Image

തിരുവാറന്മുളയപ്പന് ഓണവിഭവങ്ങളുമായി തിരുവോണത്തോണി യാത്ര തുടങ്ങി

അനില്‍ കെ പെണ്ണുക്കര Published on 02 September, 2017
തിരുവാറന്മുളയപ്പന് ഓണവിഭവങ്ങളുമായി തിരുവോണത്തോണി യാത്ര തുടങ്ങി
തിരുവാറന്മുളയപ്പന് ഓണവിഭവങ്ങളുമായി തിരുവോണത്തോണി യാത്ര തുടങ്ങി . ആചാര പെരുമയില്‍ മങ്ങാട്ട് ഭട്ടതിരി തിരുവോണത്തോണിയില്‍ കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍ നിന്നും പുറപ്പെട്ടു. പാര്ഥസാരഥിക്ക് ഓണ വിഭവങ്ങള്‍ നല്‍കുന്ന കാട്ടൂരിലെ 18 നായര്‍ കുടുംബങ്ങളിലെ പ്രതിനിധികളും ഭട്ടതിരിയോടൊപ്പം തിരുവോണ തോണിയിലുണ്ട്. നിരവധി പള്ളിയോടങ്ങള്‍ തിരുവോണ തോണിക്ക് അകമ്പടി സേവിക്കുന്നു.

കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ കെടാവിളക്കിലേക്ക് പകരാനുള്ള ദീപവും തിരുവോണ വിഭവങ്ങളോടൊപ്പം തോണിയിലുണ്ട്. ഈ ദീപം ആറന്മുള ക്ഷേത്രത്തില്‍ എത്തിക്കഴിഞ്ഞ് കെടാവിളക്കിലെ ദീപം അണയ്ക്കുകയും തുടര്‍ന്ന് കാട്ടൂര്‍ ക്ഷേത്രത്തില്‍ നിന്നും കൊണ്ടുവന്ന ദീപം തെളിയിക്കുകയും ചെയ്യും. തിരുവോണനാള്‍ പുലര്‍ച്ചെ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രക്കടവിലെത്തുന്ന മങ്ങാട്ട് ഭട്ടതിരിയെ ദേവസ്വം ബോര്‍ഡിന്റേയും ക്ഷേത്ര ഉപദേശകസമിതിയുടേയും പള്ളിയോട സേവാസംഘത്തിന്റേയും ഭാരവാഹികളുടെ നേതൃത്വത്തില്‍ ഭക്തജനങ്ങള്‍ സ്വീകരിക്കും. തുടര്‍ന്ന് ഓണസദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ നടക്കും. തിരുവോണ തോണിയില്‍ കൊണ്ടുവരുന്ന വിഭവങ്ങള്‍കൂടി ചേര്‍ത്താണ് തിരുവോണ സദ്യ ഒരുക്കുന്നത്.

കാട്ടൂരിലെ 18 നായര്‍ തറവാടുകളില്‍ നിന്ന് ശേഖരിക്കുന്ന വിഭവങ്ങളും തോണിയിലുണ്ടാകും.ചേന, കാച്ചില്‍, ചേമ്പ്, മത്തങ്ങ, വെള്ളരിക്ക, ഏത്തക്ക, പഴക്കുല, ഉപ്പിലിട്ടത്, അരി തുടങ്ങിയ സദ്യക്കുള്ള എല്ലാ സാധനങ്ങളും തോണിയിലുണ്ടാവും. 

ആറന്മുളആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് തിരുവോണത്തോണി മാഹാത്മ്യം .പാണ്ഡവരില്‍ മദ്ധ്യമനായ അര്‍ജ്ജുനന്‍ ഭഗവാന്‍ കൃഷ്ണനു സമര്‍പ്പിച്ചതായി വിശ്വസിക്കുന്ന ദക്ഷിണ ഭാരതത്തിലെ പ്രധാനപ്പെട്ട വൈഷ്ണവ ക്ഷേത്രം ഏറ്റവും പുരാതനവും പ്രസിദ്ധവുമായിട്ടുള്ളതാണ്. ആറന്മുള ദേശത്തുണ്ടായിരുന്ന കാട്ടൂര്‍ മനയിലെ കാരണവര്‍ ചിങ്ങമാസത്തിലെ തിരുവോണത്തിന് ആറന്മുള ക്ഷേത്രത്തില്‍ സദ്യ തയാറാക്കി എത്തിച്ചിരുന്നു. ഇങ്ങനെ ആറന്മുള ക്ഷേത്രത്തിലേക്ക് തിരുവോണ സദ്യ എത്തിച്ച വഞ്ചിയാണ് പിന്നീട് പ്രസിദ്ധമായ തിരുവോണത്തോണിയായി അറിയപ്പെട്ടത്.

ആറന്മുളയ്ക്കു കിഴക്കുള്ള കാട്ടൂര്‍ ഗ്രാമത്തില്‍ മങ്ങാട്ടുമഠത്തിലെ ഭട്ടതിരി എല്ലാ തിരുവോണനാളിലും വിഷ്ണുപൂജയുടെ ഭാഗമായി ഒരു ബ്രാഹ്മണനു കാല്‍കഴുകിച്ചൂട്ട് നടത്തിവന്നിരുന്നു. ഒരുവര്‍ഷം ഊണുകഴിക്കാനായി ആരും എത്തിയില്ല. വര്‍ഷങ്ങളായുള്ള തന്റെ വ്രതം മുടങ്ങുന്നതില്‍ ദു:ഖിതനായ ഭട്ടതിരി ആറന്മുള ഭഗവാനെ പ്രാര്‍ഥിച്ച് ഓണനാളില്‍ ഉപവസിക്കാന്‍ തീരുമാനിച്ചു. അപ്പോള്‍ തേജസ്വിയായ ഒരു ബാലന്‍ ഭട്ടതിരിയുടെ ആതിഥ്യം സ്വീകരിക്കാനെത്തി. അന്ന് കാല്‍ കഴുകിച്ചൂട്ട് നടന്നതിനു ശേഷം ബാലന്‍ അദ്ദേഹത്തോട് ഇനിയുള്ള കാലം ഓണത്തിനുള്ള വിഭവങ്ങള്‍ തയാറാക്കി ആറന്മുളയില്‍ എത്തിച്ചാല്‍ മതിയെന്നു പറഞ്ഞാണ് പോയത്.

അന്നു രാത്രി സ്വപ്ന ദര്‍ശനത്തില്‍ വന്നതു സാക്ഷാന്‍ ആറന്മുള ഭഗവാന്‍ ആയിരുന്നുവെന്നു മനസ്സിലാക്കിയ മങ്ങാട്ടൂ ഭട്ടതിരി പിറ്റേവര്‍ഷംമുതല്‍ ഓണ സദ്യയ്ക്കുള്ള വിഭവങ്ങള്‍ ഒരു തോണിയില്‍ നിറച്ച് ഉത്രാടനാളില്‍ കാട്ടൂരില്‍നിന്നു പുറപ്പെട്ട് തിരുവോണപ്പുലര്‍ച്ചയില്‍ ആറന്മുള ക്ഷേത്രക്കടവില്‍ എത്തിച്ചുതുടങ്ങി. ഇങ്ങനെ വര്‍ഷങ്ങള്‍ കടന്നു പോകുകയും അദ്ദേഹത്തിന്റെ പിന്‍ തലമുറകളും ഈ ആചാരം ഭംഗിയായി നടത്തികൊണ്ടു പോന്നിരുന്നു. ഒരിക്കല്‍ മലങ്കോവിന്മാര്‍ എന്ന തസ്‌കരസംഘം വഴിയില്‍വച്ചു ആറന്മുളക്കു പുറപ്പെട്ട കാട്ടൂര്‍ ഭട്ടതിരിയെ തടഞ്ഞ് തിരുവോണത്തോണിയെ ആക്രമിച്ചു. ഇത് അറിഞ്ഞ് തിരുവോണ തോണിയുടെ സംരക്ഷണാര്‍ഥം കരനാഥന്മാര്‍ വലിയ വള്ളങ്ങളില്‍ സംഘമായെത്തി കവര്‍ച്ചക്കാരെ തുരത്തി ഓടിച്ചു. പിന്നീടുള്ള വര്‍ഷങ്ങളില്‍ തോണിയുടെ സംരക്ഷണാര്‍ഥം, കൂടുതല്‍ പേര്‍ക്കു കയറാവുന്ന വള്ളങ്ങള്‍ ഉണ്ടാക്കി തോണിയെ അനുധാവനം ചെയ്തുപോന്നു.

മങ്ങാട്ട് മന പണ്ട് സ്ഥിതിചെയ്തിരുന്നത് ആറന്മുളക്ക് കിഴക്ക് കാട്ടൂര്‍ ദേശത്തായിരുന്നു. പിന്നീട് എപ്പൊഴോ മങ്ങാട്ടുമന കാട്ടൂരില്‍ നിന്നും മാറി കോട്ടയത്തിനടുത്ത് കുമാരനല്ലൂരില്‍ വന്ന് മാറി താമസിച്ചു. ഇന്ന് മീനച്ചിലാറ്റിന്‍ തീരത്തായി കുമാരനെല്ലൂ
ര്‍ മങ്ങാട്ട് മനയില്‍ നിന്നുമാണ് തിരുവോണത്തോണി പുറപ്പെടുന്നത്. കുമാരനല്ലൂര്‍ മങ്ങാട്ടില്ലത്തെ മൂത്ത ഭട്ടതിരി ചുരുളന്‍ വള്ളത്തില്‍ ആറന്മുളയ്ക്കു പുറപ്പെടുന്ന ചടങ്ങ് മൂലം നാളിലാണ്. ഭട്ടതിരി തിരുവോണത്തോണിയുമായി ആറന്മുളയ്ക്കടുത്തുള്ള കാട്ടൂരില്‍ എത്തുന്നതോടെ കരക്കാരുടെ നേതൃത്വത്തില്‍ സ്വീകരിക്കുകയും പിന്നീട് അലങ്കരിച്ച വലിയ തിരുവോണത്തോണിയിലേക്ക് മാറ്റുകയും കുമാരനെല്ലൂരില്‍ നിന്നും വന്ന വള്ളം അകമ്പടിത്തോണിയായി മാറുകയും ചെയ്യും. പിന്നീട് കാട്ടൂരില്‍ നിന്നു ഭട്ടതിരിയും കരക്കാര്‍ക്ക് ഒപ്പമാണ് ആറന്മുളയിലേക്ക് പമ്പാനദിയിലൂടെ യാത്ര തുടരുന്നത്

മണിമലയാര്‍,മീനച്ചിലാര്‍, പമ്പാനദി എന്നി പ്രധാന നദികള്‍ വഴി സഞ്ചരിച്ചാണ് ഇന്ന് തിരുവോണത്തോണി കുമാരനെല്ലൂരില്‍ നിന്നും ആറന്മുളയില്‍ എത്തുന്നത്. മങ്ങാട്ടില്ലത്തെ കടവില്‍ നിന്നു സഹായിക്കൊപ്പമാണ് ഭട്ടതിരിയുടെ യാത്ര. നാഗമ്പടം, ചുങ്കം വഴി ആദ്യം കൊടൂരാറ്റില്‍ പ്രവേശിക്കും. ആദ്യ ദിനത്തിലെ യാത്ര കിടങ്ങറയിലാണ് അവസാനിക്കുന്നത്. ഇവിടെ രണ്ടാം പാലത്തിനു സമീപം ഭട്ടതിരി വിശ്രമിക്കും. സമീപത്തെ ഇല്ലത്തു നിന്നു ഭക്ഷണം കഴിച്ചു രാത്രിയില്‍ ഭട്ടതിരിയും തുഴച്ചില്‍ക്കാരനും വള്ളത്തില്‍ തന്നെയാണു കഴിച്ചുകൂട്ടുക. പിറ്റേന്നു കൊടുതറ വഴി തിരുവല്ല പുഴക്കരയിലെത്തി മണിമലയാറ്റിലേക്കു പ്രവേശിക്കും.

മൂവട മഠത്തിലാണ് അന്നത്തെ ഉച്ചയൂണ്. പിന്നീട് ആറാട്ടുപുഴയിലൂടെ പമ്പാനദിയില്‍ എത്തുന്ന തോണി, വൈകിട്ടു ക്ഷേത്രക്കടവില്‍ അടുക്കും. അന്നു ഭട്ടതിരിക്ക് ക്ഷേത്ര ദര്‍ശനമില്ല. ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം ഭട്ടതിരി തോണിയില്‍ കോഴഞ്ചേരിയിലെ വെള്ളൂര്‍ മനക്കടവിലേക്കു പോകും. ഇവിടെ നിന്ന് അയിരൂര്‍ പുതിയകാവു ക്ഷേത്രം, കാട്ടൂര്‍ ക്ഷേത്രം എന്നിവ ചുറ്റി തിരുവോണപ്പുലരിയില്‍ വീണ്ടും ആഘോഷമായി ആറന്മുളയില്‍ എത്തിചേരും.

കാട്ടൂരില്‍ നിന്നു ആഘോഷമായി ഭക്തരുടെ അകമ്പടിയോടെ തിരുവോണത്തോണിയും അകമ്പടിത്തോണിയും പുറപ്പെടുന്നത്.തിരുവോണ ദിനത്തില്‍ ആറന്മുള ഭഗവാന്‍ പള്ളിയുണരുന്നതോടെ ഓണസദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയായി. മങ്ങാട്ട് ഭട്ടതിരി കൊണ്ടുവരുന്ന വിഭവങ്ങള്‍ കൂട്ടിച്ചേര്‍ത്താണു സദ്യ ഒരുക്കുന്നത്. അത്താഴപൂജ കഴിഞ്ഞു ക്ഷേത്ര പൂജാരിയില്‍ നിന്നു പണക്കിഴി ഏറ്റുവാങ്ങുന്നതോടെ യാത്രയ്ക്കു സമാപനമാകും. സദ്യവട്ടത്തിന്റെ ചെലവു കഴിഞ്ഞിട്ടു ബാക്കിയുള്ള തുകയാണത്രേ ഇത്. പണക്കിഴി ഭണ്ഡാരത്തില്‍ നിക്ഷേപിച്ചു ഭട്ടതിരി മടങ്ങിപ്പോരും. മടക്കയാത്ര തോണിയിലല്ല. 

തിരുവോണത്തോണിയെ വണങ്ങാനും സ്വീകരിക്കാനും ആയിരങ്ങളാണ് ഉത്രാട രാത്രിയില്‍ പമ്പാതീരത്ത് ഉറങ്ങമൊഴിഞ്ഞു കാത്തിരിക്കുന്നത്. തോണി മധുക്കടവിലെത്തിയശേഷം ആചാര പ്രകാരമുള്ള സ്വീകരണം. തുടര്‍ന്നു ഭഗവാന്‍ പള്ളിയുണരുന്നതോടെ സദ്യവട്ടങ്ങള്‍ക്ക് ഒരുക്കമാകും.

 കാട്ടൂര്‍ ഭട്ടതിരിക്കുവേണ്ടി തിരുവോണത്തോണിക്ക് അകമ്പടി സേവിക്കാന്‍ കൂടുതല്‍ കരക്കാര്‍ ചുണ്ടന്‍ വള്ളങ്ങള്‍ ഉണ്ടാക്കി രംഗത്തു വരികയും ചെയ്തു. ആദ്യകാലത്തു പമ്പാനദിയുടെ ഇരുകരകളിലുമായി 48 ചുണ്ടന്‍വള്ളങ്ങള്‍ ഉണ്ടായിരുന്നു. ഓരോ ചുണ്ടന്‍ വള്ളത്തിലും ഭഗവാന്‍ കൃഷ്ണന്റെ അദൃശ്യ സാന്നിധ്യം ഉണ്ടെന്നാണു വിശ്വാസം.

കാട്ടൂരില്‍ നിന്നും ഉത്രാടരാത്രിയില്‍ പുറപ്പെട്ട് തിരുവോണപ്പുലര്‍ച്ചെ ആറന്മുളയില്‍ എത്തുന്ന തോണിയെയും അവയ്ക്ക് അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങളെയും കൂടുതല്‍ പേര്‍ക്കു കാണാന്‍ സാധിക്കാതെ വന്നു, ഇതിനാലാണത്രെ തിരുവോണം കഴിഞ്ഞു മറ്റൊരു ദിവസംകൂടി പള്ളിയോടങ്ങള്‍ ആറന്മുളയില്‍ എത്താന്‍ തീരുമാനിച്ചത്. അതു പാര്‍ഥസാരഥി വിഗ്രഹ പ്രതിഷ്ഠാദിനമായ ഉത്തൃട്ടാതി നാളിലെന്നു നിശ്ചയിക്കുകയും ചെയ്തു. ഇങ്ങനെയാണ് ആറന്മുള ജലമേളയുടെ ഉത്ഭവം എന്നു കരുതുന്നു. പത്തനം തിട്ടക്കാരുടെ ഓണം ഉത്രട്ടാതി വള്ളം കളിയാണ്. അതിനുള്ള ഒരുക്കത്തിന്റെ തുടക്ക യാത്രകൂടിയാണ് മങ്ങാട്ട് ഭട്ടതിരിയുടെ തിരുവോണത്തോണിയാത്ര .
തിരുവാറന്മുളയപ്പന് ഓണവിഭവങ്ങളുമായി തിരുവോണത്തോണി യാത്ര തുടങ്ങി തിരുവാറന്മുളയപ്പന് ഓണവിഭവങ്ങളുമായി തിരുവോണത്തോണി യാത്ര തുടങ്ങി തിരുവാറന്മുളയപ്പന് ഓണവിഭവങ്ങളുമായി തിരുവോണത്തോണി യാത്ര തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക