Image

തമിഴകത്ത് സ്വാമി-ശെല്‍വം ലയന വഴിയില്‍ ജയലളിത വീണ്ടും വാര്‍ത്തയാവുന്നു

എ.എസ് ശ്രീകുമാര്‍ Published on 19 August, 2017
തമിഴകത്ത് സ്വാമി-ശെല്‍വം ലയന വഴിയില്‍ ജയലളിത വീണ്ടും വാര്‍ത്തയാവുന്നു
അണ്ണാ ഡി.എം.കെയില്‍ ഒ പനീര്‍ശെല്‍വം-എടപ്പാടി പളനിസ്വാമി ലയന ചര്‍ച്ച പാളിയെങ്കിലും അന്തരിച്ച ജയലളിത വീണ്ടും വാര്‍ത്തയാവുന്നു. ഇത് തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ മാത്രം പ്രത്യേകതയാണ്. എക്കാലവും ദേശീയ ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ളതാണ് തമിഴക രാഷ്ട്രീയം. കഴിഞ്ഞ ദിവസം സ്വാമി-ശെല്‍വം വിഭാഗങ്ങളുടെ ലയന ചര്‍ച്ച ചൂടുപിടിച്ചെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. മറീന ബീച്ചിലെ ജയലളിത സമാധിയില്‍ വച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും പനീര്‍ശെല്‍വവും ലയനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇതിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടന്നിരുന്നു. ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ അന്വേഷിക്കാന്‍ വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയില്‍ ഒരു സമിതിയെ നിയോഗിച്ച സാഹചര്യത്തില്‍ ലയനത്തിന് തടസമൊന്നുമില്ലെന്നായിരുന്നു ഇരുകൂട്ടരും വ്യക്തമാക്കിയിരുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിനാണ് ജയലളിത അന്തരിച്ചത്. സാവധാനം മരിക്കാനായി ജയലളിതയ്ക്ക് തോഴി ശശികല വിഷം നല്‍കിയോ..? ശശികല നിയമിച്ച നേഴ്‌സ് കുത്തി വച്ച മയക്കുമരുന്നാണോ ജയലളിതയുടെ ജീവന്‍ എടുത്തത്..? എന്തിന്റെ പേരിലാണ് ശശികല ജയലളിതയുമായി തെറ്റി തെറ്റിപ്പിരിഞ്ഞത്..? എന്തുകൊണ്ട് പനി പിടിച്ച് ആശുപത്രിയിലായ ജയലളിതയെ കാണാന്‍ ആരേയും അനുവദിക്കാഞ്ഞത്..? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് അന്നും ഇന്നും ഉത്തരമില്ല.

കടുത്ത പനിയും നിര്‍ജലീകരണവും ബാധിച്ച് 2016 സെപ്റ്റംബര്‍ 22ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയലളിത മരണം വരെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ തന്നെയായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഒ. പനീര്‍ശെല്‍വത്തിനടക്കം ആര്‍ക്കും ജയലളിത ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രത്യേക ബ്ലോക്കിലേക്ക് പ്രവേശനം ലഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ജയയുടെ മരണം ഏറെ ദുരൂഹമായിരുന്നു. 75 ദിവസത്തെ ആശുപത്രി വാസത്തിനൊടുവിലായിരുന്നു മരണം. ജയലളിതയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവരുന്നതിനിടെയാണ് ഡിസംബര്‍ നാലിനു വൈകിട്ട് ആദ്യത്തെ ഹൃദയാഘാതമുണ്ടായത്. തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു ജയ.

ശരീരത്തിന് ഓക്‌സിജന്‍ ലഭ്യമാക്കുന്ന സംവിധാനമായ എക്‌സ്ട്രാ കോര്‍പോറിയല്‍ മെംബ്രേന്‍ ഓക്സിജനേഷന്റെയും (എക്മോ) മറ്റു ജീവന്‍ രക്ഷാ ഉപകരണങ്ങളുടെയും സഹായത്തോടെയാണ് അവസാന 24 മണിക്കൂര്‍ ജയയുടെ ജീവന്‍ നിലനിര്‍ത്തിയതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിവരം. എന്നാല്‍, ഇതിനു വിപരീതമായി ചില അനിഷ്ട സംഭവങ്ങള്‍ പോയസ് ഗാര്‍ഡനില്‍ ഉണ്ടായെന്നാണ് ശശികല വിരുദ്ധ പക്ഷം ആരോപിക്കുന്നത്. ഈ സാഹചര്യത്തില്‍ ജയയുടെ മരണം അന്വേഷിക്കണമെന്ന് മരണത്തിന് പിന്നാലെ തന്നെ ആവശ്യമുയര്‍ന്നിരുന്നു. തമിഴ്നാട്ടിലെ പ്രതിപക്ഷവും എ.ഐ.എ.ഡി.എം.കെയിലെ ഒരു വിഭാഗവും അന്വേഷണ ആവശ്യം ഉന്നയിച്ചിരുന്നു.

എന്നാല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ജയലളിതയുടെ മരണമെന്നാണ് എയിംസിലെ ഡോക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ ജയലളിതയ്ക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബര്‍ അഞ്ചിന് രാത്രി 11.30 നാണ് ജയലളിത മരിച്ചത്. ജയലളിതയുടേത് സ്വാഭാവിക മരണമാണ്. ദീര്‍ഘകാലമായി ചെറിയ തോതില്‍ വിഷം നല്‍കിയാണ് ജയലളിതയെ കൊലപ്പെടുത്തിയതെന്നായിരുന്നു ആരോപണം. എന്നാല്‍ ഈ ആരോപണം റിപ്പോര്‍ട്ടില്‍ തള്ളിയിട്ടുണ്ട്. പ്രമേഹം, അമിത വണ്ണം എന്നിവ മൂലമുള്ള പ്രശ്‌നങ്ങള്‍ ജയലളിതയ്ക്ക് ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജയലളതയ്ക്ക് മികച്ച ചികിത്സയാണ് നല്‍കിയിരുന്നതെന്നും ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ അണുബാധയും നീര്‍ജലീകരണവും ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനു പുറമെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ജയലളിതയ്ക്കുണ്ടായിരുന്നത്രേ.

അതേസമയം, ജയലളിതയുടെ മരണ ശേഷം പാര്‍ട്ടിയില്‍ പിടി മുറുക്കാന്‍ ശ്രമിച്ച തോഴി ശശികലയ്ക്കും കുടുംബത്തിനും കനത്ത തിരിച്ചടിയായാണ് ഒ. പനീര്‍ശെല്‍വം-എടപ്പാടി പളനിസ്വാമി ലയനത്തെ കാണുന്നത്. 1988 മുതല്‍ ജയലളിതയുടെ വലംകൈയായിരുന്നു ശശികല. 2011ല്‍ ഈ ബന്ധത്തില്‍ വിള്ളല്‍ വീണു. ശശികലയെ ജയലളിത സ്വവസതിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. പിന്നീട് മാപ്പ് കൊടുത്ത് ഒപ്പം കൂട്ടുകയും ചെയ്തു. ഈ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് തെഹല്‍ക നടത്തിയ വെളിപ്പെടുത്തല്‍ സജീവ ചര്‍ച്ചയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലായിരുന്നു ജയയേയും ശശികലയേയും തെറ്റിച്ചതെന്നും തെഹല്‍ക്ക വെളിപ്പെടുത്തിയിരുന്നു. ഇതിനൊപ്പം ജയയുടെ മരണത്തില്‍ വിഷത്തിന്റെ സാന്നിധ്യവും ചര്‍ച്ചയായി.

തഞ്ചാവൂര്‍ മന്നാര്‍ഗുഡിയിലെ തേവര്‍ കുടുംബാംഗമായ ശശികല-ജയലളിത സൗഹൃദം മൂന്ന് ദശാബ്ദക്കാലം നീണ്ടുനിന്നു. എം.ജി.ആറിന്റെ കാലത്ത് പാര്‍ട്ടിയുടെ പ്രചാരണവിഭാഗം സെക്രട്ടറിയായിരിക്കവെ അന്നത്തെ കടലൂര്‍ ജില്ല കലക്ടറായിരുന്ന വി എസ്. ചന്ദ്രലേഖയാണ് ശശികലയെ ജയലളിതക്ക് പരിചയപ്പെടുത്തിയത്. വിഡിയോ കാസറ്റ് വില്‍പന കേന്ദ്രം നടത്തിയിരുന്ന ശശികല വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളും മറ്റും വിഡിയോ എടുത്തു നല്‍കുകയും ചെയ്തിരുന്നു. പിന്നീട് ജയലളിതയുടെ മുഴുവന്‍ പരിപാടികളുടെ വിഡിയോ ഷൂട്ടിങ് ചുമതല ശശികലക്കായിരുന്നു. തുടര്‍ന്നാണ് ശശികല-ജയലളിത ബന്ധം ശക്തിപ്പെട്ടത്. തമിഴ്‌നാടിന്റെ അധികാരം ജയലളിതയുടെ കൈയിലെത്തിയതോടെ ശശികലയും കരുത്തയായി. കുപ്രസിന്ധമായ 'മന്നാര്‍ഗുഡി മാഫിയ' ഭരണത്തെ നിയന്ത്രിച്ചു. പനീര്‍ശെല്‍വമെന്ന മുന്‍ മുഖ്യമന്ത്രി പോലും ഈ മാഫിയയുടെ സൃഷ്ടിയാണെന്ന് കരുതുന്നവരുണ്ട്. ഏതായാലും ഈ മാഫിയയെ ജയലളിതയുമായി അകറ്റിയത് മോദിയാണെന്നാണ് തെഹല്‍ക്ക പറയുന്നത്. പിന്നീട് അടുത്തപ്പോഴും ശശികലയെ കൃത്യമായ അകലത്തില്‍ ജയലളിത നിര്‍ത്തിയെന്നതാണ് വസ്തുത.

പലപ്പോഴും തമിഴ്‌നാടിന്റേത് പിടിച്ചടക്കലിന്റെ ദ്രാവിഡ രാഷ്ട്രീയമാണ്. ആ ചരിത്രമിങ്ങനെ...1967 മുതല്‍ ദ്രാവിഡ പാര്‍ട്ടികള്‍ തമിഴ്‌നാട്ടില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. 1916ല്‍ രൂപീകരിച്ച 'സൗത്ത് ഇന്ത്യന്‍ വെല്‍ഫെയര്‍ അസ്സിയേഷന്‍' ആണ് അവിടുത്തെ ആദ്യകാല പ്രാദേശിക പാര്‍ട്ടി. ഇത് പിന്നീട് 'ജസ്റ്റിസ് പാര്‍ട്ടി' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. എന്നാല്‍ കടുത്ത ഭാഷാ വാദിയായിരുന്ന ഇ.വി രാമസ്വാമി നായ്ക്കര്‍ എന്ന 'പെരിയാര്‍' 1044ല്‍ പാര്‍ട്ടിയുടെ പേര് തമിഴ്‌വല്‍ക്കരിച്ച് 'ദ്രാവിഡ കഴകം' എന്നാക്കി.

ദ്രാവിഡ കഴകം ഒരു രാഷ്ട്രീയ പാര്‍ട്ടിയായിരുന്നില്ല. മറിച്ച് 'ദ്രാവിഡ നാട്' എന്ന പേരില്‍ ഒരു സ്വതന്ത്ര സംസ്ഥാനം രൂപവല്‍ക്കരിക്കുന്നതിനു വേണ്ടിയുള്ള സംഘടനയായിരുന്നു. പക്ഷേ, മികച്ച വാഗ്മിയും പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായിരുന്ന സി.എന്‍ അണ്ണാദുരൈയും ഇ.വി രാമസ്വാമി നായ്ക്കരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ദ്രാവിഡ കഴകം പിളര്‍ന്നു. അണ്ണാദുരൈ 'ദ്രാവിഡ മുന്നേറ്റ കഴകം' (ഡി.എം.കെ) രൂപീകരിച്ചു. 1956ല്‍ ഡി.എം.കെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1960കളുടെ മധ്യത്തില്‍ ഹിന്ദി ഭാഷയ്ക്കെതിരെയും ഉത്തരേന്ത്യന്‍ മേധാവിത്വത്തിനെതിരെയും നിരവധി സമരങ്ങള്‍ സംഘടിപ്പിച്ച ഡി.എം.കെ വലിയ ജനസമ്മതിനേടുകയും തഴിഴ്‌നാട്ടിലെ പ്രബലമായ രാഷ്ട്രീയ ശക്തിയായി മാറുകയും ചെയ്തു. 1967ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തൂത്തുവാരിയ ഡി.എം.കെ അധികാരത്തില്‍ വന്നു. അതോടെ തമിഴ്‌നാട്ടിലെ കോണ്‍ഗ്രസിന്റെ അധീശത്വത്തിന് അവസാനമായി.

അണ്ണാദുരൈ ഡി.എം.കെയുടെ പ്രഥമ മുഖ്യമന്ത്രിയായി. 1969ല്‍ അദ്ദേഹത്തിന്റെ മരണശേഷം മുത്തുവേല്‍ കരുണാനിധി മുഖ്യമന്ത്രി പദത്തിലെത്തി. എന്നാല്‍ കരുണാനിധിയുടെ മുഖ്യമന്ത്രി സ്ഥാനത്തെ എം.ജി രാമചന്ദ്രന്‍ ചോദ്യം ചെയ്തു. 1972ല്‍ ഡി.എം.കെയെ പിളര്‍ത്തി മാറിയ എം.ജി.ആര്‍ ഓള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം എന്ന എ.ഐ.എ.ഡി.എം.കെ രൂപീകരിച്ചു. എം.ജി.ആറിന്റെ മരണ ശേഷം ഭാര്യ ജാനകി തമിഴ്‌നാട് മുഖ്യമന്ത്രിയായി. ജയലളിതയെ ചവിട്ടി പുറത്താക്കിയായിരുന്നു ഇത്. എന്നാല്‍ ജനം ജയലളിതയ്ക്കൊപ്പമായിരുന്നു. പിന്നീട് തമിഴ്നാട് രാഷ്ട്രീയം അമ്മയിലേക്ക് ചുരുങ്ങി. തീര്‍ത്തും അപ്രതീക്ഷിതമായാണ് ജയലളിത വിടവാങ്ങിയത്. അപ്പോഴും പഴയ നാടകം ആവര്‍ത്തിച്ചു. പക്ഷേ, മുഖ്യമന്ത്രിയാകാന്‍ കൊതിച്ച ശശികല അഴിക്കുള്ളിലായി. ജയലളിത ഒന്നാം പ്രതിയായ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് അകത്തായത്. ജയലളിത ജീവിച്ചിരുന്നുവെങ്കില്‍ അവരും ജയിലിനുള്ളിലാകുമായിരുന്നു.

എന്നാല്‍ വിയോഗത്തോടെ അത് ഒഴിവായി. അമ്മ കളമൊഴിഞ്ഞത് അണ്ണാ ഡി.എം.കെയില്‍  പുതിയ സമവാക്യമുണ്ടാക്കി. തീര്‍ത്തും അപ്രതീക്ഷിതമായി പനീര്‍ശെല്‍വം ശശികകയെ വെല്ലുവിളിച്ചു. അങ്ങനെ മുഖ്യമന്ത്രി പദത്തെ ചൊല്ലി തര്‍ക്കം ഉണ്ടായി. ഒടുവില്‍ വിശ്വസ്തനായ പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ ശശികല തീരുമാനിച്ചു. ഈ തീരുമാനമാണ് ഒ പനീര്‍ശെല്‍വം-എടപ്പാടി പളനിസ്വാമി എന്ന രണ്ടു വിഭാഗങ്ങള്‍ ഉണ്ടാവാന്‍ കാരണം. തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുമ്പോഴും വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ച ഡല്‍ഹിയില്‍ നടന്നു. മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മോദിയുമായുള്ള പളനിസാമിയുടെ കൂടിക്കാഴ്ച 20 മിനുറ്റോളം നീണ്ടുനിന്നു. ചര്‍ച്ചക്കൊടുവിലായിരുന്നു ലയന തീരുമാനം. ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഒന്നിച്ചാല്‍ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായ ടി.ടി.വി ദിനകരന്‍നും പുറത്ത് പോകും. ഇതോടെ ജയിലില്‍ നിന്ന് പുറത്ത് വരുന്ന ശശികലക്ക് സുഖ സൗകര്യങ്ങളില്‍ നിന്ന് തെരുവിലേക്ക് ഇറങ്ങേണ്ടി വരും.

തമിഴകത്ത് സ്വാമി-ശെല്‍വം ലയന വഴിയില്‍ ജയലളിത വീണ്ടും വാര്‍ത്തയാവുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക