Image

അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ദിലീപിന് ജാമ്യം കിട്ടുമോ ?

സ്വന്തം ലേഖകന്‍ Published on 10 September, 2017
അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ദിലീപിന് ജാമ്യം കിട്ടുമോ ?
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വീണ്ടും ജാമ്യത്തിനായി ഹൈ കോടതിയിലേക്ക്. ഈ ബുധനാഴ്ച വീണ്ടും ജാമ്യാപേക്ഷ നല്‍കുമെന്നാണ് സൂചന . ദിലീപ് അവധിക്കാല ബെഞ്ചില്‍ ഹര്‍ജി നല്‍കാന്‍ ആദ്യം ആലോചിച്ചിരുന്നു. എന്നാല്‍ അത് വേണ്ടെന്നും കോടതി അവധി കഴിഞ്ഞ ശേഷം ഹര്‍ജി നല്‍കാനും തീരുമാനിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ബുധനാഴ്ച ഹര്‍ജി നല്‍കുന്നത്. ഉപാധികള്‍ പൂര്‍ണമായി അനുസരിച്ച് അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ ദിലീപ് പങ്കെടുത്തതു ചൂണ്ടിക്കാട്ടിയാകും നീക്കം. അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിച്ചു കിട്ടുമെന്നാണ് ദിലീപിന്റെ പ്രതീക്ഷ . ഹൈക്കോടതി രണ്ടു തവണ ജാമ്യഹര്‍ജി തള്ളിയെങ്കിലും ബുധനാഴ്ച വീണ്ടും ജാമ്യാപേക്ഷ നല്‍കുന്നത് സാഹചര്യങ്ങള്‍ അനുകൂലമെന്ന ചിന്തയില്‍ ആണ്.

അതേസമയം അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ള ദിലീപിന്റെ ഭാര്യ കാവ്യ മാധവനും നാദിര്‍ഷാക്കും ജാമ്യം കിട്ടുന്ന വകുപ്പുകള്‍ മാത്രമേ ചുമത്തുകയുള്ളൂ എന്നും സൂചന. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ നാദിര്‍ഷ ആശുപത്രിയില്‍ നിന്നും ഇന്ന് ഡിസ്ചാര്‍ജായി പോയി . ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സ തേടുന്നുവെന്നായിരുന്നു നാദിര്‍ഷാ ഇതിനെക്കുറിച്ച് പറഞ്ഞത്. ഇന്നലെ വൈകിട്ട് ആശുപത്രി അധികൃതര്‍ നാദിര്‍ഷായെ ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ഇന്നു വൈകിട്ടോടെയാണ് അദ്ദേഹം ആശുപത്രി വിട്ടത്.

അദ്ദേഹത്തിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഈ മാസം പതിമൂന്നിലേക്ക് ഹൈക്കോടതി മാറ്റിയിരുന്നു. കേസില്‍ അറസ്റ്റ് തടയണമെന്ന് നാദിര്‍ഷയുടെ ആവശ്യം കോടതി തളളിയിരുന്നു. മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുണ്ട്. ചോദ്യം ചെയ്യാന്‍ പൊലീസ് വീണ്ടും വിളിപ്പിച്ചതിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടിയ നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു.

പ്രോസിക്യൂഷന് അനുകൂലമായി മൊഴി കൊടുക്കണമെന്ന് പൊലീസ് സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും തന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും ആരോപിച്ച് നാദിര്‍ഷാ കോടതിയെ സമീപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ സംവിധായകനെ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ച് മുമ്പ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം നാദിര്‍ഷാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ദിലീപിന്റെ അറസ്‌റ്റോടെ കേസിന്റെ ഒരു ഘട്ടം മാത്രമേ പൂര്‍ത്തിയായിട്ടുളളൂവെന്നും അന്വേഷണം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും അതിനാല്‍ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യണമെന്നുമാണ് അന്വേഷണ സംഘത്തിന്റെ വാദം. എന്നാല്‍ താന്‍ നിരപരാധിയാണെന്നും അറിയാവുന്ന കാര്യങ്ങളെല്ലാം നേരത്തെ നടന്ന ചോദ്യം ചെയ്യലില്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ നാദിര്‍ഷ ബോധിപ്പിച്ചത്.

നടിയെ ആക്രമിച്ച കേസിന്റെ വസ്തുതകള്‍ നാദിര്‍ഷ മറച്ചുവെച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇത് അന്വേഷണം വഴിതിരിച്ചുവിടാനും ദിലീപിനെ സംരക്ഷിക്കാനുമുളള ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്നും പൊലീസ് പറയുന്നു. നേരത്തെ ദിലീപിനെ 13 മണിക്കൂര്‍ ചോദ്യ ചെയ്തതിനൊപ്പമാണ് നാദിര്‍ഷയെയും പൊലീസ് ചോദ്യം ചെയ്തത്.

മുഖ്യപ്രതി പള്‍സര്‍ സുനിക്ക് പൊലീസ് കസ്റ്റഡിയില്‍വച്ച് ശബ്ദ സന്ദേശമയക്കാന്‍ സഹായിച്ച കളമശ്ശേരി എ.ആര്‍. ക്യാംപിലെ സി.പി.ഒ. അനീഷീനെ അറസ്റ്റ് ചെയ്തത് കുറ്റം ചെയ്യുകയാണെന്ന അറിവോടെ പ്രതിയെ സഹായിക്കുകയെന്ന വകുപ്പുകള്‍ -ഐ പി സി201,203 -കുറ്റകൃത്യത്തിനണ്. നടന്‍ നാദിര്‍ഷയെയും കാവ്യമാധവനെയും ഇതേ വകുപ്പില്‍പ്പെടുത്തി അറസ്റ്റു രേഖപ്പെടുത്തി വിടുന്നതിനും സാദ്ധ്യതയുണ്ട്. അനീഷിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കുകയും വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്തിരുന്നു

പള്‍സര്‍ സുനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുമ്പോള്‍ സംവിധായകന്‍ നാദിര്‍ഷയടക്കമുള്ളവരെ ഫോണില്‍ ബന്ധപ്പെടാന്‍ അനീഷ് അവസരം ഒരുക്കിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അനീഷിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ദിലീപിന് സന്ദേശമയക്കാന്‍ ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തിയിരുന്നു. അനീഷിനെ സസ്‌പെന്റ് ചെയ്യുമെന്നാണ് സൂചന.  ഇല്ലാത്ത പക്ഷം പൊലീസ് നടത്തിയ നാടകമാണ് അനീഷിന്റെ വെളിപ്പെടുത്തലെന്ന വാദം സജീവമാകും. ദിലീപിന്റെ ജാമ്യ ഹര്‍ജിക്കിടെ ഇത് വാദമായി ഉയര്‍ത്താനും സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് പൊലീസ് അനീഷിനെതിരെ വകുപ്പ് തല നടപടി എടുക്കുന്നത്.

സംഭവം നടന്ന ശേഷമുള്ള കുറ്റകൃത്യമായതിനാല്‍ ഗൂഢാലോചന വകുപ്പ് അനീഷിനെതിരായ കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതാണ് അനീഷിന് ജാമ്യം ലഭിക്കാന്‍ തുണയായത്. നാദിര്‍ഷയുടെ കാര്യത്തിലും ഗൂഢാലോചന കേസ് ചുമത്തുന്നതിനാവശ്യമായ തെളിവ് അന്വേഷക സംഘത്തിന് ലഭിച്ചിട്ടില്ലന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള അറസ്റ്റാണ് നാദിര്‍ഷയുടെ കാര്യത്തിലും പൊലീസ് ലക്ഷ്യമിട്ടിട്ടുള്ളതെന്നാണ് വ്യാപകമായിട്ടുള്ള അഭ്യൂഹം. അനീഷിന് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് നേരത്തെ അന്വേഷക സംഘത്തിന് വിവരം ലഭിച്ചിരുന്നെന്നും ഇക്കാര്യം ഉന്നത തലങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ധരിപ്പിച്ചിരുന്നെന്നുമാണ് പരക്കെ പ്രചരിക്കുന്ന വിവരം. കുറ്റവാളിയെ സഹായിച്ചുവെന്ന് ബോദ്ധ്യപ്പെട്ടിട്ടും അനീഷിനെതിരെ വകുപ്പുതല നടപടിയുണ്ടാവാതിരുന്നത് ഉന്നതങ്ങളില്‍ നിന്നും അനുമതി ലഭിക്കാതിരുന്നതാണെന്ന് വ്യക്തമായിട്ടുണ്ട്. "ദിലീപേട്ടാ കുടുങ്ങി "എന്നായിരുന്നു അനീഷിന്റെ ഫോണ്‍വഴി സുനി കൈമാറിയ സന്ദേശമെന്നാണ് പൊലീസ് കണ്ടെത്തല്‍.

സുനിക്കുവേണ്ടി പുറത്തുള്ള പ്രമുഖരുമായി ബന്ധപ്പെടുന്നതിനായി അനീഷ് ശ്രമിച്ചിരുന്നുവെന്ന് അന്വേഷണം സംഘം കണ്ടെത്തിയിരുന്നു.
കസ്റ്റഡിയിലെടുത്ത അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്വന്തം ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. കാവ്യാ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിലേക്കും ഇയാള്‍ മൂന്നുതവണ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കേസിലെ പതിനാലാം പ്രതിയാണ് അനീഷ്. മാര്‍ച്ച് ആറിനാണ് സംഭവം നടന്നത്. ആലുവ പൊലീസ് ക്ലബ്ബില്‍ പള്‍സര്‍ സുനിക്ക് കാവല്‍ നിന്നപ്പോഴാണ് നടിക്കെതിരെയുള്ള അക്രമണത്തിന് പിന്നില്‍ ദിലീപാണെന്ന് സുനി അനീഷിനോട് വെളിപ്പെടുത്തിയത്. തുടര്‍ന്നു തന്റെ മൊബൈല്‍ ഫോണില്‍നിന്ന് ദിലീപിന് രഹസ്യസന്ദേശം അയയ്ക്കാന്‍ സുനിയെ അനീഷ് സഹായിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.

അതേസമയം, ഏറ്റവും അടുത്ത ദിവസം തന്നെ അന്വേഷണ സംഘം കാവ്യമാധവനെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തു ചോദ്യം ചെയ്യും. നേരത്തെ കാവ്യയെ ചോദ്യം ചെയ്തപ്പോള്‍ പള്‍സര്‍ സുനിയെ അറിയില്ലെന്ന് കാവ്യ പറഞ്ഞത്. ഇതാണ് കാവ്യയെ ഇപ്പോള്‍ തിരിഞ്ഞ് കൊത്തുന്നതും. ഏഴാം തിയതിക്കും പതിനഞ്ചാം തിയതിക്കും ഇടയില്‍ കാവ്യയെ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക