്രിമിനല്‍ സ്വഭാവത്തെപ്പറ്റി അവര്‍ ന്യൂസ് ലെറ്ററുകളിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. അതിന്റെ അമര്‍ഷവും അയാള്‍ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാകണം ഒഹെയര്‍കുടുംബം അപ്രത്യക്ഷരായ ആഴ്ചയില്‍ത്തന്നെ, ഒഹെയര്‍കുടുംബം വന്‍ സാമ്പത്തികതട്ടിപ്പു നടത്തി അമേരിക്കന്‍ എഥീയിസ്സിന്റെ കോടിക്കണക്കിനു ഡോളറുമായി രാജ്യം വിട്ടിരിക്കുന്നു എന്ന് Vanity Fair മാസികയില്‍ ഡേവിഡ് വാട്ടേഴ്‌സ് മനോഹരമായൊരു ഫീച്ചര്‍ എഴുതി. ഇതും അന്വേഷകസംഘത്തിന് സംശയത്തിന്റെ ആക്കംകൂട്ടി.

1995 സ്പ്രിംഗ്-സമ്മര്‍ കാലങ്ങളില്‍ ഡാണി ഫ്രൈ(Danny Fry), ഗാരി കാര്‍(Gary Karr) എന്ന രണ്ടാളുകളുമായി ഡേവിഡ് വാട്ടേഴ്‌സ് പല പ്രാവശ്യം ഫോണില്‍ ബന്ധപ്പെട്ടതായി അന്വേഷകസംഘം കണ്ടെത്തി. ഇവര്‍ വട്ടേഴ്‌സിന്റെ കൂടെ ജയിലില്‍ കഴിഞ്ഞവരായിരുന്നെന്നും. അന്വേഷകസംഘം  ഉടനെ  ഡാണി ഫ്രൈയുടെ ഗേള്‍ഫ്രണ്ടുമായി ബന്ധപ്പെട്ടു. ഡേവിഡ് വാട്ടേഴ്‌സിനെ ഒരു പദ്ധതിയില്‍ സഹായിക്കാനായി ഡാണി ടെക്‌സസിലേക്ക് ഒരു യാത്ര നടത്തിയെന്നും അതിനുശേഷം ഒരു വര്‍ഷമായി ഡാണിയില്‍നിന്നോ ഡാണിയെപ്പറ്റിയോ ഒരു വിവരവും ഇല്ലെന്നും അന്വേഷകസംഘത്തിന് ഡാണിയുടെ ഗേള്‍ഫ്രണ്ടില്‍നിന്ന് അറിയാന്‍ കഴിഞ്ഞു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഒന്നുകൂടി മനസ്സിലായി- ഡാണി ഫ്രൈയും ഒഹെയര്‍ കുടുംബവും ഒരേ ആഴ്ചയിലാണ് അപ്രത്യക്ഷരായത്.

ഒഹെയര്‍ കുടുംബം അപ്രത്യക്ഷരാകുന്നതിനുമുമ്പ്, മാഡലിന്റെ മകന്‍ ജോണ്‍ തന്റെ മെഴ്‌സെഡീസ് ബെന്‍സ് കാര്‍ വില്‍ക്കുകയും തന്റെ ക്രെഡിറ്റ് കാര്‍ഡുകളില്‍നിന്ന് വന്‍തുകകള്‍ എടുക്കുകയും ചെയ്തിരുന്നുന്നെന്ന് അമേരിക്കന്‍ എഥീയിസ്സ് സ്റ്റാഫംഗങ്ങളില്‍ നിന്ന് IRS അന്വേഷിച്ചപ്പോള്‍ മനസ്സിലാക്കി.

ഒരു കോയിന്‍ഡീലറില്‍നിന്ന് ജോണ്‍ ഒഹെയര്‍ തികച്ചും തകര്‍ന്ന മാനസികാവസ്ഥയില്‍ ആറു ലക്ഷം ഡോളറിന്റെ സ്വര്‍ണ്ണനാണയങ്ങള്‍ വാങ്ങിയതായി അന്വേഷകസംഘം കണ്ടെത്തി. അതിനുശേഷമുള്ള ഡേവിഡ് വാട്ടേഴ്‌സിന്റെയും ഗാരി കാറിന്റെയും ആഢംബരച്ചെലവുകളുടെ തെളിവുകളും ലഭിച്ചു.

തലയും കൈകാലുകളുമില്ലാത്തൊരു മൃതശരീരം ഡാലസ്സിനടുത്ത് ട്രിനിറ്റി നദിയുടെ കരയ്ക്കുള്ള ഒരു ചവറ്റുകൂനയില്‍നിന്ന് 1995 ഒക്ടോബറില്‍ ഡാലസ് പോലീസ് കണ്ടെടുത്തത് അന്വേഷകസംഘം അറിഞ്ഞു. ആ തലയില്ലാത്ത പ്രേതം ഡാണി ഫ്രൈയുടേതാണെന്ന് DNA ടെസ്റ്റിലൂടെ വെളിവായി.
ഡാണി കൊലചെയ്യപ്പെട്ടതറിഞ്ഞ് ഡാണിയുടെ സഹോദരന്‍ രംഗത്തെത്തി. തനിക്കറിയാവുന്നതെല്ലാം അയാള്‍ അന്വേഷകസംഘത്തോടു പറഞ്ഞു. ഡാണി  ടെക്‌സസിലേക്കു പോയതും.

ഒഹെയര്‍കുടുംബത്തെ തട്ടിക്കൊണ്ടുപോകാന്‍ സഹായിച്ചതും, അതിനുശേഷം അവരെ താമസിപ്പിച്ച മൊട്ടേലിനു കാവല്‍നിന്നതും, ഡേവിഡ് വാട്ടേഴ്‌സും ഗാരി കാറും പണം തട്ടിയതുമെല്ലാം.
അന്വേഷകസംഘം തെളിവുകളുമായി പോലീസിലെത്തി. ഡേവിഡ് വാട്ടേഴ്‌സും ഗാരി കാറും അറസ്റ്റുചെയ്യപ്പെട്ടു. ഒഹെയര്‍കുടുംബത്തെ തട്ടിക്കൊണ്ടുപോകാന്‍ സഹായിക്കുകയും കാവല്‍നില്‍ക്കുകയും മാത്രമേ താന്‍ ചെയ്തിട്ടുള്ളെന്ന് ഗാരി കാറും, ഒഹെയര്‍ കുടുംബത്തെയും ഡാണി ഫ്രൈയെയും കൊന്നതായി ഡേവിഡ് വാട്ടേഴ്‌സും കുറ്റസമ്മതം നടത്തി. ആ മൂന്നുപേരെ കൊന്നത് എങ്ങനെയാണെന്ന് ഡേവിഡ് വാട്ടേഴ്‌സ് വിശദീകരിച്ചു. അവരെ കഴുത്തു ഞെരിച്ചുകൊന്നിട്ട് വെട്ടിനുറുക്കി കഷ്ണങ്ങളാക്കി 55 ഗാലണ്‍ ഡ്രമ്മുകളില്‍ ഒതുക്കി ടെക്‌സസിലെ ക്യാമ്പ് വുഡിലെ(Camp Wood) ഒരു ഫാമില്‍ കുഴിച്ചിടുകയായിരുന്നു. പോലീസ് അവിടം കുഴിച്ച് എല്ലുകളും തലയോട്ടികളും മാഡലിന്‍ ഒഹെയറിന്റെ ശരീരത്തിലുണ്ടായിരുന്ന ഒരു മെറ്റല്‍ ഹിപ്‌ജോയിന്റും കണ്ടെടുത്തു.

ഇവിടെ ഒരു വലിയ ചോദ്യം അവശേഷിക്കുകയാണ്. തന്റെ അമ്മയും മകളും തടങ്കലിലായിരിക്കെ. പുറത്തുപോയി. വന്റതുകയ്ക്കുള്ള സ്വര്‍ണ്ണനാണയങ്ങള്‍ വാങ്ങുകയും കാഷ് അഡ്വാന്‍സ് എടുക്കുകയും ചെയ്ത ജോണ്‍ ഒഹെയര്‍ എന്തുകൊണ്ട് പുറത്തുനിന്ന് സഹായം തേടിയില്ല? പല ഉത്തരങ്ങളും ഡേവിഡ് വാട്ടേഴ്‌സിന് അറിയാമായിരിക്കാം. പക്ഷേ, അയാള്‍ നോര്‍ത്ത് കാരളൈനയിലെ ഫെഡറല്‍ പ്രിസണില്‍ വച്ച് 2003 ജനുവരി 27 ന് ശ്വാസകോശാര്‍ബ്ബുദം മൂലം മരണമടഞ്ഞു.

വെറുക്കപ്പെട്ടവളുമൊത്ത്--- (പി.റ്റി.പൗലോസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക