Image

വിദ്യാര്‍ത്ഥികള്‍ക്ക് ജീവിതം പഠിക്കാന്‍ ഒരു പിരിയഡ് നടപ്പാകേണ്ടത് അത്യാവശ്യം (ജയന്‍ കൊടുങ്ങല്ലൂര്‍)

Published on 05 September, 2017
വിദ്യാര്‍ത്ഥികള്‍ക്ക് ജീവിതം പഠിക്കാന്‍ ഒരു പിരിയഡ് നടപ്പാകേണ്ടത് അത്യാവശ്യം (ജയന്‍ കൊടുങ്ങല്ലൂര്‍)
ഇ മെയിലിലും, വാട്ട്‌സ് ആപ്പിലും, ഫേസ് ബുക്കിലും, മെസ്സെഞ്ചറിലും, മൊബൈലിലും "ലോക അധ്യാപക ദിനം" പ്രമാണിച്ചുള്ള സന്ദേശങ്ങള്‍ കുമിഞ്ഞു കൂടുന്നു...ഇവിടെ അധ്യാപകദിനത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അധ്യാപകരും വിദ്യര്‍ത്ഥികളും രക്ഷിതാക്കളും സമൂഹവും കൈകോര്‍ത്ത് പിടിച്ച് നമ്മുടെ സംസ്കാരം ഉയര്‍ത്തിപിടിച്ച് മുന്നേറുന്നതിന്റെ ആവിശ്യകത നമ്മെ കൂടുതല്‍ ബോധ്യപെടുത്തുന്നു.ദേശീയ അവാര്‍ഡ് ജേതാവായ നടന്‍ സലിംകുമാര്‍ ഒരു സ്കൂളില്‍ സ്വീകരണത്തിനെത്തിയപ്പോള്‍ കുട്ടികള്‍ ഒരു ചോദ്യം ചോദിച്ചു - താങ്കള്‍ മുഖ്യമന്ത്രിയായാല്‍ ആദ്യമെടുക്കുന്ന തീരുമാനം എന്തായിരിക്കും? തൊട്ടടുത്ത സെക്കന്‍ഡില്‍ സലിംകുമാറിന്റെ മറുപടി ഇങ്ങനെയായിരുന്നു - സ്കൂളുകളില്‍ കുട്ടികള്‍ക്കു ജീവിതം പഠിപ്പിക്കാന്‍ ഒരു പിരിയഡ് തുടങ്ങും!

ഒട്ടും തമാശയായി കാണേണ്ട കാര്യമല്ല സലിംകുമാര്‍ പറഞ്ഞത്. കുട്ടികളെ നല്ല കുട്ടികളായി ജീവിക്കാന്‍ പഠിപ്പിക്കേണ്ട വലിയ ഉത്തരവാദിത്തം സ്കൂളിനുണ്ട്. കാരണം, വെല്ലുവിളികളുടെ ലോകത്താണ് അവര്‍ ജീവിക്കുന്നത്. നാട്ടിലും റോഡിലും വീട്ടിലും കുഞ്ഞുങ്ങളെ കാത്ത് അപകടങ്ങള്‍ പതിയിരിക്കുന്നു. അവര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. അവരെ വഴിതെറ്റിക്കാന്‍ സ്കൂളുകള്‍ക്കു ചുറ്റും മാഫിയകള്‍ തന്നെ വട്ടമിട്ടു പറക്കുന്നു. ഇതിനെയെല്ലാം നേരിട്ടു നന്നായി വളരാന്‍ അവര്‍ക്കു നിങ്ങളുടെ കൈത്താങ്ങ് ആവശ്യമാണ്.

കുട്ടികളെ നേര്‍വഴിക്കു നയിക്കുന്നതില്‍ രക്ഷിതാക്കളെക്കാള്‍ ഉത്തരവാദിത്തം അധ്യാപകര്‍ക്കുണ്ട്. കാരണം, രക്ഷിതാക്കളെക്കാള്‍ കൂടുതല്‍ സമയം അവര്‍ നിങ്ങളോടൊപ്പമാണു ജീവിക്കുന്നത്. മാത്രമല്ല, രക്ഷിതാക്കള്‍ക്ക് ഒട്ടേറെ പരിമിതികളുണ്ട്. കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു കാര്യമായ അറിവില്ലായ്മ തന്നെയാണു പ്രധാനം. എന്തു ജോലിചെയ്യുന്നതിനു മുന്‍പും നമുക്കു കൃത്യമായ പരിശീലനം ലഭിക്കുന്നുണ്ട്. എന്നാല്‍ രക്ഷാകര്‍ത്തൃത്വം എന്ന ജീവിതത്തിലെ ഏറ്റവും പ്രധാനമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനു മുന്‍പു നമുക്ക് എന്തു പരിശീലനമാണു ലഭിക്കുന്നത്?കുടുംബത്തില്‍ നിന്നു കണ്ടും കേട്ടും പഠിക്കുന്നതല്ലാതെ? ഇങ്ങനെ പഠിക്കുന്നതെല്ലാം നല്ല പാഠങ്ങളാണോ?

രക്ഷിതാക്കളുടെ ഈ പരിമിതി മനസ്സിലാക്കി കുട്ടികളെ നന്നായി വളര്‍ത്താന്‍ അവരെ സഹായിക്കേണ്ടതു നല്ല അധ്യാപകന്റെ പ്രധാന കടമകളിലൊന്നാണ്; പ്രത്യേകിച്ച് അണുകുടുംബങ്ങള്‍ വ്യാപകമാകുന്ന ഇക്കാലത്ത്. കുട്ടികളുമായി മാത്രമല്ല, അവരുടെ രക്ഷിതാക്കളുമായും അധ്യാപകന്‍ നല്ല ബന്ധം കാത്തുസൂക്ഷിക്കണം. എവിടെയെങ്കിലും ചെറിയ പിശകുകള്‍ കണ്ടാല്‍ അപ്പോള്‍ തന്നെ അതു തിരുത്താന്‍ കുട്ടികളുമായും അവരുടെ കുടുംബവുമായുമുള്ള ബന്ധം പ്രയോജനപ്പെടുത്തുകയും വേണം. കുട്ടികളെ ജീവിതം പഠിപ്പിക്കുന്ന അച്ഛനാകണം, അമ്മയാകണം, ചേച്ചിയാകണം, ചേട്ടനാകണം നല്ല അധ്യാപകന്‍.

കുട്ടികളെ സാമൂഹിക ഉത്തരവാദിത്തമുള്ളവരാക്കി വളര്‍ത്തേണ്ടതും സ്കൂളുകളുടെ കടമയാണ്. വിഭിന്നശേഷിയുള്ള കുട്ടികളെ മറ്റു കുട്ടികള്‍ക്കൊപ്പം പഠിപ്പിക്കണമെന്ന പുതിയ നിര്‍ദേശം ഈ ലക്ഷ്യം കൂടി മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ്. ഇങ്ങനെയുള്ളവരും നമുക്കു ചുറ്റുമുണ്ടെന്നും അവരെ ഒരു മൂലയ്ക്കു മാറ്റിനിര്‍ത്തുകയല്ല, മറിച്ചു നമ്മുടെ കൂടെയിരുത്തുകയാണു ചെയ്യേണ്ടതെന്നുമുള്ള സന്ദേശമാണത്.

നല്ല കുട്ടികളായി വളര്‍ത്തുന്നതിനൊപ്പം അവരുടെ നിലവാരത്തിനനുസരിച്ചുള്ള പഠനം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളും അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാകണം. കുട്ടികളുമായുള്ള ബന്ധം സുദൃഢമാകുന്നതിലൂടെ അവരുടെ കഴിവുകളും കുറവുകളും നമുക്കു മനസ്സിലാക്കാനാകും.കഴിവുകള്‍ രാകി മിനുക്കാനും കുറവുകള്‍ കഴിയാവുന്നത്ര പരിഹരിക്കാനും അവരെ സഹായിക്കണം. എല്ലാ കുട്ടികളും എ പ്ലസ് നേടണമെന്നു വാശിപിടിച്ച് അവരെ മാനസിക സമ്മര്‍ദത്തിലാക്കുകയല്ല വേണ്ടത്.

കാലം മാറുകയാണ്. കുട്ടികളുടെ ജീവിതരീതികളും വീക്ഷണങ്ങളും മാനസികനിലയും മാറുന്നു. അതിനനുസരിച്ച് അധ്യാപകരും തയാറെടുക്കണം. ഓരോ അധ്യാപകനും ഇങ്ങനെ സ്വയം മാറുമ്പോഴാണു നല്ല വിദ്യാലയങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. നല്ല വിദ്യാലയങ്ങളില്‍ നിന്നാണു നല്ല സമൂഹം ഉയിരെടുക്കുന്നത്.അധ്യാപകനും ഗുരുവും രണ്ടായി കാണണമെന്ന് അഭിപ്രായം ശരിയല്ല ഗുരുപൂര്‍ണിമയുടെ മഹിമ കുടികൊള്ളുന്നത് ശിഷ്യന്‍ പരിപൂര്‍ണ്ണമായി തന്‍റെ ഗുരുവില്‍ വലയം ചെയ്യാന്‍ തയ്യാറാകുന്‌പോഴാണ്.

ആരാണ് യഥാര്‍ത്ഥ ഗുരു ലൗകികകാര്യങ്ങളോ ബുദ്ധിപരമായ വിഷയങ്ങളോ പഠിപ്പിക്കുന്നയാളല്ല ഗുരു. അങ്ങിനെയുള്ളവര്‍ അദ്ധ്യാപകര്‍ മാത്രമാണ്. ഒരുവന്‍റെ അഹങ്കാരത്തെ ചൂണ്ടിക്കാണിച്ച് കൊടുത്ത്, സ്വയം അത് ത്യജിക്കാന്‍ തയ്യാറാകുന്നയാളാണ് ഉത്തമഗുരലക്ഷണമുള്ളയാള്‍.അജ്ഞാനമാകുന്ന കൊടും തമസ്സിനെ കൃപയും, ജ്ഞാനമാകുന്ന ഒരു തരിവെട്ടം കൊണ്ട് സൂര്യപ്രഭയേക്കാള്‍ ശോഭയാര്‍ന്നതാക്കുന്നയാളുമാണ് യഥാര്‍ത്ഥ ഗുരു. "ഗു"എന്ന അക്ഷരത്തിനര്‍ത്ഥം അജ്ഞാനമെന്നും "രു" എന്നാല്‍ നശിപ്പിക്കുന്നതെന്നുമാണ്.സ്വന്തം അഭിപ്രായത്തിനനുസരിച്ച് ശിഷ്യനെ മാറ്റാന്‍ ശ്രമിക്കുന്ന ആളാകരുത് ഗുരു. സ്വന്തം ബോധത്തെ ഉദ്ദീപിപ്പിക്കാന്‍ ഉതകുന്ന തരത്തില്‍ ഗുരു ശിഷ്യനെ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്.

പ്രകൃതിയിലെ ഓരോ നിമിഷവും ഗുരുത്വം നിറഞ്ഞതാണ്. ആകാശവും, കാറ്റും, കടലും, പൂക്കളും, സുഖവും, വേദനയുമെല്ലാം ഓരോ നിമിഷവും നമ്മെ ആത്മതത്ത്വത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ച് കൊണ്ടിരിക്കുന്നു ഈ അധ്യാപകദിനത്തില്‍ ഗുരുശിഷ്യബന്ധം കൂടുതല്‍ ദൃഡമാകാനും ഒരുമയുടെ സ്‌നേഹത്തിന്‍റെ പവിത്രമായ ബന്ധം വിദ്യാര്‍ത്ഥികളിലൂടെ അധ്യാപകരിലൂടെ പൊതുസമൂഹത്തില്‍ നിറഞ്ഞു നില്‍ക്കാന്‍ നമുക്ക് എല്ലാവര്ക്കും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം എന്നെ പഠിപ്പിച്ച എല്ലാവരെയും ഞാന്‍ തികഞ്ഞ ആദരവോടെയാണ് ഓര്‍ക്കാറുള്ളത് . രണ്ടു പതിറ്റാണ്ടു നീണ്ട പഠന കാലയളവില്‍ എത്രയോ അദ്ധ്യാപകരുടെ ശിഷ്യയായിരുന്നു ഞാന്‍?! അവരില്‍ പലരും വിസ്മൃതിയിലാണ്ടു പോയെങ്കിലും ഒരിയ്ക്കലും മറക്കാത്ത ചില നക്ഷത്രങ്ങളും അവരിലുണ്ട്..എല്ലാ ഗുരുക്കന്മാര്‍ക്കും മുന്നിലും ഞാന്‍ എന്‍റെ ശിരസ്സ് നമിക്കട്ടെ....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക